പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എൻ‌ഡി‌ടി‌വി വേൾഡ് സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ

പോസ്റ്റഡ് ഓണ്‍: 22 OCT 2026 9:32PM by PIB Thiruvananthpuram

നിങ്ങൾ ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ! ഇത് ഉത്സവങ്ങളുടെ കാലമാണ്; രാജ്യം മുഴുവൻ ആഘോഷവും ആവേശവും ഊർജ്ജവും കൊണ്ട് നിറഞ്ഞിരിക്കുന്നു. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഈ ശുഭ വേളയിൽ, ലോകമെമ്പാടു നിന്നും ഇവിടെ എത്തിച്ചേർന്നിട്ടുള്ള എല്ലാ സുഹൃത്തുക്കളെയും ഞാൻ സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ഗൗരവമേറിയ വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായിട്ടാണ് ഈ എൻ‌ഡി‌ടി‌വി ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഇന്നത്തെക്കാലത്ത്, എല്ലാവരും ഒരു പുതിയ ലോകക്രമത്തെക്കുറിച്ച് സംസാരിക്കുന്നു. ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്ന ഒന്നായതിനാൽ, ഇത്തരത്തിലുള്ള ലോക ഉച്ചകോടികളുടെ പ്രാധാന്യം കൂടുതൽ വർദ്ധിക്കുകയാണ്.

സുഹൃത്തുക്കളെ,

'മാറുന്ന ലോകക്രമത്തെക്കുറിച്ച്' ('The World Between Orders') സംസാരിക്കുമ്പോൾ, നമ്മൾ രണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. ഒന്നാമതായി, എന്തുകൊണ്ടാണ് ലോകക്രമം മാറുന്നത്? ഇന്നത്തെ വെല്ലുവിളികൾക്ക് പരിഹാരം കാണാൻ പഴയ ആഗോള ക്രമത്തിന് സാധിക്കാത്തത് എന്തുകൊണ്ട്? രണ്ടാമതായി, മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇന്ത്യയുടെ പങ്ക് എന്താണ്?

സുഹൃത്തുക്കളെ,

ഞാൻ ആദ്യത്തെ കാര്യം വിശദീകരിക്കുകയാണെങ്കിൽ, ഈ മാറ്റം സ്വാഭാവികവും തനിയെ സംഭവിക്കുന്നതുമാണ്. രണ്ടാം ലോകമഹായുദ്ധം ലോകത്തെ വലിയൊരു പാഠം പഠിപ്പിച്ചു. അധികാരത്തിന്റെയും സ്വാർത്ഥതയുടെയും മാത്രം അടിസ്ഥാനത്തിൽ ഒരു ആഗോള ക്രമത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് ലോകം തിരിച്ചറിഞ്ഞു. സംഭാഷണം അത്യാവശ്യമാണ്, സഹകരണം ആവശ്യമാണ്, തർക്കങ്ങൾ പരിഹരിക്കൽ അത്രതന്നെ സുപ്രധാനവുമാണ്. ഈ ചിന്താഗതിയാണ് ഐക്യരാഷ്ട്രസഭയ്ക്ക് (UN) അടിത്തറയിട്ടത്. ദശകങ്ങളായി, ആഗോള സഹകരണവും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിൽ ഐക്യരാഷ്ട്രസഭ പ്രധാന പങ്ക് വഹിച്ചു. എന്നാൽ കാലക്രമേണ ലോകം മാറിക്കൊണ്ടിരുന്നു. പുതിയ ആഗ്രഹങ്ങൾ ഉയർന്നുവന്നു. പുതിയ സാമ്പത്തിക ശക്തികളും രാജ്യങ്ങളും ഉയർന്നുവന്നു. ലോകം നേരിടുന്ന വെല്ലുവിളികളും മുമ്പത്തേക്കാൾ ഏറെ സങ്കീർണ്ണമായി തീർന്നു. സാങ്കേതികവിദ്യ സമൂഹത്തെയും സാമ്പത്തിക രംഗത്തെയും ഭരണാധികാരത്തിന്റെ സ്വഭാവത്തെയും മാറ്റിമറിച്ചു. തുടക്കത്തിൽ ആഗോള ക്രമം രൂപീകരിച്ചപ്പോൾ പങ്കാളികളല്ലാതിരുന്ന രാജ്യങ്ങൾ ഇന്ന് തങ്ങളുടെ സുപ്രധാന പങ്കുമായി മുന്നോട്ട് വന്നിരിക്കുകയാണ്. അപ്പോൾ ഒരു ചോദ്യം ഉയരുന്നു: ആഗോള ക്രമം അതേ വേഗതയിൽ മാറിയോ? ഇല്ല എന്നതാണ് ഉത്തരം. ലോകക്രമം മാറാനോ ആഗോള സ്ഥാപനങ്ങൾക്ക് അതേ വേഗതയിൽ പൊരുത്തപ്പെടാനോ സാധിച്ചില്ല. ഐക്യരാഷ്ട്രസഭയ്ക്കും മറ്റ് ആഗോള സ്ഥാപനങ്ങൾക്കും ചരിത്രപരമായ പങ്കുണ്ട്. എങ്കിലും ഇന്നത്തെ വെല്ലുവിളികൾക്ക് മുന്നിൽ അവരുടെ പരിമിതികൾ വ്യക്തമായി കാണാൻ സാധിക്കും.ഇപ്പോൾ, പുതിയ ശക്തികൾ ഉയർന്നുവരുന്നു. പുതിയ ശബ്ദങ്ങൾ തങ്ങളുടെ അർഹമായ സ്ഥാനത്തിനായി ആവശ്യപ്പെടുന്നു. പുതിയ വെല്ലുവിളികൾക്ക് പുതിയ പരിഹാരങ്ങൾ ആവശ്യമാണ്. ലോകത്തിന്റെ യാഥാർത്ഥ്യം മാറുമ്പോഴും തീരുമാനങ്ങൾ എടുക്കുന്ന രീതികളിൽ മാറ്റമില്ലാതെ തുടരുമ്പോൾ, വ്യവസ്ഥയും യാഥാർത്ഥ്യവും തമ്മിലുള്ള അകലം വർദ്ധിക്കാൻ തുടങ്ങുന്നു. ഇന്ന് നാം കാണുന്നത് കൃത്യമായി അതാണ്. ദശകങ്ങളായി വ്യാപാരം രാജ്യങ്ങളെ ബന്ധിപ്പിച്ചു, സാങ്കേതികവിദ്യ ദൂരങ്ങൾ കുറച്ചു, സമുദ്രപാതകൾ സമ്പദ്‌വ്യവസ്ഥകളെ കൂട്ടിയോജിപ്പിച്ചു, സംസ്കാരവും സഞ്ചാരവും വിവിധ സമൂഹങ്ങളെ അടുപ്പിച്ചു; എന്നാൽ ഇന്ന്, ഈ ബന്ധങ്ങളെല്ലാം പുതിയ സമ്മർദ്ദങ്ങൾ നേരിടുകയാണ്. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കപ്പെടുന്നു. സാങ്കേതികവിദ്യ മത്സരത്തിന്റെയും തർക്കങ്ങളുടെയും പുതിയ വേദിയായി മാറുന്നു. സമുദ്രപാതകൾ ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രങ്ങളായി ഉയർന്നുവരുന്നു. അതുകൊണ്ട്, ഇന്നത്തെ വെല്ലുവിളി ഒരു പുതിയ ആഗോള ക്രമത്തിന്റെ ആവിർഭാവം മാത്രമല്ല. മാറുന്ന ഒരു ലോകത്ത്, പുതിയ യാഥാർത്ഥ്യങ്ങൾക്ക് ഇടം ലഭിക്കുന്ന, ആഗോള സ്ഥാപനങ്ങൾ കൂടുതൽ ഫലപ്രദമാകുന്ന, രാജ്യങ്ങൾ തമ്മിലുള്ള സഹകരണ മനോഭാവം ശക്തിപ്പെടുന്ന ഒരു ക്രമം എങ്ങനെ കെട്ടിപ്പടുക്കാം എന്നതാണ് യഥാർത്ഥ വെല്ലുവിളി. ഇവിടെയാണ് ഇന്ത്യയുടെ പങ്കിനെക്കുറിച്ചുള്ള ചോദ്യം മുൻപന്തിയിൽ വരുന്നത്.

