വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ശിവാജി ഗണേശൻ അഭിനയിച്ച ചരിത്രപ്രസിദ്ധമായ മൂന്ന് തമിഴ് ചലച്ചിത്ര പ്രിൻ്റുകൾ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയ്ക്ക് സമ്മാനിച്ചു

പോസ്റ്റഡ് ഓണ്‍: 08 OCT 2026 11:40AM by PIB Thiruvananthpuram

ശിവാജി ഗണേശൻ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച്  എ. പി. നാഗരാജൻ സംവിധാനം  ചെയ്ത മൂന്ന് തമിഴ് ക്ലാസിക് ചലച്ചിത്രങ്ങളുടെ 35mm പ്രിൻ്റുകൾ എഫ്.ടി.ഐ.ഐ.യിലെ (FTII) ഫിലിം റിസർച്ച് ഓഫീസറായ അപർണ സുബ്രഹ്മണ്യൻ സ്വീകരിക്കുകയും പൂനെയിലെ എൻ.എഫ്.ഡി.സി–നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയ്ക്ക് (NFDC–NFAI) കൈമാറുകയും ചെയ്തു.

തിരു വരുട്‌ചെൽവർ (1967), തില്ലാന മോഹനാമ്പാൾ (1968), തിരുവിളയാടൽ (1965) എന്നീ ചിത്രങ്ങളാണ്  ദേശീയ ശേഖരത്തിൻ്റെ ഭാഗമായത്. ഇതിൽ തിരു വരുട്‌ചെൽവർ എന്ന സിനിമയുടെ ഒരു ഫോർമാറ്റിലുള്ള പതിപ്പും ഇതുവരെ എൻ.എഫ്.എ.ഐയുടെ പക്കൽ ഇല്ലായിരുന്നതിനാൽ, ഈ ചിത്രം ലഭിച്ചതിലൂടെ  ആർക്കൈവിലെ വലിയൊരു കുറവ്  പരിഹരിക്കപ്പെട്ടു. കൂടാതെ തില്ലാന മോഹനാമ്പാൾ, തിരുവിളയാടൽ എന്നീ ചിത്രങ്ങളുടെ ലഭ്യമായ രണ്ടാമത്തെ റിലീസ് പ്രിൻ്റുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.  തമിഴ് സിനിമയിലെ പ്രമുഖമായ ഈ രണ്ട് സൃഷ്ടികളുടെയും ലഭ്യത ആർക്കൈവൽ സംരക്ഷണം കൂടുതൽ സമ്പന്നമാക്കുന്നു.

ശേഖരത്തിലേക്ക് മൂന്ന് ചിത്രങ്ങൾ കൂടി കൂട്ടിച്ചേർക്കപ്പെട്ടു എന്നതിലുപരി വലിയ പ്രാധാന്യമാണ് ഈ നേട്ടത്തിനുള്ളത്. ലഭ്യമായ രണ്ടാമതൊരു പ്രിൻ്റ്  കൂടിയുള്ളത്, ഈ സിനിമകളുടെ സംരക്ഷണവും ഉപയോഗവും കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ എൻ.എഫ്.എ.ഐയെ  സഹായിക്കും.  ഒരു പ്രിൻ്റ്   സുരക്ഷിതമായി സൂക്ഷിക്കുമ്പോൾ തന്നെ, രണ്ടാമത്തെ പ്രിൻ്റ്  റഫറൻസ്, സാങ്കേതിക വിലയിരുത്തൽ, ഡിജിറ്റൈസേഷൻ, താരതമ്യ പഠനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ അവസരമൊരുക്കും.

 



 

ശ്രീമതി അപർണ സുബ്രഹ്മണ്യൻ, ഫിലിം റീൽ- എൻ.എഫ്.ഡി.സി എം.ഡി ശ്രീ പ്രകാശ് മഗ്ദും, എൻ.എഫ്.ഡി.സി–എൻ.എഫ്.എ.ഐ ഉദ്യോഗസ്ഥരായ ശ്രീ ഭവേഷ് പ്രതാപ് സിംഗ്, ശ്രീമതി ലീനാലി ഖൈർനാർ എന്നിവർക്ക് കൈമാറും .

