യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

കായിക മേഖലയിലെ ഉത്തേജക മരുന്ന് ഉപയോഗം തടയാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന്‌ യുനെസ്‌കോയുടെ കായികരംഗത്തെ ഉത്തേജകവിരുദ്ധ അന്താരാഷ്ട്ര കൺവെൻഷനായ 'കോപ് 10' ബ്യൂറോ യോഗത്തിൽ കേന്ദ്രമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ

പോസ്റ്റഡ് ഓണ്‍: 27 OCT 2026 3:06PM by PIB Thiruvananthpuram
കായികരംഗത്തെ ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെയുള്ള യുനെസ്കോയുടെ അന്താരാഷ്ട്ര കൺവെൻഷന് കീഴിൽ നടന്ന ' കോപ് 10 ബ്യൂറോ'യുടെ (COP10 Bureau) മൂന്നാമത് ഔദ്യോഗിക യോഗത്തിലും, 2026–27 വർഷത്തെ ഫണ്ട് അപ്രൂവൽ കമ്മിറ്റിയുടെ നാലാമത് ഔദ്യോഗിക യോഗത്തിലും കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. ന്യൂഡൽഹിയിലായിരുന്നു യോഗം.
 
കായിക മേഖലയെ സംശുദ്ധമാക്കുന്ന കാര്യത്തിൽ  ഇന്ത്യയ്ക്കുള്ള പൂർണ്ണ പ്രതിബദ്ധത ഡോ. മൻസുഖ് മാണ്ഡവ്യ യോഗത്തിൽ ആവർത്തിച്ചു. കായികരംഗത്തെ മികവിനൊപ്പം സമഗ്രതയും കാത്തുസൂക്ഷിക്കണമെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. വിലക്കപ്പെട്ട പദാർത്ഥങ്ങളോ മാർഗ്ഗങ്ങളോ ഉപയോഗിച്ചല്ല, മറിച്ച് കഠിനാധ്വാനവും പ്രതിഭയും മികച്ച തയ്യാറെടുപ്പും കൊണ്ടായിരിക്കണം ഓരോ കായികതാരവും വിജയം നേടേണ്ടതെന്നും, അതിനായി എല്ലാവർക്കും തുല്യമായ അവസരം ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തേജകമരുന്ന് എന്ന വിപത്തിനെതിരെ  ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിരന്തരം ഊന്നിപ്പറഞ്ഞിട്ടുള്ള കാര്യവും കേന്ദ്രമന്ത്രി യോഗത്തിൽ ഓർമ്മിപ്പിച്ചു.
 
 
 
2022-ലെ നാഷണൽ ആൻ്റി -ഡോപ്പിംഗ് ആക്ടും അതിൻ്റെ   2025-ലെ ഭേദഗതിയും  ഇന്ത്യയുടെ ഉത്തേജക വിരുദ്ധ സംവിധാനം ശക്തമാക്കിയതിനെ കേന്ദ്ര കായിക മന്ത്രി യോഗത്തിൽ എടുത്തുപറഞ്ഞു.
 
 “2022-ലെ നാഷണൽ ആൻ്റി -ഡോപ്പിംഗ് ആക്ടും, 2025-ലെ ഭേദഗതിയും വഴി ഇന്ത്യ തങ്ങളുടെ നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്; ഇവ രണ്ടും 2026 ജൂലൈയിലാണ് പ്രാബല്യത്തിൽ വന്നത്,” ഡോ. മാണ്ഡവ്യ വ്യക്തമാക്കി. ഇതിനുപുറമേ, വരാനിരിക്കുന്ന അടുത്ത പാർലമെൻ്റ്  സമ്മേളനത്തിൽ മറ്റൊരു ഭേദഗതി കൂടി കൊണ്ടുവരുമെന്നും, ഇതിലൂടെ കായികതാരങ്ങളെ ഉത്തേജകമരുന്ന് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന പരിശീലകർ, വിതരണക്കാർ എന്നിവരുൾപ്പെടെയുള്ള നിയമലംഘകർക്കെതിരെ കൂടുതൽ ഫലപ്രദമായി നടപടിയെടുക്കാൻ ക്രിമിനൽ വകുപ്പുകൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
ഉത്തേജകമരുന്ന് ഉപയോഗം തടയുന്നതിനും വിലക്കപ്പെട്ട പദാർത്ഥങ്ങളെക്കുറിച്ച് കായികതാരങ്ങളെ ബോധവൽക്കരിക്കുന്നതിനും ഇന്ത്യ ഇതിനകം സ്വീകരിച്ചിട്ടുള്ള മറ്റ് സുപ്രധാന നടപടികളും കേന്ദ്ര കായിക മന്ത്രി യോഗത്തിൽ വിശദീകരിച്ചു.
 
