പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണം ചെയ്യുന്ന ഇ20 പെട്രോൾ നിർദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നു; 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പരിശോധിച്ച 893 സാമ്പിളുകളും മാനദണ്ഡങ്ങൾക്ക് അനുസൃതം

പോസ്റ്റഡ് ഓണ്‍: 07 NOV 2026 1:18PM by PIB Thiruvananthpuram

കർണാടകയിലെ ചില പമ്പുകളില്‍ വിൽക്കുന്ന പെട്രോളിൽ 26 ശതമാനം മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് കർണാടക ഗവണ്മെൻ്റിൻ്റെ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പരിശോധിച്ചു.  

 

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നീ മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികളും വ്യക്തത വരുത്തിയിരിക്കുന്നത് റിപ്പോർട്ട് ചെയ്യപ്പെട്ട  അവകാശവാദങ്ങൾക്ക് നിയമപരവും സാങ്കേതികവുമായ നിർദിഷ്ട നടപടിക്രമങ്ങൾ പാലിച്ച് നടത്തിയ പരിശോധനകളുടെ പിൻബലമില്ലെന്നാണ്. കർണാടക ഉൾപ്പെടെ രാജ്യത്തുടനീളം ഈ മൂന്ന് കമ്പനികളും വിതരണം ചെയ്യുന്ന ഇ20 പെട്രോൾ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എഥനോൾ ചേർത്ത പെട്രോളിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിഷ്കര്‍ഷിക്കുന്ന IS-17021 മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ട്.

 

2026 ഒക്ടോബറില്‍ നടത്തിയ പരിശോധനയ്ക്കായി സ്വീകരിച്ച സാമ്പിൾ ശേഖരണ രീതികളിലും പരിശോധനാ രീതികളിലും കമ്പനികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

സാമ്പിൾ ശേഖരണത്തിലെയും പരിശോധനാ രീതികളിലെയും ആശങ്കകൾ

 

1955-ലെ അവശ്യസാധന നിയമപ്രകാരം പുറപ്പെടുവിച്ച 'മോട്ടോർ സ്പിരിറ്റ് ആൻ്റ് ഹൈ സ്പീഡ് ഡീസൽ (വിതരണവും വിതരണ നിയന്ത്രണവും ക്രമക്കേടുകൾ തടയലും) ഉത്തരവ് 2005', 'വിപണന നിയന്ത്രണ മാർഗരേഖ (എംഡിജി) 2024' എന്നിവ ഇന്ധന സാമ്പിൾ ശേഖരണം, സാമ്പിള്‍ സൂക്ഷിക്കൽ, പരിശോധന, പരിശോധനാ ഫലങ്ങൾ അറിയിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ നടപടിക്രമങ്ങൾ നിഷ്കർഷിക്കുന്നുണ്ട്.

 

നിർദിഷ്ട നടപടിക്രമമനുസരിച്ച് ഒരു ലിറ്ററിൻ്റെ ആറ് സാമ്പിളുകളാണ് ശേഖരിക്കേണ്ടത്. ഇതിൽ രണ്ട് സാമ്പിളുകൾ രസീത് വാങ്ങി ഡീലർക്ക് കൈമാറണം. രണ്ടെണ്ണം എണ്ണക്കമ്പനിയോ ബന്ധപ്പെട്ട വകുപ്പോ സൂക്ഷിക്കണം. ശേഷിക്കുന്ന രണ്ടെണ്ണം കൺട്രോൾ ഓർഡറിലെ ഷെഡ്യൂൾ III പ്രകാരം നിഷ്കർഷിച്ചതോ ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം ചെയ്തതോ ആയ ലബോറട്ടറിയിലേക്ക് അയക്കണം. സാമ്പിൾ ലേബലുകളിൽ സംയുക്തമായി ഒപ്പുവെക്കേണ്ടതുണ്ട്; കൂടാതെ നിർദിഷ്ട സമയപരിധിയ്ക്കകം പരിശോധനാ ഫലങ്ങൾ ഡീലറെയും എണ്ണക്കമ്പനിയെയും അറിയിക്കുകയും വേണം.