സുഹൃത്തുക്കളെ,

ഇന്ത്യയുടെ പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നതിന് മുമ്പ്, ഞാൻ നിങ്ങളെ 7-8 വർഷം പുറകിലേക്ക് കൊണ്ടുപോകാം. കോവിഡ് മഹാമാരിയുടെ സമയത്ത് എന്താണ് സംഭവിച്ചതെന്ന് നാം എല്ലാവരും കണ്ടതാണ്. ലോകത്തിന് ഏറ്റവും കൂടുതൽ സഹകരണം ആവശ്യമായിരുന്ന സമയത്ത്, ലോകം പൂർണ്ണമായും വിഭജിക്കപ്പെട്ടതായി കാണപ്പെട്ടു. ആഗോളവൽക്കരണത്തെക്കുറിച്ച് വലിയ പ്രഖ്യാപനങ്ങൾ നടത്തിയവർ, ഒരു പ്രതിസന്ധി ഘട്ടത്തിൽ സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്ക് മുൻഗണന നൽകി. ആ വിഭജനത്തിന്റെ കാലഘട്ടത്തിൽ, എല്ലാവരും പരസ്പരം സംശയത്തോടെ നോക്കിക്കണ്ടു, ആഗോളതലത്തിലുള്ള വിശ്വാസം ഏറ്റവും താഴത്തെ നിലയിലെത്തി. അന്നാണ്, അതായത് 2020-ൽ, ജി20 (G20) വേദിയിൽ വെച്ച് "മനുഷ്യരാശിയുടെ കൂട്ടായ ക്ഷേമത്തിനായി ഒരു പുതിയ ലോകക്രമം" വേണമെന്ന ആശയം ഞാൻ ലോകത്തിന് മുന്നിൽ വെച്ചത് — മനുഷ്യത്വത്തിന് മുൻഗണന നൽകുന്ന ഒരു ലോകക്രമം. അതേവർഷം തന്നെ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ (UNGA) വെച്ച് ഞാൻ പറഞ്ഞു: "നൂറ്റാണ്ട് മാറുകയും നമ്മൾ മാറതിരിക്കുകയും ചെയ്താൽ, മാറ്റം കൊണ്ടുവരാനുള്ള നമ്മുടെ ശേഷിയും ദുർബലമാകും."

സുഹൃത്തുക്കളെ,

ഇന്ന് ലോകക്രമം മാറിക്കൊണ്ടിരിക്കുന്നു എന്നത് സത്യമാണെങ്കിലും, യഥാർത്ഥ ചോദ്യം ഇതാണ്: പഴയ ആഗോള ക്രമം മാറുമ്പോൾ, നമ്മൾ ഒന്നായി ചേർന്ന് ഏതുതരം പുതിയ ലോകക്രമമാണ് കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നത്? ബഹുരാഷ്ട്ര സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ അനിവാര്യമാണ്. ഗ്ലോബൽ സൗത്തിന് (Global South) അതിന് അർഹമായ സ്ഥാനവും ശബ്ദവും നൽകേണ്ടത് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര സഹകരണം നല്ല കാലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കരുത്; പ്രതിസന്ധി ഘട്ടങ്ങളിലും അത് ഫലപ്രദമായി തുടരണം, ഇതിനായി എല്ലാ പങ്കാളികൾക്കുമിടയിൽ അർത്ഥവത്തായ സമവായം ഉണ്ടാകേണ്ടത് അനിവാര്യമാണ്.

