പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രിക്സ് (BRICS) ന്യൂഡൽഹി പ്രഖ്യാപനം: പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി
പോസ്റ്റഡ് ഓണ്‍:
12 SEP 2026 6:11PM by PIB Thiruvananthpuram
1. "പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി" എന്ന പ്രമേയത്തിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കായി, അംഗരാജ്യങ്ങളിലെ നേതാക്കളായ ഞങ്ങൾ, 2026 സെപ്റ്റംബർ 12, 13 തീയതികളിൽ ഇന്ത്യയിലെ ന്യൂഡൽഹിയിൽ ഒത്തുചേർന്നു.
2. പരസ്പര ബഹുമാനം, ധാരണ, പരമാധികാര സമത്വം, ഐക്യദാർഢ്യം, ജനാധിപത്യം, തുറന്ന സമീപനം, എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, സഹകരണം, സമവായം എന്നിവയിലധിഷ്ഠിതമായ ബ്രിക്സ് മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. ബ്രിക്സിന്റെ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്രീയ-സുരക്ഷ, സാമ്പത്തിക-ധനകാര്യ, സാംസ്കാരിക-ജനകീയ സഹകരണം എന്നീ മൂന്ന് സ്തംഭങ്ങൾക്കു കീഴിൽ വിപുലീകരിച്ച ബ്രിക്സ്സിലെ സഹകരണം ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമാധാനം, കൂടുതൽ പ്രാതിനിധ്യമുള്ളതും നീതിയുക്തവുമായ അന്താരാഷ്ട്ര ക്രമം, നവീകരിക്കപ്പെട്ടതും പരിഷ്കരിക്കപ്പെട്ടതുമായ ബഹുമുഖ സംവിധാനം, സുസ്ഥിര വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജനങ്ങളുടെ നന്മയ്ക്കായി തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
3. ബ്രിക്സ് സഹകരണത്തിന് പങ്കാളിത്ത രാജ്യങ്ങൾ നൽകുന്ന വിലയേറിയ സംഭാവനകളെ ഞങ്ങൾ അംഗീകരിക്കുന്നു. വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളുമായുള്ള (EMDCs) ബ്രിക്സ് പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നത് ഏവർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഐക്യദാർഢ്യത്തിന്റെയും അന്താരാഷ്ട്ര സഹകരണത്തിന്റെയും മനോഭാവം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുമെന്ന ശക്തമായ വിശ്വാസത്തെ ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. പങ്കാളിത്ത രാജ്യങ്ങളുമായി, ഉൾച്ചേർന്നതും പരസ്പരം പ്രയോജനപ്രദവും വികസനാധിഷ്ഠിതവുമായ പങ്കാളിത്തം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. ബ്രിക്സ്ന്റെ ഇടപെടലുകളിലും പരസ്പര താല്പര്യമുള്ള മേഖലകളിലെ പ്രായോഗിക സഹകരണത്തിലും അവരുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
4. അന്താരാഷ്ട്ര സഹകരണവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുന്നതിന് പുതിയ ഊർജ്ജം പകരുന്ന, 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഔട്ട്‌റീച്ച്/ബ്രിക്സ് പ്ലസ് ഡയലോഗ് വിഭാഗത്തിന് ആതിഥേയത്വം വഹിച്ചതിൽ ഞങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്നു.