 

2026 സെപ്റ്റംബറിലെ പരിശോധനയിൽ ശേഖരിച്ച സാമ്പിളുകൾ സംസ്ഥാനതല കോർഡിനേറ്റർ വഴി നിശ്ചിത എണ്ണ വിപണന കമ്പനികളുടെ ലബോറട്ടറികളിലേക്ക് അയയ്ക്കുകയും വിപണന നിയന്ത്രണ മാര്‍ഗരേഖ 2024 പ്രകാരം ഗുണനിലവാര മാനദണ്ഡങ്ങൾക്കനുസൃതമായി പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒക്ടോബറിലെ തുടർന്നുള്ള പരിശോധനകളിൽ എണ്ണക്കമ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. സംസ്ഥാനതല കോർഡിനേറ്റർ മുഖേന ആവശ്യപ്പെട്ടിട്ടും കമ്പനികൾക്ക് സൂക്ഷിക്കേണ്ട സാമ്പിളുകളോ  പമ്പുകള്‍ തിരിച്ചുള്ള പൂർണ വിവരങ്ങളോ ലബോറട്ടറി റിപ്പോർട്ടുകളോ എണ്ണക്കമ്പനികൾക്ക് ലഭിച്ചിട്ടില്ല.

 

നിയന്ത്രണ ഉത്തരവില്‍ നിഷ്കർഷിച്ച ലബോറട്ടറിയിൽ നടത്തേണ്ട പരിശോധനയ്ക്ക് പകരം മൂന്നാം കക്ഷി ലബോറട്ടറി നൽകിയ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയാണ് നിലവിലെ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും എണ്ണക്കമ്പനികള്‍   വ്യക്തമാക്കി. റിപ്പോർട്ട് ചെയ്യപ്പെട്ട എഥനോളിൻ്റെ അളവ് സ്വതന്ത്രമായി പുനഃപരിശോധിക്കാൻ ആവശ്യമായ പൂർണ സാങ്കേതിക വിവരങ്ങൾ ഈ സർട്ടിഫിക്കറ്റുകളിൽ ലഭ്യമല്ല. നിർദിഷ്ട സാമ്പിളുകളുടെയും ഔദ്യോഗിക രേഖകളുടെയും അഭാവം മൂലം പുനഃപരിശോധനയോ വ്യക്തതയോ തേടാനുള്ള അവസരം എണ്ണക്കമ്പനികൾക്കും ബന്ധപ്പെട്ട ഡീലർമാർക്കും നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നും കമ്പനികൾ വ്യക്തമാക്കി.  

 

പരിശോധനാ രീതികൾ IS-17021 മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം

 

സർട്ടിഫിക്കറ്റുകളിൽ പരാമർശിച്ചിരിക്കുന്ന എഥനോൾ പരിശോധനാ രീതികള്‍ സംബന്ധിച്ച ആശങ്കകൾ എണ്ണക്കമ്പനികള്‍ നടത്തിയ പ്രാഥമിക സാങ്കേതിക വിലയിരുത്തലിലും വ്യക്തമായിട്ടുണ്ട്.

 

IS-17021:2018 (ഭേദഗതി നമ്പർ 3, ഓഗസ്റ്റ് 2025) പ്രകാരം ഇ20 ഇന്ധനത്തിലെ എഥനോളിൻ്റെ അളവ് നിർദിഷ്ട രീതികളിലൂടെ മാത്രമേ നിർണയിക്കാന്‍ പാടുള്ളൂ; അതായത്  ASTM D5845 പ്രകാരമുള്ള 'ഫോറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി', അനക്സ് സി പ്രകാരമുള്ള 'വാട്ടർ എക്‌സ്ട്രാക്ഷൻ', അല്ലെങ്കിൽ ASTM D4815/D6839 പ്രകാരമുള്ള 'ഗ്യാസ് ക്രോമാറ്റോഗ്രാഫി' എന്നിവ വഴിയാണ് പരിശോധിക്കേണ്ടത്.

 

പ്രത്യേകിച്ച്  ASTM D4815/D6839 പ്രകാരം ഗ്യാസ് ക്രോമാറ്റോഗ്രാഫി ഉപയോഗിക്കുമ്പോൾ ഓക്സിജനേറ്റ് രഹിത പെട്രോളുമായി 1:1 എന്ന അനുപാതത്തിൽ സാമ്പിൾ ലയിപ്പിക്കുകയും ഇ10 സർട്ടിഫൈഡ് റഫറൻസ് മെറ്റീരിയൽ ഉപയോഗിച്ച് ലഭിച്ച ഫലം തിരുത്തുകയും ചെയ്യേണ്ടതുണ്ട്.

 

എന്നാൽ, കർണാടക ഗവണ്മെൻ്റിൻ്റെ പത്രക്കുറിപ്പിൽ പരാമർശിച്ച സർട്ടിഫിക്കറ്റുകളിൽ പ്രസക്തമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പരിശോധനാ രീതിയോ നിർദിഷ്ട ലയിപ്പിക്കല്‍ പ്രക്രിയയോ  തിരുത്തലിനായി ഉപയോഗിച്ച റഫറൻസ് മെറ്റീരിയലോ വ്യക്തമാക്കാതെ “ഗ്യാസ് ക്രോമാറ്റോഗ്രാഫി വഴിയുള്ള എഥനോൾ ശതമാനം” എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാങ്കേതിക വിവരങ്ങളുടെ അഭാവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട 26 മുതൽ 31 ശതമാനം വരെയുള്ള എഥനോൾ നിരക്കുകൾ IS-17021 നിഷ്കർഷിക്കുന്ന രീതികളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്രമായി സാധൂകരിക്കാനാവില്ല.

 

റിപ്പോർട്ട് ചെയ്യപ്പെട്ട സാന്ദ്രതാ നിരക്കുകളിലും പരിശോധന ആവശ്യമാണ്. 26 മുതൽ 31 ശതമാനം വരെ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന സാമ്പിളുകൾക്ക് 0.742 മുതൽ 0.749 ഗ്രാം/സിസി വരെയാണ് സർട്ടിഫിക്കറ്റുകളിൽ കാണിക്കുന്ന സാന്ദ്രത. എന്നാൽ QCC-1, QCC-2 സർവേകളുടെ കീഴിൽ എണ്ണക്കമ്പനികള്‍ പരിശോധിച്ച ഇ20 സാമ്പിളുകൾക്ക് ലഭിച്ച 0.752 മുതൽ 0.760 ഗ്രാം/സിസി വരെയുള്ള നിരക്കിനേക്കാൾ കുറവാണിത്. പെട്രോളിനേക്കാൾ കൂടുതൽ സാന്ദ്രതയുള്ള ഘടകമാണ് എഥനോൾ എന്നതിനാൽ എഥനോളിൻ്റെ അനുപാതം കൂടുമ്പോൾ സാധാരണഗതിയിൽ ഇന്ധന മിശ്രിതത്തിൻ്റെ സാന്ദ്രത വർദ്ധിക്കുകയാണ് ചെയ്യേണ്ടത്. ഈ പൊരുത്തക്കേട് നിർദിഷ്ട ശാസ്ത്രീയ രീതികളിലൂടെ നടത്തേണ്ട പരിശോധനയുടെയും അനുയോജ്യമായ റഫറൻസ് സാമ്പിളുകൾ ഉപയോഗിച്ച് പുനഃപരിശോധിക്കേണ്ടതിൻ്റെയും അനിവാര്യത വ്യക്തമാക്കുന്നു.  

 

മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് സ്ഥിരീകരിച്ച് OMC, CHT ഗുണനിലവാര നിരീക്ഷണം 

 

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയത്തിന് കീഴിലെ സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) എണ്ണക്കമ്പനികളുടെ പമ്പുകളിലെ എഥനോൾ മിശ്രണവും ഇന്ധന ഗുണനിലവാരവും തുടർച്ചയായി നിരീക്ഷിച്ചുവരുന്നുണ്ട്.

 

OMC/CHT ക്വാളിറ്റി കോർഡിനേഷൻ സെൽ (QCC) പ്രവർത്തനങ്ങളുടെ ഭാഗമായി 27 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഐഒസിഎൽ (330), ബിപിസിഎൽ (280), എച്ച്പിസിഎൽ (283) ഡിപ്പോകളിൽ നിന്നും പമ്പുകളില്‍നിന്നും ശേഖരിച്ച 893 E20 സാമ്പിളുകൾ IS-17021, അനക്സ് സി പ്രകാരം സംസ്കരണശാലകളിലും എണ്ണക്കമ്പനികളുടെ ഗുണനിലവാര നിയന്ത്രണ ലബോറട്ടറികളിലുമായി എഥനോളിൻ്റെ അളവ് പരിശോധിച്ചു. 893 സാമ്പിളുകളിലും എഥനോളിൻ്റെ അളവ് നിർദിഷ്ട പരിധിയായ 19 മുതൽ 21 ശതമാനം വരെയാണെന്ന് കണ്ടെത്തി.

