ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് നികുതി അതോറിറ്റി മേധാവികളുടെ യോഗം കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു

പോസ്റ്റഡ് ഓണ്‍: 23 SEP 2026 8:38PM by PIB Thiruvananthpuram

നികുതി സഹകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇന്ത്യ വഹിച്ച ബ്രിക്‌സ് അധ്യക്ഷപദവിയുടെ സമാപനമെന്ന നിലയിൽ ന്യൂഡൽഹിയിൽ ഇന്ന് നടന്ന ബ്രിക്‌സ് നികുതി അതോറിറ്റി മേധാവികളുടെ യോഗം കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രി, കേന്ദ്ര ധനകാര്യ സഹമന്ത്രി ശ്രീ പങ്കജ് ചൗധരി, റവന്യൂ സെക്രട്ടറി ശ്രീ അരവിന്ദ് ശ്രീവാസ്തവ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു.

സി.ബി.ഡി.ടി. ചെയർമാൻ ശ്രീ രവി അഗർവാൾ, സി.ബി.ഡി.ടി. അംഗം  (നിയമനിർമ്മാണം) ശ്രീ പ്രസൻജിത് സിംഗ്, സി.ബി.ഡി.ടി.യിലെ മറ്റ് അംഗങ്ങൾ, റവന്യൂ വകുപ്പിലെ (DoR) മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ആതിഥേയത്വം വഹിച്ച ഈ യോഗം ബ്രിക്സ് അംഗരാജ്യങ്ങളിലെ നികുതി അതോറിറ്റി മേധാവികളെ ഒരുമിച്ചുകൊണ്ടുവന്നു. ബ്രസീൽ, ചൈന, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, ഇന്തോനേഷ്യ, ഇറാൻ, റഷ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ പത്ത് ബ്രിക്സ് നികുതി ഭരണസംവിധാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുകയും സഹകരണത്തിലൂടെയും കൂട്ടായ്മയിലൂടെയും അവരുടെ  അനുഭവങ്ങൾ പങ്കുവെക്കുകയും ഉയർന്നുവരുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.


ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ബ്രിക്‌സ് നികുതി സഹകരണത്തിലെ പ്രധാനപ്പെട്ട മൂന്ന് വിഷയങ്ങളായ സാങ്കേതികവിദ്യ, ഭരണം, ജനങ്ങൾ എന്നിവയെക്കുറിച്ച് ചടങ്ങിനെ അഭിസംബോധന ചെയ്ത് ശ്രീമതി സീതാരാമൻ എടുത്തുപറഞ്ഞു. നികുതി ഭരണം കൂടുതൽ കൃത്യതയുള്ളതും പ്രാപ്യവുമാക്കുന്നതിൽ ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും പങ്ക്, ഓരോ അധ്യക്ഷപദവിക്കും അപ്പുറവും സഹകരണം നിലനിർത്താൻ കഴിയുന്ന സുസ്ഥിരമായ സ്ഥാപനപരമായ സംവിധാനങ്ങളുടെയും പ്രായോഗിക ഉപകരണങ്ങളുടെയും പ്രാധാന്യം, ജനങ്ങളിൽ നിക്ഷേപിക്കുന്നതിനും വിവിധ നികുതി ഭരണസംവിധാനങ്ങളിലുടനീളം പ്രൊഫഷണൽ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുമുള്ള മൂല്യം എന്നിവ അവർ ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര നികുതി സഹകരണത്തിനായുള്ള യു.എൻ ഫ്രെയിംവർക്ക് കൺവെൻഷൻ സംബന്ധിച്ച ചർച്ചകൾ ഉൾപ്പെടെ നിലവിൽ നടക്കുന്ന ബഹുമുഖ നികുതി ചർച്ചകൾ നീതിയുക്തവും സുസ്ഥിരവുമാക്കുന്നതിന് ബ്രിക്സ് സമ്പദ്‌വ്യവസ്ഥകളുടെ കാഴ്ചപ്പാടുകൾ അത്യന്താപേക്ഷിതമാണെന്നും അവർ അടിവരയിട്ടു.



യോഗം നിരവധി സുപ്രധാന തീരുമാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചു. അന്താരാഷ്ട്ര നികുതി, ട്രാൻസ്ഫർ പ്രൈസിംഗ്, റവന്യൂ സ്ഥിതിവിവരക്കണക്കുകൾ എന്നിവ സംബന്ധിച്ച രണ്ട് പുതിയ വർക്കിംഗ് ഗ്രൂപ്പുകൾ രൂപീകരിച്ചു. ഇവ രണ്ടിനും ഇന്ത്യ നേതൃത്വം നൽകും. അധ്യക്ഷപദവി വഹിക്കുന്ന രാജ്യം ഏതായാലും തടസ്സമില്ലാതെ തുടരുന്ന സുസ്ഥിരമായ സ്ഥാപനപരമായ വേദികൾ ഇവ സൃഷ്ടിക്കും. 2026 ഏപ്രിലിൽ നാഗ്പൂരിലെ നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസിൽ നടന്ന ആദ്യത്തെ ‘ബ്രിക്സ് യംഗ് ടാക്സ് പ്രൊഫഷണൽസ് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാം’, ബ്രിക്സ് നികുതി സഹകരണത്തിൻ്റെ  ഒരു വാർഷിക പരിപാടിയായി ഔദ്യോഗികമായി സ്ഥിരപ്പെടുത്തി. ക്ലയൻ്റ്-കേന്ദ്രീകൃത ഭരണനിർവ്വഹണം, എച്ച്.ആർ രീതികൾ എന്നീ വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ ഒരു സംയുക്ത പിയർ-ലേണിംഗ് പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ‘ബ്രിക്സ് ടാക്സ് ക്രോസ്-ലേണിംഗ് ലാബ്’ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ‘ബ്രിക്സ് ടാക്സ് സപ്പോർട്ട് നെറ്റ്‌വർക്കിൻ്റെ’ പ്രവർത്തനരേഖയ്ക്കും അംഗീകാരം നൽകി.
 

ബ്രിക്‌സ് നികുതി ട്രാക്കിലെ ഇന്ത്യയുടെ അധ്യക്ഷപദവിയുടെ സമ്പൂർണ്ണ രേഖയായ ‘ബ്രിക്‌സ് ടാക്‌സ് പ്രോഗ്രസ് റിപ്പോർട്ട് 2026’ ഔദ്യോഗികമായി ഒപ്പുവെച്ചുകൊണ്ടാണ് യോഗം സമാപിച്ചത്. 2027-ലെ ബ്രിക്‌സ് നികുതി സഹകരണ വിഭാഗത്തിൻ്റെ അടുത്ത അധ്യക്ഷപദവി വഹിക്കുന്ന രാജ്യമായ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ യോഗം സ്വാഗതം ചെയ്തു.

യോഗം വിജയകരമായി സംഘടിപ്പിച്ചതിനും ബ്രിക്സ് നികുതി സഹകരണ വിഭാഗത്തിലെ ഇന്ത്യയുടെ അധ്യക്ഷപദവിയുടെ ഗുണനിലവാരത്തിനും ആഴത്തിനും നികുതി അതോറിറ്റി മേധാവികൾ ഇന്ത്യാ ഗവണ്മെൻ്റിനെ പ്രശംസിച്ചു.

***


( റിലീസ് ഐ.ഡി: 2314210) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Marathi , Gujarati