ഏകദേശം 11,099 കിലോമീറ്റർ നീളമുള്ള തീരപ്രദേശവും ഏകദേശം 24 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുമുള്ള ഇന്ത്യയ്ക്ക് വിപുലവും വൈവിധ്യപൂർണ്ണവുമായ സമുദ്ര വിഭവശേഖരമുണ്ട്. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ 58.6 ലക്ഷം മെട്രിക് ടൺ സമുദ്ര മത്സ്യസമ്പത്തുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷ, പോഷണം, തൊഴിൽ, വരുമാന സൃഷ്ടി, കയറ്റുമതി വരുമാനം എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്നതിനൊപ്പം, ഏകദേശം 50 ലക്ഷം മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം നിലനിർത്തുന്നതിലും ഈ മേഖല നിർണ്ണായക പങ്ക് വഹിക്കുന്നു.
ഇന്ന് ആഗോളതലത്തിൽ മത്സ്യബന്ധന-അക്വാകൾച്ചർ മേഖലയിൽ വൻകിട രാജ്യങ്ങൾക്കിടയിൽ ഇന്ത്യ പ്രമുഖ സ്ഥാനം വഹിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഏകദേശം ₹73,890 കോടി മൂല്യമുള്ള സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തതിലൂടെ ദേശീയ സമ്പദ്വ്യവസ്ഥയിലും ആഗോള സമുദ്രോൽപ്പന്ന വ്യാപാരത്തിലും ഈ മേഖലയുടെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാകുന്നു.
ഇന്ത്യയുടെ മത്സ്യബന്ധന മേഖല ഉൽപ്പാദന കേന്ദ്രീകൃത പ്രവർത്തനത്തിൽ നിന്ന് സാങ്കേതികവിദ്യാധിഷ്ഠിതവും മൂല്യാധിഷ്ഠിതവുമായി ദേശീയ സമ്പദ്വ്യവസ്ഥയുടെ ചലനാത്മക സ്തംഭമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. 2015 മുതൽ മത്സ്യബന്ധന മേഖലയിലെ പൊതുനിക്ഷേപം കേന്ദ്ര ഗവൺമെന്റ് ഗണ്യമായി വർധിപ്പിക്കുകയും പ്രധാന പദ്ധതികളിലൂടെയും പരിപാടികളിലൂടെയും 39,272 കോടി രൂപ നിക്ഷേപിക്കാൻ പ്രതിജ്ഞാബദ്ധമാകുകയും ചെയ്തിട്ടുണ്ട്.
PMMSY-യ്ക്ക് കീഴിൽ മത്സ്യബന്ധന വികസനം ശക്തിപ്പെടുത്തുന്നതിനായി ദ്വീപ് പ്രദേശങ്ങൾക്കായി ഗണ്യമായ നിക്ഷേപങ്ങൾ വിഭാവനം ചെയ്തിട്ടുണ്ട്. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്ക് 218 കോടി രൂപയുടെ നിക്ഷേപവും ലക്ഷദ്വീപിന് 175 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ തന്ത്രപ്രധാന സമുദ്രമേഖലകളിലെ മത്സ്യബന്ധന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ദ്വീപുകളെ കേന്ദ്രീകരിച്ചുള്ള മത്സ്യബന്ധന വികസനത്തിന് നൽകുന്ന ഊന്നൽ 2025-26ലെ കേന്ദ്ര ബജറ്റിലും പ്രതിഫലിച്ചിരുന്നു. പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നും ആഴക്കടലിൽ നിന്നും മത്സ്യവിഭവങ്ങൾ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്നതിനുള്ള അനുകൂലമായ ചട്ടക്കൂടാണ് ബജറ്റിൽ വ്യക്തമാക്കിയത്. ലക്ഷദ്വീപിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും പ്രത്യേക ഊന്നൽ നൽകുകയും ചെയ്തു. ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലും സമീപത്തെ ആഴക്കടൽ പ്രദേശങ്ങളിലുമുള്ള ഇനിയും പൂർണമായി പ്രയോജനപ്പെടുത്താത്ത സമുദ്ര മത്സ്യവിഭവങ്ങളിലേക്ക് പ്രവേശനം നേടുന്നതിൽ ഈ ദ്വീപ് പ്രദേശങ്ങൾക്കുള്ള തന്ത്രപരപ്രാധാന്യത്തിന്റെ വ്യക്തമായ അംഗീകാരമാണ് ഈ ഊന്നൽ. അതേസമയം, ഭാവിയിലെ വികസന യാത്രയിൽ സുസ്ഥിരതയ്ക്കും ശാസ്ത്രീയ പരിപാലനത്തിനും പ്രാധാന്യം നൽകുകയും ചെയ്യുന്നു.
