പോസ്റ്റഡ് ഓണ്:
02 NOV 2026 4:17PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ, വിദേശികൾക്കായുള്ള പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകളുടെ (FRRO) വിപുലീകരണത്തിലൂടെ വിദേശ പൗരന്മാരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സ്ഥാപനപരമായ സംവിധാനങ്ങൾ കേന്ദ്ര ഗവണ്മെൻ്റ് ശക്തിപ്പെടുത്തുകയാണ്.
വിനോദസഞ്ചാരം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി ഇന്ത്യ സന്ദർശിക്കുന്ന വിദേശികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകൾ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും ഇതോടെ വർധിച്ചു. ഇത് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും നിയമപരമായ വ്യവസ്ഥകൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും ഇന്ത്യയെ ആകർഷകമായ ഒരു സന്ദർശന കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കും. ഈ ആവശ്യം തിരിച്ചറിഞ്ഞ്, കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ 2027-ഓടെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മേൽപ്പറഞ്ഞ നിർദേശത്തെത്തുടർന്ന് 2025 മുതൽ അഞ്ച് സംസ്ഥാന തലസ്ഥാനങ്ങളിൽ പുതിയ അഞ്ച് പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകൾ സ്ഥാപിച്ചു. 2025-ൽ ജയ്പൂർ, ചണ്ഡീഗഡ്, ഗുവാഹത്തി എന്നിവിടങ്ങളിൽ മൂന്ന് ഓഫീസുകൾ സ്ഥാപിച്ചു. നേരത്തെ ഇവ യഥാക്രമം ഡൽഹി, അമൃത്സർ, കൊൽക്കത്ത എന്നിവിടങ്ങളിലെ ഓഫീസുകളുടെ അധികാരപരിധിയിലായിരുന്നു.
ഈ വർഷം രണ്ട് പുതിയ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകൾ ഐസ്വാൾ (മിസോറം), അമരാവതി (ആന്ധ്രാപ്രദേശ്) എന്നിവിടങ്ങളിൽ സ്ഥാപിച്ചു. നേരത്തെ ഐസ്വാൾ കൊൽക്കത്ത ഓഫീസിൻ്റെ അധികാരപരിധിയിലും അമരാവതി ഹൈദരാബാദ് ഓഫീസിൻ്റെ അധികാരപരിധിയിലുമായിരുന്നു. അടുത്തിടെ കോഹിമ (നാഗാലാൻഡ്), അഗർത്തല (ത്രിപുര), ഭുവനേശ്വർ (ഒഡിഷ) എന്നിവിടങ്ങളിൽ മൂന്ന് പുതിയ ഓഫീസുകൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. നേരത്തെ കോഹിമയും അഗർത്തലയും കൊൽക്കത്തയുടെ അധികാരപരിധിയിലും ഭുവനേശ്വർ ഹൈദരാബാദ് ഓഫീസിൻ്റെ അധികാരപരിധിയിലുമായിരുന്നു.
ഇതോടെ രാജ്യത്തെ ആകെ പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകളുടെ എണ്ണം ഇരുപതായി ഉയർന്നു. അഹമ്മദാബാദ്, അമരാവതി, അമൃത്സർ, ഐസ്വാൾ, അഗർത്തല, ബെംഗളൂരു, ഭുവനേശ്വർ, കാലിക്കറ്റ്, ചെന്നൈ, കൊച്ചി, ചണ്ഡീഗഡ്, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, കോഹിമ, കോഴിക്കോട്, ലഖ്നൗ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഈ ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.
അവശേഷിക്കുന്ന സംസ്ഥാനങ്ങളായ ബിഹാർ, ഗോവ, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിലും ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര ഗവണ്മെൻ്റ് സ്വീകരിച്ചുവരികയാണ്. ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്ക് വിസ കാലാവധി നീട്ടൽ, വിസയുടെ വിഭാഗം മാറ്റൽ, കുടിയേറ്റ നിയമങ്ങൾ പാലിക്കൽ, നിയമപരമായ സുരക്ഷ ഉറപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും. ഇത് പ്രാദേശിക തലത്തിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനശേഷി ശക്തിപ്പെടുത്തുകയും സംസ്ഥാന അധികൃതരുമായുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്യും. കൂടാതെ നിയമാനുസൃതമായി ഇന്ത്യ സന്ദർശിക്കുന്ന വിദേശികൾക്ക് സൗകര്യമൊരുക്കുകയും കുടിയേറ്റ നിയമങ്ങളും ദേശീയ സുരക്ഷാ ആവശ്യകതകളും ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കുകയും ചെയ്യും.