സുഹൃത്തുക്കളെ,

നമ്മുടെ പാരമ്പര്യത്തിൽ, ചാണക്യൻ അർത്ഥശാസ്ത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ട്: ‘അപ്രണീതഃ തു മാത്സ്യന്യായം ഉദ്ഭാവയതി’ - അതായത്, ഭരണവ്യവസ്ഥ ദുർബലമാകുമ്പോൾ "മത്സ്യന്യായം" (Matsya Nyaya) അധികാരമേറ്റെടുക്കുന്നു. മത്സ്യന്യായ പ്രകാരം, വലിയ മീൻ ചെറിയ മീനിനെ 
വിഴുങ്ങുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടാകുന്നത് തടയുന്ന ഒരു വ്യവസ്ഥയാണ് ലോകത്തിന് ആവശ്യം. അതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്, അത് തന്നെയാണ് ഇന്ത്യ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും. മഹാമാരിയുടെ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയുടെ ഈ പങ്ക് ലോകം അനുഭവിച്ചറിഞ്ഞതാണ്. കഴിവുള്ള രാജ്യങ്ങൾ തങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നപ്പോൾ, ഇന്ത്യ മുന്നോട്ടുവരികയും ആവശ്യമുള്ള ഓരോ രാജ്യത്തിനും വാക്സിനുകൾ എത്തിച്ചുനൽകുകയും നൂറിലധികം രാജ്യങ്ങളിലേക്ക് മരുന്നുകൾ അയച്ചു കൊടുക്കുകയും ചെയ്തു.

സുഹൃത്തുക്കളെ,

'സബ്കാ സാഥ്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം) എന്ന തത്വത്താൽ നയിക്കപ്പെടുന്ന ഇന്ത്യ, ഒരു 'വിശ്വബന്ധു' (ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയിൽ അതിന്റെ കടമ നിർവ്വഹിക്കുകയാണ്. നിങ്ങൾ ഇത് നേരിട്ട് കണ്ടതാണ്: ജി20 ഉച്ചകോടി ഇന്ത്യയുടെ അധ്യക്ഷതയിലും, ബ്രികസ് (BRICS) ഉച്ചകോടിയുടെ പ്രധാന ചർച്ചകൾ ഇന്ത്യയുടെ നേതൃത്വത്തിലും നടന്നു. രണ്ട് ഉച്ചകോടികളെക്കുറിച്ചും എത്രയെത്ര സംശയങ്ങളാണ് ഉയർന്നുവന്നത്! സംയുക്ത പ്രഖ്യാപനങ്ങളിൽ സമവായമുണ്ടാക്കുക അസാധ്യമായിരിക്കുമെന്ന് പറയപ്പെട്ടു. എന്നാൽ ഇന്ത്യ സൗഹൃദത്തിന്റെ പാലങ്ങൾ പണിതു, സംഭാഷണങ്ങൾക്ക് പ്രാധാന്യം നൽകി. രണ്ടു ഘട്ടങ്ങളിലും ഡൽഹി പ്രഖ്യാപനം ഐകകണ്ഠ്യേനയുള്ള സമവായത്തിലൂടെ അംഗീകരിക്കപ്പെട്ടു. കടുത്ത ശത്രുക്കളായി കരുതപ്പെട്ടിരുന്ന രാജ്യങ്ങൾ പോലും ഇന്ത്യയുടെ വേദിയിൽ ഒന്നിച്ച് ചേർന്നു. ഇത് ഒരു യാദൃശ്ചികതയല്ല. ഒരു വിശ്വബന്ധു എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്കിൽ ലോകം അർപ്പിക്കുന്ന വിശ്വാസമാണിത്.

സുഹൃത്തുക്കളെ,

ഇന്ത്യ എത്രത്തോളം ശക്തവും ശാക്തീകരിക്കപ്പെട്ടതുമാകുന്നുവോ, അത്രത്തോളം കൂടുതൽ നേട്ടം മനുഷ്യരാശിക്കുണ്ടാകും. കാരണം ഇന്ത്യയുടെ നയങ്ങളും തീരുമാനങ്ങളും കാലാതീതമായ അനുഭവങ്ങളാലും നാഗരിക മൂല്യങ്ങളാലും പ്രചോദിതമാണ്. ക്ഷണികമായ നിമിഷങ്ങളുടെ പ്രേരണയാൽ ഇന്ത്യ തീരുമാനങ്ങൾ എടുക്കുന്നില്ല. അതിനാൽ, ഇന്ത്യ സുസ്ഥിരതയുടെ ഒരു യാഥാർത്ഥ്യവും തുടർച്ചയുടെ ഉറപ്പുമാണ്. ഒരു 'വികസിത ഭാരത'ത്തിനായുള്ള നമ്മുടെ ദൃഢനിശ്ചയവും ഈ ചിന്താഗതിയെ തന്നെയാണ് വളർത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ഒരു ഉച്ചകോടിയിൽ, "ശാക്തീകരിക്കാനുള്ള ശക്തി" (Power to Empower) എന്ന കാഴ്ചപ്പാട് ഞാൻ അവതരിപ്പിച്ചിരുന്നു. ഒരു വികസിത ഇന്ത്യ എന്നത് നമുക്ക് വേണ്ടി മാത്രമുള്ളതല്ല; അത് ഒരു മികച്ച ലോകത്തിനായുള്ള ഉറപ്പ് കൂടിയാണ് . ഇന്ത്യ സ്വയംപര്യാപ്തതയിലേക്ക് മുന്നേറുമ്പോൾ, അത് ആഗോള വിതരണ ശൃംഖലകളെ കൂടുതൽ ശക്തമാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതൽ ശക്തമാകുമ്പോൾ, അത് ലോകത്തിന് സമൃദ്ധിയുടെ പ്രതീക്ഷ നൽകുന്നു. ഇന്ത്യയിലെ യുവാക്കൾ പ്രാപ്തരും നൈപുണ്യമുള്ളവരുമായി മാറുമ്പോൾ, അത് നവീകരണത്തിലും  ഉൽപ്പാദനക്ഷമതയിലും ആഗോളതലത്തിൽ വിശ്വാസം വളർത്തുന്നു. അതായത്, ലോകത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യ ഇന്ന് സ്വന്തം ശേഷി വർദ്ധിപ്പിക്കുകയാണ്.

