പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലഡാക്കിൽ ₹3,350 കോടി രൂപയുടെ അഞ്ച് വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ഇന്ന് ലഡാക്കിൽ പ്രധാനപ്പെട്ട നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ട്; ഈ പദ്ധതികൾ യാത്ര കൂടുതൽ എളുപ്പമാക്കുകയും വൈദ്യുതി അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കുടിവെള്ള ലഭ്യത വർദ്ധിപ്പിക്കുകയും നമ്മുടെ പുരാതന പാരമ്പര്യത്തിന്റെ സംരക്ഷണത്തിന് പുതിയ ഊർജ്ജം പകരുകയും ചെയ്യും : പ്രധാനമന്ത്രി


നമ്മുടെ പ്രത്യേക ശ്രദ്ധ ലഡാക്കിലെ പുതിയ തലമുറയിലാണ്; ഇവിടുത്തെ യുവാക്കൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കണം, പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ അവസരം ലഭിക്കണം, അവർക്ക് മറ്റ് നഗരങ്ങളെ ആശ്രയിക്കേണ്ടി വരരുത്; അതിനാൽ ലെയിൽ ഒരു പ്രധാന 'സെന്റർ ഓഫ് എക്സലൻസ്' നിർമ്മിച്ചുവരികയാണ്: പ്രധാനമന്ത്രി


പുതിയ കായിക നയം വഴി ലഡാക്കിലെ കായിക പ്രതിഭകളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്; ദേശീയ, അന്തർദേശീയ തലങ്ങളിൽ തദ്ദേശീയരായ യുവാക്കൾക്ക് പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുന്ന രീതിയിൽ അവർക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും നൽകാൻ ഞങ്ങൾ പരിശ്രമിക്കുന്നു": പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 15 OCT 2026 2:45PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ലഡാക്കിൽ ഏകദേശം ₹3,350 കോടി രൂപയുടെ അഞ്ച് പ്രധാന വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും നിർവ്വഹിച്ചു. വെർച്വൽ പങ്കാളിത്തത്തിലൂടെ ഈ മേഖലയുടെ വികസനത്തിലെ ഒരു പുതിയ അധ്യായം ആഘോഷിച്ച പ്രധാനമന്ത്രി , യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനും വൈദ്യുതി, ജല ലഭ്യത മെച്ചപ്പെടുത്തുന്നതിനും പുരാതന പാരമ്പര്യം സംരക്ഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത നിരവധി പ്രമുഖ പദ്ധതികൾക്കാണ് തുടക്കം കുറിച്ചത് .സാൻസ്കറിൽ പെയ്ത പുതിയ മഞ്ഞുവീഴ്ചയ്ക്കിടയിലും ത്രിവർണ്ണ പതാക വീശുന്ന പൗരന്മാരുടെ ആവേശം ഓർത്തെടുത്ത അദ്ദേഹം, ഈ വെല്ലുവിളി നിറഞ്ഞ പ്രവൃത്തികൾ പൂർത്തിയാക്കിയ എഞ്ചിനീയർമാർ, തൊഴിലാളികൾ, പ്രാദേശിക ജീവനക്കാർ, ബിആർഒ (BRO) ഉദ്യോഗസ്ഥർ എന്നിവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. "ഈ പദ്ധതികൾക്കായി ലഡാക്കിലെ എല്ലാ ജനങ്ങൾക്കും ഞാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു," ശ്രീ മോദി കൂട്ടിച്ചേർത്തു.