വിദേശികൾക്കായുള്ള പ്രാദേശിക രജിസ്ട്രേഷൻ ഓഫീസുകളുടെ വിപുലീകരണത്തിന് രണ്ട് പ്രധാന ലക്ഷ്യങ്ങളാണുള്ളത്. വിദേശികൾക്ക് ഇന്ത്യയിലേക്കുള്ള നിയമാനുസൃത യാത്രയും താമസവും സുഗമമാക്കുക, കുടിയേറ്റ നിയമങ്ങളും സുരക്ഷാ ആവശ്യകതകളും ഫലപ്രദമായി നടപ്പാക്കുക എന്നിവയാണവ. കുടിയേറ്റവും വിദേശികളുമായി ബന്ധപ്പെട്ട നാല് മുൻ നിയമങ്ങൾ ഏകീകരിച്ചുകൊണ്ട് രൂപീകരിച്ച 2025-ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട്, വിദേശ പൗരന്മാരുടെ പ്രവേശനം, താമസം, സഞ്ചാരം, മടക്കയാത്ര എന്നിവ നിയന്ത്രിക്കുന്നതിനുള്ള ഏകീകൃത നിയമപരമായ ചട്ടക്കൂട് നൽകുന്നു. ഈ നിയമപ്രകാരം, പ്രധാനമായും കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്ന ബ്യൂറോ ഓഫ് ഇമിഗ്രേഷനെ, അതിൻ്റെ ചുമതലകൾ നിർവഹിക്കുന്നതിൽ കേന്ദ്ര ഗവണ്മെൻ്റ് അധികാരപ്പെടുത്തിയിട്ടുള്ള ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സഹായിക്കേണ്ടതാണ്.
ഇന്ത്യ സന്ദർശിക്കുന്നതോ ഇന്ത്യയിൽ താമസിക്കുന്നതോ ആയ വിദേശ പൗരന്മാരുടെ നിയമാനുസൃത താമസം നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും സുഗമമാക്കുകയും ചെയ്യുന്നതാണ് വിദേശികൾക്കായുള്ള പ്രാദേശിക രജിസ്ട്രേഷൻ ഓഫീസിൻ്റെ ചുമതല. രജിസ്ട്രേഷൻ നിർബന്ധമായിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ട വിദേശികളുടെ ഇന്ത്യയിലെത്തിയ ശേഷമുള്ള രജിസ്ട്രേഷൻ നടപടികൾ ഈ ഓഫീസ് നിർവഹിക്കുകയും രജിസ്ട്രേഷനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് /താമസാനുമതി എന്നിവ നൽകുകയും ചെയ്യുന്നു. വിദേശികളുടെ താമസവിലാസം, പാസ്പോർട്ട് വിവരങ്ങൾ, രാജ്യത്തിനകത്തെ യാത്രാ പദ്ധതികൾ തുടങ്ങി വ്യക്തിഗത വിവരങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ഈ ഓഫീസ് രേഖപ്പെടുത്തുന്നു. സംരക്ഷിത മേഖലകളിലേക്കും നിയന്ത്രിത മേഖലകളിലേക്കും സന്ദർശനം നടത്തുന്നതിനുള്ള അനുമതിയും നൽകുന്നു.
വിസ കാലാവധി കഴിഞ്ഞവർ, അനുവദിച്ച കാലാവധിയിലധികം രാജ്യത്ത് താമസിക്കുന്നവർ, അല്ലെങ്കിൽ ഇന്ത്യ വിടുന്നതിന് മുമ്പ് ഔദ്യോഗിക അനുമതി ആവശ്യമായവർ എന്നിവർക്ക് എക്സിറ്റ് പെർമിറ്റുകളും നൽകുന്നു.
അതായത്, ഇന്ത്യൻ കുടിയേറ്റ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനും അനുവദിച്ച കാലാവധിയിലധികം നാൾ താമസിക്കുന്നതും വിസാ ചട്ടങ്ങൾ ലംഘിക്കുന്നതുമായ കേസുകൾ കൈകാര്യം ചെയ്യുകയും ആവശ്യമായ നിയമനടപടികളോ പിഴകളോ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തുകയും ചെയ്യുന്നതിന് ഫോറിനേഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസുകൾ മേൽനോട്ടം വഹിക്കും.
****