 
 
ദേശീയ ഉത്തേജകവിരുദ്ധ ഏജൻസി (NADA) 2025-26 കാലയളവിൽ മാത്രം 7,000-ത്തിലധികം പരിശോധനകൾ നടത്തിയതായി മന്ത്രി അറിയിച്ചു. കൃത്യമായ വിവരശേഖരണത്തിലൂടെയും അപഗ്രഥനത്തിലൂടെയുമാണ്  നിലവിൽ രാജ്യത്ത് ഡാപ്പിങ് പരിശോധനകൾ പുരോഗമിക്കുന്നത്. കൂടാതെ, 27,000-ത്തോളം പേർക്കായി 350-ലധികം ബോധവൽക്കരണ ക്ലാസുകളും ഇതിനകം സംഘടിപ്പിച്ചു.
 
 
കായികതാരങ്ങൾ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന 'നോ യുവർ മെഡിസിൻ'  മൊബൈൽ ആപ്ലിക്കേഷനിൽ ഇതുവരെ അഞ്ച് ലക്ഷത്തിലധികം തിരച്ചിലുകൾ  രേഖപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
 
 
കായിക മൂല്യങ്ങൾ പാഠ്യപദ്ധതിയിലേക്ക്
 
 
വിദ്യാർത്ഥികളിൽ ചെറുപ്പത്തിലെ തന്നെ കായിക മൂല്യങ്ങളും സത്യസന്ധതയും വളർത്തിയെടുക്കാൻ കായിക മന്ത്രാലയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, യുനെസ്കോ എന്നിവർ കൈകോർക്കുന്നു. ഇതിൻ്റെ   ഭാഗമായി 'സ്പോർട്സ് വാല്യൂസ് ഇൻ എവരി ക്ലാസ്റൂം' പദ്ധതി ഇന്ത്യയിലെ സ്‌കൂളുകളിൽ നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ  ഉടൻ ഒപ്പുവെക്കും.
 
കായികരംഗത്തെ മൂല്യങ്ങളും ധാർമ്മികതയും സുതാര്യതയും ക്ലാസ് മുറികളിലേക്ക് എത്തിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് യുവമനസ്സുകളെ സ്വാധീനിക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 
 
 
ആഗോളതലത്തിൽ ഉത്തേജകമരുന്ന് ഉപയോഗത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുക, കൺവെൻഷൻ വ്യവസ്ഥകളുടെ നിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയായിരുന്നു യോഗത്തിൻ്റെ   പ്രധാന ലക്ഷ്യങ്ങൾ. ആഗോള ഉത്തേജക വിരുദ്ധ വ്യൂഹത്തിൽ പൊതു അധികാരികളുടെ  ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന ചട്ടക്കൂട് രേഖയെക്കുറിച്ചും  നാഷണൽ കംപ്ലയൻസ് പ്ലാറ്റ്‌ഫോം വഴി വിവിധ രാജ്യങ്ങളുമായി സഹകരിച്ച് ഉത്തേജക വിരുദ്ധ വിദ്യാഭ്യാസ ശേഷിയും അക്കാദമിക് ഗവേഷണങ്ങളും വികസിപ്പിക്കുന്നതിനെക്കുറിച്ചും യോഗം വിശദമായി ചർച്ച ചെയ്തു. ഇതിനുപുറമേ, സുസ്ഥിരമായ ആഗോള ഉത്തേജക വിരുദ്ധ സംവിധാനം കെട്ടിപ്പടുക്കുന്നതിനായി വിഭവ സമാഹരണം, 2026-2031 വർഷത്തേക്കുള്ള ഫണ്ടിൻ്റെ   പ്രവർത്തന തന്ത്രം, കംപ്ലയൻസ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് എന്നിവയും യോഗത്തിൻ്റെ   അജണ്ടയിൽ ഉൾപ്പെട്ടു.
 
 
റിപ്പബ്ലിക് ഓഫ് അസർബൈജാൻ്റെ   യുവജന-കായിക മന്ത്രിയും കോപ്10 ബ്യൂറോ ചെയർപേഴ്‌സണുമായ മിസ്റ്റർ ഫരീദ് ഗായിബോവ്, കായികരംഗത്തെ ഉത്തേജകമരുന്ന് നിർമ്മാർജ്ജന ഫണ്ടിൻ്റെ   അപ്രൂവൽ കമ്മിറ്റി ചെയർപേഴ്‌സൺ മിസ്റ്റർ ലൂക്ക് മക്കാൻ, കേന്ദ്ര ഗവണ്മെൻ്റിൻ്റെ    കായികവകുപ്പ് സെക്രട്ടറിയും 'കോപ് 10' ബ്യൂറോ വൈസ് ചെയർപേഴ്‌സണുമായ ശ്രീ ഹരിരഞ്ജൻ റാവു, യുനെസ്കോ സോഷ്യൽ പോളിസീസ് ആൻഡ് ഇൻക്ലൂഷൻ ഡയറക്ടർ മിസ്റ്റർ ഗുസ്താവോ മെറിനോ എന്നിവരും സാംബിയ, കിംഗ്ഡം ഓഫ് സ്പെയിൻ, റഷ്യൻ ഫെഡറേഷൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 'കോപ് 10' ബ്യൂറോയിലെയും ഫണ്ട് അപ്രൂവൽ കമ്മിറ്റിയിലെയും മറ്റ് അംഗങ്ങളും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.

****

( റിലീസ് ഐ.ഡി: 2329131) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Kannada