ലെയിലെ കുഷോക് ബകുള റിൻപോച്ചെ എയർപോർട്ട് ടെർമിനലിന് താൻ നേരത്തെ തറക്കല്ലിട്ട കാര്യം ഓർമ്മിച്ച പ്രധാനമന്ത്രി, വിമാനങ്ങളുടെ ഗതാഗത ശേഷി മൂന്നിരട്ടിയാക്കുകയും വാർഷിക യാത്രക്കാരുടെ ശേഷി 10 ലക്ഷത്തിൽ നിന്ന് 35 ലക്ഷമായി ഉയർത്തുകയും ചെയ്യുന്ന ₹650 കോടിയുടെ പുതിയ സൗകര്യം ഉദ്ഘാടനം ചെയ്യുന്നതിൽ സന്തോഷം പ്രകടിപ്പിച്ചു. കഠിനമായ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ സൗരോർജ്ജത്തോടൊപ്പം ജിയോതെർമൽ ഹീറ്റിംഗ് (Geothermal heating) സംവിധാനവും ഉൾപ്പെടുത്തിയിട്ടുള്ള ഇന്ത്യയിലെ ആദ്യത്തെ ടെർമിനലാണിതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കിക്കൊണ്ട് പ്രാദേശിക വിനോദസഞ്ചാര മേഖലയ്ക്ക് ഇത് പുതിയ ഊർജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "പ്രാദേശിക പരിസ്ഥിതി പൂർണ്ണമായും സംരക്ഷിച്ചുകൊണ്ട് ലഡാക്കിൽ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്," ശ്രീ മോദി പറഞ്ഞു.

മേഖലാ സമ്പർക്കത്തിന്റെ തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യം അടിവരയിട്ടു കൊണ്ട്, സഞ്ചാരസമയം 12 മണിക്കൂറിൽ നിന്ന് വെറും 3 മണിക്കൂറായി കുറയ്ക്കുന്ന ₹2,500 കോടി ചെലവിൽ നിർമ്മിച്ച നിമ്മു-പദും-ദാർച്ച റോഡ് പ്രധാനമന്ത്രി ജനങ്ങൾക്കായി സമർപ്പിച്ചു. യാത്രക്കാരുടെ സമയം ലാഭിക്കുന്നതിന് പുറമെ, ഈ പ്രധാന പാത പ്രാദേശിക വ്യാപാരത്തിന് വലിയൊരു ഉത്തേജനം നൽകുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഈ റോഡ് വ്യാപാരത്തിനും വ്യവസായത്തിനും ഏറെ സഹായകരമാകും," ശ്രീ മോദി ചൂണ്ടിക്കാട്ടി.

ശ്രീനഗർ-ലെ പ്രസരണ ശൃംഖല  നേരത്തെ ഉദ്ഘാടനം ചെയ്തത് അനുസ്മരിച്ച പ്രധാനമന്ത്രി, പൂഗ വാലിയിൽ നടന്നുവരുന്ന ആധുനിക ഊർജ്ജ ഉൽപ്പാദന പദ്ധതികളെക്കുറിച്ച് സൂചിപ്പിക്കുകയും, ഹാനു ജലവൈദ്യുത പദ്ധതിയും അതിനോടനുബന്ധിച്ചുള്ള പ്രസരണ ശൃംഖലയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു.വീടുകളെ പ്രകാശിപ്പിക്കുന്നതിലൂടെയും കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ചെറുകിട സംരംഭങ്ങൾ എന്നിവയെ ശാക്തീകരിക്കുന്നതിലൂടെയും വിശ്വാസയോഗ്യമായ വൈദ്യുതി ഗ്രാമീണ ജീവിതത്തെ പരിവർത്തനം ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. "എല്ലാ മേഖലകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും," ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഉയർന്ന പ്രദേശങ്ങളിലെ കാർഷിക പ്രതിരോധശേഷിയിലും ജലസുരക്ഷയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, 'പ്രൊജക്റ്റ് അമൃത് ഹിം സരോവറിന്' കീഴിൽ പുതുതായി നിർമ്മിച്ച 40 ജലാശയങ്ങൾ പ്രധാനമന്ത്രി പ്രാദേശിക സമൂഹത്തിനായി സമർപ്പിച്ചു. കൃഷിയുടെ നിർണ്ണായക സമയങ്ങളിൽ കാർഷിക സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനാണ് ഈ ജലാശയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പ്രസ്താവിച്ചു. "ആവശ്യമുള്ള സമയത്ത് കർഷകർക്ക് ജലസേചനത്തിനുള്ള വെള്ളം ലഭ്യമാക്കാൻ ഇവ സഹായിക്കും," ശ്രീ മോദി ചൂണ്ടിക്കാട്ടി.