 

കർണാടകയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും മൂന്ന് എണ്ണക്കമ്പനികളില്‍നിന്നുമായി ശേഖരിച്ച് പരിശോധിച്ച 56 സാമ്പിളുകളും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് കണ്ടെത്തി. ഇവയിൽ 19 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് എഥനോളിൻ്റെ അളവ് രേഖപ്പെടുത്തിയത്; ഇത് ശരാശരി 19.30 ശതമാനമായിരുന്നു.

 

എണ്ണക്കമ്പനികളുടെ പമ്പുകളില്‍ എഥനോൾ മിശ്രണം കൃത്യമായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും നിർദിഷ്ട മാനദണ്ഡങ്ങൾക്കനുസൃതമായി നിയന്ത്രിക്കപ്പെടുന്നുണ്ടെന്നും ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. കർണാടകയിൽ നിന്നുള്ള പത്രക്കുറിപ്പിൽ റിപ്പോർട്ട് ചെയ്ത ഉയർന്ന എഥനോൾ തോതുമായി ഈ കണ്ടെത്തലുകൾ ഒത്തുപോകുന്നില്ല. സുതാര്യവും സാങ്കേതികമായി സുദൃഢവും സംയുക്തമായി പരിശോധിച്ച് ഉറപ്പുവരുത്താവുന്നതുമായ  പരിശോധനാ പ്രക്രിയയുടെ അനിവാര്യതയാണ് ഇത് വ്യക്തമാക്കുന്നത്.  

 

എഥനോൾ മിശ്രണം പൂർണമായും നിയന്ത്രിത യാന്ത്രിക പ്രക്രിയ

 

എണ്ണക്കമ്പനികളുടെ സംസ്കരണശാലകളിലും  ഡിപ്പോകളിലും പെട്രോളില്‍ എഥനോൾ കലര്‍ത്തുന്നത് കൃത്യമായി അളന്നുതിട്ടപ്പെടുത്തിയതും നിയന്ത്രിതവുമായ സംവിധാനങ്ങളിലൂടെയാണ്. സംസ്കരണശാല, ഡിപ്പോ തലങ്ങളിലെ ഓട്ടോമാറ്റിക് കാലിബ്രേഷനും കൃത്യമായ അനുപാത ക്രമീകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു; കൂടാതെ നിർദിഷ്ട മാനദണ്ഡങ്ങൾക്കും ഗുണനിലവാര നിയന്ത്രണ ചട്ടങ്ങള്‍ക്കും വിധേയമായാണ് മിശ്രണ പ്രക്രിയ നടത്തുന്നത്. ഇത് പെട്രോളിലേക്ക് എഥനോൾ നേരിട്ട് ചേർക്കുന്ന രീതിയോ അനിയന്ത്രിതമായ പ്രക്രിയയോ അല്ല.

 

മിശ്രിത ഇന്ധനം ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് മുൻപ് തന്നെ പ്രസക്തമായ ബിഐഎസ്  മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എണ്ണക്കമ്പനികള്‍ വിതരണ ശൃംഖലയിലുടനീളം സുദൃഢമായ ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ നിലനിർത്തുന്നുണ്ട്.

 

ഉപഭോക്താക്കളെ ബാധിക്കുന്നത് സംബന്ധിച്ച അവകാശവാദങ്ങൾക്ക് ശാസ്ത്രീയ വിലയിരുത്തൽ അനിവാര്യം

 

വാർഷിക മൈലേജ് നഷ്ടത്തിലൂടെ ഉപഭോക്താക്കൾക്ക് ഏകദേശം  62,000 കോടി രൂപയുടെ നഷ്ടവും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 39,000 കോടി രൂപയും ഉൾപ്പെടെ മൊത്തം  1.01 ലക്ഷം കോടിയുടെ അധിക ബാധ്യതയുണ്ടാകുമെന്ന കണക്കുകൂട്ടലുകൾ കൃത്യമായ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ സൂക്ഷ്മ പരിശോധന അർഹിക്കുന്നു.

