ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്‌ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഭാരത് മണ്ഡപത്തിൽ 9-ാമത് 'ഇന്ത്യ അന്താരാഷ്ട്ര ജലവാരം 2026' ഉദ്ഘാടനം ചെയ്തു.

"കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള ജല പരിപാലനം" എന്നതാണ് 5 ദിവസത്തെ പരിപാടിയുടെ പ്രമേയം

പോസ്റ്റഡ് ഓണ്‍: 22 SEP 2026 2:40PM by PIB Thiruvananthpuram
ഉപരാഷ്‌ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ, 9-ാമത് ഇന്ത്യ അന്താരാഷ്ട്ര ജലവാരം (IIWW) 2026 ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജൽ ശക്തി മന്ത്രാലയം സെപ്റ്റംബർ 22 മുതൽ 26 വരെ സംഘടിപ്പിക്കുന്ന  ഈ പരിപാടി "കാലാവസ്ഥാവ്യതിയാന പ്രതിരോധശേഷിയുള്ള ജല പരിപാലനം" (Climate Resilient Water Management) എന്ന പ്രമേയത്തിലാണ് നടക്കുന്നത്.

ജലം ജീവന്റെയും സംസ്‌കാരങ്ങളുടെയും അടിസ്ഥാനമാണെന്ന് സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി പറഞ്ഞു. ഇതിന്റെ വിവേകപൂർണ്ണമായ ഉപയോഗം, സംരക്ഷണം, ഫലപ്രദമായ പരിപാലനം എന്നിവയുടെ ആവശ്യകത അദ്ദേഹം എടുത്തുപറഞ്ഞു .
 
തമിഴ്‌നാട്ടിലെ  ബാല്യകാല അനുഭവങ്ങൾ അനുസ്മരിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ജലക്ഷാമത്തിന് താൻ നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിന് നൽകിയ പ്രാധാന്യം ഓർക്കുന്നതായും പറഞ്ഞു. “ജലം സംരക്ഷിക്കേണ്ടത് മനുഷ്യരാശിക്കും ഭൂമിക്കും അത്യന്താപേക്ഷിതമാണ്,” അദ്ദേഹം പറഞ്ഞു.
 
രണ്ട് പതിറ്റാണ്ടിലേറെ മുമ്പ് തമിഴ്‌നാട്ടിലുടനീളം 19,000 കിലോമീറ്റർ ദൈർഘ്യമുള്ള രഥയാത്ര നടത്തിയ കാര്യം ഉപരാഷ്ട്രപതി  അനുസ്മരിച്ചു. നദീസംയോജനം, ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ ശരിയായ പരിപാലനം എന്നിവയെക്കുറിച്ച് അവബോധം വളർത്തുക എന്നതായിരുന്നു ഇതിന്റെ ഒരു ലക്ഷ്യം. ചില പ്രദേശങ്ങളിൽ പ്രളയവും മറ്റിടങ്ങളിൽ വരൾച്ചയും നേരിടുന്ന സാഹചര്യങ്ങളെ അതിജീവിക്കാൻ നദീസംയോജനം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
നദികളുമായുള്ള ഇന്ത്യയുടെ നാഗരിക ബന്ധത്തെ പരാമർശിച്ചുകൊണ്ട്, നൂറ്റാണ്ടുകളായി ജലം സംരക്ഷിക്കുന്നതിനും പങ്കിടുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യൻ സമൂഹങ്ങൾ പരമ്പരാഗത രീതികളും മാർഗങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഉപരാഷ്ട്രപതി  പറഞ്ഞു. "ഇന്നത്തെ ജലപ്രതിസന്ധികൾ പരിഹരിക്കുന്നതിന് നമ്മുടെ പരമ്പരാഗത അറിവുകൾ വിലയേറിയ പാഠങ്ങൾ നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

 ലോകത്തെ ഭൂവിസ്തൃതിയുടെ 2.4 ശതമാനവും ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലാണുള്ളതെന്നും എന്നാൽ ആഗോള ശുദ്ധജല സ്രോതസ്സുകളുടെ 4 ശതമാനം മാത്രമാണ് രാജ്യത്തുള്ളതെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. ജലലഭ്യത കൂടുതലുള്ളതും ജനസംഖ്യ കുറഞ്ഞതുമായ രാജ്യങ്ങളുമായി ഇന്ത്യയുടെ ജല ഉപയോഗ ആവശ്യകതകളെ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി .
 
പെരുമാറ്റപരമായ മാറ്റങ്ങൾ വരുത്താൻ ആഹ്വാനം ചെയ്ത അദ്ദേഹം, ദൈനംദിന ജീവിതത്തിൽ ലളിതമായ ജലസംരക്ഷണ രീതികൾ സ്വീകരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. “നമുക്ക് രണ്ട് ബക്കറ്റ് വെള്ളത്തിലോ ഇരുപത് ബക്കറ്റ് വെള്ളത്തിലോ കുളിക്കാം. തീരുമാനം നമ്മുടേതാണ്. പല്ല് തേക്കുമ്പോൾ ടാപ്പ് അടച്ചു വെക്കാം. ഇവ ചെറിയ കാര്യങ്ങളായി തോന്നാമെങ്കിലും, ഈ ചെറിയ പ്രവൃത്തികൾക്കുള്ളിലാണ് മനുഷ്യരാശിയുടെയും ലോകത്തിന്റെയും പ്രസക്തി അടങ്ങിയിരിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
 
