ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

തടസ്സരഹിത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാൻ പൊതുമേഖലാ ബാങ്കുകളിലെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളിലെയും ജീവനക്കാരോട് അഭ്യർത്ഥന

പോസ്റ്റഡ് ഓണ്‍: 21 SEP 2026 7:50PM by PIB Thiruvananthpuram

പ്രധാനമായും രണ്ട് കാരണങ്ങൾ ഉയർത്തിക്കാട്ടി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്: ബാങ്കുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ച് ദിവസമായി ചുരുക്കണമെന്ന് അവർ ആവശ്യപ്പെടുന്നു, പ്രകടനവുമായി ബന്ധപ്പെട്ട പ്രോത്സാഹന (Performance Linked Incentive - PLI) പദ്ധതി പിൻവലിക്കണമെന്നും അവർ ആവശ്യമുന്നയിക്കുന്നു. ജീവനക്കാരുടെ ആശങ്കകൾ പരിഗണിച്ച് ചർച്ചകൾക്ക് ശേഷം, PLI പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു. ഇതിലൂടെ, ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ മുന്നോട്ടുവച്ച രണ്ട് പ്രധാന ആവശ്യങ്ങളിൽ ഒന്ന് സർക്കാർ അംഗീകരിച്ചു.

സർക്കാർ PLI പദ്ധതി താൽക്കാലികമായി നിർത്തിവച്ചതിന് പിന്നാലെ, അവശേഷിക്കുന്ന വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതിനായി ബാങ്ക് ജീവനക്കാരുടെ യൂണിയനുകളുമായി സർക്കാർ നിരവധി ഘട്ടങ്ങളിലായി ചർച്ചകൾ നടത്തി. യൂണിയനുകളുടെ രണ്ട് പ്രധാന ആവശ്യങ്ങളിൽ ഒന്നിന് സർക്കാർ പരിഹാരം കാണുകയും, ശേഷിക്കുന്ന ആവശ്യം സംബന്ധിച്ച് ചർച്ചകൾ തുടരുകയും ചെയ്തിട്ടും, യൂണിയനുകൾ സമരപരിപാടികളുമായി മുന്നോട്ട് പോയി. ഇതിന്റെ ഭാഗമായി 2026 സെപ്റ്റംബർ 11-ന് ഒരു ദിവസത്തെ പണിമുടക്ക് നടത്തി. കൂടാതെ, 2026 സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കും, 2026 ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ നിലവിലെ പ്രവർത്തനക്രമത്തിന് പകരമായി ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കിംഗ് സേവനങ്ങൾ ചുരുക്കണമെന്നതാണ് ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന ആവശ്യം.

രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക പുരോഗതിയെ സംബന്ധിച്ചിടത്തോളം പൊതുമേഖലാ ബാങ്കുകൾ വളരെ പ്രധാനമാണ്. ഗ്രാമീണ, പിന്നാക്ക മേഖലകളിലെ ജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ അവ സഹായിക്കുന്നു, കൂടാതെ ഡിജിറ്റൽ ബാങ്കിംഗും സാമ്പത്തിക അവബോധവും പ്രോത്സാഹിപ്പിക്കുന്നു. ജീവനക്കാർക്ക് പ്രചോദനവും സുരക്ഷിതത്വവും മികച്ച പരിഗണനയും ലഭിക്കുമ്പോൾ മാത്രമേ ബാങ്കുകൾക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ എന്ന് സർക്കാർ തിരിച്ചറിയുന്നു. അതിനാൽ, ബാങ്ക് ജീവനക്കാരുടെ തൊഴിൽ സാഹചര്യങ്ങൾ, സുതാര്യത, ക്ഷേമം എന്നിവ മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഒട്ടേറെ സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ മേഖലയിൽ സ്വീകരിച്ച പ്രധാന നടപടികൾ ഇനിപ്പറയുന്നു.

