ലോക്സഭാ സെക്രട്ടേറിയേറ്റ്
azadi ka amrit mahotsav

പന്ത്രണ്ടാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം 2026 ഒക്ടോബർ 26-27 തീയതികളിൽ സംവിധാൻ സദൻ്റെ സെൻട്രൽ ഹാളിൽ നടക്കും: ലോക് സഭാ സ്പീക്കർ

പോസ്റ്റഡ് ഓണ്‍: 22 OCT 2026 4:03PM by PIB Thiruvananthpuram
12-ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറത്തിന് 2026 ഒക്ടോബർ 26, 27 തീയതികളിൽ ന്യൂഡൽഹിയിൽ സംവിധാൻ സദൻ്റെ സെൻട്രൽ ഹാളിൽ ഇന്ത്യൻ പാർലമെൻ്റ് ആതിഥേയത്വം വഹിക്കും. ഒക്ടോബർ 26-ന് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
 
ഇന്ത്യയുടെ പാർലമെൻ്ററി നയതന്ത്ര ചരിത്രത്തിലെ പുതിയൊരു അധ്യായമാണ് ഈ സമ്മേളനമെന്ന് ഇന്ന് പാർലമെൻ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, ലോക് സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും പ്രിസൈഡിംഗ് ഓഫീസർമാർ, പാർലമെൻ്ററി നേതാക്കൾ, കേന്ദ്രമന്ത്രിമാർ, രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, സംസ്ഥാന നിയമസഭകളിലെ പ്രിസൈഡിംഗ് ഓഫീസർമാർ, അംഗങ്ങൾ എന്നിവർ ഇതിൽ പങ്കെടുക്കും.
 
പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കുമെന്നും വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ലോക് സഭാ സ്പീക്കർ വ്യക്തമാക്കി.
 
സന്ദർശക പ്രതിനിധി സംഘ തലവന്മാരുമായും പാർലമെൻ്ററി സൗഹൃദ ഗ്രൂപ്പുകളുമായും ഉഭയകക്ഷി, ബഹുമുഖ ചർച്ചകൾ സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12-ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറത്തിൻ്റെ സംയുക്ത പ്രസ്താവനയ്ക്ക് അന്തിമരൂപം നൽകുന്നതിനായി പ്രതിനിധി സംഘ സെക്രട്ടറിമാരുടെ യോഗം 2026 ഒക്ടോബർ 25-ന് ചേരും.
 
പരിപാടിയുടെ പ്രധാന പ്രമേയത്തെക്കുറിച്ച് വ്യക്തമാക്കവെ, "ജനകേന്ദ്രീകൃത വികസനത്തിനായി പാർലമെൻ്റുകളെ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലായിരിക്കും ഫോറം പ്രധാനമായും ചർച്ചകൾ നടത്തുകയെന്ന് അദ്ദേഹം പറഞ്ഞു.
 
ബ്രിക്സ് പാർലമെൻ്ററി ഫോറത്തിൻ്റെ പരമ്പരാഗത മാതൃക പിന്തുടർന്ന്, 12-ാമത് ബ്രിക്സ് പാർലമെൻ്ററി ഫോറം താഴെ പറയുന്ന നാല് ഉന്നതതല സമ്മേളനങ്ങളിലൂടെ സമവായത്തിലധിഷ്ഠിതമായ ചർച്ചകൾക്ക് വഴിതളിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു:
 
(i) പ്രതിരോധശേഷി: മെച്ചപ്പെട്ട ഭാവി ഉറപ്പാക്കുന്നതിനായി സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ പാർലമെൻ്റുകളുടെ നിർണായക പങ്ക്.
 
(ii) നവീകരണം: പാർലമെൻ്റുകളിലൂടെ നിർമ്മിത ബുദ്ധിയിലും ഡിജിറ്റൽ സാങ്കേതികവിദ്യകളിലും മാനവ കേന്ദ്രീകൃതമായ നവീകരണങ്ങൾ പ്രോത്സാഹിപ്പിക്കൽ.
 
(iii) സഹകരണം: പാർലമെൻ്ററി സഹകരണത്തിലൂടെ ആഗോള ഭരണസംവിധാനത്തിൽ കൂടുതൽ പ്രാതിനിധ്യമുള്ള രീതി ഉറപ്പാക്കൽ.
 
(iv) സുസ്ഥിരത: രാജ്യങ്ങളുടെ സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ ഭാവി ഉറപ്പാക്കുന്നതിൽ പാർലമെൻ്റുകളുടെ പങ്ക്.
 
കൂടാതെ, പാർലമെൻ്ററി നയതന്ത്രം, ശേഷി വികസനം, മികച്ച മാതൃകകളുടെ പരസ്പര കൈമാറ്റം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ബ്രിക്സ് അംഗരാജ്യങ്ങളിലെയും പങ്കാളി രാജ്യങ്ങളിലെയും പാർലമെൻ്റുകളുടെ അന്താരാഷ്ട്ര കാര്യ സമിതി അധ്യക്ഷന്മാരുടെ പ്രത്യേക യോഗവും ചേരും.
 
ഉന്നതതല പ്ലീനറി സമ്മേളനങ്ങൾക്ക് പുറമെ, സമാന്തര യോഗങ്ങൾ, ഉഭയകക്ഷി ചർച്ചകൾ എന്നിവക്കൊപ്പം സാംസ്കാരിക പരിപാടിയും സമ്മേളനത്തിൻ്റെ ഭാഗമായി ഉണ്ടാകുമെന്ന് ശ്രീ ബിർള വ്യക്തമാക്കി. വിശിഷ്ടാതിഥികളോടുള്ള ബഹുമാനർത്ഥം ഉപരാഷ്ട്രപതി വിരുന്ന് സൽക്കാരം സംഘടിപ്പിക്കും. പ്രതിനിധി സംഘങ്ങളിലെ അംഗങ്ങൾ പാർലമെൻ്റും ഡൽഹിയിലെ സാംസ്കാരിക കേന്ദ്രങ്ങളും സന്ദർശിക്കും. സമ്മേളനം ഒക്ടോബർ 27-ന് സമാപിക്കും.

***

 

( റിലീസ് ഐ.ഡി: 2326776) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Kannada , Gujarati , Assamese , Urdu , हिन्दी