സുഹൃത്തുക്കളെ,

ലോകത്തെ മുൻനിരയിലുള്ള 3 സാമ്പത്തിക ശക്തികളിൽ ഒന്നായി മാറാൻ ഇന്ത്യ സർവ്വ ശക്തിയുമെടുത്ത് പ്രവർത്തിക്കുകയാണ്. നിലവിലെ സങ്കീർണ്ണമായ ആഗോള സാഹചര്യങ്ങളിലേക്ക് നോക്കുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടുതൽ വർദ്ധിക്കുന്നു; ഈ പ്രയാസങ്ങൾക്കിടയിലും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ഉയർന്നുവരുന്നത് തുടരുകയാണ്. ഇന്ന്, ഹരിതോർജ്ജ മേഖലയിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. കൃത്രിമബുദ്ധി (AI) ആവാസവ്യവസ്ഥയിൽ ഏറ്റവും മികച്ച മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലും  മുൻനിരയിലുള്ള ആദ്യ മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നാണ് നമ്മുടേത്. തത്സമയ (real-time) ഡിജിറ്റൽ ഇടപാടുകളിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ നിലകൊള്ളുന്നത്.

സുഹൃത്തുക്കളെ,

ഇന്നത്തെ ഇന്ത്യ വിവിധ മേഖലകളിൽ തങ്ങളുടെ ശേഷി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ രാജ്യത്ത് ആദ്യമായി കൈവരിച്ച നിരവധി നാഴികക്കല്ലുകളുമുണ്ട്. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ ആദ്യമായി നിർണായക നേട്ടം കൈവരിച്ചു. ഇന്ത്യ ആദ്യമായി സെൻസസിനെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ചു. ഈ കാലയളവിൽ, ഇന്ത്യയുടെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ സർവീസ് ആരംഭിക്കുകയും ഫോസിൽ ഇതര വൈദ്യുതി ശേഷിയിൽ (non-fossil electricity capacity) ഇന്ത്യ ആദ്യമായി 300 ജിഗാവാട്ട് പരിധി പിന്നിടുകയും ചെയ്തു.

സുഹൃത്തുക്കളെ,

ഞാൻ നിങ്ങൾക്ക് മറ്റൊരു ഉദാഹരണം നൽകാം. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഏഷ്യൻ ഗെയിംസിൽ നിന്ന് തിരിച്ചെത്തിയ യുവ കായികതാരങ്ങളെ കാണാൻ എനിക്ക് അവസരം ലഭിച്ചു. ഇന്ത്യ ഇത്തവണ 85 മെഡലുകൾ നേടുകയും ആദ്യമായി നിരവധി നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്തു. വനിതകളുടെ റീകർവ് ആർച്ചറി (Recurve Archery) ടീം ആദ്യമായി ടീം ഇനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം നേടി. ബോക്സിംഗിൽ, ഒരൊറ്റ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി, ഇതും ആദ്യമായിട്ടാണ് സംഭവിച്ചിരിക്കുന്നത്.

സുഹൃത്തുക്കളെ,

ഇപ്പോൾ ഞാൻ ഒരു വാക്ക് പറയാം, ഇവിടെയുള്ള  പലരും ഇത് കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. ആ വാക്കാണ് - സെപക് തക്രൊ (Sepak Takraw). സെപക് തക്രൊ, നിങ്ങൾ ഈ വാക്ക് കേട്ടിട്ടുണ്ടോ? അറിയാത്തവർക്കായി ഞാൻ പറയാം, ഇതൊരു കായിക ഇനത്തിന്റെ പേരാണ്. ലോകം ഇത് കളിക്കുകയും ഇതിൽ മെഡലുകൾ നേടുകയും ചെയ്യുന്നുണ്ട്. അടിസ്ഥാനപരമായി ഫുട്ബോളിന്റെയും വോളിബോളിന്റെയും ഒരു സമ്മിശ്ര രൂപമാണിത്. കാലുകൾ കൊണ്ടാണ് ഇത് കളിക്കുന്നത്, എന്നാൽ വോളിബോൾ പോലെ വലയ്ക്ക് ഇരുവശത്തുമായിട്ടാണ് മത്സരം നടക്കുന്നത്. അടുത്തിടെ നടന്ന ഏഷ്യൻ ഗെയിംസിൽ ഈ കായിക ഇനത്തിലെ മെൻസ് ക്വാഡ്രന്റ് (Men’s Quadrant) വിഭാഗത്തിൽ ഇന്ത്യ ആദ്യമായി ഒരു മെഡൽ നേടി.

സുഹൃത്തുക്കളെ,

മാറിക്കൊണ്ടിരിക്കുന്ന ഒരു ഇന്ത്യയുടെ സവിശേഷതയാണിത്. ഓരോ മേഖലയിലും പുതിയതും അഭൂതപൂർവ്വവുമായ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അതായത്, ഇന്ത്യയുടെ പരമ്പരാഗത കരുത്തുകൾ കൂടുതൽ ശക്തമാക്കപ്പെടുകയും, മുൻപ് നമ്മൾ അത്ര ശക്തമല്ലാതിരുന്ന മേഖലകളിൽ ഒരു പുതിയ ശക്തിയായി ഉയർന്നു വരികയും ചെയ്യുന്നു. ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച് 'റിഫോം, പെർഫോം, ട്രാൻസ്ഫോം' (പരിഷ്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക) എന്ന നയത്തിന്റെ നേരിട്ടുള്ള ഫലമാണിത്.

