പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് (GIB) ഇനത്തിൽ പെട്ട രണ്ട് ആൺ പക്ഷികളെ ജയ്സാൽമീറിലെ ഡെസേർട്ട് ദേശീയ ഉദ്യാനത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രി തുറന്നുവിട്ടു

പോസ്റ്റഡ് ഓണ്‍: 04 OCT 2026 11:33AM by PIB Thiruvananthpuram

ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ് പക്ഷികളുടെ സംരക്ഷണത്തിൽ നിർണായക നാഴികക്കല്ലായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് ഇന്ന് രാജസ്ഥാനിലെ ജയ്സാൽമീറിലുള്ള ഡെസേർട്ട് ദേശീയോദ്യാനത്തിലെ 'സം' വന്യ ആവാസ വ്യവസ്ഥയിലേക്ക് രണ്ട് ആൺ പക്ഷികളെ തുറന്നുവിട്ടു. രാജസ്ഥാൻ സംസ്ഥാന വനം, പരിസ്ഥിതി മന്ത്രി ശ്രീ സഞ്ജയ് ശർമ്മയും കേന്ദ്ര-സംസ്ഥാന ഗവൺമെൻ്റുകളിലെ മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിൻ്റെയും മറ്റ് ജീവിവർഗങ്ങളുടെയും സംരക്ഷണത്തിനായി ശാസ്ത്ര സമൂഹത്തെ പ്രാപ്തരാക്കുന്നതിൽ നൽകിയ നിരന്തരമായ മാർഗ്ഗനിർദ്ദേശത്തിനും പ്രോത്സാഹനത്തിനും പിന്തുണയ്ക്കും ശ്രീ യാദവ് എക്സിലെ (X) ഒരു കുറിപ്പിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് നന്ദി അറിയിച്ചു.

ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡിന് അവയുടെ തനത് ആവാസ വ്യവസ്ഥയായ രാജസ്ഥാനിലെ മരുഭൂമികൾ തിരികെ നേടിക്കൊടുക്കുന്നതിനായി നമ്മുടെ ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും ജീവനക്കാരുടെയും ഏകദേശം ഒരു പതിറ്റാണ്ട് നീണ്ട അശ്രാന്ത പരിശ്രമത്തിൻ്റെ   ഫലമാണ് ഈ നാഴികക്കല്ലെന്ന് മന്ത്രി പറഞ്ഞു.

 

ഇന്ത്യയുടെ GIB സംരക്ഷണ പദ്ധതിയിൽ, പ്രജനനക്ഷമതയുള്ള പക്ഷികളുടെ എണ്ണത്തിൽ സ്ഥിരത കൈവരിക്കുന്നതിന് അവയെ സ്വാഭാവിക വാസസ്ഥലത്ത് പുനരധിവസിപ്പിക്കുന്നതിനായാണ് ഈ സുപ്രധാന നടപടി . ഈ പ്രക്രിയയിൽ നിന്നുള്ള പഠനങ്ങൾ, ഇനിയും പക്ഷികളെ തുറന്നു വിടുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ കൂടുതൽ പരിഷ്കരിക്കാൻ ഉപയോഗിക്കും.

 

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, രാജസ്ഥാൻ വനം വകുപ്പ്, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (WII) എന്നിവയുടെ സംയുക്ത സംരംഭമാണ് 'ബസ്റ്റാർഡ് റിക്കവറി പ്രോഗ്രാം'. ഇൻ്റർനാഷണൽ ഫണ്ട് ഫോർ ഹൂബാറ കൺസർവേഷൻ്റെ   സാങ്കേതിക സഹകരണവും നാഷണൽ ക്യാമ്പയുടെ (CAMPA) സാമ്പത്തിക സഹായവും ഇതിനുണ്ട്. സംരക്ഷിത പ്രജനനം, വാസസ്ഥല പരിപാലനം , ഭീഷണികൾ കുറയ്ക്കൽ, ആവാസ സ്ഥലപുനഃസ്ഥാപനം, സാമൂഹ്യ പങ്കാളിത്തം എന്നിവയിലാണ് ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 