 "ഇന്ത്യയുടെ ചലച്ചിത്ര പാരമ്പര്യത്തിൻ്റെ സംരക്ഷണം സ്ഥാപനങ്ങളുടെ ശേഖരങ്ങളെ മാത്രം ആശ്രയിച്ചുള്ളതല്ല, മറിച്ച് നിലവിലുള്ള ഫിലിം മെറ്റീരിയലുകൾ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യംതിരിച്ചറിയുന്ന വ്യക്തികളുടെയും സംഘടനകളുടെയും ശ്രമങ്ങളെക്കൂടി ആശ്രയിച്ചാണ് ഇരിക്കുന്നത്. പ്രധാനപ്പെട്ട ഈ മൂന്ന് തമിഴ് ചിത്രങ്ങൾ കൂടി നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയുടെ ഭാഗമാകുന്നതോടെ ദേശീയ ശേഖരം കൂടുതൽ സമ്പന്നമാകുകയും, ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയമായ ഈ സൃഷ്ടികൾ വരും തലമുറകൾക്കും ലഭ്യമാകുമെന്ന് ഉറപ്പാക്കാൻ സാധിക്കുകയും ചെയ്യുന്നു. ഈ പ്രിൻ്റുകൾ കണ്ടെത്താനും അവ ദേശീയ ആർക്കൈവിൻ്റെ സംരക്ഷണയിലേക്ക് കൈമാറാനും എടുത്ത പരിശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു." നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ്  കോർപ്പറേഷൻ (NFDC) മാനേജിംഗ് ഡയറക്ടർ പ്രകാശ് മഗ്ദും പറഞ്ഞു.

 "കഴിഞ്ഞ മൂന്നര വർഷമായി ഞാൻ ഫിലിം പ്രിൻ്റുകൾ വീണ്ടെടുക്കുകയും ശേഖരിക്കുകയും ചെയ്തുവരികയാണ്. ഈ വർഷം ആദ്യം, 2026 ജനുവരിയിൽ, രക്തക്കണ്ണീർ(1954) എന്ന ചിത്രത്തിൻ്റെ പ്രിൻ്റ്  ഞാൻ എൻ.എഫ്.എ.ഐക്ക് നൽകിയിരുന്നു. എൻ്റെ ശേഖരത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ഈ കൈമാറ്റം ആ ശ്രമങ്ങളുടെ തുടർച്ചയാണ്. അനുയോജ്യമായ സംരക്ഷണ സൗകര്യങ്ങളുള്ള ഒരു പൊതു ആർക്കൈവിൽ ഈ പ്രിൻ്റുകൾ സുരക്ഷിതമായി എത്തിക്കുക എന്നതാണ് എൻ്റെ ലക്ഷ്യം" എന്നാണ് ഈ സംഭാവനയെക്കുറിച്ച് അപർണ സുബ്രഹ്മണ്യൻ പറഞ്ഞത്.

എൻ.എഫ്.എ.ഐയുടെ ശേഖരത്തിൽ തില്ലാന മോഹനാമ്പാൾ എന്ന ചിത്രത്തിൻ്റെ ഒന്നിലധികം ആർക്കൈവൽ പ്രിൻ്റുകൾ ഉണ്ടെങ്കിലും, തിരുവിളയാടൽ എന്ന ചിത്രത്തിൻ്റെ ഒരു പ്രിൻ്റ് മാത്രമാണ് നിലവിൽ  ഉണ്ടായിരുന്നത്. സമ്മാനമായി ലഭിച്ച തിരുവിളയാടൽ എന്ന സിനിമയുടെ പ്രിൻ്റ് , സിനിമാസ്‌കോപ്പ് (CinemaScope) ഫോർമാറ്റിലേക്ക് ഒപ്റ്റിക്കലായി മാറ്റി നിർമ്മിച്ച ഒന്നാണെന്നാണ് കരുതുന്നത്.

ഒരു സ്ഥാപനത്തിൻ്റെ ശേഖരത്തിൽ ഒരു സിനിമയുടെ ഒറ്റ പ്രിൻ്റ്  മാത്രം ബാക്കിയുള്ളപ്പോൾ, കൂടുതൽ ഭൗതിക നാശനഷ്ടങ്ങൾ സംഭവിക്കാതിരിക്കാൻ അതിൻ്റെ ഉപയോഗം വളരെ ശ്രദ്ധയോടെ മാത്രമേ അനുവദിക്കാറുള്ളൂ. എന്നാൽ, രണ്ടാമതൊരു പ്രിൻ്റ്  കൂടി ലഭ്യമാകുമ്പോൾ, ഒരു ഫിലിം പ്രിൻ്റ് സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ടുതന്നെ, റഫറൻസ്, സാങ്കേതിക പരിശോധനകൾ, ഡിജിറ്റൈസേഷൻ, താരതമ്യ പഠനങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാൻ ആർക്കൈവിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്നു. അതുകൊണ്ടുതന്നെ, ആർക്കൈവൽ സംരക്ഷണ കാഴ്ചപ്പാടിൽ ഒരു സിനിമയുടെ ഒന്നിലധികം പ്രിൻ്റുകൾ ലഭ്യമാകുന്നത് വളരെ വിലപ്പെട്ടതാണ്.