കാലാവസ്ഥാ വ്യതിയാനം, വേഗത്തിലുള്ള നഗരവൽക്കരണം, ജനസംഖ്യാ വർധന എന്നിവ ജലപരിപാലനത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നദീതട പരിപാലനം, ഭൂഗർഭജല റീചാർജ് , മഴവെള്ള ശേഖരണം, കാര്യക്ഷമമായ ജലസേചനം എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത സമീപനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ജലം പങ്കുവെക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഉപരാഷ്‌ട്രപതി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം, ജലം പങ്കുവെക്കലിനായി 10 അന്തർസംസ്ഥാന ധാരണാപത്രങ്ങളിൽ (MoUs) ഒപ്പുവെച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഏകോപിത പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേന്ദ്ര ഗവണ്മെന്റ്, ജൽ ശക്തി മന്ത്രാലയം, പങ്കാളികളായ സംസ്ഥാനങ്ങൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു . അന്തർസംസ്ഥാന സഹകരണത്തിന്റെ പ്രധാന ഉദാഹരണമായി ആറ് സംസ്ഥാനങ്ങൾ തമ്മിലുള്ള കിഷാവു വിവിധോദ്ദേശ്യ പദ്ധതി (Kishau Multipurpose Project) കരാറിനെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
 
2047-ഓടെ ഇന്ത്യ ഒരു വികസിത സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് നീങ്ങുമ്പോൾ, കാര്യക്ഷമവും സുസ്ഥിരവുമായ ജലപരിപാലനം നിർണായകമാകുമെന്ന് ശ്രീ സി. പി. രാധാകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ “ജൽ സഞ്ചയ് ജൻ ഭാഗീദാരി” (Jal Sanchay Jan Bhagidari) എന്ന ആഹ്വാനം ഓർമ്മിപ്പിച്ച അദ്ദേഹം, ജലസംരക്ഷണം ഒരു ജനകീയ പ്രസ്ഥാനമാക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
 
കാർഷികമേഖലയിലെ ബൃഹത്തായ ജല ആവശ്യകതയും വ്യവസായ രംഗത്ത് വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും കണക്കിലെടുത്ത്, ജല ഉപയോഗത്തിൽ ഉയർന്ന കാര്യക്ഷമത, പുന ചംക്രമണം, പുനരുപയോഗം  എന്നിവ ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രതികരണാത്മകമായ രീതികളിൽ നിന്ന് മാറി പ്രവചനപരവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ജലപരിപാലനത്തിലേക്ക് മാറാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
 
ബഹുജന പങ്കാളിത്തത്തിനും ബഹുമുഖ സമീപനത്തിനും ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ സി. പി. രാധാകൃഷ്ണൻ, ജലപ്രതിസന്ധികൾ ഏതെങ്കിലും ഒരു സ്ഥാപനത്തിനോ മേഖലയ്ക്കോ സംസ്ഥാനത്തിനോ മാത്രമായി പരിഹരിക്കാൻ കഴിയില്ലെന്ന് പറഞ്ഞു. ഇന്ത്യ അന്താരാഷ്ട്ര ജല വാരം -2026-ലെ ചർച്ചകൾ കാലാവസ്ഥാമാറ്റപ്രതിരോധശേഷിയുള്ളതും സംയോജിതവുമായ ജലപരിപാലനത്തിന് സഹായിക്കുന്ന വിധത്തിൽ നൂതന സാങ്കേതിക, നയപര, സാമൂഹിക-സാമ്പത്തിക, പാരിസ്ഥിതിക സമീപനങ്ങൾ സൃഷ്ടിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു. അറിവ് പങ്കുവെക്കാനും പങ്കാളിത്തം കെട്ടിപ്പടുക്കാനും ജലസംരക്ഷണത്തിനായി സ്വയം സമർപ്പിക്കാനും എല്ലാ പങ്കാളികളോടും അഭ്യർത്ഥിച്ചുകൊണ്ട് , “ജല സുരക്ഷ ജനസുരക്ഷയിലേക്കും രാഷ്ട്രസുരക്ഷയിലേക്കും നയിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
 
"സുസ്ഥിര നഗര നദി പരിപാലന"  (SURM) ചട്ടക്കൂടും AI/ML-അധിഷ്ഠിത 'സംയോജിത റിസർവോയർ അവശിഷ്ട പരിപാലനരീതിയും ' ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ഇത് സാങ്കേതികവിദ്യാധിഷ്ഠിതവും കാലാവസ്ഥാമാറ്റ പ്രതിരോധശേഷിയുള്ളതുമായ ജലപരിപാലനത്തിലേക്കുള്ള പ്രധാന ചുവടുവെയ്പ്പുകളാണ്.
 
കേന്ദ്ര ജൽ ശക്തി മന്ത്രി ശ്രീ സി. ആർ. പാട്ടീൽ, ജൽ ശക്തി സഹമന്ത്രിമാരായ ശ്രീ വി. സോമണ്ണ, ശ്രീ രാജ് ഭൂഷൺ ചൗധരി, ജൽ ശക്തി മന്ത്രാലയ സെക്രട്ടറിമാരായ ശ്രീമതി അർച്ചന വർമ്മ, ശ്രീ അശോക് മീണ , സെൻട്രൽ വാട്ടർ കമ്മീഷൻ ചെയർമാൻ ശ്രീ അനുപം പ്രസാദ്, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രതിനിധികൾ, മറ്റു വിദഗ്ധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 
******

( റിലീസ് ഐ.ഡി: 2313518) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada