153-ാമത് ഇൻ്റർ പാർലമെൻ്ററി യൂണിയൻ അസംബ്ലിയുടെ ഭാഗമായി നടന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ശ്രീ ഹരിവംശിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പാർലമെൻ്ററി സംഘം പങ്കെടുത്തു. ഇൻ്റർ പാർലമെൻ്ററി യൂണിയൻ പുതിയ പ്രസിഡൻ്റിൻ്റെ തിരഞ്ഞെടുപ്പ്, വിദഗ്ധ യോഗങ്ങളുടെ റിപ്പോർട്ടുകൾ സമർപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്കായി അനുവദിച്ച മൂന്ന് വോട്ടുകൾ രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ്, ലോക്സഭാ എം.പിമാരായ ശ്രീ അനുരാഗ് സിംഗ് താക്കൂർ, ശ്രീമതി കമൽജീത് സെഹ്‌രാവത് എന്നിവർ രേഖപ്പെടുത്തി.
രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പിൽ ഓസ്‌ട്രേലിയൻ ഹൗസ് ഓഫ് റെപ്രസെൻ്റേറ്റീവ്സ് സ്പീക്കർ മിൽട്ടൺ ഡിക്ക് പുതിയ ഐ.പി.യു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടതായി നിലവിലെ പ്രസിഡൻ്റ് പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നയുടൻ ശ്രീ ഹരിവംശും മറ്റ് ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധികളും മിൽട്ടൺ ഡിക്കിനെ നേരിട്ടുകണ്ട് അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
പുതിയ ഐ.പി.യു പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ട മിൽട്ടൺ ഡിക്കിന് ബഹുമാനപ്പെട്ട ലോക്സഭാ സ്പീക്കറുടെ അഭിനന്ദനക്കത്ത് രാജ്യസഭാ എം.പി ഡോ. സസ്മിത് പത്ര നേരിട്ട് കൈമാറി.
ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം ചേർന്ന അസംബ്ലി സമ്മേളനത്തിൽ അരുഷ പ്രഖ്യാപനം ഔദ്യോഗികമായി അംഗീകരിച്ചു. ജനാധിപത്യം, മനുഷ്യാവകാശം എന്നിവയ്ക്കായുള്ള സ്റ്റാൻഡിംഗ് കമ്മിറ്റി സമർപ്പിച്ച ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ശാക്തീകരണവും സംബന്ധിച്ച പ്രമേയവും അസംബ്ലി പാസാക്കി. ഇതിനുപുറമെ, ഹിമാലയൻ മേഖലകളിലും മറ്റ് ദുർബല പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള അടിയന്തര പാർലമെൻ്ററി നടപടികൾ ആവശ്യപ്പെടുന്ന പ്രത്യേക പ്രമേയവും സമ്മേളനത്തിൽ അംഗീകരിച്ചു.
പ്രമേയങ്ങൾ പാസാക്കിയതിന് പിന്നാലെ താൻസാനിയൻ നാഷണൽ അസംബ്ലി സ്പീക്കറും സമ്മേളനത്തിൻ്റെ പ്രസിഡൻ്റുമായ മൂസ അസ്സാൻ സുങ്കു അസംബ്ലി സമാപിച്ചതായി പ്രഖ്യാപിച്ചു.
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 5 മുതൽ 9 വരെ താൻസാനിയയിലെ അരുഷയിൽ നടന്ന 153-ാമത് ഐ.പി.യു അസംബ്ലിയിൽ പങ്കെടുത്ത ഇന്ത്യൻ പാർലമെൻ്ററി പ്രതിനിധി സംഘത്തിൻ്റെ സന്ദർശനം ഏറെ ഫലപ്രദമായിരുന്നു. സമ്മേളനത്തിലുടനീളം സജീവമായി ഇടപെട്ട ഇന്ത്യൻ സംഘം, വിവിധ പ്രമേയങ്ങൾ രൂപീകരിക്കുന്നതിലും ഐ.പി.യു അസംബ്ലിയുടെ അന്തിമ തീരുമാനങ്ങളിലും നിർണായക സംഭാവനകൾ നൽകിയാണ് മടങ്ങിയത്.