 


തില്ലാന മോഹനാമ്പാൾ (1968) എന്ന ചിത്രത്തിൽ നിന്നുള്ള ഫ്രെയിമുകൾ.

 

പുതായി ലഭിച്ച മൂന്ന് പ്രിൻ്റുകളിലും മജന്ത നിറം മങ്ങുകയും പ്രൊജക്റ്ററിൽ ഓടിച്ചതിൻ്റെ ലംബമായ വരകൾ വീഴുകയും ചെയ്തിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിലും അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിലും പതിറ്റാണ്ടുകളോളം സൂക്ഷിച്ചതിൻ്റെയും ഉപയോഗിച്ചതിൻ്റെയും ഫലമായാണ് ഇങ്ങനെ സംഭവിക്കുന്നത്.  നിലവിലുള്ള ഫിലിം പ്രിൻ്റുകൾ ഔദ്യോഗിക ആർക്കൈവൽ ശേഖരങ്ങളിൽ സുരക്ഷിതമായി എത്തിക്കേണ്ടതിൻ്റെ പ്രാധാന്യത്തെയാണ് ഈ അവസ്ഥ സൂചിപ്പിക്കുന്നത്.

2026 ഓഗസ്റ്റിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രിൻ്റുകൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. തില്ലാന മോഹനാമ്പാൾ ചെന്നൈയിൽ നിന്ന് കണ്ടെത്തുകയും, എഫ്.ടി.ഐ.ഐ യിലെ  പൂർവ്വ വിദ്യാർത്ഥിയായ സായ് സഞ്ജയിൻ്റെ സഹായത്തോടെ ശേഖരിച്ച് പൂനെയിലേക്ക് എത്തിക്കുകയും ചെയ്തു. തുടർന്ന് ലഭിച്ച സൂചനകളിലൂടെയാണ് തിരുവിളയാടൽ, തിരു വരുട്‌ചെൽവർ എന്നീ ചിത്രങ്ങളും വീണ്ടെടുത്തത്. തിരു വരുട്‌ചെൽവർ എന്ന ചിത്രത്തിൻ്റെ ഒരു കോപ്പി പോലും എൻ.എഫ്.എ.ഐയുടെ പക്കലില്ല എന്ന് മനസ്സിലാക്കിയതോടെ, അപർണ സുബ്രഹ്മണ്യൻ ആ  പ്രിൻ്റ്   ആർക്കൈവിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് മുൻഗണന നൽകി. 2026 സെപ്റ്റംബർ 13-നാണ് ഈ മൂന്ന് പ്രിൻ്റുകളും ചെന്നൈയിൽ നിന്ന് ശേഖരിക്കുകയും തുടർന്ന് എൻ.എഫ്.എ.ഐക്ക് കൈമാറുകയും ചെയ്തത്.

നിലവിലുള്ള ഫിലിം പ്രിൻ്റുകൾ കണ്ടെത്താനും ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള എൻ.എഫ്.ഡി.സി–എൻ.എഫ്.എ.ഐയുടെ നിരന്തരമായ ശ്രമങ്ങൾക്ക് ഈ നേട്ടം കൂടുതൽ കരുത്തേകുകയും, ഇന്ത്യയുടെ ചലച്ചിത്ര പാരമ്പര്യത്തിൻ്റെ ദേശീയ ശേഖരത്തെ സമ്പന്നമാക്കുകയും ചെയ്യുന്നു. വരുംകാലങ്ങളിലെ ഫിലിം സംരക്ഷണം, ഗവേഷണം, ഡിജിറ്റൈസേഷൻ, പൊതു ഉപയോഗം എന്നിവയ്ക്ക് ഈ പ്രിൻ്റുകൾ സഹായകമാകും. അതുവഴി ഇന്ത്യൻ സിനിമാ ചരിത്രത്തിൻ്റെ ഭാഗമായ ഈ പ്രമുഖ സൃഷ്ടികൾ ഭാവിയിലും നിലനിൽക്കുമെന്ന് ഉറപ്പാക്കുന്നു.

****


( റിലീസ് ഐ.ഡി: 2320953) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Bengali-TR , Gujarati , Telugu , Kannada