ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗത്തിന് ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചു

പോസ്റ്റഡ് ഓണ്‍: 13 OCT 2026 6:44PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ അധ്യക്ഷതയിൽ ബിംസ്റ്റെക് (BIMSTEC) ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗത്തിന് ഇന്ത്യ ഇന്ന് ന്യൂഡൽഹിയിൽ ആതിഥേയത്വം വഹിച്ചു. ബംഗാൾ ഉൾക്കടൽ മേഖലയിൽ പ്രാദേശിക സുരക്ഷ, പരസ്പരവിശ്വാസം, സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള ബിംസ്റ്റെക് അംഗരാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത യോഗം വീണ്ടും ഉറപ്പിച്ചു.

ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗത്തിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് ഇന്ത്യയെ   സംബന്ധിച്ചിടത്തോളം വളരെ അഭിമാനത്തിൻ്റെയും ബഹുമതിയുടെയും കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രാദേശിക ഏകീകരണത്തിനും സാമ്പത്തിക സഹകരണത്തിനും കൂട്ടായ സുരക്ഷയ്ക്കുമുള്ള അനിവാര്യമായ വേദിയായി ബിംസ്റ്റെക് മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ 'വിശ്വമിത്ര' എന്ന മനോഭാവത്തോടെ മുന്നോട്ടുപോകുകയാണെന്നും സമാധാനം, സഹവർത്തിത്വം, മാനുഷികക്ഷേമം എന്നിവയോടുള്ള പ്രതിബദ്ധത രാജ്യം എപ്പോഴും നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഏപ്രിൽ 4-ന് ബാങ്കോക്കിൽ നടന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ശ്രീ അമിത് ഷാ ഉദ്ധരിച്ചു: "നമ്മെ സംബന്ധിച്ചിടത്തോളം ബിംസ്റ്റെക് ഒരു പ്രാദേശിക സംഘടന മാത്രമല്ല. മറിച്ച്, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റെയും സുരക്ഷയുടെയും മാതൃകയാണത്." ഈ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനായി, പൗരന്മാരുടെ സുരക്ഷയും നമ്മുടെ സുരക്ഷാ ഏജൻസികളുടെ ശേഷിയും ശക്തിപ്പെടുത്തുന്ന പ്രായോഗിക സംവിധാനങ്ങളായി സഹകരണത്തെ മാറ്റിയെടുക്കുക എന്നത് ആഭ്യന്തരമന്ത്രിമാരുടെ ഉത്തരവാദിത്തമാണെന്ന് ശ്രീ ഷാ പറഞ്ഞു.

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ 'സീറോ ടോളറൻസ്' നയം ഊന്നിപ്പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി, ഭീകരവാദം, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ഉയർന്നുവരുന്ന സൈബർ ഭീഷണികൾ എന്നിവ നേരിടുന്നതിൽ സഹകരണം വർദ്ധിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു. കുറ്റവാളികളെയും ഭീകരരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യസമയത്ത് രഹസ്യവിവരങ്ങൾ കൈമാറൽ, സാമ്പത്തിക അന്വേഷണങ്ങൾ, പരസ്പര നിയമസഹായം, കുറ്റവാളികളെ കൈമാറൽ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയിലെ ഒരിടത്തുനിന്നും അയൽരാജ്യങ്ങൾക്കെതിരെ പ്രവർത്തിക്കാനോ, സുരക്ഷിത താവളങ്ങൾ കണ്ടെത്താനോ, ആളുകളെ റിക്രൂട്ട് ചെയ്യാനോ, പരിശീലനം നൽകാനോ, ധനസമാഹരണം നടത്താനോ ഭീകരശൃംഖലകൾക്ക് സാധിക്കില്ലെന്ന് ഉറപ്പാക്കുക എന്നതായിരിക്കണം നമ്മുടെ കൂട്ടായ ദൃഢനിശ്ചയമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദേശീയ നിയമങ്ങൾക്കും ബാധകമായ ഉടമ്പടികൾക്കും അനുസൃതമായി, പരസ്പര നിയമസഹായത്തിലും കുറ്റവാളികളെ കൈമാറുന്നതിലുമുള്ള സഹകരണം, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ശ്രീ അമിത് ഷാ പറഞ്ഞു.
 
