വാണിജ്യ വ്യവസായ മന്ത്രാലയം
വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ ഇന്ത്യ-യു.എസ്. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ന്യൂയോർക്കിൽ പ്രമുഖ യു.എസ്. കമ്പനികളുമായി കൂടിക്കാഴ്ച നടത്തി
പോസ്റ്റഡ് ഓണ്‍:
07 OCT 2026 10:48AM by PIB Thiruvananthpuram
ഇന്ത്യ-യു.എസ്. വ്യാപാരം ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുന്നതിനും ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രമുഖ യു.എസ്. കമ്പനികളെ ക്ഷണിക്കുന്നതിനുമായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ ഈ ആഴ്ച ന്യൂയോർക്കിൽ പ്രമുഖ യു.എസ്. കമ്പനികളുടെ മുതിർന്ന നേതാക്കളുമായി തുടർച്ചയായ കൂടിക്കാഴ്ചകൾ നടത്തി.
ബ്ലാക്ക്സ്റ്റോൺ (Blackstone) പ്രസിഡന്റും സി.ഒ.ഒ.യുമായ ജോനാഥൻ ഗ്രേ, ബ്ലാക്ക്സ്റ്റോണിന്റെ ഇന്റർനാഷണൽ പ്രൈവറ്റ് ഇക്വിറ്റി ബിസിനസ് ചെയർമാൻ പ്രകാശ് മെൽവാനി എന്നിവരുമായി ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തി. പ്രധാന മേഖലകളിലുടനീളം ഇന്ത്യയിൽ ബ്ലാക്ക്സ്റ്റോണിന്റെ നിക്ഷേപങ്ങളും പങ്കാളിത്തവും വികസിപ്പിക്കുന്നതിലായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്.
ന്യൂബർഗർ ബെർമാന്റെ (Neuberger Berman) ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ ജോർജ്ജ് വാക്കറുമായും കമ്പനിയിലെ മുതിർന്ന അംഗങ്ങളുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. നിക്ഷേപ ബന്ധങ്ങൾ ആഴത്തിലാക്കുന്നതിനും സാമ്പത്തിക, ധനകാര്യ സേവനങ്ങളിൽ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ ചർച്ചയായി.
ദി എസ്റ്റേ ലോഡർ കമ്പനീസിന്റെ (The Estée Lauder Companies) പ്രസിഡന്റും സി.ഇ.ഒ.യുമായ സ്റ്റെഫാൻ ഡി ലാ ഫാഫ്രിയുമായി ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തി. ഉൽപ്പാദനവും ഉറവിട ശേഖരണവും വർദ്ധിപ്പിക്കുന്നതിലൂടെയും ഇന്ത്യയിലെ സൗന്ദര്യ വർദ്ധക/വ്യക്തിഗത പരിചരണ വിപണിയുടെ ഉയർന്ന വളർച്ചഅവസരങ്ങളും ചർച്ച ചെയ്തു.
ഐ.ബി.എമ്മിന്റെ (IBM) ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ അരവിന്ദ് കൃഷ്ണയുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിൽ ഐ.ബി.എമ്മിന്റെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിലും എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, മറ്റ് വികസിത സാങ്കേതികവിദ്യകൾ എന്നിവയിൽ സഹകരണം വികസിപ്പിക്കുന്നതിലും ചർച്ചകൾ കേന്ദ്രീകരിച്ചു.
മെറ്റ്‌ലൈഫിന്റെ (MetLife) പ്രസിഡന്റും സി.ഇ.ഒ.യുമായ മൈക്കൽ എ. ഖലാഫുമായുള്ള കൂടിക്കാഴ്ചയിൽ, ഇന്ത്യയിൽ കമ്പനിക്കുള്ള വളർച്ചാ അവസരങ്ങളിലും വികസിച്ചുകൊണ്ടിരിക്കുന്ന ഇൻഷുറൻസ്, സാമ്പത്തിക സേവന മേഖലകളിലും ചർച്ചകൾ കേന്ദ്രീകരിച്ചു.
ജനറൽ അറ്റ്‌ലാന്റിക്കിന്റെ (General Atlantic) ചെയർമാനും സി.ഇ.ഒ.യുമായ വില്യം ഇ. ഫോർഡുമായി മന്ത്രി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയുമായുള്ള കമ്പനിയുടെ നിക്ഷേപ, ബിസിനസ് പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള അവസരങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
എ.ഐ.എ. ഗ്രൂപ്പിന്റെ (AIA Group) നോൺ-എക്സിക്യൂട്ടീവ് ചെയർമാൻ മാർക്ക് ടക്കറുമായും ശ്രീ ഗോയൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ എ.ഐ.എ.യുടെ പങ്കാളിത്തത്തിലും, '2047-ഓടെ എല്ലാവർക്കും ഇൻഷുറൻസ്' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന്റെ പശ്ചാത്തലത്തിൽ ഇൻഷുറൻസ്, സാമ്പത്തിക സേവന മേഖലകളിലെ അവസരങ്ങളിലുമായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത്.
സാമ്പത്തിക സേവനങ്ങൾ, നിർമ്മാണം, ഊർജ്ജം, സാങ്കേതികവിദ്യ, എ.ഐ., മറ്റ് മേഖലകൾ എന്നിവയിലുടനീളമുള്ള ഇന്ത്യയുടെ വളർച്ചാ സാധ്യതകളും നിക്ഷേപ അവസരങ്ങളും, ഇന്ത്യ-യു.എസ്. സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചർച്ച ചെയ്യാൻ ഈ കൂടിക്കാഴ്ചകൾ അവസരമൊരുക്കി.
( റിലീസ് ഐ.ഡി: 2320098)
സന്ദര്‍ശക കൗണ്ടര്‍ : 4