 

കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി രാജ്യത്ത് 30 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 4 കോടിയിലധികം നാലുചക്ര വാഹനങ്ങളും ഇ20 ഇന്ധനത്തിലാണ് ഓടുന്നത്. ഓരോ ദിവസവും 6 കോടിയിലധികം പേരാണ് ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പുകളിലെത്തുന്നത്. ഇ20 ഇന്ധനത്തിൻ്റെ ഗുണനിലവാരത്തിൽ എന്തെങ്കിലും വ്യാപക പ്രശ്നങ്ങളുണ്ടായിരുന്നുവെങ്കിൽ ഇത്രയധികം വാഹനങ്ങളിൽ എൻജിൻ തകരാറുകളോ ബ്രേക്ക്ഡൗണുകളോ നിരന്തരം ഉണ്ടാകേണ്ടതായിരുന്നു. എന്നാൽ അത്തരം വ്യാപകമായ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യഥാർത്ഥ സാഹചര്യങ്ങളിലെ ഈ വിപുലമായ ഉപയോഗം ഇന്ധന ഗുണനിലവാരവും വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സംബന്ധിച്ച അവകാശവാദങ്ങൾ വിലയിരുത്തുമ്പോൾ പ്രധാന ഘടകമാണ്.

 

ഇ20 ഇന്ധനത്തിൻ്റെ പ്രവർത്തനക്ഷമതയും മൈലേജ് പ്രത്യാഘാതങ്ങളും അന്തർ മന്ത്രാലയ സമിതി പഠനവിധേയമാക്കിയിട്ടുണ്ട്. കൂടാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM) എന്നിവ ഉൾപ്പെട്ട പഠനങ്ങളിലും ഇത്  വിശദമായി പരിശോധിച്ചതാണ്.

 

പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം 2025 ഓഗസ്റ്റ് 12-ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ  വഴി പ്രസിദ്ധീകരിച്ച വിശദീകരണത്തിൽ വ്യക്തമാക്കിയതുപോലെ ഇ20 ഇന്ധനത്തിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളിൽ മൈലേജിൽ 1 മുതൽ 2 ശതമാനം വരെ മാത്രമാണ് കുറവുണ്ടാകുന്നത്; മറ്റ് ചില പഴയ വാഹനങ്ങളിൽ വാഹന വിഭാഗവും കാലിബ്രേഷനും അനുസരിച്ച് 3 മുതൽ 6 ശതമാനം വരെ കുറവുണ്ടായേക്കാം.

 

അതിനാൽ എല്ലാത്തരം വാഹനങ്ങൾക്കും ഒരുപോലെ 10% മൈലേജ് നഷ്ടമുണ്ടാകുന്നുവെന്ന പൊതുവായ മുന്‍വിധിയോടുകൂടിയ അനുമാനത്തെ മുൻനിർത്തി രാജ്യത്തെ ഉപഭോക്താക്കൾക്ക് 62,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നത് ശാസ്ത്രീയ  വിലയിരുത്തലല്ല. സമാനമായി, വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 39,000 കോടി രൂപ ചെലവാകുന്നുവെന്ന നിഗമനം യഥാർത്ഥ വാഹന പ്രകടന വിവരങ്ങളും ഘടക സാമഗ്രികളുടെ അനുയോജ്യതയും സംബന്ധിച്ച പഠനങ്ങളുടെ കണ്ടെത്തലുകളും രേഖപ്പെടുത്തപ്പെട്ട റിപ്പയറിങ് ചെലവുകളും സുതാര്യമായി പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ട്.  

 

മെറ്റീരിയൽ അനുയോജ്യതയും വാഹനങ്ങളുടെ പ്രവർത്തനക്ഷമതയും സംബന്ധിച്ച ആശങ്കകൾ സാങ്കേതിക ഏജൻസികളും വാഹന വ്യവസായ രംഗവും ഉൾപ്പെട്ട പഠനങ്ങളിലൂടെ നേരത്തെ തന്നെ പരിശോധിച്ചതാണ്. അതിനാൽ പൊതുവായ അനുമാനങ്ങളെ ആശ്രയിക്കുന്നതിന് പകരം വാഹനങ്ങളുടെ വിഭാഗം, നിർമ്മാണ സവിശേഷതകൾ, ഇന്ധന അനുയോജ്യത, സാങ്കേതിക പഠനങ്ങളുടെ കണ്ടെത്തലുകൾ എന്നിവ പരിഗണിച്ച് മാത്രമേ ഈ പദ്ധതിയുടെ പ്രത്യാഘാതങ്ങൾ വിലയിരുത്താനാവൂ.

