കൃഷി മന്ത്രാലയം
azadi ka amrit mahotsav

കാർഷിക ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യാ കൈമാറ്റം എന്നീ മേഖലകളിലെ മുന്നേറ്റത്തിന് ചരിത്രപരമായ ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യയും ഘാനയും

പോസ്റ്റഡ് ഓണ്‍: 07 OCT 2026 6:04PM by PIB Thiruvananthpuram

കാർഷിക ഗവേഷണം, വിദ്യാഭ്യാസം, സാങ്കേതികവിദ്യാ കൈമാറ്റം എന്നീ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യയും ഘാനയും തമ്മിൽ ചരിത്രപരമായ ധാരണാപത്രം ഒപ്പുവെച്ചു. ന്യൂഡൽഹിയിലെ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിലും (ICAR) ഘാനയിലെ അക്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും (CSIR-CRI) തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. 'ഗ്ലോബൽ സൗത്ത് ' രാജ്യങ്ങൾ തമ്മിലെ കൂട്ടായ്മയ്ക്കും ഇന്ത്യ-ആഫ്രിക്ക സഹകരണത്തിനും പുതിയ കരുത്തുപകരുന്നതാണ്  കരാർ. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, ഘാന വിദേശകാര്യ മന്ത്രി സാമുവൽ ഒകുഡ്സെറ്റോ അബ്ലാക്വ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

 

സംയുക്ത കാർഷിക ഗവേഷണം, ശാസ്ത്ര-സാങ്കേതിക വിനിമയം, ശേഷിവികസനം, കാർഷിക സാങ്കേതികവിദ്യകളുടെ വാണിജ്യവൽക്കരണവും പ്രയോഗവും എന്നിവയ്ക്ക് മികച്ച ചട്ടക്കൂടൊരുക്കുന്നതാണ്  അഞ്ചുവർഷ കാലാവധിയുള്ള ധാരണാപത്രം. കരാറിലെ നിർദിഷ്ട ഗവേഷണ-വാണിജ്യവൽക്കരണ പ്രവർത്തനങ്ങളിൽ  ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാണിജ്യ പങ്കാളിയായി അംഗീകരിച്ച ഘാനയിലെ 'അരിമ ഫാംസ് ലിമിറ്റഡ്'  ആണ്  സഹകരണത്തിന് വഴിയൊരുക്കിയത്.

 

പച്ചക്കറി വിള ഗവേഷണത്തിലാണ് സഹകരണത്തിന്റെ ആദ്യഘട്ടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് - പ്രത്യേകിച്ച് തക്കാളി ഗവേഷണത്തിലും വികസനത്തിലും. പരീക്ഷിച്ച് വിജയിച്ച കാർഷിക സാങ്കേതികവിദ്യകളുടെ വ്യാപനത്തിലും ഘാനയിലെ പ്രാദേശിക തക്കാളി ഉല്പാദനം വർധിപ്പിക്കുന്നതിന് അനുയോജ്യമായ ഉയർന്ന വിളവ് തരുന്ന തക്കാളി ഇനങ്ങളും വകഭേദങ്ങളും  ലഭ്യമാക്കുന്നതിലും  ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പിന്തുണ നൽകും.

 

കാർഷിക മൂല്യശൃംഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മരച്ചീനി, ചേന, മറ്റ് കിഴങ്ങുവർഗ വിളകൾ എന്നിവയുടെ സംസ്കരണത്തിലും മൂല്യവർധനയിലും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും.  വിളവെടുപ്പാനന്തര നഷ്ടം തടയുന്നതിന് ശീതീകരണ സംഭരണികൾ, ശീതീകരിച്ച ചരക്കുഗതാഗതം, തരംതിരിക്കലും ഗുണനിലവാര നിർണയവും, സംസ്കരണ സാങ്കേതികവിദ്യകൾ എന്നിവയിലെ സാങ്കേതിക പിന്തുണയും ശേഷിവികസനവും ഉൾപ്പെടെ വിളവെടുപ്പാനന്തര പരിപാലനവും സഹകരണത്തിന്റെ പരിധിയിൽ വരും.

 

ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വിനിമയം; ജനിതക വിത്തുശേഖരം,  പ്രജനന സാമഗ്രികൾ, ശാസ്ത്രീയ വിവരങ്ങൾ, ഗവേഷണ രീതികൾ, സാങ്കേതിക  ജ്ഞാനം എന്നിവയുടെ കൈമാറ്റം; സംയുക്ത ഗവേഷണ പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും എന്നിവയ്ക്ക് ധാരണാപത്രം വ്യവസ്ഥ ചെയ്യുന്നു. സുസ്ഥിര ശാസ്ത്ര സഹകരണം ഉറപ്പാക്കുന്നതിന് ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ തമ്മില്‍ സ്ഥാപനപരമായ ഏകോപനവും കരാർ വിഭാവനം ചെയ്യുന്നുണ്ട്.

 

ICAR, CSIR-CRI എന്നിവയുടെ പ്രതിനിധികളടങ്ങുന്ന 'സംയുക്ത പ്രവര്‍ത്തക സമിതി' സഹകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. ന്യൂഡൽഹിയിലും അക്രയിലുമായി നിശ്ചിത ഇടവേളകളിൽ   സംയുക്ത സമിതി യോഗം ചേരും.

 

കാർഷിക ഗവേഷണം, സാങ്കേതികവിദ്യാ വികസനം, ശേഷിവികസനം, വാണിജ്യപരമായ പ്രയോഗം എന്നിവ തമ്മിലെ  ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും നൂതന കാർഷിക സാങ്കേതികവിദ്യകൾ നടപ്പാക്കാനും  പങ്കാളിത്തം വഴിയൊരുക്കും. ഘാനയിലെ സുസ്ഥിര കാർഷിക വികസനത്തിനും ഗ്രാമീണ ജനതയുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം നിർണായക സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

*****


( റിലീസ് ഐ.ഡി: 2320440) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , Marathi , Gujarati , Telugu