ഉപരാഷ്ട്രപതിയുടെ കാര്യാലയം
'വിശ്വസഞ്ചാര്‍ ഹിന്ദുത്വ കാ' എന്ന പുസ്തകം ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു; ഹിന്ദുത്വ ആര്‍ക്കും എതിരല്ലെന്നും ഏവരെയും ഒന്നിച്ചു കൊണ്ടുപോകുന്നതായും ഉപരാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
24 SEP 2026 5:47PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണന്‍ സപ്താഹിക് വിവേക് പ്രസിദ്ധീകരിച്ച 'വിശ്വസഞ്ചാര്‍ ഹിന്ദുത്വ കാ' എന്ന പുസ്തകം ഇന്ന് ഉപരാഷ്ട്രപതി ഭവനില്‍ പ്രകാശനം ചെയ്തു.
ചടങ്ങിനെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, 1948-ല്‍ സ്ഥാപിതമായ സപ്താഹിക് വിവേകിന്റെ ദീര്‍ഘകാല ചരിത്രത്തെക്കുറിച്ചും മഹാരാഷ്ട്രയുടെ സാമൂഹിക, സാംസ്‌കാരിക, പൊതുജീവിതവുമായുള്ള അതിന്റെ ഇടപെടലുകളെക്കുറിച്ചും പരാമര്‍ശിച്ചു. ഭാരതത്തിന്റെ സംസ്കാരം, ദേശീയ-സാര്‍വദേശീയ വിഷയങ്ങള്‍, പ്രധാന സാമൂഹിക പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പുസ്തകങ്ങളും ഗവേഷണധിഷ്ഠിത കൃതികളും പ്രസിദ്ധീകരിക്കുന്ന സ്ഥാപനത്തിന്റെ പാരമ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു.
1925-ല്‍ നാഗ്പൂരില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സ്ഥാപിച്ച രാഷ്ട്രീയ സ്വയംസേവക് സംഘ് അതിന്റെ ശതാബ്ദി പൂര്‍ത്തിയാക്കിയ ഈ വേളയില്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നത് തികച്ചും കാലോചിതമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
'എനിക്ക് സംഘുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ട്, ഈ പുസ്തക പ്രകാശനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ വ്യക്തിപരമായ ബഹുമതിയായി ഞാന്‍ കരുതുന്നു,' അദ്ദേഹം പറഞ്ഞു.
സാംസ്‌കാരിക ഹിന്ദുത്വത്തിന്റെ പുനരുജ്ജീവനമെന്ന ലക്ഷ്യത്തോടെയാണ് ആര്‍എസ്എസ് രൂപീകരിച്ചതെന്നും ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ ഹിന്ദുത്വയും സംഘവും തമ്മിലുള്ള ബന്ധത്തെ എടുത്തു കാട്ടിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
വളരെ ദീര്‍ഘമായ കാലയളവിലൂടെ വളര്‍ന്നുവന്ന ഒരു പ്രസ്ഥാനവുമായി ബന്ധപ്പെട്ട ചരിത്രം, ആശയങ്ങള്‍, പ്രവര്‍ത്തനരീതികള്‍ എന്നിവയെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണ് ഈ ശതാബ്ദിയെന്ന് അദ്ദേഹം നിരീക്ഷിച്ചു. സംഘത്തിന്റെ പ്രവര്‍ത്തനരീതി കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതാണെന്നും സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യമുള്ള ഒരു പ്രധാന പ്രസ്ഥാനമായി നിലയുറപ്പിക്കാന്‍ അതിനെ പ്രാപ്തമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദുത്വയുടെ ഉള്‍ക്കൊള്ളല്‍ സ്വഭാവത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു:''ഹിന്ദുത്വ ആര്‍ക്കും എതിരല്ല. ഹിന്ദുത്വത്തിന് ആര്‍ക്കും എതിരാകാന്‍ കഴിയില്ല. അത് ഏവരെയും ഒന്നിച്ചു കൊണ്ടുപോകുന്നു.''