സുഹൃത്തുക്കളെ,

വർദ്ധിച്ചുവരുന്ന വൈദ്യുതാവശ്യങ്ങൾ കാരണം രാജ്യത്തെ മുഴുവൻ പവർ ഗ്രിഡും തകർന്നുപോയിരുന്ന ദിവസങ്ങൾ രാജ്യം കണ്ടിട്ടുണ്ട്. എന്നാൽ, കേവലമായ മനോബലത്തോടെ ഒരു രാജ്യം ഉയിർത്തെഴുന്നേൽക്കുകയും മുന്നോട്ട് കുതിക്കുകയും ചെയ്യുമ്പോൾ, പവർ ഗ്രിഡ് തകരുകയല്ല ചെയ്യുന്നത്; മറിച്ച്, അതേ ഗ്രിഡ് രാജ്യത്തിന്റെ പുരോഗതിക്കും കുതിച്ചുയരുന്ന ആത്മവിശ്വാസത്തിനും ഇന്ധനമായി മാറുകയാണ് ചെയ്യുന്നത്.

സുഹൃത്തുക്കളെ,

ഇന്ന് നമ്മുടെ യുവശക്തിയും വനിതാശക്തിയും കർഷകരും മൽസ്യത്തൊഴിലാളികളും പാവപ്പെട്ടവരും ഇടത്തരക്കാരും ഒരുപോലെ ഉയർന്ന ആവേശത്തോടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിൽ മുഴുകിയിരിക്കുകയാണ്. ഇന്ന് ചുറ്റും നോക്കൂ: ഇന്ത്യയുടെ കയറ്റുമതി പുതിയ റിക്കോർഡുകൾ കുറിക്കുകയാണ്. സെപ്റ്റംബർ മാസത്തിലെ മാത്രം കാര്യം എടുത്താൽ, സാധനങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 25 ശതമാനം വർദ്ധിച്ചു. കഴിഞ്ഞ 12 വർഷത്തിനിടെ കടൽവിഭവങ്ങളുടെ കയറ്റുമതി ഇരട്ടിയിലധികമായി. നമ്മുടെ ഗ്രാമങ്ങളിൽ, 3.5 കോടിയിലധികം സ്ത്രീകൾ 'ലഖ്പതി ദീദിമാർ' (ലക്ഷാധിപതി സഹോദരിമാർ) ആയി മാറി, 6 കോടി ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. പ്രധാൻ മന്ത്രി വികസിത് ഭാരത് റോജ്ഗാർ യോജനയ്ക്ക് കീഴിൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഏകദേശം 70 ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഇടത്തരക്കാർക്കായി 12 ലക്ഷം രൂപ വരെയുള്ള വരുമാന നികുതി പൂജ്യമാക്കി മാറ്റി — ഇത് നിങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കേണ്ടതുണ്ട്; ലഭിക്കുന്നത് വാങ്ങി മറന്നു കളയുക എന്നത് ശരിയല്ലല്ലോ! രാജ്യത്തുടനീളം ജീവിതസൗകര്യം  മെച്ചപ്പെടുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

സുഹൃത്തുക്കളെ,

ലോകം ഇന്ത്യയെ 'ലോകത്തിന്റെ ബാക്ക് ഓഫീസ്' (World’s Back Office) എന്ന് വിശേഷിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇന്നത്തെ ഇന്ത്യ കേവലം ഒരു സേവന ദാതാവ് മാത്രമല്ല; ലോകത്തിനായി പുതിയ പരിഹാരങ്ങളും സാങ്കേതികവിദ്യകളും കണ്ടുപിടിക്കുകയും രൂപകൽപ്പന ചെയ്യുകയും സൃഷ്ടിക്കുകയും ചെയ്യുകയാണ് നാം. ഗവേഷണ മേഖല മാത്രം എടുത്തു നോക്കൂ: ഇന്ന് ഗവേഷണ പ്രസിദ്ധീകരണങ്ങളിൽ നമ്മൾ മൂന്നാം സ്ഥാനത്താണ്. 2025-ൽ മാത്രം ഏകദേശം 1.5 ലക്ഷം പേറ്റന്റുകളാണ് ഫയൽ ചെയ്തത് — ഒരൊറ്റ വർഷം കൊണ്ട് 1.5 ലക്ഷം പേറ്റന്റുകൾ! ഇന്ത്യയിലെ ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും  വൻ സാധ്യതകളിലേക്കുള്ള ഒരു ചെറിയ സൂചനയാണിത്.

സുഹൃത്തുക്കളെ,

സെമികണ്ടക്ടർ മേഖലയും കൂടി പരിഗണിക്കുക: ലോകത്ത് ചിപ്പ് ഡിസൈൻ മേഖലയിൽ വ്യാപൃതരായിരിക്കുന്ന തൊഴിലാളികളുടെ ഭൂരിഭാഗവും — ഏകദേശം 20 ശതമാനത്തോളം — ഇന്ത്യയിലാണ്. നമ്മുടെ രാജ്യത്തുള്ള ഇന്ത്യൻ എൻജിനീയർമാർ അത്യാധുനിക 2 മുതൽ 3 നാനോമീറ്റർ വരെയുള്ള ചിപ്പ് ഡിസൈനുകളിൽ പ്രവർത്തിച്ചു വരുന്നു. ഈ കഴിവുറ്റ പ്രതിഭകളുടെ വ്യാപ്തി ഇനിയും വർദ്ധിപ്പിക്കുന്നതിനായി, ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇന്ന് രാജ്യത്ത് ലഭ്യമാക്കുന്നുണ്ട്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, നമ്മുടെ വിദ്യാർത്ഥികൾ ഇതുവരെ 325-ലധികം ചിപ്പുകളാണ് രൂപകൽപ്പന ചെയ്തത്.

സുഹൃത്തുക്കളെ,

മറ്റൊരു ഉദാഹരണമാണ് ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ (Global Capability Centres). ലോകത്തിലെ കാപ്പബിലിറ്റി സെന്ററുകളിൽ പകുതിയിലധികവും ഇന്ത്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് കേവലം എണ്ണത്തിന്റെ മാത്രം കാര്യമല്ല; അവയുടെ പ്രവർത്തന സ്വഭാവവും മാറിക്കൊണ്ടിരിക്കുകയാണ്. മുൻപ്, പല സെന്ററുകളും സപ്പോർട്ട് സേവനങ്ങളിൽ (support services) മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇന്ന്, എഐ (AI), ക്ലൗഡ് (Cloud), എഞ്ചിനീയറിംഗ്, അനലിറ്റിക്സ്, പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് അവ പ്രവർത്തിക്കുന്നത്. അതായത്, ഇന്ത്യയുടെ പങ്ക് മാറിക്കൊണ്ടിരിക്കുന്നു, ഇന്ത്യയുടെ വ്യക്തിത്വവും വികസിച്ചുകൊണ്ടിരിക്കുന്നു. നമ്മൾ 'ടാലന്റ് അറ്റ് സ്കെയിൽ' (Talent at Scale) എന്നതിലൂടെ 'തിങ്കിംഗ് അറ്റ് സ്കെയിൽ' (Thinking at Scale) എന്നതിലേക്ക് മാറിയിരിക്കുന്നു. ഒരിക്കൽ ഇന്ത്യയുടെ മാനവവിഭവശേഷിയെ വിശ്വസിച്ചിരുന്ന ലോകം, ഇന്ന് ഇന്ത്യയുടെ ബുദ്ധിശക്തിയിലും അത്രതന്നെ വിശ്വാസമർപ്പിക്കുന്നു. അതിന്റെ ഫലമായി, വെറുമൊരു 'ബാക്ക് ഓഫീസ്' (Back Office) ആയിട്ടല്ല, മറിച്ച് ലോകത്തിന്റെ 'ബ്രെയിൻ ഓഫീസ്' (Brain Office) ആയിട്ടാണ് നാം ലോകത്തോടൊപ്പം പ്രവർത്തിക്കുന്നത്.

സുഹൃത്തുക്കളെ,

ഏതൊരു മേഖലയിലും ഗവൺമെൻറ്  നയം രൂപീകരിക്കുമ്പോഴോ നിക്ഷേപ തീരുമാനം എടുക്കുമ്പോഴോ അതിനുപിന്നിൽ വ്യക്തമായ ഒരു ചിന്തയുണ്ട്: ഇന്ത്യ വികസിപ്പിക്കേണ്ട ശേഷികൾ ഏതൊക്കെയാണ്, ഏത് മേഖലകളിലാണ് നാം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടത്, ഇന്നുതന്നെ നാം തയ്യാറെടുക്കേണ്ട വരാനിരിക്കുന്ന പ്രതിസന്ധികൾ ഏതൊക്കെയാണ്. ഓരോ തീരുമാനം എടുക്കുമ്പോഴും ഈ ഘടകങ്ങൾ ഞങ്ങൾ മനസ്സിൽ സൂക്ഷിക്കാറുണ്ട്. പ്രയോജനങ്ങൾ പുറത്തുവരാൻ വർഷങ്ങളെടുക്കുന്ന നിരവധി നിക്ഷേപങ്ങളുണ്ട്, എന്നാൽ രാജ്യത്തിന്റെ ഭാവിയിൽ അവയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഒരു രസകരമായ ഉദാഹരണം ഞാൻ പങ്കുവെക്കാം. ഇന്ത്യയുടെ ഔഷധ നിർമ്മാണ ശേഷിയെക്കുറിച്ച് നിങ്ങൾക്കെല്ലാം അറിയാം, എന്നാൽ കുറച്ച് വർഷങ്ങൾ മുമ്പ് വരെ അസംസ്കൃത വസ്തുക്കൾക്കും മരുന്നുകൾക്കുമായി ഇന്ത്യ പ്രധാനമായും ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നത്. ഇപ്പോൾ രാജ്യം ഈ സ്ഥിതി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആൻറിബയോട്ടിക്കുകൾക്ക് അത്യന്താപേക്ഷിതമായ പെൻസിലിൻ ജിയെക്കുറിച്ച് (Penicillin G) നിങ്ങൾ കേട്ടിട്ടുണ്ടാകും. കഴിഞ്ഞ രണ്ട്-മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ഇതിന്റെ ആഭ്യന്തര ഉൽപ്പാദനം പ്രായോഗികമായി നിലച്ചിരുന്നു. ഞങ്ങൾ ഇതിനെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. ഇന്ന്, വർഷങ്ങൾക്ക് ശേഷം, ആന്ധ്രാപ്രദേശിലെ കാക്കിനടയിൽ പെൻസിലിൻ ജിയുടെ ആഭ്യന്തര ഉൽപ്പാദനം പുനരാരംഭിച്ചിരിക്കുകയാണ്.

സുഹൃത്തുക്കളെ,

പെൻസിലിൻ ജി എന്നത് ഒരു ഉദാഹരണം മാത്രമാണ്. മരുന്ന് നിർമ്മാണത്തിനാവശ്യമായ അടിസ്ഥാന അസംസ്‌കൃത വസ്തുക്കളായ എ.പി.ഐ-കൾക്ക് (Active Pharmaceutical Ingredients) ഇന്ത്യയിലുടനീളം ഒരു ആഭ്യന്തര വിതരണ ശൃംഖല തന്നെ നാം കെട്ടിപ്പടുക്കുകയാണ്. അതുകൊണ്ടാണ് ഈ മേഖലയെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിക്ക് കീഴിൽ കൊണ്ടുവന്നതും, ഇതുവരെ 5,000 കോടിയിലധികം രൂപയുടെ നിക്ഷേപം ആകർഷിക്കാൻ സാധിച്ചതും. ഇതിനോടകം തന്നെ 40-ഓളം പ്രൊജക്റ്റുകളുടെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഇത്തരം നയങ്ങളും തീരുമാനങ്ങളുമാണ് ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്നത്.

സുഹൃത്തുക്കളെ,

ഇത്രയധികം ദേശീയ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ , പല കാര്യങ്ങളും പറഞ്ഞെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന് മാധ്യമ സുഹൃത്തുക്കൾ പരാതിപ്പെട്ടേക്കാം. എൻ.ഡി.ടി.വി ഇത്രയും ഗംഭീരമായ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ, 'സബ്കാ സാത്ത്, സബ്കാ വികാസ്' (എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം) എന്നതാണ് നമ്മുടെ മുദ്രാവാക്യം — അതിൽ മാധ്യമങ്ങളുടെ വികസനവും ഉൾപ്പെടുന്നു. അതുകൊണ്ട് ചില തുറന്നുപറച്ചിലുകളും മധുരവും പുളിയുമുള്ള അഭിപ്രായങ്ങളും നിങ്ങൾ ആസ്വദിക്കുമായിരിക്കും, അല്ലേ?

സുഹൃത്തുക്കളെ,

ലോകം ഒരു പുതിയ ക്രമത്തിനായി തിരയുമ്പോൾ, ചിലർ ഇന്ത്യയിൽ അരാജകത്വം സ്വപ്നം കാണുകയാണ്. ലോകത്ത് ഇത്രയധികം അസ്ഥിരത നിലനിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ശക്തമായ ഇന്ത്യയുടെ ചിത്രമാണ് ആഗോളതലത്തിൽ എത്തിക്കേണ്ടത്. എന്നിട്ടും ഈ വ്യക്തികൾ ഇന്ത്യയുടെ സത്പേരിന് കളങ്കമുണ്ടാക്കാൻ കഠിനമായി ശ്രമിക്കുകയാണ്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനും വിദേശ ഇടപെടലിനായി അഭ്യർത്ഥിക്കാനും അവർ വിദേശത്തേക്ക് യാത്ര ചെയ്യുന്നു. തങ്ങളുടെ പരാജയപ്പെട്ട ഉൽപ്പന്നം വീണ്ടും വിപണിയിലിറക്കാൻ കോൺഗ്രസ് എത്രകാലം രാജ്യതാൽപ്പര്യങ്ങൾ പണയം വെക്കുമെന്ന് ആരായാലും അത്ഭുതപ്പെട്ടുപോകും. ഒരു വർഷം മുഴുവൻ ശ്രീഹരിക്കോട്ടയിൽ പോലും ഇത്രയധികം വിക്ഷേപണ ശ്രമങ്ങൾ നടക്കുന്നില്ല, അത്രത്തോളമാണ് കോൺഗ്രസ് തങ്ങളുടെ നേതാവിനെ വിക്ഷേപിക്കാൻ പരാജയപ്പെട്ട ശ്രമങ്ങൾ നടത്തുന്നത്.

സുഹൃത്തുക്കളെ,

കോൺഗ്രസ് തങ്ങൾക്ക് വരുത്തിവെക്കാൻ ആഗ്രഹിക്കുന്ന ഏതൊരു തകർച്ചയും പൂർണ്ണമായും അവരുടെ വ്യക്തിപരമായ കാര്യമാണ്, അതിൽ നമുക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ ആവർത്തിച്ചുള്ള പരാജയത്തിന്റെ കറയിൽ നിന്ന് ഒരു കുടുംബത്തെ സംരക്ഷിക്കാൻ, കോൺഗ്രസ് ഇന്ത്യയുടെ നേട്ടങ്ങളെയും കരുത്തിനെയും പുരോഗതിയെയും പ്രതിക്കൂട്ടിലാക്കുകയാണ്. മുന്തിരി വളരെ പുളിക്കുന്നതിനാൽ, കോൺഗ്രസ് മുന്തിരിവള്ളി തന്നെ വെട്ടിമാറ്റാൻ തുടങ്ങിയിരിക്കുന്നു. യാഥാർത്ഥ്യത്തിൽ, ഈ കുടുംബം അവരുടെ പാർട്ടിക്ക് ഒരു ഭാരമായി മാറിയിരിക്കുകയാണ്; പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇത് മനസ്സിലാക്കുകയും സ്വകാര്യമായി ഞങ്ങളോട് പങ്കുവെക്കുകയും ചെയ്യുന്നുണ്ടെങ്കിലും, അവർ തങ്ങളുടെ അപമാനം സഹിച്ചുകൊണ്ട് മൗനം പാലിക്കുകയാണ്.

