പോസ്റ്റഡ് ഓണ്:
24 OCT 2026 11:40AM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ജർമ്മനിയിൽ നടത്തിയ ദ്വിദിന ഔദ്യോഗിക സന്ദർശനം, 2026 ഒക്ടോബർ 23-ന് ബെർലിനിൽ നടന്ന വിവിധ പരിപാടികളോടെ സമാപിച്ചു. ജർമ്മൻ ഗവണ്മെൻ്റിലെ ഉന്നത ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, ഗവേഷണ സ്ഥാപനങ്ങൾ, ജർമ്മനിയിലുള്ള ഇന്ത്യക്കാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചകൾ ഇതിൽ ഉൾപ്പെടുന്നു. വ്യാപാരം, നിക്ഷേപം, അത്യാധുനിക ഉത്പാദനം, ഗവേഷണം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലായിരുന്നു കൂടിക്കാഴ്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്.
ജർമ്മൻ ഫെഡറൽ ചാൻസലറിയിലെ സാമ്പത്തിക-ധനകാര്യ നയ ഉപദേഷ്ടാവും G7/G20 ഷെർപ്പയുമായ ലെവിൻ ഹോളെയുമായി ശ്രീ പിയൂഷ് ഗോയൽ ഉഭയകക്ഷി ചർച്ച നടത്തി. ഉഭയകക്ഷി സാമ്പത്തിക സഹകരണവും ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള സാമ്പത്തിക-നിക്ഷേപ ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചയായി.
സീമെൻസ് ഹെൽത്തിനീർസ് എജി സിഇഒ ബെർണ്ട് മോൺടാഗ്, ബെർട്ടൽസ്മാൻ എക്സിക്യൂട്ടീവ് ബോർഡ് അംഗവും ബെർട്ടൽസ്മാൻ ഇൻവെസ്റ്റ്മെൻ്റ്സ് സിഇഒയുമായ കാർസ്റ്റൻ കോസ്ഫെൽഡ്, ഫോക്സ്വാഗൺ എജി സിഎഫ്ഒയും സ്കോഡ ഓട്ടോ സിഇഒയുമായ ഹോൾഗർ പീറ്റേഴ്സ് എന്നിവരുമായി മന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ് പങ്കാളിത്തം വിപുലീകരിക്കുന്നതിനും, നിക്ഷേപം, വ്യാവസായിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള സാധ്യതകൾ കൂടിക്കാഴ്ചകളിൽ ചർച്ചയായി.
അത്യാധുനിക വ്യാവസായിക സാങ്കേതികവിദ്യകളിലും നൂതനാശയങ്ങളിലും സഹകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി, പ്രമുഖ ജർമ്മൻ വ്യാവസായിക ഗവേഷണ സ്ഥാപനങ്ങളിലെ തലവന്മാരുമായി സംഘടിപ്പിച്ച വട്ടമേശ സമ്മേളനത്തിൽ ശ്രീ ഗോയൽ പങ്കെടുത്തു. അദ്ദേഹത്തോടൊപ്പം എത്തിയ ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘത്തിലെ അംഗങ്ങൾ, ജർമ്മൻ വ്യവസായ പ്രതിനിധികളുമായും വിവിധ മേഖലകളിലെ അസോസിയേഷനുകളുമായും പ്രത്യേകം ചർച്ചകൾ നടത്തി; ഉഭയകക്ഷി ബിസിനസ് സഹകരണത്തിനുള്ള സാധ്യതകൾ ആരായുക എന്നതായിരുന്നു ചർച്ചകളുടെ മുഖ്യലക്ഷ്യം.
ബെർലിനിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച ശ്രീ ഗോയൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.
ഗവേഷണ-നൂതനാശയ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി, ജർമ്മനിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ശാസ്ത്രജ്ഞർ, സാങ്കേതിക ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരുമായി ശ്രീ ഗോയൽ സംവദിച്ചു. തുടർന്ന്, മൈക്രോ ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, സ്മാർട്ട് നിർമ്മാണം, വ്യാവസായിക നൂതനാശയങ്ങൾ, ബാറ്ററി സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖ ഫ്രോൺഹോഫർ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ മേധാവിമാരുമായി അദ്ദേഹം വട്ടമേശ ചർച്ചയും നടത്തി. ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള ഗവേഷണ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വ്യവസായ-അക്കാദമിക മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വിപുലീകരിക്കുന്നതിനുമുള്ള സാധ്യതകളും മാർഗങ്ങളും ചർച്ചയിൽ വിലയിരുത്തി.
ഈ കൂടിക്കാഴ്ചകൾ വ്യാപാരം, നിക്ഷേപം, നൂതന ഉത്പാദനം, ശാസ്ത്ര-സാങ്കേതികവിദ്യ, ഗവേഷണം, വ്യാവസായിക സഹകരണം തുടങ്ങിയ നിർണായക മേഖലകളിൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ സാധ്യതകൾക്ക് അടിത്തറ പാകി.
****