ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ നവ്പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്ന് നാടുകടത്താൻ സാധിച്ചത് ചരിത്രപരമായ നാഴികക്കകല്ല്; ഈ നേട്ടം സാദ്ധ്യമാക്കിയ എല്ലാ കേന്ദ്ര സുരക്ഷാ-അന്വേഷണ ഏജൻസികൾക്കും അഭിനന്ദനം : കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ

പോസ്റ്റഡ് ഓണ്‍: 03 OCT 2026 12:18PM by PIB Thiruvananthpuram
കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവനും രാജ്യാന്തര ലഹരിക്കടത്ത് കേസുകളിലെ പ്രധാനകണ്ണിയുമായ നവ്പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്ന് നാടുകടത്തി ഇന്ത്യയിലെത്തിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരന്തര നീക്കത്തിനൊടുവിൽ കൈവരിച്ച ഈ വിജയത്തെ ചരിത്രപരമായ നേട്ടമെന്ന് വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സുരക്ഷാ-അന്വേഷണ ഏജൻസികളെയും അഭിനന്ദിച്ചു.
 
'X' പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇങ്ങനെ കുറിച്ചു :"തുർക്കിയിൽ നിന്ന് കുപ്രസിദ്ധ ലഹരിക്കടത്ത് സംഘത്തലവൻ നവ്പ്രീത് സിംഗിനെ നാടുകടത്തി ഇന്ത്യയിലെത്തിച്ചതിലൂടെ മോദി ഗവൺമെന്റ് ചരിത്രപരമായ ഒരു നേട്ടം കൈവരിച്ചിരിക്കുന്നു. നവാബ് വിർക്ക്' എന്ന വ്യാജ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് തുർക്കിഷ് പൗരത്വം നേടിയ ഇയാൾ, അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ഹെറോയിനും മെത്താംഫെറ്റമിനും കടത്തുന്നത് തുടർന്നിരുന്നു. നമ്മുടെ ഏജൻസികൾ ഇയാളെ കണ്ടെത്തുകയും, വ്യാജമുഖം പൊളിച്ച് യഥാർത്ഥ വ്യക്തിത്വം പുറത്തുകൊണ്ടുവരികയും, ഒടുവിൽ ഇയാളെ നാടുകടത്തി ഇന്ത്യയിലെത്തിക്കുകയും ചെയ്തു. ലഹരിമരുന്ന് കടത്തും മറ്റ് കുറ്റകൃത്യങ്ങളും സംബന്ധിച്ച കേസുകളിൽ ഇയാളെ ഇന്ന് ഇന്ത്യയിൽ തിരിച്ചെത്തിച്ച് ജയിലിലടച്ചു. ഈ വിജയത്തിന് എല്ലാ ഏജൻസികളെയും അഭിനന്ദിക്കുന്നു". 2029 ഡിസംബറിന് മുൻപായി രാജ്യത്തെ എല്ലാ മയക്കുമരുന്ന് മാഫിയകളെയും പൂർണ്ണമായി നശിപ്പിക്കാൻ മോദി ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
 
വിദേശരാജ്യങ്ങളിൽ അഭയം തേടിയ കുറ്റവാളികളെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര ഗവൺമെന്റ് ഒരു സംയുക്ത ക്യാമ്പയിൻ ആരംഭിച്ചു. 2019 മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ 36 വിദേശരാജ്യങ്ങളിൽ നിന്നായി 288 ഒളിവുപ്രതികളെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 
മുൻ ഗവൺമെന്റ്കൾക്ക് വിദേശരാജ്യങ്ങളിൽ ഒളിവിൽ കഴിയുന്ന കുറ്റവാളികളെ തിരികെ കൊണ്ടുവരുന്നതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ല; എന്നാൽ മോദി ഗവൺമെന്റ് ഇവരെ തിരികെ കൊണ്ടുവരുന്നതിനെ ഒരു 'ദേശീയ മുൻഗണനാ വിഷയ'മാക്കി മാറ്റിയിരിക്കുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി, ഒളിവിലുള്ള കുറ്റവാളികൾക്കെതിരെ മൂന്ന് തലങ്ങളിലുള്ള തന്ത്രത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഊന്നൽ നൽകിയിട്ടുണ്ട്: ആഗോളതലത്തിലുള്ള ഇടപെടലുകൾ, ശക്തമായ ഏകോപനം, സമർത്ഥമായ നയതന്ത്രം എന്നിവയാണവ. രാജ്യത്തിന്റെ പരമാധികാരം, സാമ്പത്തിക സ്ഥിരത, ക്രമസമാധാനം, ദേശീയ സുരക്ഷ എന്നിവയുമായി അഭേദ്യബന്ധമുള്ള ഒരു വിഷയമായാണ് ഒളിവിലുള്ള കുറ്റവാളികളുടെ പ്രശ്നത്തെ ശ്രീ അമിത് ഷാ വിശേഷിപ്പിച്ചത്.
 