 

എഥനോൾ മിശ്രണ പദ്ധതി നല്‍കുന്ന വിപുലമായ സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ  

 

2001-ൽ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിയില്‍ തുടങ്ങി 2018-ലെ ദേശീയ ജൈവഇന്ധന നയവും പങ്കാളികളുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ 'നീതി ആയോഗ് എഥനോൾ മിശ്രണ ആസൂത്രണം 2025' ഉം ഉൾപ്പെടെ തുടർച്ചയായ നയപരമായ ഇടപെടലുകളിലൂടെ വികസിച്ചതാണ് ഇന്ത്യയുടെ രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന എഥനോൾ മിശ്രണ യാത്ര.

 

ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഭ്യന്തര കാർഷിക മൂല്യശൃംഖലയെ ശക്തിപ്പെടുത്താനും ഊർജ സുരക്ഷ മെച്ചപ്പെടുത്താനും ഇന്ത്യ നടത്തുന്ന ശ്രമങ്ങളുടെ നിർണായക ഘടകമാണ് എഥനോൾ മിശ്രിത പെട്രോൾ (EBP) പദ്ധതി.

 

2014-15 എഥനോൾ വിതരണ വർഷം മുതൽ, എഥനോൾ മിശ്രണ പദ്ധതി കൈവരിച്ച പ്രധാന നേട്ടങ്ങൾ:

 

  • 1.97 ലക്ഷം കോടിയിലധികം രൂപയുടെ വിദേശനാണ്യ ലാഭം.

  • ഏകദേശം 316 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയുടെ ഇറക്കുമതിക്ക് ബദലായി.

  • കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളലിൽ ഏകദേശം 952 ലക്ഷം മെട്രിക് ടണ്ണിൻ്റെ കുറവ്.

  • കർഷകർക്ക് 1.66 ലക്ഷം കോടിയിലധികം രൂപയുടെ വരുമാന കൈമാറ്റം.

 

വ്യക്തമായ ഈ നേട്ടങ്ങൾ പദ്ധതിയുടെ വിശാലമായ സാമ്പത്തിക, പാരിസ്ഥിതിക, കാർഷിക ഗുണഫലങ്ങളെ എടുത്തുകാട്ടുന്നു; എണ്ണക്കമ്പനികളുടെ ലാഭവും ഉപഭോക്താക്കൾക്ക് ഉണ്ടാകുന്നതായി ആരോപിക്കപ്പെടുന്ന ചെലവുകളും മാത്രം തിരഞ്ഞെടുത്ത താരതമ്യത്തിലൂടെ ഈ പദ്ധതിയെ വിലയിരുത്താനാവില്ല.

 

2026 ഒക്ടോബർ 31-ന് അവസാനിച്ച 2025-26 എഥനോള്‍ വിതരണ വര്‍ഷ കാലയളവിൽ ദേശീയതലത്തിൽ നിശ്ചയിച്ച 20% എഥനോൾ മിശ്രണ ലക്ഷ്യം കൈവരിക്കുന്നതിന് പൊതുമേഖലാ എണ്ണക്കമ്പനികൾ 1,089 കോടി ലിറ്റർ എഥനോൾ സംഭരിക്കുകയും ഏകദേശം 5,673 കോടി ലിറ്റർ പെട്രോൾ വിൽപ്പനയില്‍ 1,134 കോടി ലിറ്റർ എഥനോൾ ചേർക്കുകയും ചെയ്തു. കൃത്യമായി നിർവചിക്കപ്പെട്ട ദേശീയ ചട്ടക്കൂടിനനുസൃതമായാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്; ഒപ്പം വിതരണ ശൃംഖലയിലുടനീളം മിശ്രണത്തിൻ്റെ അളവും ഗുണനിലവാര മാനദണ്ഡങ്ങളും നിരന്തരം നിരീക്ഷിക്കപ്പെടുന്നുമുണ്ട്. ചില പ്രത്യേക കേന്ദ്രങ്ങളിൽ എഥനോളിൻ്റെ അളവ് വലിയതോതിൽ കൂടിയെന്നും കുറഞ്ഞെന്നുമുള്ള ഒറ്റപ്പെട്ടതും സ്ഥിരീകരിക്കാത്തതുമായ ആരോപണങ്ങൾ പദ്ധതിയുടെ മൊത്തത്തിലുള്ള പ്രകടനം സംബന്ധിച്ച കൃത്യമായ വിലയിരുത്തലല്ല.

