ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ആഗോളതലത്തിൽ മഹാമാരികളെ നേരിടാനുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യയുടെ പ്രതിബദ്ധത ഐക്യരാഷ്ട്രസഭയില്‍ ആവർത്തിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ
പോസ്റ്റഡ് ഓണ്‍:
26 SEP 2026 9:16AM by PIB Thiruvananthpuram
ആഗോളതലത്തിൽ മഹാമാരി പ്രതിരോധവും തയ്യാറെടുപ്പുകളും ശക്തിപ്പെടുത്തുന്നതിലെ ഇന്ത്യയുടെ പ്രതിബദ്ധത കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ ആവർത്തിച്ചു. 'മഹാമാരി പ്രതിരോധം, സജ്ജത, പ്രതികരണം' എന്ന വിഷയത്തില്‍ സെപ്റ്റംബർ 25-ന് ന്യൂയോർക്കിൽ നടന്ന യു.എൻ ഉന്നതതല യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. അന്താരാഷ്ട്ര സഹകരണത്തിലൂടെ ആഗോള ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും കൊവിഡ്-19 മഹാമാരി നൽകിയ പാഠങ്ങൾ ഉൾക്കൊണ്ട് ദീർഘകാല നിക്ഷേപം, സ്ഥാപനപരമായ ശേഷി, പ്രതിസന്ധികളെ അതിജീവിക്കാനാവുന്ന ആരോഗ്യ സംവിധാനങ്ങൾ എന്നിവ കെട്ടിപ്പടുക്കണമെന്നും അവർ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭ ആസ്ഥാനത്ത് നടന്ന യോഗത്തെ അഭിസംബോധന ചെയ്ത ശ്രീമതി ശ്രീവാസ്തവ, വിവിധ ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടുന്നതിന് ഗവണ്മെൻ്റിൻ്റെയും സമൂഹത്തിൻ്റെയും സമഗ്ര പങ്കാളിത്തത്തോടെ ഇന്ത്യ നടപ്പാക്കുന്ന ഏകോപിത സമീപനം വിശദീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥകളെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ സജ്ജമാക്കുന്നതിനായി ലബോറട്ടറി ശൃംഖലകൾ, അടിയന്തര ഏകോപനം, ആരോഗ്യപ്രവർത്തകരുടെ ശേഷി, അവശ്യ മരുന്നുകളുടെയും സാമഗ്രികളുടെയും കരുതൽ ശേഖരം, ക്ലിനിക്കൽ പരിചരണ ശേഷി എന്നിവ വിപുലീകരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങൾ അവർ എടുത്തുപറഞ്ഞു.

ഈ പ്രവർത്തനങ്ങൾ ഓരോ രാജ്യത്തിൻ്റെയും ദേശീയ ആരോഗ്യ സംവിധാനങ്ങളിലും വികസന പദ്ധതികളിലും ആഭ്യന്തര സാമ്പത്തിക സ്രോതസ്സുകളിലും അധിഷ്ഠിതമായിരിക്കണമെന്നും അന്താരാഷ്ട്ര സഹായം ദേശീയ ഉത്തരവാദിത്തങ്ങൾക്ക് പൂരകമായിരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
കൊവിഡ്-19 കാലത്തെ ഇന്ത്യയുടെ അനുഭവങ്ങൾ പങ്കുവെച്ച ശ്രീമതി ശ്രീവാസ്തവ 'ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെ' ആഗോള പൊതുനന്മയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാമാരിയുടെ സമയത്ത് രോഗനിരീക്ഷണം, വാക്സിനേഷൻ, വിവരവിനിമയം, വിതരണ ശൃംഖലകൾ, ആരോഗ്യ സേവനങ്ങളുടെ തടസ്സമില്ലാത്ത തുടർച്ച എന്നിവ ഉറപ്പാക്കുന്നതിൽ ഡിജിറ്റൽ സംവിധാനങ്ങൾ നിർണായക പങ്കുവഹിച്ചതായി അവർ ചൂണ്ടിക്കാട്ടി.
അവശ്യ ആരോഗ്യ ഉല്പന്നങ്ങൾ എല്ലാവർക്കും തുല്യമായി ലഭ്യമാക്കേണ്ടതിൻ്റെയും ആഗോള ഐക്യദാർഢ്യത്തിൻ്റെയും പ്രാധാന്യവും അവർ വിശദീകരിച്ചു. കൊവിഡ് മഹാമാരി കാലത്ത് 100-ലേറെ രാജ്യങ്ങൾക്കും രണ്ട് യു.എൻ ഏജൻസികൾക്കുമായി ഇന്ത്യ 30 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്യുകയും 150-ലധികം രാജ്യങ്ങൾക്ക് മെഡിക്കൽ സഹായം നൽകുകയും ചെയ്തു. 'ഒരു ഭൂമി, ഒരു ആരോഗ്യം' എന്ന തത്വത്തോടും ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളോടും ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും അവർ പറഞ്ഞു.