2019-ൽ മോദി ഗവൺമെന്റ് നടപ്പിലാക്കിയ എൻ.ഐ.എ നിയമഭേദഗതി, യു.എ.പി.എ നിയമഭേദഗതി എന്നിവയിലൂടെ 2020 മുതൽ ഒളിവുപ്രതികളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിനുള്ള നടപടികൾ 'മിഷൻ മോഡിൽ' ഊർജ്ജിതമാക്കി. ഇതോടെ നിരോധിത സംഘടനകൾക്കെതിരെ മാത്രമല്ല, വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന വ്യക്തിഗത ഭീകരർ, അവരെ നിയന്ത്രിക്കുന്നവർ, സാമ്പത്തിക ശൃംഖലകൾ, മറ്റ് പിന്തുണ സംവിധാനങ്ങൾ എന്നിവയ്ക്കുമെതിരെ വിപുലമായ രീതിയിൽ നടപടിയെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചു. ഇത് വിദേശത്തുള്ള പ്രതികളെ പിന്തുടരാനും അവരുടെ ശൃംഖല തകർക്കാനുമുള്ള ഇന്ത്യയുടെ ശേഷി വർദ്ധിപ്പിച്ചതായും കേന്ദ്രം വ്യക്തമാക്കി.
 
ഇന്ത്യയും ആഗോള നിയമപാലന ഏജൻസികളും തമ്മിലുള്ള ഏകോപനം, പരസ്പര ബന്ധം, വിവര കൈമാറ്റം എന്നിവ ശക്തിപ്പെടുത്തുന്നതിനായി 2025 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ 'ഭാരത്‌പോൾ' (BHARATPOL) ആരംഭിച്ചു. സിബിഐ, സംസ്ഥാന പോലീസ് ആസ്ഥാനങ്ങൾ, ജില്ലാ പോലീസ് ആസ്ഥാനങ്ങൾ എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ സംയോജിപ്പിച്ചുകൊണ്ട് ഭാരത്‌പോൾ വിപുലമായ ഒരു വിവര ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. ഈ സംരംഭത്തിന് കീഴിൽ, സംസ്ഥാന-കേന്ദ്ര ഏജൻസികളുടെ 1,400-ലധികം യൂണിറ്റുകളെ ഈ പോർട്ടലുമായി ബന്ധിപ്പിക്കുകയും അതുവഴി തടസ്സമില്ലാത്ത വിവര കൈമാറ്റം ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി, സിബിഐയും മറ്റ് നിയമപാലന ഏജൻസികളും തമ്മിലുള്ള വിവര കൈമാറ്റത്തിനുള്ള സമയദൈർഘ്യം ഗണ്യമായി കുറഞ്ഞു. നിലവിൽ, സിബിഐ ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റ് നിയമപാലന ഏജൻസികൾ സാധാരണയായി 10 മുതൽ 20 ദിവസത്തിനുള്ളിലും, ചില സന്ദർഭങ്ങളിൽ 3 മുതൽ 10 ദിവസത്തിനുള്ളിലും കൈമാറുന്നുണ്ട്; ഇത് കുറ്റാന്വേഷണ വേഗത വർദ്ധിപ്പിക്കുന്നതിനും വിദേശത്തുള്ള ഒളിവുപ്രതികളെ അതിവേഗം ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും വലിയ രീതിയിൽ സഹായകമാകുന്നുണ്ട്.
 
മോദി ഗവൺമെന്റ് 'കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം' കൂടുതൽ കർശനമായി നടപ്പിലാക്കി വരുന്നു. ഈ നിയമം കർശനമായി നടപ്പിലാക്കിയതിലൂടെ, 2019-നും 2026-നും ഇടയിൽ ഒളിവിലുള്ള കുറ്റവാളികളുടെ 17,874 കോടി രൂപയുടെ ആസ്തികൾ മോദി ഗവൺമെന്റ് കണ്ടുകെട്ടി.
 
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, ഒളിവിലുള്ള 401 കുറ്റവാളികൾക്കെതിരെ 'റെഡ് കോർണർ നോട്ടീസുകൾ' പുറപ്പെടുവിച്ചിട്ടുണ്ട്. 2026 ജൂലൈ വരെ 182 റെഡ് കോർണർ നോട്ടീസുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്.

***

( റിലീസ് ഐ.ഡി: 2318646) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Assamese , Gujarati , Tamil , Telugu , Kannada