ഇന്ത്യയുടെ സമുദ്ര ഭൂമിശാസ്ത്രത്തിൽ ലക്ഷദ്വീപിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും സവിശേഷമായ സ്ഥാനമാണുള്ളത്. ഇവ രണ്ടും ചേർന്ന് രാജ്യത്തിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ ഏകദേശം 40 ശതമാനവും ഉൾക്കൊള്ളുന്നു . അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഇന്ത്യയുടെ സാന്നിധ്യം വ്യാപിപ്പിക്കുന്ന ഈ രണ്ട് ദ്വീപസമൂഹങ്ങൾ സമൃദ്ധമായ സമുദ്രമത്സ്യബന്ധന മേഖലകളിലേക്കും ചൂര മത്സ്യങ്ങളുടെ പ്രധാന ദേശാടന പാതകളിലേക്കും പ്രവേശനം നൽകുന്നു.
ലക്ഷദ്വീപിലെ ലഗൂൺ സംവിധാനങ്ങളും പവിഴപ്പുറ്റുകളും ചുറ്റുമുള്ള ആഴക്കടൽ ജലവും ട്യൂണ മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, പവിഴപ്പുറ്റുകളെ ആശ്രയിച്ചുള്ള ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നു. വിശാലമായ തീരപ്രദേശം, വൈവിധ്യമാർന്ന സമുദ്ര ആവാസവ്യവസ്ഥകൾ, തെക്കുകിഴക്കൻ ഏഷ്യൻ സമുദ്രപാതകളുമായുള്ള സാമീപ്യം എന്നിവയുള്ള ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ സുസ്ഥിര മത്സ്യബന്ധനം, സമുദ്രകൃഷി, മൂല്യവർധിത സമുദ്രോൽപ്പന്ന ഉൽപ്പാദനം എന്നിവ വികസിപ്പിക്കുന്നതിന് വിപുലമായ അവസരങ്ങൾ നൽകുന്നു. അവയുടെ പാരിസ്ഥിതിക സമൃദ്ധിയും തന്ത്രപ്രധാനമായ സ്ഥാനവും കൂടുതൽ വൈവിധ്യവൽകൃതവും സമുദ്രാധിഷ്ഠിതവുമായ മത്സ്യബന്ധന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുടെ കേന്ദ്രബിന്ദുവായി ഈ ദ്വീപുകളെ മാറ്റുന്നു.
ഉയർന്ന മൂല്യമുള്ള സമുദ്ര വിഭവ മത്സ്യബന്ധനത്തിനായുള്ള ഗവൺമെന്റിന്റെ തന്ത്രപര കർമ്മപദ്ധതിയുടെ കേന്ദ്രബിന്ദുവായി ചൂര മത്സ്യ ഇനങ്ങളുടെ വികസനം മാറിയിരിക്കുന്നു. ലക്ഷദ്വീപിനും ആൻഡമാൻ-നിക്കോബാർ ദ്വീപുകൾക്കും ചുറ്റുമുള്ള സമുദ്രജലത്തിൽ യെല്ലോഫിൻ, സ്കിപ്ജാക്ക്, ബിഗ്ഐ ട്യൂണ എന്നിവയുടെ ഗണ്യമായ മത്സ്യസമ്പത്ത് നിലനിൽക്കുന്നു. ഇത് സുസ്ഥിരവും കയറ്റുമതി കേന്ദ്രീകൃതവുമായ മത്സ്യബന്ധനത്തിന് വലിയ സാധ്യതകൾ നൽകുന്നു. ആധുനിക ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, ഹുക്ക് ആൻഡ് ലൈൻ, പോൾ ആൻഡ് ലൈൻ തുടങ്ങിയ തിരഞ്ഞെടുത്ത മത്സ്യബന്ധന രീതികൾ, ബോട്ടുകളിൽ മത്സ്യം കൈകാര്യം ചെയ്യുന്നതിനുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ, ശീതീകരണ ശൃംഖലയുടെ വിപുലീകരണം, സംസ്കരണ-സംഭരണ സൗകര്യങ്ങൾ, കാര്യക്ഷമമായ കയറ്റുമതി ബന്ധങ്ങൾ എന്നിവ സംയോജിപ്പിക്കുന്ന ശാസ്ത്രാധിഷ്ഠിതവും മൂല്യശൃംഖല കേന്ദ്രീകൃതവുമായ സമീപനമാണ് ഗവൺമെന്റ് മുന്നോട്ടുകൊണ്ടുപോകുന്നത്.