  • എല്ലാ കേഡറുകളിലും പുതിയ ശമ്പള സ്കെയിലുകൾ നിശ്ചയിക്കുന്നതിനൊപ്പം ശമ്പളത്തിലും അലവൻസുകളിലും വർദ്ധനവ്. 
  • പൊതുമേഖലാ ബാങ്കുകളിൽ ജോലി ചെയ്യുന്നവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി (ആരോഗ്യ സംബന്ധിയായ ചെലവുകൾ, കാന്റീൻ സബ്‌സിഡികൾ, കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സംബന്ധിയായ സാമ്പത്തിക സഹായം മുതലായവ) പൊതുമേഖലാ ബാങ്കുകൾ അനുവദിക്കുന്ന ഫണ്ടായ സ്റ്റാഫ് വെൽഫെയർ ഫണ്ട് (SWF) 2024 ഓഗസ്റ്റിൽ 56% വർദ്ധിപ്പിച്ചു.
  • അസിസ്റ്റന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ജനറൽ മാനേജർ, ചീഫ് ജനറൽ മാനേജർ എന്നീ തലങ്ങളിലുള്ള എക്സിക്യൂട്ടീവ് തസ്തികകളുടെ എണ്ണം വർദ്ധിപ്പിച്ചു.
  • ബാങ്ക് ജീവനക്കാരുടെ നിയമനം ഗണ്യമായി വർദ്ധിച്ചു; 2014-15 സാമ്പത്തിക വർഷം മുതൽ 2025-26 സാമ്പത്തിക വർഷം വരെ പൊതുമേഖലാ ബാങ്കുകൾ ഏകദേശം 4,82,800 ജീവനക്കാരെ നിയമിച്ചു; കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ നിയമനം ഇരട്ടിയായി. 01.07.2026 വരെ, 95.84% ഓഫീസർമാരും 92% സബോർഡിനേറ്റ്/അവാർഡ് സ്റ്റാഫുമാണ് ജോലിയിലുള്ളത്.
  • ബാങ്കിംഗ് മേഖലയിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുന്നതിനായി ആധാർ പ്രാമാണീകരണവും നിയമന ഫല പ്രഖ്യാപനം ലളിതമാക്കിയതോടെ ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് ശക്തിപ്പെട്ടു.
  • സമയബന്ധിതമായ പ്രമോഷനുകൾ ഉറപ്പാക്കുന്നതിനായി പ്രമോഷൻ പ്രക്രിയകൾ ലളിതമാക്കി.
  • ജീവനക്കാരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വികസിപ്പിച്ച്, സമയബന്ധിത ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഏർപ്പെടുത്തി. സ്ഥലംമാറ്റത്തിന്റെയോ സ്ഥാനക്കയറ്റത്തിന്റെയോ അവസരത്തിൽ ജീവനക്കാർക്ക് ഇഷ്ടപ്പെട്ട സ്ഥലത്തിന് മുൻഗണന നൽകുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
  • ആർത്തവം, വന്ധ്യതാ ചികിത്സ, രണ്ടാമത്തെ കുഞ്ഞിനെ ദത്തെടുക്കൽ, പ്രസവസമയത്തെ ശിശുമരണം തുടങ്ങിയ വ്യക്തിഗതവും ആരോഗ്യപരവുമായ സാഹചര്യങ്ങളിൽ വനിതാ ജീവനക്കാർക്ക് പ്രത്യേക അവധി അനുവദിച്ചിട്ടുണ്ട്.
  • ബാങ്ക് ജീവനക്കാരുടെ കുടുംബ പെൻഷൻ പരിഷ്കരിക്കുകയും, രാജിവയ്ക്കുന്ന  ജീവനക്കാർക്ക് പെൻഷൻ ലഭിക്കുന്നതിനുള്ള ഓപ്ഷൻ അനുവദിക്കുകയും ചെയ്തു.
  • നിലവിലെ ദ്വികക്ഷി ധാരണാ കാലയളവിൽ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പ്രതിമാസ എക്സ്-ഗ്രേഷ്യ ആനുകൂല്യം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 1986-ന് മുമ്പ് വിരമിച്ച പെൻഷൻകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന എക്സ്-ഗ്രേഷ്യ തുകയും വർധിപ്പിച്ചിട്ടുണ്ട്.
  • വിരമിച്ച ബാങ്ക് ജീവനക്കാർക്കായി പുതുക്കിയ മെഡിക്കൽ ഇൻഷുറൻസ് പോളിസി അവതരിപ്പിക്കുകയും, അതിൽ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ (Base Policy) ഉൾപ്പെടുത്തുകയും ചെയ്തു.
  • ദിവ്യാംഗരായ (PwBD) ജീവനക്കാർക്കുള്ള യാത്രാ അലവൻസ് വർധിപ്പിച്ചു.
  • വേതന പരിഷ്‌കരണ കരാർ (Wage Settlement) പൂർത്തിയാക്കുന്നതിനാവശ്യമായ സമയം കുറച്ചു.

