വ്യാപാര-സാമ്പത്തിക പങ്കാളിത്തത്തില്‍ നിര്‍ണായക മുന്നേറ്റം കുറിച്ച് ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ 2026 ഒക്ടോബര്‍ 20 ന് പ്രാബല്യത്തില്‍ വരും. 2026 ഏപ്രില്‍ 27ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയലും ന്യൂസിലന്‍ഡ് വ്യാപാര നിക്ഷേപ മന്ത്രി ടോഡ് മക്ലേയും ചേര്‍ന്നാണ് കരാറില്‍ ഒപ്പുവെച്ചത്.
ഇരുരാജ്യങ്ങളിലെയും ആഭ്യന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി ശ്രീ. പിയൂഷ് ഗോയലും ന്യൂസിലന്‍ഡ് മന്ത്രി ടോഡ് മക്ലേയും നടത്തിയ വെര്‍ച്വല്‍ ചര്‍ച്ചയിലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്ന തീയതി പ്രഖ്യാപിച്ചത്. കരാറുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന് 2026 സെപ്റ്റംബര്‍ 16ന് ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണ നേതൃത്വത്തിന് കീഴില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലെ ബന്ധം കൂടുതല്‍ ശക്തവും വിപുലവുമായി മാറിയിട്ടുണ്ട്. നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 2026 ജൂലൈയില്‍ ന്യൂസിലന്‍ഡ് സന്ദര്‍ശിച്ചത് ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന് പുതിയ വേഗം പകരുകയും സ്വതന്ത്ര വ്യാപാര കരാര്‍ വേഗത്തില്‍ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം 'തന്ത്രപരമായ പങ്കാളിത്ത'ത്തിലേക്ക് ഉയര്‍ത്തുകയും അടുത്ത നാല് വര്‍ഷത്തെ സഹകരണത്തിന് ദിശാബോധം നല്‍കാന്‍ 'ഇന്ത്യ-ന്യൂസിലന്‍ഡ് തന്ത്രപരമായ പങ്കാളിത്തം: 2030ലേക്കുള്ള ആസൂത്രണം' സംയുക്തമായി അംഗീകരിക്കുകയും ചെയ്തു. 2030ഓടെ ഉഭയകക്ഷി ചരക്ക്‌സേവന വ്യാപാരം 700 കോടി ന്യൂസിലന്‍ഡ് ഡോളറായി (ഏകദേശം 35,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കരാര്‍ പൂര്‍ണമായി നടപ്പാകുന്നത് ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വലിയ കരുത്തേകും.
ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ ഉഭയകക്ഷി പങ്കാളിത്തത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും ഇരു സമ്പദ്‌വ്യവസ്ഥകള്‍ക്കുമിടയില്‍ കൂടുതല്‍ ഏകോപനം സൃഷ്ടിക്കുമെന്നും ഉല്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും ഈ നാഴികക്കല്ലിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയല്‍ ചൂണ്ടിക്കാട്ടി. വിജയദശമിയുടെ ശുഭദിനത്തിലാണ് കരാര്‍ പ്രാബല്യത്തില്‍ വരുന്നത് എന്നത് ഏറെ സവിശേഷമാണ്. വ്യാപാരം, സാങ്കേതികവിദ്യ, നിക്ഷേപം എന്നീ മേഖലകളിലെ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാനും ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധി ഉറപ്പാക്കാനും കരാറിന് സാധിക്കുമെന്ന് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വ്യാപാര രംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കും വര്‍ധിച്ചുവരുന്ന തീരുവകള്‍ക്കുമിടയില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ വലിയ ആത്മവിശ്വാസം പകരുന്നതായി ന്യൂസിലന്‍ഡ് മന്ത്രി