ലക്ഷദ്വീപിൽ, അഞ്ച് വർഷത്തെ പദ്ധതിയിലൂടെ ട്യൂണ ഉൽപ്പാദനം ഇരട്ടിയാക്കി 50,000 ടണ്ണിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. ആഴക്കടൽ മത്സ്യബന്ധന ബോട്ടുകൾ, വൻകിട കപ്പലുകൾ എന്നിവ ഉൾപ്പെടുത്തുന്നതും ദ്വീപുകളുടെ പരമ്പരാഗതവും പരിസ്ഥിതിക്ക് അനുയോജ്യവുമായ ചൂണ്ട (പോൾ ആൻഡ് ലൈൻ) മത്സ്യബന്ധനവും ഇതിന് പിന്തുണ നൽകുന്നു. ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ, PMMSY-ക്ക് കീഴിൽ പ്രത്യേക ട്യൂണ ക്ലസ്റ്റർ രൂപീകരിച്ച്കപ്പലുകളുടെ ആധുനികവൽക്കരണവും അടിസ്ഥാനസൗകര്യ വികസനവും വേഗത്തിലാക്കുകയാണ്. പുതിയ ബോട്ടുകൾ, നവീകരിച്ച മത്സ്യബന്ധന യാനങ്ങൾ , വിപുലീകരിച്ച ശീതീകരണ സംഭരണ ശേഷി എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതേസമയം, MPEDA-യുടെ പങ്കാളിത്തം വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുകയും ദ്വീപുകളിൽ നിന്ന് നേരിട്ടുള്ള കയറ്റുമതി സുഗമമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്യൂണയുടെ മൂല്യശൃംഖല വികസനത്തിന് പുറമെ, ദ്വീപുകളുടെ സമ്പദ്വ്യവസ്ഥയുടെ പൂരക ഘടകങ്ങളായി കടൽപ്പായൽ കൃഷിയെയും അലങ്കാര മത്സ്യബന്ധനത്തെയും ഗവൺമെന്റ് മുന്നോട്ടുകൊണ്ടുപോകുന്നു. ഇതിലൂടെ മത്സ്യമേഖലയുടെ വളർച്ച മത്സ്യബന്ധനത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ വിപുലമാക്കുകയാണ്. ലക്ഷദ്വീപിലെ ശുദ്ധമായ ലഗൂൺ സംവിധാനങ്ങളും ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ പവിഴപ്പുറ്റുകളാൽ സമ്പന്നമായ ആവാസവ്യവസ്ഥകളും സുസ്ഥിര കടൽപ്പായൽ കൃഷിക്ക് അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കുന്നു. ഭക്ഷണം, ന്യൂട്രാസ്യൂട്ടിക്കൽസ്, സൗന്ദര്യവർധക വസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ്, ജൈവ-വ്യാവസായിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇതിന് പ്രയോഗസാധ്യതയുണ്ട്.
