പോസ്റ്റഡ് ഓണ്:
23 OCT 2026 3:13PM by PIB Thiruvananthpuram
കിറ്റൂർ റാണി ചെന്നമ്മയുടെ ജന്മവാർഷികവും 202-ാമത് വിജയാഘോഷവും ന്യൂഡൽഹിയിലെ പാർലമെന്റ് മന്ദിര വളപ്പിലുള്ള പ്രേരണാ സ്ഥലിൽ ഇന്ന് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രിയും കർണ്ണാടകയിലെ തുമകൂരുവിൽ നിന്നുള്ള പാർലമെന്റ് അംഗവുമായ ശ്രീ വി. സോമണ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ ,ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ രാജ്യത്തിന്റെ സമാനതകളില്ലാത്ത ധീരവനിതയും കിറ്റൂറിലെ വീരറാണിയുമായ റാണി ചെന്നമ്മയുടെ ജന്മവാർഷികത്തിലും 202-ാമത് വിജയദിനാഘോഷത്തിലും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കേന്ദ്രമന്ത്രി വി. സോമണ്ണ ഹൃദയംഗമമായ ആശംസകൾ നേർന്നു.
ചടങ്ങിൽ പങ്കെടുത്ത് പരിപാടിക്ക് മാറ്റുകൂട്ടിയ ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർളയ്ക്കും കേന്ദ്രമന്ത്രി ശ്രീ സി.ആർ. പാട്ടീലിനും എല്ലാ കന്നഡിഗരുടെയും പേരിൽ കേന്ദ്രമന്ത്രി നന്ദി പറഞ്ഞു
"കിറ്റൂർ റാണി ചെന്നമ്മ കേവലം ഒരു യുദ്ധം നയിച്ച രാജ്ഞി മാത്രമായിരുന്നില്ല;ഒരു സാമ്രാജ്യത്വ ശക്തിയെ വെല്ലുവിളിക്കുകയും ചരിത്രത്തിൽ പ്രതിരോധത്തിന്റെ നിത്യസ്മരണയായി നിലകൊള്ളുകയും ചെയ്യുന്ന വീരവനിതയാണ്.അത്തരമൊരു ധീരവനിതയുടെ നേട്ടങ്ങൾ ആഘോഷിക്കാൻ നമുക്ക് അവസരം ലഭിച്ചത് വളരെയധികം സന്തോഷകരമാണ്," മന്ത്രി പറഞ്ഞു.
"ഇന്ത്യൻ പാർലമെന്റ് സ്ഥിതിചെയ്യുന്ന ഈ പവിത്രമായ മണ്ണിൽ വീരവനിത റാണി ചെന്നമ്മയുടെ വീര്യവും ധൈര്യവും ആവേശവും രാജ്യത്തെ സംരക്ഷിക്കുന്ന വീരയോദ്ധാക്കൾക്ക് എന്നും പ്രചോദനമാണ്.നമ്മുടെ നാടിനെയും ഭാഷയെയും സ്നേഹിക്കുന്ന നാമെല്ലാവർക്കും ഇത് അഭിമാന നിമിഷമാണ്.എല്ലാ വർഷവും ഇവിടെ ഒത്തുചേർന്ന് ഇത്തരത്തിലുള്ള മഹദ്വ്യക്തിത്വങ്ങളെ നമുക്ക് അനുസ്മരിക്കാം,"അദ്ദേഹം അഭ്യർത്ഥിച്ചു.
എല്ലാ വർഷവും ഈ പരിപാടി നടത്താൻ അനുമതി നൽകുകയും എല്ലാവർക്കും പ്രചോദനമായി നിലകൊള്ളുകയും ചെയ്യുന്നതിന് സംസ്ഥാനത്തെ ജനങ്ങളുടെ പേരിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് കേന്ദ്രസഹമന്ത്രി നന്ദി അറിയിച്ചു.
അനുമതി നൽകിയതിനും സഹകരണത്തിനും ലോക്സഭാ സ്പീക്കർ ശ്രീ ഓം ബിർള, ലോക്സഭാ-റെയിൽവേ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ, റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് എന്നിവർക്കും ശ്രീ സോമണ്ണ നന്ദി പറഞ്ഞു.
****