മന്ത്രിസഭ
azadi ka amrit mahotsav

ലിഥിയം, നിക്കൽ സംസ്കരണത്തിന് 2,814 കോടി രൂപ ചെലവിൽ നിർണായക ധാതു സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂലധന ചെലവ് പിന്തുണാ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പോസ്റ്റഡ് ഓണ്‍: 04 NOV 2026 3:29PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം, 2,814 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ അഞ്ച് വർഷത്തേക്ക് നടപ്പാക്കുന്ന 'നിർണായക ധാതു സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂലധന ചെലവ് പിന്തുണാ പദ്ധതി'ക്ക് അംഗീകാരം നൽകി.

നിർണായക ധാതുക്കളുടെ സംസ്കരണം നിലവിൽ ലോകത്തെ ഏതാനും മേഖലകളിൽ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇത് ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, വിലയിലെ ചാഞ്ചാട്ടം, വിതരണ നിയന്ത്രണങ്ങൾ എന്നിവയുടെ സ്വാധീനത്തിന് വിതരണ ശൃംഖലകളെ വിധേയമാക്കുന്നു. വിതരണ ശൃംഖലയുടെ പ്രതിരോധശേഷിക്കും സാമ്പത്തിക സുരക്ഷയ്ക്കും ഇത് ഗുരുതരമായ ഭീഷണി ഉയർത്തുന്നു. ദേശീയ സുരക്ഷ, സാമ്പത്തിക പരമാധികാരം, കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങൾ സമയബന്ധിതമായി കൈവരിക്കൽ എന്നിവയെയും ഇത് ബാധിക്കുന്നു.

നിർണായക ധാതുക്കളായ ലിഥിയം, നിക്കൽ, കോബാൾട്ട് എന്നിവയുടെ സംസ്കരണത്തിനും ശുദ്ധീകരണത്തിനുമുള്ള ആഭ്യന്തര അടിസ്ഥാനസൗകര്യങ്ങൾ പ്രാരംഭ ഘട്ടത്തിലായതിനാൽ, ശുദ്ധീകരിച്ച ഇടനില ഉല്പന്നങ്ങൾക്കും ഉയർന്ന ശുദ്ധിയുള്ള വസ്തുക്കൾക്കുമായി ഇന്ത്യ ഇപ്പോഴും ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നു. നിർണായക ധാതുക്കളുടെ ആഭ്യന്തര സംസ്കരണശേഷി പരിമിതമാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികൾക്ക് ഉയർന്ന മൂലധന ആവശ്യകത, അനുയോജ്യമായ സാങ്കേതികവിദ്യകളുടെ പരിമിതമായ ലഭ്യത, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് തുടങ്ങിയ വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. അതിനാൽ, മൂല്യവർധന പരമാവധിയാക്കുന്നതിനും ഇറക്കുമതിക്ക് പകരം ആഭ്യന്തര ഉല്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധശേഷിയുള്ള സമഗ്ര മൂല്യശൃംഖലകൾ സ്ഥാപിക്കുന്നതിനും ആഭ്യന്തര സംസ്കരണശേഷി വികസിപ്പിക്കേണ്ടത് അനിവാര്യമാണ്.

ഈ സാഹചര്യത്തിലാണ് ആഭ്യന്തര സംസ്കരണശാലകൾ സ്ഥാപിക്കുന്നതിനും പ്രവർത്തനസജ്ജമാക്കുന്നതിനും ലക്ഷ്യമിട്ട് മൂലധന ചെലവിന് പ്രത്യേക പിന്തുണ നൽകുന്നതിനായി 'നിർണായക ധാതു സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മൂലധന ചെലവ് പിന്തുണാ പദ്ധതി' ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യത്തിനകത്ത് മൂല്യവർധന പ്രോത്സാഹിപ്പിക്കുക, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക, മൂല്യശൃംഖല വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ട് ഇന്ത്യയുടെ ആഭ്യന്തര സംസ്കരണശേഷി വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലിഥിയം, നിക്കൽ അയിരുകളും ഇടനില ഉല്പന്നങ്ങളും ഉയർന്ന ശുദ്ധിയുള്ള സംയുക്തങ്ങളാക്കി സംസ്കരിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിക്കൽ ഉൽപ്പാദനത്തിന്റെ ഉപോൽപ്പന്നമായി കോബാൾട്ടും വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുത വാഹന മേഖല, ബാറ്ററി ഊർജ സംഭരണ സംവിധാനം (BESS), ഇലക്ട്രോണിക്സ്, പ്രതിരോധം, പ്രത്യേകതരം സ്റ്റീൽ തുടങ്ങിയ നിർണായക മേഖലകൾക്ക് ഇത് പിന്തുണയേകും.

പദ്ധതിക്കായി ആകെ 2,814 കോടി രൂപയുടെ സാമ്പത്തിക വിഹിതമാണ് വകയിരുത്തിയിരിക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ 2030-31 സാമ്പത്തിക വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതിയുടെ ഭാഗമായി, യോഗ്യമായ നിക്ഷേപത്തിന്റെ 30 ശതമാനം മൂലധന സബ്സിഡിയായി നൽകും. ഇതിലൂടെ നാല് നിർണായക ധാതു സംസ്കരണശാലകൾ സ്ഥാപിക്കും. കുറഞ്ഞത് 30 കിലോ ടൺ വീതം ശേഷിയുള്ള രണ്ട് ലിഥിയം സംസ്കരണശാലകളും കുറഞ്ഞത് 50 കിലോ ടൺ വീതം ശേഷിയുള്ള രണ്ട് നിക്കൽ സംസ്കരണശാലകളുമാണ് സ്ഥാപിക്കുക. ഓരോ ലിഥിയം ഗുണഭോക്താവിനും പരമാവധി 500 കോടി രൂപയും ഓരോ നിക്കൽ ഗുണഭോക്താവിനും പരമാവധി 900 കോടി രൂപയും മൂലധന സഹായമായി അനുവദിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. ആദ്യ ഘട്ടത്തിൽ അപേക്ഷകളുടെ സാങ്കേതിക യോഗ്യത വിലയിരുത്തും. സാങ്കേതിക യോഗ്യത നേടുന്ന അപേക്ഷകർക്ക് മാത്രമേ രണ്ടാം ഘട്ടത്തിലെ സാമ്പത്തിക ലേലത്തിൽ പങ്കെടുക്കാൻ അർഹതയുണ്ടാകൂ. ഓരോ ധാതുവിനും രണ്ട് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. പദ്ധതിപ്രകാരം ലേലത്തിൽ പങ്കെടുക്കുന്നവർ ആവശ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ മൂലധന ചെലവ് പിന്തുണയുടെ അടിസ്ഥാനത്തിലായിരിക്കും (Least-cost criterion) തെരഞ്ഞെടുപ്പ്. നിശ്ചിത നാഴികക്കല്ലുകൾ കൈവരിക്കുന്നതുമായി ബന്ധപ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുക.

കരുത്തുറ്റ ആഭ്യന്തര സംസ്കരണ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നിർണായക ധാതുക്കളുടെ മൂല്യശൃംഖലയിലുടനീളം ഇന്ത്യയുടെ ശേഷി ശക്തിപ്പെടുത്തുന്നതിനും പിന്തുണ നൽകുന്നതിലൂടെ ആത്മനിർഭർ ഭാരത് ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ പദ്ധതി.

***

NK


( റിലീസ് ഐ.ഡി: 2332569) സന്ദര്‍ശക കൗണ്ടര്‍ : 22