മയക്കുമരുന്ന് നിയന്ത്രണം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങളും നിയമപരമായ സഹകരണവും, ഒളിവിൽ കഴിയുന്ന കുറ്റവാളികളെ തിരിച്ചെത്തിക്കൽ, സൈബർ സുരക്ഷയും സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും,  സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും ശേഷി വർദ്ധിപ്പിക്കലും എന്നീ അഞ്ച് പ്രധാന സഹകരണ മേഖലകളുടെ പ്രാധാന്യത്തെക്കുറിച്ച്  ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു. അനധികൃത സാമ്പത്തിക ഇടപാടുകളും ഭീകരവാദത്തിനുള്ള ധനസഹായവും തടയുന്നതിന് ഏകോപിതമായ പ്രാദേശിക സമീപനം അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമപാലന  ഏജൻസികൾ, രഹസ്യാന്വേഷണ ഏജൻസികൾ, അതിർത്തി സംരക്ഷണ ഏജൻസികൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന് കടത്ത് എന്നത് യഥാർത്ഥത്തിൽ 'മരണത്തിൻ്റെ വ്യാപാര'മാണെന്നാണ്  ഇന്ത്യ വിശ്വസിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ നിലപാടിൻ്റെ ഭാഗമായി, മയക്കുമരുന്ന് കടത്തിൽ അഭിമാനിക്കത്തക്കതായി ഒന്നുമില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ഇത് കേവലം മയക്കുമരുന്ന് വ്യാപാരം മാത്രമല്ലെന്നും യുവജനങ്ങളുടെ ജീവിതത്തിനും സമൂഹത്തിനും സംസ്കാരത്തിനും വരുംതലമുറകളുടെ ഭാവിക്കും നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിൻ്റെ  മാത്രം ശ്രമങ്ങളിലൂടെ   ഈ പ്രശ്നം നേരിടാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതിനെ നേരിടാൻ മേഖലയിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊള്ളുന്ന ഏകോപിതമായ സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന അനധികൃത വരുമാനം സംഘടിത കുറ്റകൃത്യങ്ങൾക്ക് സാമ്പത്തിക കരുത്ത് പകരുമെന്നും അത് ഭീകരവാദ ധനസഹായത്തിനായി ഉപയോഗിച്ചേക്കാമെന്നും ശ്രീ ഷാ പറഞ്ഞു. മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ വഴിതിരിച്ചുവിടുന്നതും ഡാർക്ക് വെബ് വഴിയുള്ള ഇടപാടുകളും ഈ വെല്ലുവിളിയെ കൂടുതൽ സങ്കീർണമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിംസ്റ്റെക് മേഖലയിലുടനീളമുള്ള ദുരന്തനിവാരണ സഹകരണം തൻ്റെ ഏറ്റവും ഉയർന്ന മുൻഗണനകളിൽ ഒന്നാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിൽ ഒരു "ബിംസ്റ്റെക് ദുരന്തനിവാരണ കേന്ദ്രം" സ്ഥാപിക്കാൻ നിർദ്ദേശിച്ച കാര്യം അദ്ദേഹം അനുസ്മരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ ഈ കേന്ദ്രം സ്ഥാപിക്കാൻ  പദ്ധതിയിട്ടിരിക്കുന്നതിൽ ശ്രീ ഷാ സന്തോഷം പ്രകടിപ്പിച്ചു. മേഖലയിലുടനീളമുള്ള ദുരന്ത സാഹചര്യങ്ങളിൽ ആദ്യം സഹായമെത്തിക്കുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യ വഹിക്കുന്ന മാതൃകാപരമായ പങ്ക് ഈ സംരംഭം അടിവരയിടുന്നു. നിർദ്ദിഷ്ട കേന്ദ്രത്തിൻ്റെ പ്രവർത്തനം യാഥാർത്ഥ്യമാക്കുന്നതിൽ സജീവമായി പങ്കാളികളാകാൻ അദ്ദേഹം അംഗരാജ്യങ്ങളോട് അഭ്യർത്ഥിച്ചു.

