പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഒക്ടോബർ 27ന് ‘എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് 2026’ ഉദ്ഘാടനം ചെയ്യും


ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെയും നൂതനാശയ മുൻഗണനകളെയും കുറിച്ച് ചർച്ച ചെയ്യാൻ പ്രമുഖ ശാസ്ത്രജ്ഞർ, നയരൂപീകരണ വിദഗ്ധർ, ആഗോള വിദഗ്ധർ എന്നിവർ പങ്കെടുക്കുന്ന ത്രിദിന കോൺക്ലേവ്

നിർമിതബുദ്ധി, ജൈവസാങ്കേതികവിദ്യ, നൂതന വസ്തുക്കൾ, ഉൽപ്പാദനം, ആരോഗ്യപരിപാലനം, ഊർജം, കാലാവസ്ഥ, സമുദ്രശാസ്ത്രം തുടങ്ങി 12 വിഷയമേഖലകൾക്ക് ESTIC പ്രാധാന്യം നൽകും

പുതിയ സംരംഭമായ ഗ്ലോബൽ കണക്ട് നെറ്റ്‌വർക്കിങ് പരിപാടിയിലൂടെ 300ലധികം പേർ പങ്കെടുക്കും; അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തവും വ്യവസായ-അക്കാദമിക സഹകരണവും പ്രോത്സാഹിപ്പിക്കും

പോസ്റ്റഡ് ഓണ്‍: 26 OCT 2026 6:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 2026 ഒക്ടോബർ 27ന് വൈകിട്ട് 5.30ന് ‘എമർജിങ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ കോൺക്ലേവ് (ESTIC) 2026’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും.
ഒക്ടോബർ 27 മുതൽ 29 വരെ നടക്കുന്ന ത്രിദിന കോൺക്ലേവിൽ പ്രമുഖ ശാസ്ത്രജ്ഞർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, അന്താരാഷ്ട്ര വിദഗ്ധർ എന്നിവർ പങ്കെടുക്കും. ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെയും ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ഇന്ത്യയുടെ മുൻഗണനകളെയും കുറിച്ച് അവർ ചർച്ച ചെയ്യും.


നിർമിതബുദ്ധി, ജൈവസാങ്കേതികവിദ്യ, നൂതന സാമഗ്രികൾ, ഉൽപ്പാദനം, ആരോഗ്യപരിപാലനം, ഊർജം, കാലാവസ്ഥ, സമുദ്രശാസ്ത്രം എന്നിവയുൾപ്പെടെ 12 വിഷയമേഖലകളിലായി ചർച്ചകൾ നടക്കും. ഗവേഷണ മുൻഗണനകൾ, ദേശീയ ശേഷികൾ, ശാസ്ത്രീയ മുന്നേറ്റങ്ങളെ പ്രായോഗിക പ്രയോഗങ്ങളാക്കി മാറ്റൽ എന്നിവയ്ക്കായിരിക്കും ചർച്ചകളിൽ ഊന്നൽ നൽകുക.


തദ്ദേശീയ ശാസ്ത്രനേട്ടങ്ങളും വളർന്നുവരുന്ന സാങ്കേതികവിദ്യകളും പരിചയപ്പെടുത്തുന്ന വിപുലമായ സാങ്കേതികവിദ്യാ-നവീകരണ പ്രദർശനവും കോൺക്ലേവിന്റെ ഭാഗമായി സംഘടിപ്പിക്കും. വിവിധ മേഖലകളിൽ സാങ്കേതികവിദ്യകളുടെ പുരോഗതിയും അവയുടെ സാധ്യതയുള്ള പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന ഡീപ്‌ടെക് സ്റ്റാർട്ടപ്പുകളുടെ ഏകദേശം 150 സ്റ്റാളുകളും ഇതിൽ ഉൾപ്പെടും.


ശാസ്ത്രീയ മുന്നേറ്റങ്ങളെക്കുറിച്ചും അവയുടെ യഥാർഥ ജീവിതത്തിലെ പ്രയോഗങ്ങളെക്കുറിച്ചും കൂടുതൽ ഫലപ്രദമായി അറിയുന്നതിനായി വിഷയാധിഷ്ഠിത വീഡിയോകൾ, സാങ്കേതികവിദ്യാ പ്രദർശനങ്ങൾ, ഡോക്യുമെന്ററികൾ, വിവര കിയോസ്കുകൾ, ഓഗ്മെന്റഡ് റിയാലിറ്റി - വെർച്വൽ റിയാലിറ്റി അനുഭവങ്ങൾ എന്നിവയും കോൺക്ലേവിൽ ഒരുക്കും.


പുതിയ സംരംഭമായ ഗ്ലോബൽ കണക്ട് നെറ്റ്‌വർക്കിങ് പരിപാടി വഴി ഇന്ത്യയിലും വിദേശത്തുമുള്ള സർവകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായ മേഖലകൾ എന്നിവയിൽനിന്നുള്ള 300ലധികം ക്ഷണിക്കപ്പെട്ട പ്രതിനിധികൾ ഒത്തുചേരും. അന്താരാഷ്ട്ര ഗവേഷണ പങ്കാളിത്തങ്ങൾ, വ്യവസായ-അക്കാദമിക സഹകരണം, ലബോറട്ടറികളിൽ വികസിപ്പിക്കുന്ന നൂതനാശയങ്ങളെ വിപണിയിലെത്തിക്കുന്നതിനുള്ള മാർഗങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യാനുള്ള വേദി ഈ പരിപാടി ഒരുക്കും.

****


( റിലീസ് ഐ.ഡി: 2328742) സന്ദര്‍ശക കൗണ്ടര്‍ : 15