റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യൻ റെയിൽവേയിൽ 3,548 ബിരുദതല എൻ.ടി.പി.സി. ഒഴിവുകൾ പ്രഖ്യാപിച്ചു; ഉദ്യോഗാർത്ഥികളായ യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറക്കുന്നു

പോസ്റ്റഡ് ഓണ്‍: 11 OCT 2026 11:16AM by PIB Thiruvananthpuram
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡുകൾ (RRB) പുറപ്പെടുവിച്ച സെൻട്രൽ എംപ്ലോയ്‌മെന്റ് നോട്ടീസ്‌ (CEN) നമ്പർ 06/2026 പ്രകാരം നോൺ-ടെക്നിക്കൽ പോപ്പുലർ കാറ്റഗറീസിന് (NTPC–ഗ്രാജുവേറ്റ്) കീഴിൽ ബിരുദതലത്തിലുള്ള 3,548 ഒഴിവുകൾ ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചു. യോഗ്യരായ ബിരുദധാരികൾക്ക് ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യാനും രാജ്യത്തെ ഏറ്റവും വലിയ പൊതുസേവന പ്രസ്ഥാനങ്ങളിലൊന്നിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുമുള്ള അവസരമാണ് ഈ റിക്രൂട്ട്‌മെന്റ് നൽകുന്നത്.
 
ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, ഗുഡ്‌സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ നാല് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. രാജ്യത്തുടനീളമുള്ള റെയിൽവേ സേവനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് പിന്തുണ നൽകുന്ന വാണിജ്യ സേവനങ്ങൾ, ട്രെയിൻ പ്രവർത്തനങ്ങൾ, അക്കൗണ്ട്സ് , ഭരണനിർവഹണം എന്നിവയിലായി ഈ തസ്തികകൾ തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
 
ആകെ 3,548 ഒഴിവുകളിൽ 2,750 എണ്ണം ഗുഡ്‌സ് ട്രെയിൻ മാനേജർ തസ്തികയിലേക്കാണ്. കൂടാതെ സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് -371, ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് -300 , ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ -127 എന്നിങ്ങനെയാണ് മറ്റു ഒഴിവുകൾ. റെയിൽവേയുടെ ഭരണനിർവഹണത്തിന്റെ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രവർത്തിക്കാൻ ബിരുദധാരികൾക്ക് ഈ ഒഴിവുകൾ അവസരമൊരുക്കുന്നു.
 
ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ പ്രകാരമുള്ള തുടക്ക അടിസ്ഥാന ശമ്പളമാണ് ഈ തസ്തികകൾക്ക് ലഭിക്കുക. പേ ലെവൽ 6-ൽ ഉള്ള ചീഫ് കൊമേഴ്‌സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ തസ്തികയ്ക്ക് പ്രതിമാസം ₹35,400 തുടക്ക അടിസ്ഥാന ശമ്പളമുണ്ട്. മറ്റ് മൂന്ന് തസ്തികകൾക്കും പേ ലെവൽ 5-ൽ പ്രതിമാസം ₹29,200 തുടക്ക അടിസ്ഥാന ശമ്പളം ലഭിക്കും. അലവൻസുകളും സേവന വ്യവസ്ഥകളും ബന്ധപ്പെട്ട നിയമങ്ങൾക്ക് വിധേയമായിരിക്കും.
 
പ്രധാന തീയതികളും യോഗ്യതാ മാനദണ്ഡങ്ങളും:
ഓൺലൈൻ അപേക്ഷാ നടപടികൾ 2026 ഒക്ടോബർ 8-ന് ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2026 നവംബർ 6 രാത്രി 11:59 വരെ അപേക്ഷകൾ സമർപ്പിക്കാം. പരീക്ഷാ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി 2026 നവംബർ 8 ആണ്. അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള സൗകര്യം 2026 നവംബർ 9 മുതൽ നവംബർ 18 വരെ ലഭ്യമാകും.
 
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമോ
തത്തുല്യ യോഗ്യതയോ ഉള്ളവരായിരിക്കണം. കൂടാതെ തസ്തിക അനുസരിച്ചുള്ള യോഗ്യതാ നിബന്ധനകൾ പൂർത്തിയാക്കുകയും വേണം. വിജ്ഞാപനം അനുസരിച്ച് 2027 ജനുവരി 1 അടിസ്ഥാനമാക്കി പ്രായപരിധി 18-33 വയസ്സാണ്. നിയമാനുസൃതമായി അർഹരായ വിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുകൾ ലഭിക്കും.
 
യോഗ്യരായ ബിരുദധാരികൾ വിശദമായ വിജ്ഞാപനം പരിശോധിച്ച്, താല്പര്യമുള്ള തസ്തികകളുടെ യോഗ്യതകൾ ഉറപ്പുവരുത്തി നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷാ നടപടികൾ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു.
 
അർഹരായ ഉദ്യോഗാർത്ഥികൾക്ക് വ്യവസ്ഥകളോടെയുള്ള മെരിറ്റ് അധിഷ്ഠിത തിരഞ്ഞെടുപ്പ്:
 
ആദ്യ ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), രണ്ടാം ഘട്ട കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT), തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധന, വൈദ്യപരിശോധന എന്നിവ അടങ്ങുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. മെരിറ്റും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്. അർഹരായ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി സംവരണം, പ്രായത്തിൽ ഇളവ്, സ്ക്രൈബ് സഹായം, കൂടുതൽ സമയം എന്നിവ റിക്രൂട്ട്‌മെന്റ് ചട്ടങ്ങൾ നൽകുന്നുണ്ട്.
 
ജൂനിയർ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകൾക്ക് കമ്പ്യൂട്ടർ അധിഷ്ഠിത ടൈപ്പിംഗ് സ്കിൽ ടെസ്റ്റ് (CBTST) ഒഴിവാക്കിയിട്ടുണ്ട് എന്നതാണ് CEN നമ്പർ 06/2026-ലെ മറ്റൊരു പ്രധാന വ്യവസ്ഥ. എന്നിരുന്നാലും, ഉദ്യോഗാർത്ഥികൾക്ക് അടിസ്ഥാന കമ്പ്യൂട്ടർ, ടൈപ്പിംഗ് പ്രാവീണ്യം ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ജോലിയിൽ പ്രവേശിച്ച ശേഷം വിജ്ഞാപനത്തിൽ വ്യക്തമാക്കിയത് പോലെ ഇത് വിലയിരുത്തുന്നതായിരിക്കും.
 
ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി റിക്രൂട്ട്‌മെന്റ് വിവരങ്ങൾ ലഭ്യമാണ്:
വിശദമായ വിജ്ഞാപനം, ഒഴിവുകളുടെ എണ്ണം , യോഗ്യതാ മാനദണ്ഡങ്ങൾ, റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതിയ വിവരങ്ങൾ എന്നിവ ഔദ്യോഗിക റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് വഴി ലഭിക്കും:
ആർ.ആർ.ബി. ഔദ്യോഗിക വെബ്‌സൈറ്റ്: https://rrb.indianrailways.gov.in ഓൺലൈൻ അപേക്ഷാ പോർട്ടൽ: https://www.rrbapply.gov.in റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഈ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളെ മാത്രം ആശ്രയിക്കാൻ ഉദ്യോഗാർത്ഥികളോട് നിർദ്ദേശിക്കുന്നു.
 
 
****

( റിലീസ് ഐ.ഡി: 2321944) സന്ദര്‍ശക കൗണ്ടര്‍ : 19
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Telugu , Kannada