ഒരു അംഗരാജ്യത്തിൻ്റെ സുരക്ഷ എന്നത് മുഴുവൻ മേഖലയുടെയും സുരക്ഷയെ ശക്തിപ്പെടുത്തുന്നതാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. സമാധാനപരവും സുരക്ഷിതവും സമൃദ്ധവുമായ ബംഗാൾ ഉൾക്കടൽ മേഖലയ്ക്കായി എല്ലാ അംഗരാജ്യങ്ങളുമായും പരസ്പരവിശ്വാസവും ബഹുമാനവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും, ഈ യോഗത്തിൽ നിന്ന് വ്യക്തമായ ഫലങ്ങൾ കൈവരിക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചപ്പോൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേതൃത്വം നൽകി. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ ബിംസ്റ്റെക് അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങൾ യോഗത്തിൽ പങ്കെടുത്തു.

മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിന് പിന്നാലെ നടന്ന ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗം, സുരക്ഷാ മേഖലയിൽ ബിംസ്റ്റെക് കൈക്കൊണ്ട വിവിധ സംരംഭങ്ങൾ അവലോകനം ചെയ്യുന്നതിനും ഉയർന്നുവരുന്ന സുരക്ഷാ ഭീഷണികളെ നേരിടുന്നതിന് പ്രാദേശിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഭാവി പ്രവർത്തനരൂപരേഖ തയ്യാറാക്കുന്നതിനും അവസരമൊരുക്കി.
 
ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർ താഴെപ്പറയുന്നവയ്ക്ക് അംഗീകാരം നൽകി:

1. മനുഷ്യക്കടത്തിനെതിരായ ബിംസ്റ്റെക് കൺവെൻഷൻ:  മനുഷ്യക്കടത്ത് തടയുക, ഈ കുറ്റകൃത്യത്തെ നിയമവിരുദ്ധവും ശിക്ഷാർഹവുമാക്കുക, മനുഷ്യക്കടത്തിന് ഇരയായവരെ സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക എന്നീ മേഖലകളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.

2. മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ബിംസ്റ്റെക് കർമ്മപദ്ധതി: മയക്കുമരുന്നുകൾ, സൈക്കോട്രോപിക് പദാർത്ഥങ്ങൾ, മയക്കുമരുന്ന് നിർമ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവയുടെ അനധികൃത കടത്ത് തടയുകയാണ് ഇതിൻ്റെ ലക്ഷ്യം.

3. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായവും തടയുന്നതിനായി ബിംസ്റ്റെക് രാജ്യങ്ങൾ തമ്മിലുള്ള ശേഷി വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രം: വിദഗ്ദ്ധർക്ക് പരിശീലനം നൽകുക, മികച്ച പ്രവർത്തനമാതൃകകൾ പങ്കുവെക്കുക എന്നിവയ്ക്കു പുറമേ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, സാമ്പത്തിക രഹസ്യവിവരശേഖരണം, അന്വേഷണങ്ങൾ, കണ്ടുകെട്ടിയ ആസ്തികൾ വീണ്ടെടുക്കൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ, ഭീകരവാദത്തിന് ധനസഹായം നൽകുന്നത് തടയൽ, വിനാശകാരികളായ ആയുധങ്ങളുടെ വ്യാപനത്തിനുള്ള ധനസഹായം തടയൽ എന്നീ മേഖലകളിൽ വിപുലമായ സഹകരണം ഉറപ്പാക്കാനും ഈ ധാരണാപത്രം ലക്ഷ്യമിടുന്നു.

4. അനധികൃത സാമ്പത്തിക ഇടപാടുകളും അവ തടയലും സംബന്ധിച്ച ബിംസ്റ്റെക് കർമ്മപദ്ധതി: ബിംസ്റ്റെക് അംഗരാജ്യങ്ങൾക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകളുടെ ഉറവിടങ്ങൾ, അപകടസാധ്യതകൾ, അവയ്ക്കുള്ള വഴികൾ എന്നിവ കണ്ടെത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

5. ബംഗാൾ ഉൾക്കടൽ മേഖലയിലെ പ്രകൃതിദുരന്തങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള കർമ്മപദ്ധതി : പ്രാദേശിക ദുരന്തസാധ്യതാ ആസൂത്രണം, സംയുക്ത അഭ്യാസങ്ങൾ, മുൻ‌കൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ, ദുരന്തസാധ്യതാ ഭൂപടങ്ങൾ തയ്യാറാക്കൽ, പരിശീലന കേന്ദ്രങ്ങൾ, വിവര കൈമാറ്റം, ഗവേഷണം, സാങ്കേതിക നവീകരണം, സുനാമി അപകടസാധ്യത കുറയ്ക്കൽ തുടങ്ങിയ മേഖലകളിൽ അംഗരാജ്യങ്ങൾ ഏകോപിതമായി പ്രവർത്തിക്കണമെന്ന് ഈ കർമ്മപദ്ധതി നിർദേശിക്കുന്നു.