സാംസ്‌കാരിക ഹിന്ദുത്വം എന്നത് അടിസ്ഥാന മൂല്യങ്ങള്‍, സാംസ്‌കാരിക ആശയങ്ങള്‍, യഥാര്‍ത്ഥ മാനുഷിക ബന്ധങ്ങള്‍, സര്‍വ്വരുടെയും ക്ഷേമമെന്ന ലക്ഷ്യം എന്നിവയുടെ സംയോജനമാണെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രപരവും ബൗദ്ധികവുമായ പശ്ചാത്തലങ്ങളില്‍ 'ഹിന്ദുത്വ' എന്ന വാക്ക് വ്യത്യസ്ത അര്‍ത്ഥങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും രാഷ്ട്രീയ ചിന്തകരും പണ്ഡിതന്മാരും പ്രസ്ഥാനങ്ങളും വിമര്‍ശകരും അതിനെ വിവിധ രീതികളില്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. അതിനാല്‍, ഈ വിഷയത്തെക്കുറിച്ചുള്ള ഗൗരവമായ ഇടപെടലിന് അതിന്റെ ചരിത്രപരമായ വികാസം, ദാര്‍ശനിക തലങ്ങള്‍, വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ എന്നിവ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാ നദിയോട് ഉപമിച്ചുകൊണ്ട്, ഹിമാലയത്തില്‍ ഒരു ചെറിയ അരുവിയായി ആരംഭിക്കുന്ന നദി, വളര്‍ന്നു വികസിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ എത്തുമ്പോള്‍ വലിയ കപ്പലുകളെപ്പോലും വഹിക്കാന്‍ ശേഷിയുള്ളതായി മാറുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ യാത്രയെയും അതുപോലെ തന്നെ അവിശ്വസനീയമായ ഒരു വികാസമായി കാണാമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ഏതാനും പേരുമായി ഒരു ചെറിയ പ്രസ്ഥാനമായാണ് സംഘം ആരംഭിച്ചത്. ഇന്ന് അത് രാജ്യത്തുടനീളം പടര്‍ന്നുപന്തലിച്ച് ഒരു ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു, അതിന്റെ സ്വയംസേവകര്‍ ദേശീയ-സാമൂഹിക ജീവിതത്തിന്റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്‍കുന്നു,'' അദ്ദേഹം പറഞ്ഞു.
പുരാതന ഇന്ത്യന്‍ സമ്പ്രദായമായ യോഗ ഒരു ആഗോള പരിശീലനമായി മാറി. ഒരു ഇന്ത്യന്‍ പാരമ്പര്യത്തിന് അതിന്റെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ സീമകള്‍ക്ക് അതീതമായി സഞ്ചരിച്ച് വിശാലമായ ഒരു ആഗോള ആശയത്തിന്റെ ഭാഗമാകാന്‍ എങ്ങനെ കഴിയുമെന്നതിന് യോഗ ഒരു ഉദാഹരണമാണെന്നും ശ്രീ. സി.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
''വിശ്വസഞ്ചാര്‍'' എന്ന പദം ലോകമെമ്പാടുമുള്ള ആശയങ്ങളുടെ വിനിമയത്തെയും സംവാദത്തെയുമാണ് സൂചിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഘടകങ്ങള്‍ എങ്ങനെ മറ്റ് സമൂഹങ്ങളുമായി ഇടപഴകുകയും പുതിയ രൂപങ്ങളും അര്‍ത്ഥങ്ങളും കൈവരിച്ചുവെന്നും പരിശോധിക്കാന്‍ ഈ പുസ്തകം വായനക്കാരെ ക്ഷണിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വര്‍ത്തമാനകാലത്തെ രൂപപ്പെടുത്തുന്ന ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കുമ്പോള്‍ തന്നെ ഭാരതത്തിന്റെ സമ്പന്നമായ പൈതൃകത്തെ വായിക്കാനും ചോദ്യം ചെയ്യാനും അന്വേഷിക്കാനും മനസ്സിലാക്കാനും അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
'അടിസ്ഥാന മൂല്യങ്ങളിലും സംസ്‌കാരത്തിലും വേരൂന്നിനില്‍ക്കുമ്പോള്‍ തന്നെ മാറ്റങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താനുള്ള ആത്മവിശ്വാസം ഉണ്ടാകുമ്പോഴാണ് ഒരു നാഗരികത നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നത്,' അദ്ദേഹം പറഞ്ഞു.
'വിശ്വസഞ്ചാര്‍ ഹിന്ദുത്വ കാ' പുറത്തിറക്കിയതിന് ഗ്രന്ഥകര്‍ത്താക്കളെയും ഗവേഷകരെയും എഡിറ്റര്‍മാരെയും സപ്താഹിക് വിവേകിനെയും ശ്രീ. സി. പി. രാധാകൃഷ്ണന്‍ അഭിനന്ദിച്ചു.
ഭാരതത്തിന്റെ സാംസ്‌കാരിക യാത്രയെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിന് ഈ പുസ്തകം പ്രേരണ നല്‍കുമെന്നും ഹിന്ദുത്വം, സാംസ്‌കാരിക സ്വത്വം , ലോകവുമായുള്ള ഭാരതത്തിന്റെ ബന്ധം എന്നിവയെക്കുറിച്ചുള്ള ചിന്തോദ്ദീപകമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
രാജ്യസഭാ എംപി ശ്രീ. വിനോദ് താവ്‌ഡെ, മുംബൈ സുയോഗ് ടെലിമാറ്റിക്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ശിവശങ്കര്‍, സപ്താഹിക് വിവേക് എഡിറ്റര്‍ ശ്രീ. രവീന്ദ്ര ഗോലെ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2314539)
സന്ദര്‍ശക കൗണ്ടര്‍ : 10