2019-ൽ ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതിനു ശേഷമുള്ള സമഗ്രമായ അടിസ്ഥാനസൗകര്യ വികസന നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. റോഡ് ശൃംഖല 1,800 കിലോമീറ്ററിൽ നിന്ന് 4,000 കിലോമീറ്ററിലധികമായി ഉയർന്നുവെന്നും, പ്രധാന പാലങ്ങളുടെ എണ്ണം 19-ൽ നിന്ന് 75-ഓളമായി വർദ്ധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ ഹെലിപാഡുകളുടെ എണ്ണം 7-ൽ നിന്ന് 40-ലധികമായി വർദ്ധിച്ചു, പൈപ്പ് വഴിയുള്ള കുടിവെള്ള ലഭ്യത 3.5 ശതമാനത്തിൽ നിന്ന് ഏകദേശം 99 ശതമാനം വീടുകളിലേക്കായി ഉയർന്നു, ആശുപത്രി കിടക്കകളുടെ എണ്ണം ഇരട്ടിയായി, ഒപ്പം നിർമ്മാണം പുരോഗമിക്കുന്ന സോജില ടണൽ എല്ലാ കാലാവസ്ഥയിലും രാജ്യവുമായി ബന്ധിപ്പിക്കുന്ന സമ്പർക്കം ഉറപ്പാക്കാൻ സജ്ജമായിരിക്കുകയാണ്. "ഇന്ന്, കേന്ദ്ര സർക്കാറിന് ലഡാക്കിന്റെ വികസനമാണ് ഏറ്റവും വലിയ മുൻഗണന," ശ്രീ മോദി വ്യക്തമാക്കി

മേഖലയിലെ സമൃദ്ധിക്ക് പുതിയ വഴികൾ തുറക്കുന്നതിനുള്ള ലക്ഷ്യബോധത്തോടെയുള്ള ശ്രമങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ലഡാക്കിലുടനീളം ശീതകാല-സാഹസിക വിനോദസഞ്ചാരം സജീവമായി പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു. പ്രാദേശികതലത്തിൽ സാമ്പത്തിക പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിനായി 'വൈബ്രന്റ് വില്ലേജസ്' പരിപാടിക്ക് കീഴിൽ 40-ലധികം അതിർത്തി ഗ്രാമങ്ങൾ നിലവിൽ വികസിപ്പിച്ചുവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഇത് വിദൂര ഗ്രാമങ്ങളിൽ പോലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു," ശ്രീ മോദി ചൂണ്ടിക്കാട്ടി.

ഹോസ്പിറ്റാലിറ്റി(ആതിഥ്യം), ആധുനിക കാർഷിക മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനം എന്നിവ  ചൂണ്ടിക്കാണിച്ചുകൊണ്ട്, പ്രാദേശിക ഹോംസ്റ്റേകളുടെ എണ്ണം ഏകദേശം 150-ൽ നിന്ന് 3,000 ആയി ഉയർന്നതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. അതോടൊപ്പം, മേഖലയിലുടനീളം 11,000 പ്രവർത്തനക്ഷമമായ ഗ്രീൻഹൗസുകൾ നിലവിൽ വരാൻ ഇടയാക്കിയ സംരക്ഷിത കൃഷിരീതികളുടെ  നിരന്തരമായ പ്രോത്സാഹനത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. "ഇവ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ സാധ്യതകൾ സൃഷ്ടിച്ചിട്ടുണ്ട്," ശ്രീ മോദി ചൂണ്ടിക്കാട്ടി.

വിദൂരമല്ലാത്ത  നീതിനിർവ്വഹണം വേണമെന്ന മേഖലയിലെ ദീർഘകാലത്തെ ആവശ്യം പരിഹരിച്ചുകൊണ്ട്, ഈ വർഷം ഓഗസ്റ്റിൽ ലഡാക്കിനായി ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് സർക്കാർ ഔദ്യോഗിക അംഗീകാരം നൽകിയതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഈ സുപ്രധാന സ്ഥാപനപരമായ ആവശ്യം നിറവേറ്റുന്നത് പൗരന്മാർക്ക് ഭരണപ്രക്രിയയും നിയമസഹായവും കൂടുതൽ ലളിതവും എളുപ്പവുമാക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. "ഇത് ഭരണത്തോടൊപ്പം നീതിന്യായ വ്യവസ്ഥയെയും ജനങ്ങൾക്ക് പ്രാപ്യമാക്കും," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഹോംസ്റ്റേകൾ, പ്രാദേശിക കരകൗശല വസ്തുക്കൾ എന്നിവയുടെ ആധുനിക വ്യാപാരത്തിന് ഡിജിറ്റൽ കണക്റ്റിവിറ്റിക്കുള്ള പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, ഭാരത്‌നെറ്റിന്റെയും (BharatNet) അതിവേഗ ഇന്റർനെറ്റിന്റെയും സേവനങ്ങൾ മേഖലയിലെ വിദൂര ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഇ-ഗവേണൻസ്, യുവാക്കൾക്കുള്ള ഓൺലൈൻ വിദ്യാഭ്യാസം, പ്രാദേശിക സംരംഭകർക്കുള്ള ആഗോള വിപണി ബന്ധങ്ങൾ എന്നിവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ നടന്നു വരികയാണെന്ന് അദ്ദേഹം വിശദീകരിച്ചു. "ഇന്ന് ഓൺലൈൻ ബിസിനസ്സ്, വരുമാനത്തിന്റെ പുതിയ വഴികൾ തുറക്കുകയാണ്," ശ്രീ മോദി ചൂണ്ടിക്കാട്ടി.