2025 മെയ് മാസത്തിൽ അംഗീകരിച്ച ലോകാരോഗ്യ സംഘടനയുടെ 'മഹാമാരി കരാർ' ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി പറഞ്ഞു. രോഗകാരികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിലും അതിൻ്റെ പ്രയോജനങ്ങൾ പങ്കുവെക്കുന്നതിലും (പിഎബിഎസ്) നീതി ഉറപ്പാക്കിയാൽ മാത്രമേ ഈ കരാറിൻ്റെ വിശ്വാസ്യത നിലനിൽക്കൂ എന്നും അവർ വ്യക്തമാക്കി. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചുകൊണ്ടുതന്നെ രോഗകാരികളെയും ജൈവ വിഭവങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുന്ന രാജ്യങ്ങൾക്ക് വാക്സിനുകൾ, രോഗ നിർണയ സാമഗ്രികൾ, ചികിത്സാ സൗകര്യങ്ങൾ, സാങ്കേതികവിദ്യകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ സമയബന്ധിതമായി ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
പിഎബിഎസ് അനുബന്ധവുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന ചർച്ചകളെ രാഷ്ട്രീയ പ്രഖ്യാപനങ്ങൾ മുൻവിധിയോടെ കാണരുതെന്നും ഓരോ രാജ്യത്തിൻ്റെയും സാഹചര്യങ്ങൾക്കും ശേഷികൾക്കും അനുസൃതമായി ഇവ നടപ്പാക്കണമെന്നും ശ്രീമതി ശ്രീവാസ്തവ കൂട്ടിച്ചേർത്തു. 'ഏകാരോഗ്യം' എന്ന സമീപനം നടപ്പാക്കുമ്പോൾ ആഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങളും അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും അവർ നിർദേശിച്ചു.
മഹാമാരി പ്രതിരോധം, തയ്യാറെടുപ്പ്, പ്രതികരണം എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ, വിലയിരുത്തലുകൾ, വിവരങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിലും ഏകീകരിക്കുന്നതിലും അംഗരാജ്യങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണ്. നയപരമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ ഇത്തരം പ്രക്രിയകൾ അംഗരാജ്യങ്ങളുമായി കൂടിയാലോചിച്ച് മാത്രമേ നടത്താവൂവെന്നും അവർ പറഞ്ഞു.
മഹാമാരികളെ നേരിടാനുള്ള തയ്യാറെടുപ്പ് കൂട്ടുത്തരവാദിത്തമാണെന്നും ഭാവി മഹാമാരികളെയും രോഗവ്യാപനങ്ങളെയും ചെറുക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രബിന്ദു 'നീതിയുക്തമായ വിതരണവും തുല്യതയും' ആയിരിക്കണമെന്നും അവർ ഓർമിപ്പിച്ചു. ആഗോള ഐക്യദാർഢ്യം വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തെളിയേണ്ടതെന്നും അവർ വ്യക്തമാക്കി.
ലോകാരോഗ്യ സംഘടനയുടെ മഹാമാരി കരാർ, അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളിലെ ഭേദഗതികൾ എന്നിവയുൾപ്പെടെ കൊവിഡിന് ശേഷം ആഗോള ആരോഗ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ കൈവരിച്ച പുരോഗതിയെക്കുറിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസിസ് സംസാരിച്ചു. പിഎബിഎസ് സംവിധാനവുമായി ബന്ധപ്പെട്ട ചർച്ചകൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതിൻ്റെ അനിവാര്യത അദ്ദേഹം ചൂണ്ടിക്കാട്ടി; ഇതിലുണ്ടാകുന്ന കാലതാമസം ഭാവിയില്‍ മഹാമാരികളെ നേരിടാനുള്ള ലോകത്തിൻ്റെ ശേഷിയെ ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൊവിഡ് അവസാനിച്ചെന്ന് കരുതി ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ് നൽകിയ യു.എൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന മുഹമ്മദ് ഈ വിഷയത്തിൽ തുടർച്ചയായ രാഷ്ട്രീയ ശ്രദ്ധ ആവശ്യപ്പെട്ടു. പുതിയ രോഗബാധകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും പ്രാദേശിക സമൂഹങ്ങളെ അടിസ്ഥാനമാക്കി നിരീക്ഷണ-ആശയവിനിമയ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.

ഭാവി ആരോഗ്യ അടിയന്തരാവസ്ഥകളെ നേരിടാൻ സുസ്ഥിരവും സുസജ്ജവും നീതിയുക്തവുമായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ശ്രമങ്ങൾ ഊർജിതമാക്കാനും വെല്ലുവിളികൾ വിലയിരുത്താനും ഉന്നതതല യോഗം അംഗരാജ്യങ്ങൾക്കും വിവിധ പങ്കാളികൾക്കും വേദിയൊരുക്കി.
***
( റിലീസ് ഐ.ഡി: 2315256)
സന്ദര്‍ശക കൗണ്ടര്‍ : 4