ടോഡ് മക്ലേ പറഞ്ഞു. കഠിനാധ്വാനത്തിലൂടെ കേവലം ഒന്‍പത് മാസം കൊണ്ട് ഇരുരാജ്യങ്ങളിലെയും വ്യാപാരികള്‍ക്കും ഗുണഭോക്താക്കള്‍ക്കും വ്യക്തമായ നേട്ടങ്ങള്‍ ഉറപ്പാക്കുന്ന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന കരാര്‍ പൂര്‍ത്തിയാക്കാനായി. ജനങ്ങള്‍ തമ്മിലെ ബന്ധം, സംസ്‌കാരം, കായികം, വ്യാപാരം, നിക്ഷേപം തുടങ്ങി നിരവധി മേഖലകളില്‍ ഇരു ഗവണ്‍മെന്റുകള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മികച്ച അടിത്തറയാണ് കരാറെന്നും വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യയില്‍ നിന്ന് ന്യൂസിലന്‍ഡിലേക്കുള്ള കയറ്റുമതിയുടെ 100 ശതമാനം താരിഫ് ലൈനുകളിലും (എല്ലാ ഉല്പന്നങ്ങള്‍ക്കും) കസ്റ്റംസ് തീരുവ പൂര്‍ണമായും ഒഴിവാകും. ന്യൂസിലന്‍ഡിന്റെ മറ്റ് വ്യാപാര പങ്കാളികള്‍ക്കൊപ്പം തുല്യ അവസരം ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. ടെക്‌സ്‌റ്റൈല്‍സ്-വസ്ത്ര നിര്‍മാണം, തുകല്‍പാദരക്ഷകള്‍, രത്‌നങ്ങളും ആഭരണങ്ങളും, എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കള്‍ തുടങ്ങിയ ജനകീയ തൊഴില്‍ മേഖലകള്‍ക്ക് ഇത് ഉടനടി ഗുണം ചെയ്യും. ന്യൂസിലന്‍ഡ് ഈടാക്കിയിരുന്ന 10 ശതമാനം വരെ ഉയര്‍ന്ന ഇറക്കുമതി തീരുവയാണ് ഇതോടെ ഇല്ലാതാകുന്നത്. കൂടാതെ മരത്തടികള്‍, കോക്കിങ് കല്‍ക്കരി, ലോഹാവശിഷ്ടങ്ങള്‍ തുടങ്ങിയ നിര്‍ണായക അസംസ്‌കൃത വസ്തുക്കള്‍ നികുതിരഹിതമായി ഇറക്കുമതി ചെയ്യാന്‍ സാധിക്കുന്നത് ആഗോള വിപണിയില്‍ ഇന്ത്യന്‍ നിര്‍മാതാക്കളുടെ മത്സരക്ഷമത വര്‍ധിപ്പിക്കും.
അതേസമയം ക്ഷീരോല്പന്നങ്ങള്‍, മാംസം (ആട്ടിറച്ചി ഒഴികെ), പ്രധാന കാര്‍ഷിക വിളകള്‍, പഞ്ചസാര, ഭക്ഷ്യ എണ്ണകള്‍ തുടങ്ങിയ സുപ്രധാന ഉല്പന്നങ്ങളെ തീരുവ ഇളവുകളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി ഇന്ത്യന്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ ഗവണ്‍മെന്റ് പൂര്‍ണമായി സംരക്ഷിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിലെ ആപ്പിള്‍, കിവിപ്പഴം, മനൂക തേന്‍ എന്നിവയ്ക്ക് മിനിമം ഇറക്കുമതി വിലയും നിശ്ചിത കാലയളവുകളിലെ ഇറക്കുമതിയും തീരുവ നിരക്കിലെ ക്വാട്ടയും (നിശ്ചിത ക്വാട്ടയ്ക്ക് കുറഞ്ഞ നിരക്ക്) നിശ്ചയിച്ച് നിയന്ത്രിത വിപണി പ്രവേശനം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
കാര്‍ഷിക മേഖലയിലെ ഉല്പാദനക്ഷമതയും ഗുണനിലവാരവും വര്‍ധിപ്പിക്കാനും ഇന്ത്യന്‍ കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുന്നതിനും കിവി, ആപ്പിള്‍, തേന്‍ എന്നിവയ്ക്ക് പ്രത്യേക കര്‍മപദ്ധതികളോടെ 'കാര്‍ഷിക ഉല്പാദനക്ഷമതാ പങ്കാളിത്തം' കരാര്‍ വിഭാവനം ചെയ്യുന്നു. തോട്ടം പരിപാലനം, വിളവെടുപ്പാനന്തര പ്രവര്‍ത്തനങ്ങള്‍, വിതരണ ശൃംഖല, ഭക്ഷ്യസുരക്ഷ, സുസ്ഥിര തേനീച്ച വളര്‍ത്തല്‍ എന്നിവയ്ക്ക് മികവു കേന്ദ്രങ്ങള്‍ സ്ഥാപിക്കും. കാര്‍ഷിക ഉല്പാദനക്ഷമതാ പങ്കാളിത്തത്തിന് കീഴിലെ സഹകരണ പ്രവര്‍ത്തനങ്ങളുടെ കൃത്യമായ നടത്തിപ്പ് സംയുക്ത കാര്‍ഷിക ഉല്പാദനക്ഷമതാ സമിതി നിരീക്ഷിക്കും.
ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാനും കരാര്‍ വഴിയൊരുക്കുന്നു. ഇന്ത്യയില്‍ 2,000 കോടി യു.എസ് ഡോളറിന്റെ നിക്ഷേപ സൗകര്യമൊരുക്കാന്‍ ന്യൂസിലന്‍ഡ് പ്രതിബദ്ധത അറിയിച്ചിട്ടുണ്ട്. ഇന്ത്യന്‍ കൃഷി, ഉല്പാദനം, അടിസ്ഥാന സൗകര്യ വികസനം, സ്റ്റാര്‍ട്ടപ്പുകള്‍ എന്നീ മേഖലകള്‍ക്ക് ഇത് കരുത്തേകും.
അതിവേഗം വളരുന്ന ഇന്ത്യയുടെ സേവന മേഖലയ്ക്ക് ന്യൂസിലന്‍ഡ് വിപണിയില്‍ കൂടുതല്‍ സാധ്യതകള്‍ കരാര്‍ തുറന്നുനല്‍കുന്നു. ഐ.ടി, പ്രൊഫഷണല്‍ സേവനങ്ങള്‍, ദൃശ്യ-ശ്രവ്യ മേഖല, നിര്‍മാണ മേഖല, ടൂറിസം തുടങ്ങി 118ഓളം മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കും സാന്നിധ്യം വിപുലീകരിക്കാം. ഇതില്‍ 139 ഉപമേഖലകളില്‍ ഇന്ത്യയ്ക്ക് 'മോസ്റ്റ് ഫേവേര്‍ഡ് നേഷന്‍' പദവി ഉറപ്പാക്കിയിട്ടുണ്ട്.
വിദഗ്ധരായ ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം 5,000 താല്‍ക്കാലിക തൊഴില്‍ പ്രവേശന വിസകളും യുവജനങ്ങള്‍ക്ക് പ്രതിവര്‍ഷം 1,000 വര്‍ക്കിങ് ഹോളിഡേ വിസകളും നീക്കിവെച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിധിയില്ലാത്ത പഠനാവസരവും ശാസ്ത്രസാങ്കേതിക-എന്‍ജിനീയറിങ്-ഗണിത ബിരുദധാരികള്‍ക്ക് പഠനാനന്തരം മൂന്ന് വര്‍ഷം വരെയും ഗവേഷകര്‍ക്ക് നാല് വര്‍ഷം വരെയും ജോലി ചെയ്യാനുള്ള അവകാശവും ലഭിക്കും.
യു.എസ് എഫ്.ഡി.എ, ഇ.എം.എ, യുകെ എം.എച്ച്.ആര്‍.എ, ഹെല്‍ത്ത് കാനഡ തുടങ്ങി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട നിയന്ത്രണ ഏജന്‍സികളുടെ ഗുണനിലവാര പരിശോധനാ അനുമതികള്‍ ന്യൂസിലന്‍ഡ് അംഗീകരിച്ചു തുടങ്ങുന്നത് ഇന്ത്യന്‍ ഔഷധമെഡിക്കല്‍ ഉപകരണ കയറ്റുമതിക്കാര്‍ക്ക് വലിയ നേട്ടമാകും. കാത്തിരിപ്പ് സമയം ഒഴിവാക്കി ഉല്പന്നങ്ങള്‍ വേഗത്തില്‍ ന്യൂസിലന്‍ഡ് വിപണിയിലെത്തിക്കാന്‍ ഇത് സഹായിക്കും.