വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കേന്ദ്ര സഹമന്ത്രി ഡോ.എൽ. മുരുഗൻ IIMC-യിൽ 'സ്വച്ഛത ഹി സേവ' പ്രവർത്തനങ്ങളിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
01 OCT 2026 4:09PM by PIB Thiruvananthpuram
കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ, പാർലമെന്ററികാര്യ സഹമന്ത്രി ഡോ. എൽ. മുരുഗൻ ഇന്ന് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിൽ (IIMC) സംഘടിപ്പിച്ച 'സ്വച്ഛത ഹി സേവ' പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.
വിദ്യാർത്ഥികളെയും ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചടങ്ങിൽ അഭിസംബോധന ചെയ്യവെ,ശുചിത്വത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ 2014-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് സ്വച്ഛ് ഭാരത് മിഷന് തുടക്കമിട്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
"2014-ൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശുചിത്വ ക്യാമ്പയിന് തുടക്കം കുറിച്ചതിനെത്തുടർന്ന് രാജ്യത്തുടനീളമുള്ള ജനങ്ങൾ ഈ മുന്നേറ്റത്തിന്റെ ഭാഗമായി മാറി. ഓഫീസുകളിലും സ്ഥാപനങ്ങളിലും ശുചിത്വ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു. ഇന്ന് IIMC-യിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പം ഞങ്ങൾ ശുചിത്വത്തിനായുള്ള പ്രതിജ്ഞ എടുത്തു. അങ്കണവാടികൾ, ആരാധനാലയങ്ങൾ, വിവിധ സ്ഥാപനങ്ങൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം 'സ്വച്ഛത ഹി സേവ'യിലൂടെ നാം പങ്കാളികളാകണം. സെപ്റ്റംബർ 17 മുതൽ ഞങ്ങൾ ഈ ശുചിത്വ യജ്ഞം മുന്നോട്ട് കൊണ്ടുപോകുന്നു. നമ്മുടെ രാജ്യത്തെയും സ്ഥാപനങ്ങളെയും ഓഫീസുകളെയും വൃത്തിയായി സൂക്ഷിക്കുക എന്നത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണ്," മന്ത്രി പറഞ്ഞു.
IIMC-യിൽ സംഘടിപ്പിച്ച 'സ്വച്ഛത പ്രതിജ്ഞ'യോടെയാണ് പരിപാടികൾക്ക് തുടക്കമായത്. ഫാക്കൽറ്റി അംഗങ്ങൾ, ഓഫീസർമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ട്രെയിനികൾ എന്നിവർ പ്രതിജ്ഞയിൽ പങ്കാളികളായി.
IIMC ക്യാമ്പസിൽ വൃക്ഷ തൈ നട്ടുകൊണ്ട് മന്ത്രി 'ഏക് പേഡ് മാ കേ നാം' പദ്ധതിയുടെ ഭാഗമായി. വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം, മരങ്ങൾ നടുന്നതിൽ മാത്രമൊതുങ്ങാതെ അവയുടെ തുടർന്നുള്ള പരിചരണവും സംരക്ഷണവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, ജീവനക്കാർ എന്നിവർക്കൊപ്പം കേന്ദ്ര മന്ത്രി ഒരു മണിക്കൂർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളിയായി. ശുചീകരണ ക്യാമ്പയിന്റെ ഭാഗമായി പരിസരത്തെ മാലിന്യങ്ങളും നിർമ്മാണാവശിഷ്ടങ്ങളും നീക്കം ചെയ്തു.
സന്ദർശന വേളയിൽ, പുതുതായി നിർമ്മിച്ച ക്ലാസ് മുറികളും അധ്യാപന ബ്ലോക്ക്, നിർമ്മാണത്തിലിരിക്കുന്ന ഹോസ്റ്റൽ, നവീകരിച്ച ലൈബ്രറി എന്നിവ ഉൾപ്പെടെയുള്ള മറ്റ് അക്കാദമിക, അടിസ്ഥാന സൗകര്യങ്ങളും മന്ത്രി പരിശോധിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
ശുചിത്വം, പരിസ്ഥിതി ബോധവൽക്കരണം, ക്യാമ്പസ് വികസനം, വിദ്യാർത്ഥികളുടെ പങ്കാളിത്തം എന്നീ മേഖലകളിൽ IIMC നേതൃത്വത്തിന് കീഴിൽ സ്വീകരിച്ചുവരുന്ന സംരംഭങ്ങളെ മന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ IIMC വൈസ് ചാൻസലർ ഡോ. പ്രഗ്യ പാലിവാൾ ഗൗർ, രജിസ്ട്രാറും ഡിജി (ട്രെയിനിംഗ്)-മായ ശ്രീ. എൽ. മധു നാഗ്, മുതിർന്ന സാമ്പത്തിക ഉപദേശകൻ ശ്രീ. ആർ.കെ. ജെന എന്നിവർക്ക് പുറമെ ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർ, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലക ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
ശുചിത്വം, പരിസ്ഥിതി സംരക്ഷണം, പൗരബോധം എന്നിവയിൽ കൂട്ടായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള 'സ്വച്ഛത ഹി സേവ' കാമ്പെയ്‌നിന്റെ ഭാഗമായാണ് ഈ ചടങ്ങുകൾ സംഘടിപ്പിച്ചത്.
***
( റിലീസ് ഐ.ഡി: 2317788)
സന്ദര്‍ശക കൗണ്ടര്‍ : 4