സുഹൃത്തുക്കളെ,

കോൺഗ്രസിന്റെ ഈ നിലപാട് ഗവൺമെൻ്റിൻ്റെ  നിഷ്പക്ഷരായ വിമർശകരെയും ദോഷകരമായി ബാധിക്കുന്നുണ്ട്, ഇത് ജനാധിപത്യത്തിൽ വലിയൊരു പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം നിഷ്പക്ഷരായ വിമർശകർ ഏറെ ദുരിതം അനുഭവിക്കുന്നു. ജനാധിപത്യപരമായ രീതിയിൽ ഗവൺമെന്റിനെതിരെ  തങ്ങളുടെ വിമർശനങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവരുടെ ശബ്ദം കോൺഗ്രസിന്റെ ബഹളത്തിൽ മുങ്ങിപ്പോകുന്നു; യഥാർത്ഥ വിമർശകരുടെ ശബ്ദം അടിച്ചമർത്തപ്പെടുകയാണ്. ജനാധിപത്യത്തെയും രാജ്യതാൽപ്പര്യത്തെയും സത്യസന്ധമായി സ്നേഹിക്കുന്നവർക്ക് — അവർ ഗവൺമെൻ്റിൻ്റെ  കടുത്ത എതിരാളികളാണെങ്കിൽ പോലും — കോൺഗ്രസിന്റെ അലർച്ചയ്ക്കും ബഹളത്തിനും ഇടയിൽ സംസാരിക്കാൻ അവസരം ലഭിക്കുന്നില്ല. നമ്മൾ പാർലമെന്റിൽ കണ്ടിട്ടുണ്ട്: തങ്ങളുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും ഗവൺമെന്റിനെ  വിമർശിക്കാനും ആഗ്രഹിക്കുന്ന പ്രഗത്ഭരായ നിരവധി യുവ പ്രതിപക്ഷ എം.പിമാരുണ്ട്, എന്നാൽ കോൺഗ്രസ് മറ്റാർക്കും അവസരം ലഭിക്കാത്ത വിധം പാർലമെന്റ് തടസ്സപ്പെടുത്തുന്നു. ഒരാളെ മാത്രം ശ്രദ്ധാകേന്ദ്രമാക്കി നിർത്താൻ കോൺഗ്രസ് ആഗ്രഹിക്കുന്നതിനാലാണ് ഇത്. ഇതുവഴി പ്രതിപക്ഷത്തെ യുവ എം.പിമാരോട് വലിയ അനീതിയാണ് കോൺഗ്രസ് കാട്ടുന്നത്.

കൂടാതെ സുഹൃത്തുക്കളെ,

ഗവൺമെൻ്റിൻ്റെ പോരായ്മകൾ എടുത്തുപറയാനും ജനാധിപത്യത്തിൽ തികച്ചും ആവശ്യമായ ഭരണപരിഷ്കാരങ്ങൾ ആത്മാർത്ഥമായി കൊണ്ടുവരാനും ലക്ഷ്യമിടുന്ന സ്വാഭാവിക മുന്നേറ്റങ്ങളെയും കോൺഗ്രസ് നശിപ്പിക്കുകയാണ്. മറ്റാരും പുരോഗമിക്കുന്നത് ഇഷ്ടപ്പെടാത്ത ഒരു പരാദസസ്യമായി  കോൺഗ്രസ് മാറിയിരിക്കുന്നു. അർബൻ നക്‌സലുകൾ കോൺഗ്രസിന്റെ ചിന്തകളെ അത്രത്തോളം കൈയടക്കിക്കഴിഞ്ഞു, സ്വന്തമായി ചിന്തിക്കാനുള്ള ശേഷി തന്നെ കോൺഗ്രസിന് നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് വനങ്ങളിൽ നാശം വിതച്ചവർ ഇന്ന് കോൺഗ്രസിലേക്ക് കടന്നുകൂടുകയും രാജ്യത്ത് ആകമാനം നാശനഷ്ടങ്ങൾ വരുത്തിവെക്കാൻ തുനിയുകയുമാണ്.

സുഹൃത്തുക്കളെ,

ഈ വെല്ലുവിളികൾക്കിടയിലും,'വികസിത ഭാരതം' എന്ന മഹത്തായ ലക്ഷ്യം നമ്മുടെ മുന്നിലുണ്ട്. രാജ്യത്തിന്റെ ആഗ്രഹങ്ങൾക്ക് അതിരുകളില്ല. അതിനാൽ, ഇന്ന് ഇന്ത്യയിലുടനീളം ഒരു വികാരം മാത്രമാണ് അലയടിക്കുന്നത്, ആ വികാരം ഇതാണ്: 'നാം ഇത് കൈവരിക്കും, നാം ഇത് കൈവരിക്കും.' നാം വലിയ സ്വപ്നങ്ങൾ കാണും, ഓരോ വെല്ലുവിളിയെയും അവസരമാക്കി മാറ്റും, ഓരോ നിശ്ചയദാർഢ്യത്തെയും യാഥാർത്ഥ്യമാക്കും. നമ്മുടെ ആത്മവിശ്വാസമാണ് നമ്മുടെ ശക്തി; 140 കോടി സഹപൗരന്മാരുടെ സ്വപ്നങ്ങളിലാണ് നമ്മുടെ പ്രചോദനം കുടികൊള്ളുന്നത്. നാം പുതിയ ആശയങ്ങൾ കണ്ടെത്തും, പുതിയ പാതകൾ വെട്ടിത്തെളിക്കും, പുതിയ ഉയരങ്ങൾ കീഴടക്കും, ഇന്ത്യയുടെ വിജയത്തെ ലോകത്തിന്റെ വിജയവുമായി ബന്ധിപ്പിക്കും. ഈ ഉച്ചകോടിയിൽ നിന്ന് ഉയർന്നുവരുന്ന അമൃത് ഈ വികാരത്തെ ശാക്തീകരിക്കുമെന്നും, നമ്മുടെ നിശ്ചയദാർഢ്യങ്ങൾക്ക് പുതിയ ഊർജ്ജം പകരുമെന്നും, ഇന്ത്യയുടെ മഹത്തായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഒരിക്കൽ കൂടി നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.

വളരെ നന്ദി.


നിരാകരണവ്യവസ്ഥ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു നടത്തിയത്.

***

NK


( റിലീസ് ഐ.ഡി: 2327355) സന്ദര്‍ശക കൗണ്ടര്‍ : 7