ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ഷെഡ്യൂൾ H, H1, X വിഭാഗങ്ങളിൽപ്പെട്ട മരുന്നുകളുടെ മേലുള്ള നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കുന്നതിനായി, 1945-ലെ ഔഷധ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോസ്റ്റഡ് ഓണ്‍: 17 SEP 2026 9:37AM by PIB Thiruvananthpuram
ഷെഡ്യൂൾ H, H1, X വിഭാഗങ്ങളിൽപ്പെട്ട മരുന്നുകളുടെ മേലുള്ള നിയന്ത്രണവും നിരീക്ഷണവും ശക്തിപ്പെടുത്തുന്നതിനായി, 2026 സെപ്റ്റംബർ 8-ലെ G.S.R. 791 (E) കരട് ഗസറ്റ് വിജ്ഞാപനത്തിലൂടെ 'ഡ്രഗ്സ് റൂൾസ്, 1945'-ൽ ഭേദഗതി വരുത്താൻ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം.

ഷെഡ്യൂൾ H, H1, X എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ചില മരുന്നുകൾ നിയമവിരുദ്ധമോ അനധികൃതമോ ആയി വാങ്ങുന്നതും വിൽക്കുന്നതും തടയാൻ സർക്കാർ ലക്ഷ്യമിടുന്നു.  നിയന്ത്രണം കൂടുതൽ ശക്തമാക്കുന്നതിനായി, ഇത്തരം മരുന്നുകളുടെ വിൽപനയും കൈകാര്യവും നിരീക്ഷിക്കാൻ മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർദ്ദേശിക്കുന്നു. ക്രമരഹിതമായ വിൽപന കണ്ടെത്താനും, ചട്ടങ്ങൾ പാലിച്ച് മാത്രം ഈ മരുന്നുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായകമാകും.

ഈ നിർദ്ദേശം ആദ്യം ഡ്രഗ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി (DCC) പരിശോധിക്കുകയും തുടർന്ന് ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡ് (DTAB) അംഗങ്ങളുടെ പരിഗണനയ്ക്കായി കൈമാറുകയും ചെയ്തു. നിർദ്ദേശം വിശദമായി പരിശോധിച്ച ശേഷം, അംഗീകാരത്തിനായി DTAB ശുപാർശ ചെയ്തു.

ഈ ഭേദഗതി നടപ്പിലാക്കുന്നതോടെ, ഷെഡ്യൂൾ H, H1, X വിഭാഗങ്ങളിൽപ്പെട്ട മരുന്നുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച നിരീക്ഷണം ശക്തമാക്കാനും, സാധുവായ കുറിപ്പടി (prescription) ഇല്ലാതെ ഇവ ലഭ്യമാകുന്നതും അനധികൃതമായി വിൽക്കുന്നതും തടയാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

നിർദ്ദിഷ്ട സിസിടിവി നിരീക്ഷണ സംവിധാനം മരുന്ന് വിതരണ ശൃംഖലയിലുടനീളം സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുകയും, തദ്വാരാ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്യും.

നിർദ്ദിഷ്ട ഭേദഗതിയെക്കുറിച്ച് ബന്ധപ്പെട്ടവരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും മന്ത്രാലയം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും 'അണ്ടർ സെക്രട്ടറി (ഡ്രഗ്സ്), ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം,ഇന്ത്യാ ഗവണ്മെന്റ് , U-6, വർക്ക് ഹാൾ-സി വിംഗ്, ഒന്നാം നില, കർത്തവ്യ ഭവൻ-1, ന്യൂഡൽഹി - 110001' എന്ന വിലാസത്തിലോ drugsdiv-mohfw[at]gov[dot]in എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.

ഇ-ഗസറ്റ് താഴെ പറയുന്ന ലിങ്കിൽ ലഭ്യമാണ്: https://egazette.gov.in/(S(ypsv3ntrb4ngmjg0wdnihog4))/ViewPDF.aspx
 
******

( റിലീസ് ഐ.ഡി: 2311207) സന്ദര്‍ശക കൗണ്ടര്‍ : 99