വാണിജ്യ വ്യവസായ മന്ത്രാലയം
ഇലക്ട്രോണിക് സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ സംവിധാനം സുഗമമാക്കുന്നതിനുള്ള ആദ്യ അനുബന്ധ പ്രോട്ടോക്കോളിൽ ഇന്ത്യയും മെർകോസറും ഒപ്പുവെച്ചു
പോസ്റ്റഡ് ഓണ്‍:
14 SEP 2026 4:31PM by PIB Thiruvananthpuram
ഇലക്ട്രോണിക് 'സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ (ഉത്പന്നത്തിന്റെ ഉത്ഭവസ്ഥാനം തെളിയിക്കുന്ന രേഖ) അംഗീകരിക്കുന്നത് സുഗമമാക്കുന്നതിനായി, ഇന്ത്യയും മെർകോസറും (MERCOSUR) തമ്മിലുള്ള 'മുൻഗണനാ വ്യാപാര കരാറിന്റെ ( Preferential Trade Agreement-PTA) ആദ്യ അനുബന്ധ പ്രോട്ടോക്കോളിൽ ഇന്ത്യയും മെർകോസറും ഒപ്പുവെച്ചു. കടലാസ് രഹിത വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യയും മെർകോസർ രാജ്യങ്ങളും തമ്മിലുള്ള കസ്റ്റംസ് നടപടിക്രമങ്ങൾ ആധുനികവത്ക്കരിക്കുന്നതിലുമുള്ള സുപ്രധാന ചുവടുവയ്പ്പാണിത്.
മെർകോസറിന്റെ (MERCOSUR) 'പ്രോ ടെമ്പോറെ' (താത്കാലിക) അധ്യക്ഷപദവി വഹിക്കുന്ന ഉറുഗ്വേയുടെ വിദേശകാര്യമന്ത്രി മരിയോ ലുബെറ്റ്കിൻ, അർജന്റീന, ബ്രസീൽ എംബസികളിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. ഭാരത സർക്കാരിന്റെ വാണിജ്യ സെക്രട്ടറി ശ്രീ. രാജേഷ് അഗർവാൾ, ഇന്ത്യയിലെ ഉറുഗ്വേ അംബാസഡർ ആൽബെർട്ടോ ഗുവാനി, ഇന്ത്യയിലെ പരാഗ്വേ അംബാസഡർ മിസ്റ്റർ ഫ്ലെമിംഗ് റൗൾ ഡുവാർട്ടെ റാമോസ് എന്നിവർ കരാറിൽ ഒപ്പുവെച്ചു
ഇന്ത്യ-മെർകോസർ (MERCOSUR) മുൻഗണനാ വ്യാപാര കരാർ (PTA) 2004 ജനുവരി 25-ന് ഒപ്പുവെക്കുകയും 2009 ജൂൺ 1-ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഇന്ത്യ 450 ഇനങ്ങളിലും മെർകോസർ 452 തീരുവ ഇനങ്ങളിലും മുൻഗണനാപരമായ ഇളവുകൾ നൽകുംവിധമാണ് കരാർ വിഭാവനം ചെയ്തിരിക്കുന്നത്.
കടലാസിൽ നൽകുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ’ (ഉത്ഭവ സർട്ടിഫിക്കറ്റ്)-ന് തുല്യമായ നിയമസാധുതയും മൂല്യവും ഇലക്ട്രോണിക് രൂപത്തിൽ നൽകുന്ന സർട്ടിഫിക്കറ്റുകൾക്കും ഉണ്ടായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നതിനായി, 'മുൻഗണനാ വ്യാപാര കരാറിന്റെ ( Preferential Trade Agreement-PTA) അനുബന്ധം III-ലെ (ഉത്ഭവ നിയമങ്ങൾ സംബന്ധിച്ചവ) അനുച്ഛേദം 16-ൽ ആദ്യ അനുബന്ധ പ്രോട്ടോക്കോൾ ഭേദഗതി ചെയ്തു. ബന്ധപ്പെട്ട കക്ഷികളുടെ ആഭ്യന്തര നിയമങ്ങൾക്കനുസൃതമായി, അധികാരപ്പെടുത്തിയ സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമാണ് ഇത്തരം ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ നൽകുകയും അവയിൽ ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തുകയും ചെയ്യുക.