വേതന കരാറുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിനും ബാങ്ക് ജീവനക്കാരുടെ ശമ്പളവും അലവൻസുകളും യഥാസമയം പരിഷ്കരിക്കുന്നതിനും സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. ഇതിന്റെ ഭാഗമായി, നിലവിലെ ദ്വികക്ഷി ധാരണാ കാലാവധി 2027 നവംബറിൽ അവസാനിക്കുന്നതിന് ഏറെ മുമ്പുതന്നെ അടുത്ത ദ്വികക്ഷി ധാരണയ്ക്കുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കരാർ നടപടികൾ നിശ്ചിത സമയപരിധിക്ക് മുമ്പായി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ബാങ്ക് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളും ക്ഷേമവും പരിഗണിക്കുന്നതിനൊപ്പം, സ്ഥാപനപരമായ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ബാങ്കിംഗ് മേഖലയുടെ കാര്യക്ഷമവും ഫലപ്രദവുമായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്നതിലുള്ള സർക്കാരിന്റെ നിരന്തര പ്രതിബദ്ധതയാണ് ഈ നടപടികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വീകരിച്ച വിവിധ നടപടികളിലൂടെ ബാങ്ക് ജീവനക്കാരിൽ ഭൂരിഭാഗവും നേരിടുന്ന പ്രധാന ആശങ്കകൾക്ക് ഇതിനോടകം പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബാങ്കിംഗ് സേവനങ്ങൾ ഓരോ പൗരന്റെയും ദൈനംദിന ജീവിതത്തിൽ നിർണായക പങ്ക് വഹിക്കുന്നു. അതിനാൽ, ബാങ്കിംഗ് സേവനങ്ങളുടെ നൈരന്തര്യത്തിൽ ഉണ്ടാകുന്ന ഏതൊരു തടസ്സവും പൊതുജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ നേരിട്ട് ബാധിക്കാനിടയുണ്ട്. ബാങ്ക് ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ച്, 2015-ൽ പൊതുമേഖലാ ബാങ്കുകൾക്ക് എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, മറ്റ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങളായി തുടരുന്നതിനാൽ, നിരവധി പൗരന്മാർക്ക് ബാങ്കുകൾ സന്ദർശിച്ച് ആവശ്യമായ ബാങ്കിംഗ് സേവനങ്ങൾ സുഗമമായും സൗകര്യപ്രദമായും ലഭിക്കുന്നതിനുള്ള അവസരമുണ്ട്.

2026 സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താൻ നിർദേശിച്ചിരിക്കുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്, സെപ്റ്റംബർ 30-ന് നടക്കുന്ന ബാങ്കുകളുടെ അർദ്ധവാർഷിക ക്ലോസിംഗ് സമയത്താണ് വരുന്നത്. അക്കൗണ്ടുകളുടെ റികൺസിലിയേഷനും പരിശോധനയും, ആവശ്യമായ സാമ്പത്തിക പ്രൊവിഷനുകൾ ക്രമീകരിക്കൽ, ട്രഷറി, സാമ്പത്തിക വിപണി പ്രവർത്തനങ്ങൾ എന്നിവ പൂർത്തിയാക്കേണ്ടതിനാൽ ഈ തീയതി ബാങ്കിംഗ് മേഖലയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. പണിമുടക്കിന് തൊട്ടുപിന്നാലെ വാരാന്ത്യ അവധിയും വരുന്നതിനാൽ, ബാങ്കിംഗ് സേവനങ്ങൾ ഫലത്തിൽ തുടർച്ചയായി അഞ്ച് ദിവസത്തേക്ക് തടസ്സപ്പെടാൻ സാധ്യതയുണ്ട്. സാമ്പത്തിക കലണ്ടറിലെ നിർണായകമായ ഈ ഘട്ടത്തിൽ ഇത്തരം ദീർഘമായ തടസ്സം ഉപഭോക്താക്കൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും സർക്കാർ സാമ്പത്തിക ഇടപാടുകൾക്കും അന്താരാഷ്ട്ര ബാങ്കിംഗ് പ്രവർത്തനങ്ങൾക്കും കാര്യമായ അസൗകര്യങ്ങളും പ്രയാസങ്ങളും സൃഷ്ടിച്ചേക്കാം.

