പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിൻ 5-ന്റെ ഭാഗമായി പെൻഷൻകാരുടെ 100 ശതമാനം കവറേജ് ഉറപ്പാക്കണമെന്ന് DoPPW ആഹ്വാനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 03 NOV 2026 4:33PM by PIB Thiruvananthpuram
കേന്ദ്ര പെൻഷൻ വകുപ്പ് (Department of Pension and Pensioners’ Welfare – DoPPW), രാജ്യവ്യാപക ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (DLC) കാമ്പയിൻ 5-ന്റെ ഭാഗമായി ന്യൂഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് ശാഖയിൽ പഞ്ചാബ് നാഷണൽ ബാങ്കുമായി (PNB) സഹകരിച്ച് ഇന്ന് മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ഫേസ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യയിലൂടെ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കുകയും ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന സൗകര്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം.
 
വകുപ്പിന്റെ എല്ലാ സംരംഭങ്ങളുടെയും കേന്ദ്രബിന്ദു പെൻഷൻകാരാണെന്ന് DoPPW സെക്രട്ടറി ശ്രീമതി നിവേദിത ശുക്ല വർമ്മ പറഞ്ഞു. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ എല്ലാ പെൻഷൻകാരിലേക്കും എത്തിച്ചേരുന്നതിനെ ആശ്രയിച്ചാണ് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് കാമ്പയിന്റെ വിജയം നിലകൊള്ളുന്നതെന്നും അവർ വ്യക്തമാക്കി. മുതിർന്ന പെൻഷൻകാരുടെ പങ്കാളിത്തത്തെയും സംഭാവനയെയും അഭിനന്ദിച്ച സെക്രട്ടറി, കഴിഞ്ഞ കാമ്പയിനിൽ 80 വയസ്സും അതിൽ കൂടുതലും പ്രായമുള്ള 14 ലക്ഷത്തിലധികം പെൻഷൻകാർ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി. ഇതൊരു ശ്രദ്ധേയമായ നേട്ടമാണെന്നും അവർ വിശേഷിപ്പിച്ചു.
 
ഡിജിറ്റൽ ശാക്തീകരണത്തിന്റെ അംബാസഡർമാരായി മാറാനും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് സഹപെൻഷൻകാരെ മുഖ പ്രാമാണീകരണ സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രേരിപ്പിക്കാനും അവർ പെൻഷൻകാരോട് ആഹ്വാനം ചെയ്തു. ഈ സംരംഭത്തിന്റെ സൗകര്യങ്ങൾ എടുത്തുപറഞ്ഞ അവർ, മറ്റുള്ളവരെ ആശ്രയിക്കാതെയും ബാങ്ക് ശാഖകൾ സന്ദർശിക്കാതെയും സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് വീട്ടിലിരുന്നുതന്നെ പെൻഷൻകാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കാനാകുമെന്ന് വ്യക്തമാക്കി.
 
2014-ൽ ആരംഭിച്ചതിനുശേഷം ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനങ്ങൾ ഗണ്യമായി വികസിച്ചിട്ടുണ്ടെന്ന് DoPPW ജോയിന്റ് സെക്രട്ടറി ശ്രീ ധ്രുബജ്യോതി സെൻഗുപ്ത ചൂണ്ടിക്കാട്ടി. 2021-ൽ ഫേസ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യ അവതരിപ്പിച്ചതോടെ ഈ പ്രക്രിയ കൂടുതൽ എളുപ്പവും സൗകര്യപ്രദവുമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ പ്രാമാണീകരണം വഴി തയ്യാറാക്കിയ സർട്ടിഫിക്കറ്റുകളുടെ എണ്ണം കഴിഞ്ഞ കാമ്പയിനിൽ ഏകദേശം 50 ലക്ഷത്തിൽനിന്ന് 1.25 കോടിയായി വർധിച്ചതായി ജോയിന്റ് സെക്രട്ടറി അറിയിച്ചു. ക്യാമ്പുകളിൽ പങ്കെടുക്കാനോ സ്വയം ഈ പ്രക്രിയ പൂർത്തിയാക്കാനോ കഴിയാത്ത പെൻഷൻകാർക്കായി ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മുഖേന വീട്ടുപടിക്കൽ സേവനങ്ങൾ ലഭ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
 
PNB മെഗാ ക്യാമ്പിൽ മുതിർന്ന പെൻഷൻകാർക്ക് സംവദിക്കുന്നതിനുള്ള സൗകര്യവും ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സേവനങ്ങൾക്കൊപ്പം മെഡിക്കൽ ക്യാമ്പ് സൗകര്യവും ഒരുക്കിയിരുന്നു. പെൻഷൻകാർക്ക് പ്രാപ്യമാകുന്നതും സുരക്ഷിതവും മുൻഗണന നൽകുന്നതുമായ ഡിജിറ്റൽ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള DoPPW-യുടെ പ്രതിജ്ഞാബദ്ധതയെ ഈ സംരംഭം സ്ഥിരീകരിച്ചു .

***

 


( റിലീസ് ഐ.ഡി: 2332298) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Marathi , English , Urdu , हिन्दी , Bengali , Assamese , Tamil