ഈ നീക്കം കടലാസ്സ് രഹിത ഡിജിറ്റൽ വ്യാപാര രേഖകളിലേക്കുള്ള മാറ്റം കൂടുതൽ സുഗമമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ’ (ഉത്ഭവസ്ഥാനം സംബന്ധിച്ച സാക്ഷ്യപത്രം) നൽകുന്നതും പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകളും നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയവും കുറയ്ക്കുന്നതിനൊപ്പം, നിലവിലുള്ള ഇന്ത്യ–മെർകോസർ (MERCOSUR) മുൻഗണനാ വ്യാപാര കരാറിന് (PTA) കീഴിലുള്ള വ്യാപാര ഇടപാടുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഈ നടപടി സഹായിക്കും.
ഇന്ത്യ–മെർകോസർ (MERCOSUR) മുൻഗണനാ വ്യാപാര കരാറിന്റെ (PTA) സംയുക്ത ഭരണനിർവ്വഹണ സമിതിയിൽ നടന്ന ചർച്ചകളുടെ തുടർച്ചയായാണ് ഈ നടപടികൾ സ്വീകരിച്ചത്. 2025 നവംബർ 27-ന് ചേർന്ന സംയുക്ത ഭരണസമിതിയുടെ നാലാമത് യോഗത്തിൽ, ഡിജിറ്റൽ ‘സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ’ (ഉത്ഭവ സർട്ടിഫിക്കറ്റ്) ഉപയോഗം സുഗമമാക്കുന്നതിനായി കരാറിൽ ഭേദഗതി വരുത്തുന്നതിന് ഇരുപക്ഷവും പിന്തുണ അറിയിച്ചു. തുടർന്ന്, 2026 ഏപ്രിൽ 9-ന് നടന്ന അഞ്ചാമത് യോഗത്തിൽ, പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ അനുബന്ധ പ്രോട്ടോക്കോൾ (Additional Protocol) സംബന്ധിച്ച നിർദ്ദേശത്തിന് അംഗീകാരം നൽകുകയും ചെയ്തു.
ഇന്ത്യയും മെർകോസർ (MERCOSUR) അംഗരാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി അതുസംബന്ധിച്ച് പരസ്പരം ഔദ്യോഗികമായി അറിയിക്കുന്നതോടെ ഈ പ്രോട്ടോക്കോൾ പ്രാബല്യത്തിൽ വരും.
വ്യാപാര നടപടികൾ കൂടുതൽ സുഗമമാക്കുന്നതിനും ആധുനിക കസ്റ്റംസ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഉഭയകക്ഷി വ്യാപാരത്തെ പിന്തുണയ്ക്കുന്ന സ്ഥാപനപരമായ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യയുടെയും മെർകോസറിന്റെയും പ്രതിബദ്ധതയാണ് ‘ഒന്നാം അനുബന്ധ പ്രോട്ടോക്കോൾ’ (First Additional Protocol) ഒപ്പുവെച്ചതിലൂടെ വ്യക്തമാകുന്നത്.
ഇന്ത്യയും മെർകോസറും (MERCOSUR) തമ്മിലുള്ള വ്യാപാര-സാമ്പത്തിക പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള പരസ്പര സഹകരണത്തിലെ സുപ്രധാനമായ ചുവടുവയ്പ്പാണ് ഈ കരാർ ഒപ്പുവെക്കൽ. ഇരുപക്ഷങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും സാമ്പത്തിക സഹകരണത്തിന്റെയും നിക്ഷേപത്തിന്റെയും പുതുസാധ്യതകൾ തുറക്കുന്നതിലും ഈ കരാർ നിർണായക പങ്കുവഹിക്കും.
(MERCOSUR - ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ വ്യാപാര കൂട്ടായ്മ)


****
( റിലീസ് ഐ.ഡി: 2310274)
സന്ദര്‍ശക കൗണ്ടര്‍ : 8