യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

മൈ ഭാരതിൻ്റെ ‘വികസിത് ഭാരത് യുവ സംവാദ്: നിങ്ങളുടെ വോട്ടിനെക്കുറിച്ച് അറിയുക ' പ്രചാരണ പരിപാടിക്ക് സമാപനം; രാജ്യത്തെ 31 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി സംഘടിപ്പിച്ച 536 പരിപാടികളിൽ ഒരു ലക്ഷത്തിലധികം യുവജനങ്ങൾ പങ്കാളികളായി

നേരിട്ടുള്ള സംവാദങ്ങളിലൂടെയും ചർച്ചകളിലൂടെയും തെരഞ്ഞെടുപ്പ് അവബോധം, അറിവോടെയുള്ള വോട്ട് രേഖപ്പെടുത്തൽ, ഉത്തരവാദിത്തത്തോടെയുള്ള ജനാധിപത്യ പങ്കാളിത്തം എന്നിവ പ്രചാരണ പരിപാടി പ്രോത്സാഹിപ്പിച്ചു

പോസ്റ്റഡ് ഓണ്‍: 06 NOV 2026 8:45AM by PIB Thiruvananthpuram
കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം മേരാ യുവ ഭാരത് (മൈ ഭാരത്) മുഖേന സംഘടിപ്പിച്ച രാജ്യവ്യാപക പ്രചാരണ പരിപാടിയായ ‘വികസിത് ഭാരത് യുവ സംവാദ്: നിങ്ങളുടെ വോട്ടിനെക്കുറിച്ച് അറിയുക’  വ്യാഴാഴ്ച സമാപിച്ചു. രാജ്യത്തെ 31 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി സംഘടിപ്പിച്ച 536 യുവ സംവാദങ്ങളിൽ 1,00,493 യുവജനങ്ങൾ പങ്കെടുത്തു.  536 യൂത്ത് ഐക്കണുകളും പരിപാടിയുടെ ഭാഗമായി. രാജ്യത്തുടനീളമുള്ള കോളേജുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും  തെരഞ്ഞെടുപ്പ് അവബോധം സംബന്ധിച്ച ചർച്ചകൾ വ്യാപിപ്പിച്ച ഈ പ്രചാരണം, വോട്ടവകാശങ്ങളെയും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെയും കുറിച്ച് മനസ്സിലാക്കാനും ജനാധിപത്യ പ്രക്രിയയിൽ ഉത്തരവാദിത്തത്തോടെ പങ്കാളികളാകാനും യുവജനങ്ങളെ, പ്രത്യേകിച്ച് കന്നിവോട്ടർമാരെ പ്രോത്സാഹിപ്പിച്ചു.
 


 
2026 ഒക്ടോബർ 26 മുതൽ നവംബർ 5 വരെ സംഘടിപ്പിച്ച പ്രചാരണത്തിലൂടെ രാജ്യത്തെ 500 സർവകലാശാലകളിലും കോളേജുകളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എത്തിച്ചേരാനാണ് ലക്ഷ്യമിട്ടിരുന്നത്. സമാപന ദിവസമായ നവംബർ 5-ന് 28 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലായി 22,588 യുവജനങ്ങളുടെയും 123 യൂത്ത് ഐക്കണുകളുടെയും പങ്കാളിത്തത്തോടെ 123 യുവ സംവാദങ്ങൾ സംഘടിപ്പിച്ചു.
 


 
ഗവർണർമാർ, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മന്ത്രിമാർ, പാർലമെൻ്റ് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിന് പ്രചാരണ പരിപാടി സാക്ഷ്യം വഹിച്ചു. പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ഗുലാബ് ചന്ദ് കട്ടാരിയ ചണ്ഡീഗഡിലും നാഗാലാൻഡ് ഗവർണർ ശ്രീ നന്ദ് കിഷോർ യാദവ് ദിമാപൂരിലും നടന്ന പരിപാടികളിൽ പങ്കെടുത്തു. ഡൽഹിയിൽ കേന്ദ്ര സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ അർജുൻ റാം മേഘ്‌വാളും ലഫ്റ്റനൻ്റ്  ഗവർണർ ശ്രീ തരൺജിത് സിംഗ് സന്ധുവും വിദ്യാർത്ഥികളുമായി സംവദിച്ചു. ശ്രീ ചൗധരി ധരംബീർ സിംഗ്, ശ്രീ പ്രദാൻ ബറുവ, ശ്രീ രഞ്ജിത് ദത്ത, ശ്രീമതി രൂപകുമാരി ചൗധരി, ശ്രീ മഹേഷ് കശ്യപ് എന്നിവരുൾപ്പെടെയുള്ള പാർലമെൻ്റ്  അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നടന്ന  പരിപാടികളിൽ പങ്കെടുത്തു.
 


 
കായികരംഗത്തെ പ്രമുഖരും യൂത്ത് ഐക്കണുകളും വിവിധ സംസ്ഥാനങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്ത് അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും കായികരംഗത്ത് യുവജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പഞ്ചാബിൽ അന്താരാഷ്ട്ര റഗ്ബി താരം കുമാരി അമൻദീപ് കൗർ തൻ്റെ കായിക ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയും അച്ചടക്കവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നതിൽ കായികരംഗത്തിനുള്ള പങ്കിനെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  റോയിംഗ് സ്പോർട്സ് ഐക്കൺ ശ്രീ കുൽവിന്ദർ സിംഗ് മോഗയിലെ വിദ്യാർത്ഥികളുമായി സംവദിച്ചു. രാജസ്ഥാനിലെ ജയ്പൂരിൽ സ്പോർട്സ് ഐക്കൺ കുമാരി ഭൂമിക ശുക്ല യുവജനങ്ങളുമായി സംവദിച്ചു. ഉത്തർപ്രദേശിൽ നടന്ന പരിപാടികളിൽ സൈക്ലിംഗിനും ഖേലോ ഇന്ത്യ പോലുള്ള സംരംഭങ്ങൾക്കും പ്രാധാന്യം നൽകി.
 


 
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തത തേടാനും വോട്ടവകാശങ്ങളെയും പൗരന്മാരുടെ ഉത്തരവാദിത്തങ്ങളെയും കുറിച്ച് ചർച്ച ചെയ്യാനും ജനപ്രതിനിധികളോടും യൂത്ത് ഐക്കണുകളോടും നേരിട്ട് സംവദിക്കാനും യുവ സംവാദങ്ങൾ യുവജനങ്ങൾക്ക് അവസരമൊരുക്കി. ആധികാരിക സ്രോതസ്സുകളിലൂടെ വിവരങ്ങളുടെ വിശ്വാസ്യത പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിൻ്റെയും അവ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതിൻ്റെയും പ്രാധാന്യവും ഈ ചർച്ചകളിൽ ഊന്നിപ്പറഞ്ഞു. ക്വിസ് മത്സരങ്ങൾ, ചോദ്യോത്തര സെഷനുകൾ, ജനാധിപത്യ പ്രതിജ്ഞ (ലോക്താന്ത്രിക് പ്രതിജ്ഞ), മൈ ഭാരത് പോർട്ടലിലെ രജിസ്ട്രേഷൻ എന്നിവയും പ്രചാരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.
 
 
****

( റിലീസ് ഐ.ഡി: 2333504) സന്ദര്‍ശക കൗണ്ടര്‍ : 12