യുവാക്കളുടെ വിദ്യഭ്യാസപരമായ ശാക്തീകരണത്തിന് മുൻഗണന നൽകുന്നതിലൂടെ അവർക്ക് മറ്റ് നഗരങ്ങളിലേക്ക് കുടിയേറേണ്ടി വരില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഐഐടി ജമ്മു (IIT Jammu), ഐഐഎം ജമ്മു (IIM Jammu) എന്നിവയുടെ സാറ്റലൈറ്റ് ക്യാമ്പസുകൾക്കായുള്ള നിർദ്ദേശങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം ലെയിൽ ഒരു പ്രധാന 'സെന്റർ ഓഫ് എക്സലൻസ്' നിർമ്മിക്കുന്ന കാര്യവും എടുത്തുപറഞ്ഞു. ഈ മുൻനിര സ്ഥാപനങ്ങൾ തദ്ദേശീയരായ  വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം നാട്ടിൽ തന്നെ നൂതന ഗവേഷണത്തിനും ആധുനിക സാങ്കേതിക നൈപുണ്യത്തിനുമുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു. "ലഡാക്കിലെ യുവാക്കൾക്ക് ഉന്നതവിദ്യാഭ്യാസം, ഗവേഷണം, പുതിയ നൈപുണ്യങ്ങൾ എന്നിവയ്ക്കുള്ള മികച്ച അവസരങ്ങൾ സ്വന്തം നാട്ടിൽ തന്നെ ലഭിക്കും," ശ്രീ മോദി വ്യക്തമാക്കി.

ഐസ് ഹോക്കി, ശീതകാല കായിക ഇനങ്ങൾ, പർവ്വതാരോഹണം എന്നിവയിലൂടെ തദ്ദേശീയരായ യുവാക്കൾ രൂപപ്പെടുത്തിയെടുത്ത വ്യത്യസ്തമായ കായിക വ്യക്തിത്വത്തെ അംഗീകരിച്ച പ്രധാനമന്ത്രി, പ്രാദേശിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനായി ലഡാക്കിന്റെ പുതിയ കായിക നയം നടപ്പിലാക്കുന്നതിനെ സ്വാഗതം ചെയ്തു.തദ്ദേശീയരായ കായികതാരങ്ങൾക്ക് ആഗോളതലത്തിൽ തിളങ്ങാൻ സഹായിക്കുന്ന ലോകോത്തര പരിശീലന സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന ഭരണകൂടത്തിന്റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു. "ദേശീയ, അന്തർദേശീയ തലങ്ങളിൽ  തദ്ദേശീയരായ യുവാക്കൾക്ക് പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുന്ന രീതിയിൽ അവർക്ക് മികച്ച പരിശീലനവും സൗകര്യങ്ങളും നൽകാൻ ഞങ്ങൾ പരിശ്രമിക്കുന്നു," ശ്രീ മോദി ഉറപ്പിച്ചുപറഞ്ഞു.