സംരക്ഷിത പ്രജനന പദ്ധതിയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. സമിലെയും രാംദേവ്രയിലെയും GIB കേന്ദ്രങ്ങളിൽ നിലവിൽ 97 പക്ഷികളുണ്ട്, അവയിൽ 40 എണ്ണം സ്വാഭാവിക ആവാസ വ്യവസ്ഥയിലുള്ള പക്ഷികളുടെമുട്ടകളിൽ നിന്നും 57 എണ്ണം കൂട്ടിലടച്ച പക്ഷികളുടെ പ്രജനനം വഴിയുമാണ് ഉണ്ടായത്. ഇതിൽ 86 പക്ഷികളെ പ്രജനനത്തിനായി കൂടുകളിൽ തന്നെ സംരക്ഷിക്കുകയാണ്. 11 എണ്ണത്തിനെ കാട്ടിലേക്ക് തുറന്നുവിടാനായി തെരഞ്ഞെടുത്തിട്ടുണ്ട് . ഈ 11 എണ്ണത്തിൽ 2 പക്ഷികളെയാണ് ഇന്ന് ഡെസേർട്ട് ദേശീയ ഉദ്യാനത്തിലേക്ക് തുറന്നുവിട്ടത്. കൂട്ടിലടച്ച പക്ഷികളുടെ പ്രജനനത്തിലൂടെ 2025-ൽ 24 കുഞ്ഞുങ്ങളും 2026-ൽ 29 കുഞ്ഞുങ്ങളുമുണ്ടായി .

 

'ജമ്പ്സ്റ്റാർട്ട്' എന്ന പുതിയ സമീപനം ഉൾപ്പെടെയുള്ള ശാസ്ത്രീയ ഇടപെടലുകളും ഈ ജീവിവർഗത്തിൻ്റെ   വീണ്ടെടുക്കലിന് സംഭാവന നൽകിയിട്ടുണ്ട്. ഈ സമീപനപ്രകാരം, വളർത്തുപക്ഷികളുടെ മുട്ടകൾ വന്യ ആവാസ വ്യവസ്ഥയിലെ കൂടുകളിൽ നിക്ഷേപിച്ചപ്പോൾ, അവിടെ അടയിരിക്കുന്ന പെൺപക്ഷികൾ അവ സ്വീകരിച്ച് അടയിരിക്കുകയും ഇതിലൂടെ രാജസ്ഥാനിൽ ആറ് കുഞ്ഞുങ്ങളും ഗുജറാത്തിൽ രണ്ട് കുഞ്ഞുങ്ങളും വിരിയുകയും ചെയ്തു.

 

ഡെസേർട്ട് ദേശീയോദ്യാനത്തിനുള്ളിൽ ഏകദേശം 200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പുൽമേടുകൾ വേലികെട്ടി സംരക്ഷിച്ചു നിർമ്മിക്കുന്നത് ഉൾപ്പെടെയുള്ള രാജസ്ഥാൻ വനംവകുപ്പിൻ്റെ   വാസസ്ഥല പുനഃസ്ഥാപന പ്രവർത്തനങ്ങൾ ഈ ശ്രമങ്ങൾക്ക് കരുത്തേകുന്നു. WII നടത്തിയ ദീർഘകാല ടെലിമെട്രി പഠനങ്ങൾ ഈ പ്രദേശങ്ങളെ ഈ ജീവിവർഗത്തിൻ്റെ   പ്രധാന പ്രജനന കേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനായി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി നൽകിയ വിധിന്യായത്തിന് അനുസൃതമായാണ് ഈ ജീവിവർഗത്തിൻ്റെ   സംരക്ഷണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്

 

***

 


( റിലീസ് ഐ.ഡി: 2318861) സന്ദര്‍ശക കൗണ്ടര്‍ : 6
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati