കൃഷി മന്ത്രാലയം
ഐസിഎആര്‍-സിഎംഎഫ്ആര്‍ഐ നിര്‍ദ്ദേശം: ചില പ്രത്യേക പ്രദേശത്ത് ചൂര മത്സ്യത്തില്‍ പരാദവിരകളുടെ സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പേരില്‍ ചൂര മത്സ്യം ഒഴിവാക്കേണ്ടതില്ല
പോസ്റ്റഡ് ഓണ്‍:
24 SEP 2026 4:57PM by PIB Thiruvananthpuram
ഭൂമിശാസ്ത്രപരമായി ചില പ്രത്യേക പ്രദേശത്ത് നിന്നും ലഭിച്ച മത്സ്യങ്ങളില്‍ പരാദവിരകളെ (parasites) കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളുടെ മാത്രം അടിസ്ഥാനത്തില്‍, ചൂരയോ വിപണിയില്‍ ലഭ്യമാകുന്ന മറ്റ് മത്സ്യങ്ങളോ ഉപഭോക്താക്കള്‍ ഒഴിവാക്കേണ്ടതില്ലെന്ന് കൊച്ചിയിലെ ഐസിഎആര്‍-കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (ICAR-CMFRI) അറിയിച്ചു. ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് പരിശോധിച്ച ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളില്‍ ഹാനികരമായ പരജീവികളുടെ സാന്നിധ്യം ബാഹ്യമായി പ്രകടമായിട്ടില്ലെന്നും മറ്റ് പ്രദേശങ്ങളിലെ കണ്ടെത്തലുകള്‍ ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന മത്സ്യങ്ങളിലും ഉണ്ടെന്ന് കരുതരുതെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.
ബ്രസീലിന് സമീപമുള്ള അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നിന്നുള്ള സ്‌കിപ്പ്ജാക്ക് ചൂരകളില്‍ (Skipjack Tuna) പരജീവികളുടെ സാന്നിധ്യമുണ്ടെന്ന പഠന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ അറിയിപ്പ്. പരിസ്ഥിതി സാഹചര്യങ്ങള്‍, പരാദവിരകളുടെ ഇടനില ആതിഥേയ ജീവികളായ കോപിപോഡുകള്‍ (copepods) പോലുള്ളവയുടെ ലഭ്യത എന്നിവയെ ആശ്രയിച്ച് ഓരോ ഭൂമിശാസ്ത്ര മേഖലയിലും ഓരോ ഇനം മത്സ്യത്തിലും പരാദവിരകളുടെ സാന്നിധ്യത്തിലും അളവിലും വ്യത്യാസമുണ്ടാകാമെന്ന് സിഎംഎഫ്ആര്‍ഐ ചൂണ്ടിക്കാട്ടി.
മത്സ്യ ജീവശാസ്ത്ര പഠനങ്ങളുടെ ഭാഗമായി സ്‌കിപ്പ്ജാക്ക് ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ ശാസ്ത്രജ്ഞര്‍ പതിവായി പരിശോധിക്കാറുണ്ടെന്നും അവയില്‍ അസാധാരണത്വം കണ്ടാല്‍ അവയിലെ പരജീവികളെയും നിരീക്ഷിക്കാറുണ്ടെന്നും ഐസിഎആര്‍-സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രീന്‍സണ്‍ ജോര്‍ജ് പറഞ്ഞു. സിഎംഎഫ്ആര്‍ഐ പരിശോധിച്ച മത്സ്യങ്ങളില്‍ ഹാനികരമായ പരജീവികളുടെ സാന്നിധ്യം ബാഹ്യമായി കാണാനായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മത്സ്യങ്ങളില്‍ പരജീവികളുടെ സാന്നിധ്യവും വ്യത്യാസവും മത്സ്യ ഇനങ്ങളെ തിരിച്ചറിയാനുള്ള സൂചകങ്ങളായി ആഗോളതലത്തില്‍ ഉപയോഗപ്പെടുത്താറുണ്ടെന്നും സിഎംഎഫ്ആര്‍ഐ വിശദീകരിച്ചു. അതിനാല്‍, ഒരു പ്രദേശത്തെ മത്സ്യങ്ങളുമായി ബന്ധപ്പെട്ട കണ്ടെത്തലുകള്‍ സ്വാഭാവികമായി മറ്റൊരു പ്രദേശത്തെ അതേ ഇനം മത്സ്യങ്ങള്‍ക്ക് ബാധകമാക്കാന്‍ കഴിയില്ല.
ഭക്ഷ്യസുരക്ഷയ്ക്കുള്ള അധിക മുന്‍കരുതലെന്ന നിലയില്‍, മത്സ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സംസ്‌കരിക്കുമ്പോഴും അവയുടെ ആന്തരാവയവങ്ങള്‍ കൃത്യമായും പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത് പ്രധാനമാണെന്ന് സിഎംഎഫ്ആര്‍ഐ നിര്‍ദ്ദേശിച്ചു. വൃത്തിയാക്കലിന്റെയും സംസ്‌കരണത്തിന്റെയും ഭാഗമായി കുടലും മറ്റ് ആന്തരാവയവങ്ങളും സാധാരണയായി നീക്കം ചെയ്യാറുണ്ട്. കൂടാതെ, നന്നായി പാചകം ചെയ്യുന്നത് പരജീവികളെ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ ഭീഷണി വലിയ അളവില്‍ കുറയ്ക്കുകയും ചെയ്യും.
ചില രാജ്യങ്ങളില്‍ സാംസ്‌കാരിക രീതികളുടെ ഭാഗമായി പാകം ചെയ്യാതെയോ പകുതി വേവിച്ചതോ ആയ സമുദ്രവിഭവങ്ങള്‍ കഴിക്കാറുണ്ട്; അത്തരം പ്രദേശങ്ങളിലെ മത്സ്യങ്ങളില്‍ പരജീവികളുടെ സാന്നിധ്യം കൂടുതലാണെങ്കില്‍ ഭക്ഷ്യസുരക്ഷാ ഭീഷണിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്ത്യയില്‍, ഉയര്‍ന്ന താപനിലയില്‍ നന്നായി പാകം ചെയ്താണ് സമുദ്രവിഭവങ്ങള്‍ തയ്യാറാക്കുന്നത്, ഇത് അധിക ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നു.
ഭൂമിശാസ്ത്രപരമായി ചില പ്രത്യേക പ്രദേശങ്ങളിലെ മത്സ്യങ്ങളില്‍ പരജീവികളെ കണ്ടെത്തി എന്നതുകൊണ്ട് മാത്രം ഉപഭോക്താക്കള്‍ ചൂരയോ മറ്റ് മത്സ്യങ്ങളോ ഒഴിവാക്കേണ്ടതില്ലെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി. മത്സ്യങ്ങളുടെ പോഷകഗുണം പ്രയോജനപ്പെടുത്തുന്നതോടൊപ്പം ഏതെങ്കിലും രീതിയിലുള്ള അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ശരിയായ രീതിയില്‍ വൃത്തിയാക്കാനും കൈകാര്യം ചെയ്യാനും നന്നായി പാകം ചെയ്തുപയോഗിക്കാനും സ്ഥാപനം ഉപഭോക്താക്കളോട് നിര്‍ദ്ദേശിച്ചു.
***
( റിലീസ് ഐ.ഡി: 2314552)
സന്ദര്‍ശക കൗണ്ടര്‍ : 14