ഉപരാഷ്ട്രപതിയുടെ കാര്യാലയം
കൗമാരകോൺ(KAUMARACON-2026) ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു ;അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിജിറ്റൽ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചു
പോസ്റ്റഡ് ഓണ്:
15 OCT 2026 2:01PM by PIB Thiruvananthpuram
പരമ്പരാഗത ആരോഗ്യപരിപാലന രീതികളുടെ ഫലപ്രാപ്തി ഉറപ്പാക്കുന്നതിനും രോഗികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾക്ക് ആഗോളതലത്തിൽ കൂടുതൽ അംഗീകാരം ലഭ്യമാക്കുന്നതിനുമായി ആയുർവേദത്തിൽ കൂടുതൽ ശാസ്ത്രീയ ഗവേഷണങ്ങൾ നടത്തണമെന്ന് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ആഹ്വാനം ചെയ്തു. ഇന്ന് ന്യൂഡൽഹിയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് (AIIA) സംഘടിപ്പിച്ച കൗമാരഭൃത്യത്തെക്കുറിച്ചുള്ള മൂന്നാമത് അന്താരാഷ്ട്ര സമ്മേളനമായ കൗമാരകോൺ (KAUMARACON-2026)-ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിനെ എയിംസിന് (AIIMS) തുല്യമായ നിലവാരത്തിൽ വികസിപ്പിക്കുകയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഈ ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനുള്ള ദിശയിൽ ഇൻസ്റ്റിറ്റ്യൂട്ട് മുന്നേറുകയാണെന്ന് പറഞ്ഞു. AIIA-യുടെ പത്താം സ്ഥാപകദിനത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രകീർത്തിച്ച അദ്ദേഹം, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രാധാന്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗവേഷണം, നൂതനാശയങ്ങൾ , അക്കാദമിക മികവ് എന്നിവയിൽ തുടർച്ചയായ പരിശ്രമങ്ങൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ രാജ്യത്തിന്റെ സാംസ്കാരിക ജ്ഞാനത്തിലും പുരാതനമായ വൈജ്ഞാനിക പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ അമൂല്യ പൈതൃകമാണെന്ന് ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-ൽ പ്രത്യേക ആയുഷ് മന്ത്രാലയം സ്ഥാപിച്ചതുൾപ്പെടെ വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനും ആരോഗ്യപരിരക്ഷാ സേവനങ്ങൾ വിപുലീകരിക്കുന്നതിനും ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ആയുഷ് മന്ത്രാലയവും ICMR, CSIR, DBT, DST, AIIMS തുടങ്ങിയ സ്ഥാപനങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ചും അദ്ദേഹം പരാമർശിച്ചു.
പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിൽ ആയുഷ് സേവനങ്ങൾ സംയോജിപ്പിക്കുന്നതിനെക്കുറിച്ച് പരാമർശിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ഇത്തരം സംരംഭങ്ങൾ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളും ആധുനിക ആരോഗ്യപരിപാലനവും തമ്മിലുള്ള സംഭാഷണത്തിനും സഹകരണത്തിനും അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞു. യോഗയ്ക്ക് അന്താരാഷ്ട്രതലത്തിൽ ലഭിച്ച അംഗീകാരവും ജാംനഗറിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ലോകാരോഗ്യ സംഘടനയുടെ (WHO) ആഗോള കേന്ദ്രം സ്ഥാപിച്ചതും ഇന്ത്യയുടെ വൈജ്ഞാനിക പൈതൃകം ലോകവുമായി പങ്കുവെക്കുന്നതിലെ പ്രധാന നാഴികക്കല്ലുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“ശിശുക്കളിലെ ആരോഗ്യ ഭാവി രൂപപ്പെടുത്തൽ: കൗമാരഭൃത്യത്തിലെ ആഗോള കാഴ്ചപ്പാടുകൾ, ഗവേഷണ നൂതനാശയങ്ങൾ , ക്ലിനിക്കൽ മുന്നേറ്റങ്ങൾ” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. ശൈശവകാലത്തെ ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, ഓരോ കുട്ടിയും ആരോഗ്യകരവും പോഷണപരവുമായ അന്തരീക്ഷത്തിൽ വളരുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള കൂട്ടായ ഉത്തരവാദിത്വത്തെയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു. പോഷകാഹാരം, വളർച്ച, വികസനം, രോഗപ്രതിരോധം, വൈകാരിക ക്ഷേമം എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
2047-ഓടെ വികസിത ഭാരതം സൃഷ്ടിക്കുന്നതിന് കുട്ടികളുടെ ആരോഗ്യത്തിലും മനുഷ്യവിഭവശേഷിയുടെ ഗുണനിലവാരത്തിലും നിരന്തരശ്രദ്ധ ആവശ്യമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കാനും ശാസ്ത്രീയ സാധൂകരണത്തിലൂടെ അതിനെ ശക്തിപ്പെടുത്താനും കുട്ടികളുടെ ആരോഗ്യ പ്രവർത്തനങ്ങൾക്ക് പ്രഥമസ്ഥാനം നൽകാനും അദ്ദേഹം ഗവേഷകരോടും ചികിത്സകരോടും ആഹ്വാനം ചെയ്തു.
ആയുഷ് സ്റ്റാർട്ടപ്പ് പോർട്ടൽ, AIIA–iCAINE വെബ്സൈറ്റ്, ആയുർവേദ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് വെഞ്ചർ ആക്സിലറേഷൻ ഫെസിലിറ്റി (AyuDIVA) എന്നിവയും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. വാമൻ ആപ്പ്, പഞ്ചകർമ അസസ്മെന്റ് ആപ്പ് എന്നിവയും അദ്ദേഹം പുറത്തിറക്കി.
അമേരിക്കയിലെ മഹാഋഷി ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയും (MIU) ന്യൂഡൽഹിയിലെ AIIA-യും തമ്മിലുള്ള ധാരണാപത്രവും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കൈമാറി.
നേരത്തേ, ഉപരാഷ്ട്രപതി AIIA-യുടെ ആശുപത്രി സൗകര്യങ്ങളും ധന്വന്തരി വാടികയും സന്ദർശിച്ചു. പൊതുജനാരോഗ്യ മേഖലയിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകളെക്കുറിച്ചും വാടികയിൽ പ്രദർശിപ്പിച്ചിരുന്ന വിവിധ ഔഷധസസ്യങ്ങൾ, ശിലകൾ എന്നിവയുടെ ആയുർവേദപരമായ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹത്തോട് വിശദീകരിച്ചു.
ആയുഷ്, ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി ശ്രീ പ്രതാപ്റാവു ജാധവ്; ആയുഷ് മന്ത്രാലയ സെക്രട്ടറി ശ്രീ വൈദ്യ രാജേഷ് കോട്ടേച്ച; ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനായുള്ള ദേശീയ കമ്മീഷൻ ചെയർപേഴ്സൺ ഡോ. മനീഷ ഉപേന്ദ്ര; ന്യൂഡൽഹി AIIA ഡയറക്ടർ പ്രൊഫസർ പി. കെ. പ്രജാപതി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികൾ, ഗവേഷകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2324068)
സന്ദര്ശക കൗണ്ടര് : 3