 

നിർദിഷ്ട ലക്ഷ്യത്തിനപ്പുറം എഥനോൾ മിശ്രണം ചെയ്യുന്നതിന് എണ്ണക്കമ്പനികൾക്ക് വാണിജ്യപരമായ എന്തെങ്കിലും സാമ്പത്തിക നേട്ടമുണ്ടെന്ന വാദവും അടിസ്ഥാനരഹിതമാണ്. എഥനോൾ സംഭരണത്തിന് വലിയ തുക ചെലവ് വരുന്നുണ്ട്; നിശ്ചിത അനുപാതത്തിന് മുകളിൽ ചേർക്കുന്ന ഓരോ അധിക ലിറ്ററും എണ്ണക്കമ്പനികളുടെ സംഭരണച്ചെലവ് വർദ്ധിപ്പിക്കുക മാത്രമേ ചെയ്യൂ. അതിനാൽ അനിയന്ത്രിതമായോ നിശ്ചിത പരിധിക്ക് മുകളിലോ എഥനോൾ ചേർക്കുന്നതിന് എണ്ണക്കമ്പനികൾക്ക് യാതൊരു വാണിജ്യ ന്യായീകരണവുമില്ല.

 

സുതാര്യതയും സ്വതന്ത്ര പരിശോധനയും ആവശ്യപ്പെട്ട് എണ്ണക്കമ്പനികള്‍

 

ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ സാമ്പിൾ ശേഖരണത്തിൻ്റെ പൂർണ ഔദ്യോഗിക രേഖകളും പമ്പുകള്‍ തിരിച്ചുള്ള ലബോറട്ടറി റിപ്പോർട്ടുകളും സ്വീകരിച്ച പരിശോധനാ രീതികളുടെ വിശദാംശങ്ങളും പങ്കുവെക്കണമെന്ന് മൂന്ന് എണ്ണക്കമ്പനികളും കർണാടക ഗവണ്മെൻ്റിനോട് അഭ്യർത്ഥിച്ചു. കൂടാതെ, സംസ്ഥാന ഗവണ്മെൻ്റിൻ്റെയും എണ്ണക്കമ്പനികളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ നിശ്ചിത റഫറി രീതി ഉപയോഗിച്ച് അംഗീകൃത ലബോറട്ടറിയിൽ സ്വതന്ത്ര പരിശോധന നടത്തുന്നതിന് സൂക്ഷിച്ചിരിക്കുന്ന സാമ്പിളുകൾ ലഭ്യമാക്കണമെന്നും കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

നിയന്ത്രണ ഉത്തരവും വിപണന നിയന്ത്രണ മാർഗരേഖ - 2024-ഉം പ്രകാരം സംയുക്ത സാമ്പിൾ ശേഖരണവും പരിശോധനയും നടത്തുന്നതിൽ സംസ്ഥാന ഗവണ്മെൻ്റുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും സഹകരിക്കാൻ കമ്പനികൾ പ്രതിജ്ഞാബദ്ധമാണ്. നിർദിഷ്ട നടപടിക്രമങ്ങളിലൂടെ എന്തെങ്കിലും  വ്യതിയാനങ്ങൾ കണ്ടെത്തിയാൽ ബാധകമായ മാർഗനിർദേശങ്ങൾക്ക് വിധേയമായി ആവശ്യമായ നടപടികൾ സ്വീകരിക്കും.

 

പൊതുമേഖലാ എണ്ണക്കമ്പനികളുടെ രാജ്യവ്യാപക വിതരണ ശൃംഖലയിലുടനീളം കൃത്യമായ ഗുണനിലവാര പരിശോധന, നീരീക്ഷണ സംവിധാനങ്ങളുടെ പിന്തുണയോടെ ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന പെട്രോളിയം ഉല്പന്നങ്ങളുടെ ഗുണനിലവാരം, നിയമാനുസൃത പരിപാലനം, ഉപഭോക്തൃ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതില്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം പ്രതിബദ്ധത ആവർത്തിച്ചു.  

 

****

 

( റിലീസ് ഐ.ഡി: 2333963) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Tamil , Telugu , Kannada