യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

മൈ ഭാരത് - എൻ.എസ്.എസ് സംയുക്തമായി രാജ്യത്തുടനീളം സംഘടിപ്പിച്ച ലഹരിമുക്ത യുവ അഭിയാൻ്റെ 'യുവ സംവാദ മേള' ഒന്നാം ഘട്ടം സമാപിച്ചു; പങ്കെടുത്തത് ഒരു ലക്ഷത്തിലധികം യുവാക്കൾ

പോസ്റ്റഡ് ഓണ്‍: 10 OCT 2026 4:35PM by PIB Thiruvananthpuram
കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം 'മൈ ഭാരത്', നാഷണൽ സർവീസ് സ്കീം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച 'യുവ സംവാദ മേള' വിജയകരമായി പൂർത്തിയായി. 100 ആഴ്ച നീളുന്ന 'സങ്കൽപ് അഭിയാൻ്റെ' ഒന്നാം ഘട്ട സമാപനത്തോടനുബന്ധിച്ച് 2026 ഒക്ടോബർ 9-നാണ് രാജ്യവ്യാപകമായി ഈ പരിപാടി സംഘടിപ്പിച്ചത്. 'എൻ്റെ ആരോഗ്യം, എൻ്റെ അഭിമാനം' എന്ന പ്രമേയത്തിലായിരുന്നു പരിപാടി നടത്തിയത്.
 
തിരഞ്ഞെടുക്കപ്പെട്ട 200 കേന്ദ്രങ്ങളിലും അവ ദത്തെടുത്ത ഗ്രാമങ്ങളിലുമായി നടന്ന പ്രചാരണ പരിപാടികളിൽ ആകെ 1,06,855 പേർ പങ്കെടുത്തു. ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനെക്കുറിച്ച് ബോധവൽക്കരണം ശക്തമാക്കുന്നതിനും, ലഹരിമുക്തവും ആരോഗ്യപൂർണ്ണവുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിനുമായി യുവാക്കളെയും പ്രദേശവാസികളെയും ഒരുമിപ്പിച്ചാണ് ഈ സംരംഭം സംഘടിപ്പിച്ചത്.
 
15 എൻ.എസ്.എസ് റീജിയണൽ ഡയറക്ടറേറ്റുകളിലായി നടപ്പിലാക്കിയ നാലാം ആഴ്ചയിലെ പരിപാടികളിലൂടെ, ലക്ഷ്യമിട്ട 200 സ്ഥാപനങ്ങളിലും 100 ശതമാനം പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. പ്രചാരണത്തിലൂടെ 93,662 യുവാക്കളെ നേരിട്ട് പങ്കാളികളാക്കിയതിനൊപ്പം ഗ്രാമങ്ങളിലും ചേരി പ്രദേശങ്ങളിലും നടത്തിയ പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ 13,193 പൗരന്മാരിലേക്ക് കൂടി വിവരങ്ങൾ എത്തിക്കാൻ കഴിഞ്ഞു. സാധാരണ പ്രതിജ്ഞയെടുക്കൽ ചടങ്ങുകൾക്കപ്പുറം, ലഹരി ഉപയോഗത്തിൻ്റെ ദോഷഫലങ്ങളെക്കുറിച്ച് ശാസ്ത്രീയമായ ധാരണ വളർത്തുന്നതിനായി
സംവാദങ്ങൾ, പൊതുജന ബോധവൽക്കരണം, സാംസ്കാരിക പരിപാടികൾ എന്നിവയ്ക്കാണ് യുവ സംവാദ മേള പ്രാധാന്യം നൽകിയത്.
 
ദേശീയതലത്തിൽ നടന്ന ഈ മുന്നേറ്റത്തിന് മൂന്ന് പ്രധാന ഘടകങ്ങളാണ് ഉണ്ടായിരുന്നത്: യുവജന സംവാദം, ബോധവൽക്കരണ സ്റ്റാളുകൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ. ഇതിൽ യുവജന സംവാദത്തിൻ്റെ ഭാഗമായി 509 സംവേദനാത്മക സെമിനാറുകളും ഓപ്പൺ ഫോറങ്ങളും സംഘടിപ്പിച്ചു. അധ്യാപകരും പ്രാദേശിക നേതാക്കളും പങ്കെടുത്ത ഈ ചർച്ചകളിൽ, ലഹരി ഉപയോഗത്തിൻ്റെ മൂലകാരണങ്ങൾ, കൂട്ടുകാരിൽ നിന്നുള്ള സമ്മർദ്ദം, ലഹരിവിരുദ്ധ പ്രതിരോധ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് 36,086 യുവാക്കൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെച്ചു.
 
ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എൻ.എസ്.എസ് വോളൻ്റിയർമാർ രാജ്യത്തുടനീളം 396 വിവര ശേഖരണ സ്റ്റാളുകളും കിയോസ്കുകളും സ്ഥാപിച്ചു. ലഹരി ഉപയോഗത്തിൻ്റെ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കാനും ലഭ്യമായ കൗൺസിലിംഗ് സൗകര്യങ്ങളെക്കുറിച്ച് പൊതുജനങ്ങളെ പരിചയപ്പെടുത്താനും ഈ സ്റ്റാളുകളിലൂടെ സാധിച്ചു. 32,909 പേരാണ് ഈ ബോധവൽക്കരണ സ്റ്റാളുകൾ സന്ദർശിച്ചത്. ഇതിന് പുറമെ, തെരുവ് നാടകങ്ങൾ, ലഘുനാടകങ്ങൾ, സംഗീത പരിപാടികൾ എന്നിവയുൾപ്പെടെ 587 സാംസ്കാരിക പ്രകടനങ്ങളും സംഘടിപ്പിച്ചു. പ്രാദേശിക പ്രാധാന്യമുള്ള ഇത്തരം സർഗ്ഗാത്മക മാധ്യമങ്ങളിലൂടെ 24,944 പേരിലേക്ക് ലഹരിമുക്ത ഇന്ത്യ എന്ന സന്ദേശം എത്തിക്കാൻ ഈ പരിപാടികൾക്ക് കഴിഞ്ഞു.
 
ഈ ദേശീയ കാമ്പയിനിൽ പെൺകുട്ടികളുടെ സജീവ പങ്കാളിത്തവും ഏറെ ശ്രദ്ധേയമായി. ആകെ പങ്കെടുത്ത യുവാക്കളിൽ 48,269 പേർ സ്ത്രീകളും 45,618 പേർ പുരുഷന്മാരുമാണ്. ലഹരിവിരുദ്ധ ബോധവൽക്കരണ മുന്നേറ്റത്തിൽ യുവതികളുടെ ശക്തമായ സാന്നിധ്യമാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. എൻ.എസ്.എസ് വോളൻ്റിയർമാരുടെയും യുവാക്കളുടെയും ഈ സജീവ ഇടപെടൽ വഴി ആരോഗ്യത്തിൻ്റെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും സമീപ ഗ്രാമങ്ങളിലേക്കും വിജയകരമായി എത്തിക്കാൻ ഈ കാമ്പയിനിലൂടെ സാധിച്ചു.
 
താഴെത്തട്ടിൽ നടന്ന ഈ ജനകീയ മുന്നേറ്റത്തിന് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ കൂടുതൽ കരുത്ത് പകർന്നു. കാമ്പയിൻ്റെ യുവ അംബാസഡർമാർ #NashaMuktYuva എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് 935 സോഷ്യൽ മീഡിയ പോസ്റ്റുകളാണ് പങ്കുവെച്ചത്. ഈ ഡിജിറ്റൽ ഇടപെടലുകൾ പ്രാദേശിക തലത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ജനപ്രീതി വർദ്ധിപ്പിക്കുകയും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് ലഹരിവിരുദ്ധ സന്ദേശം എത്തിക്കാൻ സഹായിക്കുകയും ചെയ്തു.
 
100 ആഴ്ചത്തെ 'സങ്കൽപ് അഭിയാൻ്റെ' ഒന്നാം മാസത്തെ വിജയകരമായ സമാപനം, കാമ്പയിൻ്റെ അടുത്ത ഘട്ടത്തിന് ശക്തമായ അടിത്തറ പാകി. 'കായികക്ഷമതയുള്ള യുവത്വം, ലഹരിമുക്ത യുവത്വം' എന്ന പ്രമേയത്തിൽ ഊന്നിയായിരിക്കും രണ്ടാം മാസത്തെ പ്രവർത്തനങ്ങൾ. യുവാക്കൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും, ലഹരി ഉപയോഗം തടയുന്നതിൽ കായിക വിനോദങ്ങൾക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനും ഈ ഘട്ടത്തിൽ മുൻഗണന നൽകും.
 
മൈ ഭാരത്, എൻ.എസ്.എസ്, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രാദേശിക കൂട്ടായ്മകൾ എന്നിവയുടെ നിരന്തരമായ പങ്കാളിത്തത്തിലൂടെ, കൂടുതൽ ആരോഗ്യകരവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു ലഹരിമുക്ത ഇന്ത്യ  കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനങ്ങൾ കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നു. യുവാക്കളുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണം, ജനകീയ പങ്കാളിത്തം, കൂട്ടായ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഈ ജനകീയ മുന്നേറ്റം വലിയ ഊർജമാണ് പകരുന്നത്.
 
 
***

( റിലീസ് ഐ.ഡി: 2321799) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Assamese , Tamil , Telugu