ലക്ഷദ്വീപിനെ പ്രത്യേക കടൽപ്പായൽ ക്ലസ്റ്ററായി വിജ്ഞാപനം ചെയ്തതോടെ, വിപുലമായ കൃഷി, വിത്ത് ബാങ്കുകൾ, ഹാച്ചറികൾ, ശേഷി വികസനം എന്നിവയിലൂടെ വിശ്വസനീയമായ കടൽപ്പായൽ മൂല്യശൃംഖല വികസിപ്പിക്കുന്നതിനുള്ള കർമപദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ലക്ഷദ്വീപിൽ, 300-ലധികം പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട അലങ്കാര മത്സ്യ ഇനങ്ങൾ കാണപ്പെടുന്നതിനാൽ അലങ്കാര മത്സ്യബന്ധനം ഉയർന്ന മൂല്യമുള്ള അവസരം നൽകുന്നു. ഇടത്തരം തോതിലുള്ള വളർത്തൽ യൂണിറ്റുകൾ സ്ഥാപിക്കുക, സംരക്ഷണാധിഷ്ഠിതവും നിയന്ത്രിതവുമായ ശേഖരണ രീതികൾ പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായി ശേഖരിക്കുന്ന അക്വേറിയം മത്സ്യ ഇനങ്ങൾക്ക് വിപണി പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയിലാണ് തന്ത്രപരമായ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുവഴി ദുർബലമായ സമുദ്ര ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനൊപ്പം ദ്വീപ് സമൂഹങ്ങൾക്ക് വൈവിധ്യമാർന്ന ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഈ ഉയർന്നുവരുന്ന മേഖലകൾ പ്രാപ്തമാക്കുന്നതിനായി, ദ്വീപ് പ്രദേശങ്ങളിലെ മത്സ്യബന്ധന അടിസ്ഥാനസൗകര്യങ്ങളുടെ ആധുനികവൽക്കരണം ഗവൺമെന്റിന്റെ പ്രധാന മുൻഗണനയായി മാറിയിരിക്കുന്നു. മത്സ്യം ഇറക്കുന്ന കേന്ദ്രങ്ങൾ, ഐസ് പ്ലാന്റുകൾ, ശീതീകരണ ശൃംഖലകൾ, ബോട്ടുകളിലെ സംരക്ഷണ സംവിധാനങ്ങൾ, മത്സ്യക്കൂട്ടങ്ങളെ ആകർഷിക്കുന്ന ഉപകരണങ്ങൾ, ബോട്ട് നിർമ്മാണ ശാലകൾ, മൂല്യവർധിത യൂണിറ്റുകൾ, കയറ്റുമതി സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന മൂല്യശൃംഖലയിലെ വിവിധ സൗകര്യങ്ങളിലേക്ക് നിക്ഷേപങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. പ്രാദേശിക ശേഷി വികസിപ്പിക്കുക, വിളവെടുപ്പിനുശേഷമുള്ള നഷ്ടം കുറയ്ക്കുക, ആഭ്യന്തര-കയറ്റുമതി വിപണികളിലേക്ക് പ്രവേശനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ നടപടികളുടെ ലക്ഷ്യം.
കൂടുതൽ വൈവിധ്യപൂർണ്ണവും സുസ്ഥിരവുമായ സമുദ്ര സമ്പദ്വ്യവസ്ഥയുടെ കേന്ദ്രബിന്ദുവായി ഇന്ത്യയുടെ ദ്വീപ് പ്രദേശങ്ങളെ പരിവർത്തനം ചെയ്യുന്നതിനുള്ള ദീർഘകാല ശ്രമത്തെയാണ് ഈ ഇടപെടലുകൾ സൂചിപ്പിക്കുന്നത്. ട്യൂണ മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യബന്ധനം, അടിസ്ഥാനസൗകര്യ വികസനം, ഗവേഷണ പിന്തുണ, വിപണി പ്രവേശനം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ, വിഭവങ്ങളുടെ കേവല ചൂഷണത്തിൽ നിന്ന് ദ്വീപുകൾക്കുള്ളിൽ തന്നെയുള്ള മൂല്യ വർധനയിലേക്ക് നീങ്ങുകയാണ് ഈ തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഉൽപ്പാദന വളർച്ചയെ പാരിസ്ഥിതിക സംരക്ഷണ നടപടികളുമായി സന്തുലിതമാക്കുന്നതിലും, ഉയർന്നുവരുന്ന ആഭ്യന്തര, കയറ്റുമതി മൂല്യശൃംഖലകളിൽ മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക സംരംഭങ്ങൾക്കും ദ്വീപ് സമൂഹങ്ങൾക്കും അർത്ഥവത്തായി പങ്കാളികളാകാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിലുമാണ് ഇതിന്റെ വിജയം കുടികൊള്ളുന്നത് .