റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനായി ദേശീയപാത അതോറിറ്റി 'രാജ്മാര്‍ഗ്‌യാത്ര' മൊബൈല്‍ ആപ്പില്‍ പുതിയ 'ടോള്‍ പ്ലാസ ഫീഡ്ബാക്ക്' സംവിധാനം ഏര്‍പ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
19 OCT 2026 4:43PM by PIB Thiruvananthpuram
ദേശീയപാതകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പായി, ദേശീയ പാത അതോറിറ്റി (NHAI) തങ്ങളുടെ 'രാജ്മാര്‍ഗ്‌യാത്ര' (Rajmargytara) മൊബൈല്‍ ആപ്പില്‍ പുതിയ 'ടോള്‍ പ്ലാസ ഫീഡ്ബാക്ക്' ഫീച്ചര്‍ അവതരിപ്പിച്ചു.
ദേശീയപാത ഉപയോക്താക്കള്‍ക്ക് ടോള്‍ പ്ലാസകളിലെ തങ്ങളുടെ യാത്രാനുഭവങ്ങള്‍ തത്സമയം പങ്കുവെക്കാന്‍ ഈ സംവിധാനം അവസരമൊരുക്കുന്നു. പൊതുജന പങ്കാളിത്തം ശക്തമാക്കാനും, ദേശീയപാതകളിലൂടെയുള്ള യാത്ര കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേകാനും ലക്ഷ്യമിട്ടാണ് ഈ പുതിയ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.
ടോള്‍ പ്ലാസകളിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി യാത്രക്കാരുടെ പ്രതികരണങ്ങളെ NHAI എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ട്. പുതിയ മാറ്റമനുസരിച്ച്, ദേശീയപാതയിലെ ടോള്‍ പ്ലാസ കടന്നുപോകുമ്പോള്‍ തന്നെ വാര്‍ഷിക പാസ് ഉടമകള്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെക്കാനായി 'രാജ്മാര്‍ഗ്‌യാത്ര' ആപ്പില്‍ നിന്ന് ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും.
ഇതുകൂടാതെ, മറ്റെല്ലാ ഉപയോക്താക്കള്‍ക്കും ആപ്പിന്റെ മെനു സെക്ഷനിലുള്ള 'ടോള്‍ പ്ലാസ ഫീഡ്ബാക്ക്' എന്ന ഓപ്ഷന്‍ വഴി ഏത് ടോള്‍ പ്ലാസയെക്കുറിച്ചുമുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. യാത്രക്കാര്‍ക്ക് ഒരു നിശ്ചിത സ്‌കെയിലില്‍ തങ്ങളുടെ അനുഭവങ്ങള്‍ക്ക് റേറ്റിംഗ് നല്‍കാനും, യാത്രയുമായി ബന്ധപ്പെട്ട മറ്റ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാനും, ആവശ്യമെങ്കില്‍ സ്വന്തം നിര്‍ദ്ദേശങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഇതിലൂടെ സാധിക്കും.
ദേശീയപാത ഉപയോക്താക്കള്‍ക്ക് തങ്ങളുടെ യാത്രാനുഭവങ്ങള്‍ അറിയിക്കാനും ഉടനടി പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഈ പുതിയ ഫീച്ചര്‍ ഒരു മികച്ച വേദിയൊരുക്കുന്നു. ടോള്‍ പ്ലാസകളിലെ സേവനങ്ങളില്‍ എവിടെയൊക്കെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടതെന്ന് കൃത്യമായി കണ്ടെത്താനും അവ നിരീക്ഷിക്കാനും ഇത് NHAI യെ സഹായിക്കും.
ദേശീയപാത യാത്രക്കാര്‍ 'രാജ്മാര്‍ഗ്‌യാത്ര' ആപ്പിലെ 'ടോള്‍ പ്ലാസ ഫീഡ്ബാക്ക്' ഫീച്ചര്‍ സജീവമായി ഉപയോഗിക്കണമെന്നും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കണമെന്നും NHAI അഭ്യര്‍ത്ഥിച്ചു. പൗരന്മാരുടെ ഇത്തരം പങ്കാളിത്തം യാത്രക്കാരുടെ പരാതികള്‍ക്കും ആശങ്കകള്‍ക്കും പരിഹാരം കാണുന്നതിനും, രാജ്യത്തുടനീളമുള്ള ദേശീയപാതകളിലെ ടോള്‍ പ്ലാസകളുടെ സേവന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും NHAIയെ സഹായിക്കും.
****
( റിലീസ് ഐ.ഡി: 2325267)
സന്ദര്‍ശക കൗണ്ടര്‍ : 8