ബിംസ്റ്റെക്കിന് കീഴിലുള്ള സുരക്ഷാ സഹകരണത്തിന് വഴികാട്ടുന്ന വിവിധ തത്വങ്ങൾ വ്യക്തമാക്കുന്ന ഡൽഹി പ്രഖ്യാപനം ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗം അംഗീകരിച്ചു. പ്രഖ്യാപനത്തിലൂടെ പ്രാദേശിക സമാധാനം, സുരക്ഷ, വികസനം എന്നിവയ്ക്കായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത അംഗരാജ്യങ്ങൾ വീണ്ടും ഉറപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം, ഭീകരവാദത്തിനുള്ള  ധനസഹായം, തീവ്രവാദവൽക്കരണം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, സൈബർ കുറ്റകൃത്യങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കുന്നതിന് പ്രഖ്യാപനം ഊന്നൽ നൽകി. വിവര കൈമാറ്റം, പരസ്പര നിയമസഹായം, കുറ്റവാളികളെ കൈമാറൽ, ശേഷി വർദ്ധിപ്പിക്കൽ, നിലവിലുള്ള കരാറുകളുടെയും കർമ്മപദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കൽ എന്നിവയ്ക്ക് മുൻഗണന നൽകുകയും ചെയ്തു. ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെടാൻ നിർബന്ധിതരാകുന്ന മനുഷ്യക്കടത്തിന് ഇരയായവരുടെ സംരക്ഷണത്തിനും പ്രഖ്യാപനം ഊന്നൽ നൽകി. പ്രാദേശിക സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യ വഹിക്കുന്ന നേതൃത്വത്തെ പ്രഖ്യാപനം അഭിനന്ദിച്ചു.

പോലീസ് പരിശീലനം, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, ഫോറൻസിക് അന്വേഷണങ്ങൾ എന്നിവയിലെ വൈദഗ്ധ്യം പങ്കുവെക്കാനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു. ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കാൻ നിർദ്ദേശിച്ചിട്ടുള്ള 'ബിംസ്റ്റെക് ദുരന്തനിവാരണ കേന്ദ്രം' ഉൾപ്പെടെയുള്ള ദുരന്തനിവാരണ രംഗത്തെ സഹകരണത്തിനും യോഗം ഊന്നൽ നൽകി. 
 
ബിംസ്റ്റെക് മേഖലയെ കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നു ഈ യോഗം.
 
ദക്ഷിണേഷ്യയിലെയും  തെക്കുകിഴക്കൻ ഏഷ്യയിലെയും ഉപമേഖലകളെ ബന്ധിപ്പിക്കുന്ന സുപ്രധാന സ്ഥാപനപരമായ കണ്ണിയായി പ്രവർത്തിക്കുന്ന 'ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷൻ' (BIMSTEC), ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മ്യാൻമർ, നേപ്പാൾ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ തമ്മിലുള്ള ബഹുമുഖ സഹകരണവും കൂട്ടായ സുരക്ഷയും സാമ്പത്തിക പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നു.

സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനായി ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ തലത്തിൽ യോഗങ്ങൾ വിളിച്ചുചേർക്കാൻ 2018-ൽ നടന്ന നാലാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ തീരുമാനിച്ചിരുന്നു. പ്രാദേശിക സുരക്ഷാ സഹകരണം കൂടുതൽ  ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായി, ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഈ സംരംഭത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ബിംസ്റ്റെക് ആഭ്യന്തര മന്ത്രിമാരുടെ പ്രഥമ യോഗത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
 
****

( റിലീസ് ഐ.ഡി: 2323022) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: Assamese , English , Urdu , Marathi , Gujarati , Odia , Tamil , Kannada