വാണിജ്യ വ്യവസായ മന്ത്രാലയം
കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് കീഴിലുള്ള റിലീഫ് പദ്ധതിയുടെ കാലാവധി 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ച് വാണിജ്യ വകുപ്പ്
പോസ്റ്റഡ് ഓണ്‍:
26 OCT 2026 1:50PM by PIB Thiruvananthpuram
കയറ്റുമതി പ്രോത്സാഹന ദൗത്യത്തിന് കീഴിലുള്ള ‘റിലീഫ്’ (കയറ്റുമതി സുഗമമാക്കുന്നതിനുള്ള അതിജീവനശേഷിയും ലോജിസ്റ്റിക്സ് ഇടപെടലും) പദ്ധതിയുടെ നിശ്ചിത കാലയളവിലേക്കുള്ള രണ്ടാം ഘടകത്തിൻ്റെ കാലാവധി 2027 മാർച്ച് 31 വരെ വാണിജ്യ വകുപ്പ് നീട്ടി. പശ്ചിമേഷ്യയിലെ നിരന്തരമായ ഭൗമരാഷ്ട്രീയ സംഘർഷങ്ങളും, അതുമൂലം ഗൾഫ് മേഖലയിലും സമീപ പ്രദേശങ്ങളിലും സമുദ്ര ചരക്കുനീക്കത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്താണ് നടപടി. 2026 സെപ്റ്റംബർ 30-ന് പുറപ്പെടുവിച്ച 37/2026-27 നമ്പർ വിജ്ഞാപനത്തിലൂടെയാണ് കാലാവധി നീട്ടിയത്.
ഈ പദ്ധതിയുടെ രണ്ടാം ഘടകം, നിശ്ചിത പ്രദേശങ്ങളിലേക്ക് വരാനിരിക്കുന്ന ചരക്കുനീക്കങ്ങൾക്ക് എക്സ്പോർട്ട് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ (ECGC) മുഖേന ഇൻഷുറൻസ് പരിരക്ഷ നേടാൻ കയറ്റുമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. ഇതിലൂടെ 95 ശതമാനം അപകട പരിരക്ഷ ലഭിക്കും. 2026 മാർച്ച് 16-നോ അതിനുശേഷമോ എടുത്ത സ്വതന്ത്ര പോളിസികൾക്കും മൊത്ത വിറ്റുവരവ് പോളിസികൾക്കും ഈ ആനുകൂല്യം ബാധകമാണ്. പദ്ധതിയുടെ ഭാഗമായി, അർഹരായ കയറ്റുമതിക്കാർ അടയ്ക്കേണ്ട ഇൻഷുറൻസ് പ്രീമിയം പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്ന നിലവാരത്തിൽ തന്നെ നിലനിർത്തുന്നതിനും വ്യവസ്ഥയുണ്ട്. ഊർജ ഉത്പന്നങ്ങളുടെ കയറ്റുമതി ഒഴികെ, ഫുൾ കണ്ടെയ്നർ ലോഡ് (എഫ്സിഎൽ), ലെസ് ദാൻ കണ്ടെയ്നർ ലോഡ് (എൽസിഎൽ), റഫ്രിജറേറ്റഡ് അഥവാ റീഫർ കണ്ടെയ്നറുകൾ എന്നിവ വഴിയുള്ള ചരക്കുനീക്കങ്ങൾക്ക് ഈ പരിരക്ഷ ലഭ്യമാണ്.
‘റിലീഫ്’ പദ്ധതിയുടെ ആനുകൂല്യം തേടുന്ന കയറ്റുമതിക്കാർ, ക്ലെയിമുകളും അനുബന്ധ രേഖകളും www.ecgcltd.in എന്ന വെബ്സൈറ്റിലെ ഇസിജിസി കസ്റ്റമർ പോർട്ടൽ മുഖേന സമർപ്പിക്കണം. യൂസർ ഐഡിയും പാസ്വേഡും സൃഷ്ടിക്കൽ, കയറ്റുമതിക്കാരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കൽ, പദ്ധതിക്ക് കീഴിൽ ക്ലെയിമുകൾ സമർപ്പിക്കൽ തുടങ്ങിയ നടപടിക്രമങ്ങൾ വിശദീകരിക്കുന്ന വീഡിയോ ട്യൂട്ടോറിയലുകൾ ഇസിജിസി-യുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ @ecgcltd7016-ൽ ലഭ്യമാണ്.
ഗൾഫ് മേഖലയിലെയും വിശാലമായ പശ്ചിമേഷ്യൻ സമുദ്രപാതകളിലെയും തടസ്സങ്ങൾ മൂലം വെല്ലുവിളികൾ നേരിടുന്ന ഇന്ത്യൻ കയറ്റുമതിക്കാർക്ക് പിന്തുണ നൽകുന്നതിനുള്ള പ്രത്യേക പദ്ധതിയാണ് 2026 മാർച്ച് 19-ന് ആരംഭിച്ച ‘റിലീഫ്’ പദ്ധതി. ചരക്കുനീക്കച്ചെലവിലെ അസാധാരണമായ വർധന, ഉയർന്ന ഇൻഷുറൻസ് പ്രീമിയം, യുദ്ധസാഹചര്യങ്ങളുമായി ബന്ധപ്പെട്ട കയറ്റുമതി അപകടസാധ്യതകൾ എന്നിവയുടെ ആഘാതം ലഘൂകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
റിലീഫ് പദ്ധതിയുടെ കാലാവധി നീട്ടിയത്, കയറ്റുമതി മേഖലയിലെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും വ്യാപാര പ്രവർത്തനങ്ങൾ തടസ്സരഹിതമായി നിലനിർത്തുന്നതിനും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സമുദ്ര ചരക്കുനീക്ക മേഖലയിലെ അനിശ്ചിതത്വങ്ങളും തുടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
****
( റിലീസ് ഐ.ഡി: 2328624)
സന്ദര്‍ശക കൗണ്ടര്‍ : 5