സർക്കാരും ബാങ്ക് ജീവനക്കാരും ബാങ്ക് മാനേജ്‌മെന്റുകളും വർഷങ്ങളായി നടത്തിയ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി പൊതുമേഖലാ ബാങ്കുകൾ ഇന്ന് ശക്തവും സുസ്ഥിരവുമായ നില കൈവരിച്ചിട്ടുണ്ട്. കൈവരിച്ച ഈ നേട്ടങ്ങൾ സംരക്ഷിക്കുന്നതിനും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ബാങ്കുകളുടെയും ജീവനക്കാരുടെയും അവർ സേവനം നൽകുന്ന പൊതുജനങ്ങളുടെയും താത്പര്യങ്ങൾ മുൻനിർത്തി ബാങ്കിംഗ് പ്രവർത്തനങ്ങളുടെ നൈരന്തര്യം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പണിമുടക്കോ ബാങ്കിംഗ് പ്രവർത്തനങ്ങളിലെ തടസ്സമോ ബാങ്കുകളുടെ സുഗമവും കാര്യക്ഷമവുമായ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും, ആത്യന്തികമായി അവയുടെ സാമ്പത്തിക പ്രകടനത്തെയും ബാധിക്കുകയും ചെയ്തേക്കാം.

ബാങ്ക് പണിമുടക്കുകൾ ബാങ്കിംഗ് സേവനങ്ങളുടെ നൈരന്തര്യത്തെ തടസ്സപ്പെടുത്തുകയും പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നതിനൊപ്പം ബാങ്കുകളുടെ സാധാരണ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത്തരം തടസ്സങ്ങൾ ആത്യന്തികമായി ബാങ്ക് ജീവനക്കാരുടെ താത്പര്യങ്ങളെയും ബാധിച്ചേക്കാം. പണിമുടക്കുകളിലൂടെ സുസ്ഥിരവും ഫലപ്രദവുമായ പരിഹാരം കൈവരിക്കാനാകില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ബാങ്ക് ജീവനക്കാരുടെ ക്ഷേമവും താത്പര്യവും  സംരക്ഷിക്കുന്നതിനും അവരുടെ ന്യായമായ ആശങ്കകൾ ക്രിയാത്മകമായ ചർച്ചകളിലൂടെയും പരസ്പര സഹകരണത്തിലൂടെയും ഫലപ്രദമായി പരിഹരിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

സംഘടനകൾ ഉന്നയിച്ച ഭൂരിഭാഗം ആശങ്കകൾക്കും പരിഹാരം കാണുകയും, ശേഷിക്കുന്ന ആവശ്യം സർക്കാർ പരിഗണിച്ചുവരികയും ചെയ്യുന്നു, ബാങ്ക് ജീവനക്കാരുടെ ക്ഷേമത്തിനായി വിവിധ നടപടികൾ സർക്കാർ നടപ്പിലാക്കിവരുന്നു. അതിനാൽ, പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കാനും ശേഷിക്കുന്ന വിഷയങ്ങൾ ചർച്ചകളിലൂടെയും പരസ്പര സംവാദത്തിലൂടെയും പരിഹരിക്കുന്നതിനായി സഹകരിക്കാനും ബാങ്ക് ജീവനക്കാരോട് അഭ്യർത്ഥിക്കുന്നു. അതോടൊപ്പം, പൊതുജനങ്ങൾക്ക് ബാങ്കിംഗ് സേവനങ്ങൾ തടസ്സരഹിതമായി ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
 
*****

( റിലീസ് ഐ.ഡി: 2313292) സന്ദര്‍ശക കൗണ്ടര്‍ : 29
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Bengali , Tamil