പ്രാദേശിക കരകൗശല വിദഗ്ദ്ധരുടെയും കർഷകരുടെയും അസാധാരണമായ വൈദഗ്ധ്യത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ജർമ്മൻ ചാൻസലർ, സ്വീഡിഷ് പ്രധാനമന്ത്രി, കിർഗിസ്ഥാൻ പ്രസിഡന്റ് എന്നിവർക്ക് സമ്മാനിച്ചതുൾപ്പെടെ, താൻ ലഡാക്കിലെ ഉൽപ്പന്നങ്ങൾ നിരന്തരം മറ്റുള്ളവർക്ക് ഉപഹാരമായി നൽകുന്ന കാര്യം പങ്കുവെച്ചു. ഒപ്പം സീ-ബക്‌തോൺ (sea-buckthorn), കരകൗശല വസ്തുക്കൾ, ജിഐ ടാഗ് (GI-tag) ലഭിച്ച ആപ്രിക്കോട്ട്, ഉയർന്ന പ്രദേശങ്ങളിലെ വാണിജ്യ പുഷ്പകൃഷി, ചാങ്പ സമൂഹം നിർമ്മിക്കുന്ന പരമ്പരാഗത പശ്മിന (Pashmina) എന്നിവയുടെ വൻ വാണിജ്യ സാധ്യതകളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. പശ്മിനയുടെ ആഗോള ഐഡന്റിറ്റി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക ഉൽപ്പന്നങ്ങളുടെ മാർക്കറ്റ് ബ്രാൻഡിംഗ് വിപുലീകരിക്കുന്നതിനും ഗവൺമെൻറ്  സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "ഇവിടുത്തെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണികളും മികച്ച ബ്രാൻഡിംഗും ലഭിക്കാനും, അതിന്റെ ലാഭം ഉത്പാദകരിലേക്ക് നേരിട്ടെത്താനും വേണ്ടിയാണ് ഞങ്ങളുടെ ശ്രമം!" ശ്രീ മോദി വ്യക്തമാക്കി.

ആദരണീയ വ്യക്തിത്വം,കുഷോക് ബകുള റിൻപോച്ചെ പ്രചോദനം നൽകിയ പുരാതന വിഹാരങ്ങൾ, ബുദ്ധമത പാരമ്പര്യങ്ങൾ, ഉത്സവങ്ങൾ എന്നിവയുടെ വിലമതിക്കാനാവാത്ത സാംസ്കാരിക പൈതൃകത്തെ ആദരിച്ചുകൊണ്ട്, ചരിത്രപരമായ ശിലാചിത്രങ്ങൾ (rock art) സംരക്ഷിക്കുന്നതിനായി ലെയിൽ ഇന്ത്യയിലെ ആദ്യത്തെ 'പെട്രോഗ്ലിഫ് കൺസർവേഷൻ പാർക്ക്' (Petroglyph Conservation Park) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ പാരമ്പര്യം സംരക്ഷിക്കുന്നത് ഭാവി തലമുറകൾക്കും ലോകമെമ്പാടുമുള്ള സന്ദർശകർക്കും ഈ മേഖലയുടെ പുരാതന സംസ്കാരവുമായി ആഴത്തിൽ ബന്ധപ്പെടാൻ കഴിയുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. "രാജ്യത്തുനിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന ആളുകൾക്കും ലഡാക്കിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും," ശ്രീ മോദി വ്യക്തമാക്കി.

കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാവിപാതയെക്കുറിച്ച് തികഞ്ഞ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് തന്റെ പ്രസംഗം അവസാനിപ്പിച്ച പ്രധാനമന്ത്രി, മുൻപെങ്ങുമില്ലാത്ത വികസന നാഴികക്കല്ലുകളിലേക്ക് ഈ മേഖലയെ ഉയർത്തുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങളിലുള്ള തന്റെ വിശ്വാസം ആവർത്തിച്ചു. പുതുതായി ആരംഭിച്ച അടിസ്ഥാനസൗകര്യ വികസന പ്രവൃത്തികളിൽ നാടിന്റെ പൗരന്മാർക്ക് അദ്ദേഹം തന്റെ  ആശംസകളും പരമ്പരാഗത അഭിവാദ്യങ്ങളും അർപ്പിച്ചു. "നാം ഒന്നായി ലഡാക്കിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കും," ശ്രീ മോദി വ്യക്തമാക്കി.

 

****

SK

( റിലീസ് ഐ.ഡി: 2324079) സന്ദര്‍ശക കൗണ്ടര്‍ : 4