വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വ്യാപാര, നിക്ഷേപ, വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ജർമ്മനി, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും

പോസ്റ്റഡ് ഓണ്‍: 21 OCT 2026 5:38PM by PIB Thiruvananthpuram

തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനും ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിനും വ്യവസായ, സാങ്കേതിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ജർമ്മനി (2026 ഒക്ടോബർ 22–24), നെതർലൻഡ്‌സ് (2026 ഒക്ടോബർ 24–27) എന്നിവിടങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തും.

 

സന്ദർശനത്തിൻ്റെ ഭാഗമായി ബെർലിനിലെത്തുന്ന ശ്രീ പിയൂഷ് ഗോയൽ 'ബെർലിൻ ഗ്ലോബൽ ഡയലോഗിൽ' പങ്കെടുക്കും. അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധരുമായും ആഗോള ബിസിനസ് പ്രമുഖരുമായും ആശയവിനിമയം നടത്തുന്ന അദ്ദേഹം ഇന്ത്യയുടെ സ്ഥൂലസാമ്പത്തിക സ്ഥിരത, ഉൽപ്പാദന ശേഷി, പ്രതിരോധശേഷിയുള്ള ആഗോള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിൽ രാജ്യം വഹിക്കുന്ന നിർണായക പങ്ക് എന്നിവ ഉയർത്തിക്കാട്ടും. ഉച്ചകോടിയോടനുബന്ധിച്ച് ജർമ്മനിയുടെ സാമ്പത്തിക കാര്യ-ഊർജ്ജ മന്ത്രിയുമായും, ജർമ്മൻ ഫെഡറൽ ചാൻസലറിയിലെ സാമ്പത്തിക- ധനകാര്യ നയ ഉപദേഷ്ടാവും G7/G20 ഷെർപ്പയുമായും കേന്ദ്രമന്ത്രി ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തും. ഉഭയകക്ഷി വ്യാപാര-നിക്ഷേപ ഇടനാഴികൾ ശക്തിപ്പെടുത്തുക, അഡ്വാൻസ്ഡ് എഞ്ചിനീയറിംഗ്, ഹരിത ഗതാഗതം, ശുദ്ധ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സാങ്കേതിക-വ്യവസായ സഹകരണം ത്വരിതപ്പെടുത്തുക, നിലവിൽ പുരോഗമിക്കുന്ന ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകളിലൂടെ തുറന്നുവരുന്ന വിപണി സാധ്യതകളും നിക്ഷേപ അവസരങ്ങളും പ്രയോജനപ്പെടുത്തുക എന്നീ വിഷയങ്ങളിലായിരിക്കും ഈ കൂടിക്കാഴ്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.

 

തുടർന്ന് നെതർലൻഡ്‌സിലെത്തുന്ന ശ്രീ പിയൂഷ് ഗോയൽ, ഹേഗിൽ വിപുലമായ സർക്കാർതല ചർച്ചകൾക്ക് (G2G) നേതൃത്വം നൽകും. വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുന്നതിനും ഹരിത പരിവർത്തന സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമായി നെതർലൻഡ്‌സിലെ സാമ്പത്തിക കാര്യ, കാലാവസ്ഥാ മന്ത്രിയുമായും വിദേശ വ്യാപാര, വികസന സഹകരണ മന്ത്രിയുമായും അദ്ദേഹം ഉഭയകക്ഷി മന്ത്രിതല ചർച്ചകൾ നടത്തും. കൂടാതെ നോർത്ത് ഹോളണ്ടിലെ കിംഗ്സ് കമ്മീഷണറുമായും, ഡച്ച് പാർലമെൻ്റിൻ്റെ വിദേശ വ്യാപാര, യൂറോപ്യൻ കാര്യ സമിതികളിലെ അംഗങ്ങളുമായും മന്ത്രി സുപ്രധാന ചർച്ചകൾ നടത്തും.

 

ജർമ്മനിയിലേക്കും നെതർലൻഡ്‌സിലേക്കുമുള്ള  ഈ സന്ദർശനത്തിൽ നൂറോളം ഇന്ത്യൻ വ്യവസായ സ്ഥാപനങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും പ്രതിനിധികൾ ശ്രീ പിയൂഷ് ഗോയലിനെ അനുഗമിക്കും. മന്ത്രിയെ അനുഗമിക്കുന്ന ഇന്ത്യൻ വ്യവസായ പ്രതിനിധി സംഘത്തിന് ബെർലിനിൽ സമാന്തര പരിപാടികൾ ഉണ്ടായിരിക്കും. ജർമ്മൻ സി.ഇ.ഒമാരുമായും ഇന്ത്യൻ വ്യവസായ പ്രതിനിധികളുമായും വിവിധ മേഖലകളെ കേന്ദ്രീകരിച്ചുള്ള വട്ടമേശ ചർച്ചകൾ ഇതിൽ ഉൾപ്പെടും. ഓട്ടോമൊബൈൽ മേഖല, നൂതന ഉൽപ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം; വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, സേവന മേഖലകൾ; കാർഷിക-ഭക്ഷ്യ മേഖല, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങൾ; ആരോഗ്യപരിപാലനം, ഫാർമസ്യൂട്ടിക്കൽസ്, വെൽനസ് തുടങ്ങിയ മേഖലകൾ ഈ ചർച്ചകളിൽ ഉൾപ്പെടും. ജർമ്മനിയിൽ നിക്ഷേപം നടത്തുന്നതിനും പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി 'ജർമ്മനി ട്രേഡ് ആൻഡ് ഇൻവെസ്റ്റ്' (GTAI) സംഘടിപ്പിക്കുന്ന ഇന്ത്യ-ജർമ്മനി നിക്ഷേപ വട്ടമേശ ചർച്ചയിലും പ്രതിനിധി സംഘം പങ്കെടുക്കും. വ്യവസായ പരിവർത്തനം, ഡീപ്‌ടെക്, മൈക്രോ ഇലക്ട്രോണിക്‌സ്, നൈപുണ്യ വികസനം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ എന്നീ വിഷയങ്ങളിൽ ജർമ്മനിയിലെ നവീകരണ-ഗവേഷണ സ്ഥാപനങ്ങളുമായും ചിന്താകേന്ദ്രങ്ങളുമായും പ്രതിനിധി സംഘം ആശയവിനിമയം നടത്തും.

 

****


( റിലീസ് ഐ.ഡി: 2326362) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Punjabi , Gujarati