5."പ്രതിരോധശേഷി, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള നിർമിതി" എന്ന പ്രമേയത്തിന് കീഴിൽ, 2026-ൽ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ കൈവരിച്ച സുപ്രധാന പുരോഗതിയെ ഞങ്ങൾ പ്രകീർത്തിക്കുന്നു. സമതുലിതവും പ്രായോഗികവും പ്രവർത്തനക്ഷമവും ഉൾച്ചേർന്നതും വികസനാധിഷ്ഠിതവും ജനകേന്ദ്രീകൃതവുമായ സമീപനത്തിലൂടെ പൊതുവായ വെല്ലുവിളികളെ നേരിടുന്നതിൽ ബ്രിക്സിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പങ്കിട്ട പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. പ്രമേയാധിഷ്ഠിത മുൻഗണനകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിബദ്ധത, പ്രത്യേകിച്ച് ശേഷികൾ ശക്തിപ്പെടുത്തുന്നതിലൂടെയും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സുസ്ഥിര വികസനവും പ്രതിരോധശേഷിയും മുന്നോട്ട് കൊണ്ടുപോകുന്നതിലൂടെയും ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു
6. ബ്രിക്സ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകിയ, ഇന്ത്യയിലുടനീളമുള്ള മുപ്പത് നഗരങ്ങളിൽ ബ്രിക്സ് സഹകരണ ചട്ടക്കൂടിന് കീഴിൽ മന്ത്രിമാർ, പാർലമെന്റേറിയന്മാർ, ഏജൻസി മേധാവികൾ, ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, വ്യവസായികൾ, പൊതുജനങ്ങൾ എന്നിവരുടെ തലത്തിൽ നാന്നൂറിലധികം ഇടപെടലുകളും യോഗങ്ങളും ചേർന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂട്ടായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും, നവീനാശയാധിഷ്ഠിത സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിലും, സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും, ജനങ്ങൾ തമ്മിലുള്ള ആശയവിനിമയം ആഴത്തിലാക്കുന്നതിലും, ആഗോള ഭരണത്തിൽ വലിയ പ്രാതിനിധ്യത്തിനായി ബ്രിക്സിന്റെ ശബ്ദം കൂടുതൽ ശക്തമാക്കുന്നതിലും ഉണ്ടായ പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
ഉൾച്ചേർക്കൽ മനോഭാവത്തിലുള്ള ആഗോള ഭരണവും ബഹുരാഷ്ട്രവാദത്തിന്റെ ശക്തിപ്പെടുത്തലും
7. ബ്രിക്സ് കൂട്ടായ്മയുടെ 20-ാം വാർഷികത്തിന്റെ സുപ്രധാന വേളയിൽ, വിപുലമായ കൂടിയാലോചന, സംയുക്ത സംഭാവന, പങ്കിട്ട നേട്ടങ്ങൾ എന്നിവയുടെ മനോഭാവത്തിൽ കൂടുതൽ നീതിയുക്തവും സമതുലിതവും കാര്യക്ഷമവും പ്രതികരണാത്മകവും പ്രാതിനിധ്യമുള്ളതും നിയമപരവും ജനാധിപത്യപരവും ഉത്തരവാദിത്തമുള്ളതുമായ ഒരു അന്താരാഷ്ട്ര ബഹുരാഷ്ട്ര സംവിധാനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ആഗോള ഭരണത്തെ പരിഷ്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. സമകാലിക യാഥാർത്ഥ്യങ്ങളെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നതിനായി അന്താരാഷ്ട്ര ബന്ധങ്ങളുടെ നിലവിലെ ഘടനയെ പൊരുത്തപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസ്സിൽ വച്ചുകൊണ്ട്, ബഹുരാഷ്ട്രവാദവും ബഹുമേഖലാ ധാരണയും ശക്തിപ്പെടുത്തുന്നതിനും, അന്താരാഷ്ട്ര നിയമങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ (UN) ചാർട്ടറിലെ ലക്ഷ്യങ്ങളും തത്വങ്ങളും അവയുടെ സമഗ്രതയിലും പരസ്പര ബന്ധത്തിലും സന്തുലിതവും ഉൾച്ചേർക്കൽ സ്വഭാവമുള്ളതുമായ രീതിയിൽ പാലിക്കുന്നത് ഇതിന്റെ അനിവാര്യമായ അടിസ്ഥാനശിലയാണ്. പരമാധികാര രാഷ്ട്രങ്ങൾ, സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, എല്ലാവർക്കുമായുള്ള അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ എന്നിവയുടെ പ്രോത്സാഹനവും സംരക്ഷണവും ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര സംവിധാനത്തിൽ ഐക്യരാഷ്ട്രസഭയുടെ കേന്ദ്ര പങ്ക് സുപ്രധാനമാണ്. കൂടാതെ, ദേശീയ സാഹചര്യങ്ങളെയും ദേശീയ സംവിധാനങ്ങളുടെയും വികസന പാതകളുടെയും വൈവിധ്യത്തെയും മാനിച്ചുകൊണ്ട്, പരസ്പര പ്രയോജനകരമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര സമൂഹത്തിനായി കൂടുതൽ ശോഭനമായ ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഐക്യദാർഢ്യം, പരസ്പര ബഹുമാനം, നീതി, സമത്വം എന്നിവയുടെ മനോഭാവത്തെ അടിസ്ഥാനമാക്കിയുള്ള സഹകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
8. ആഗോള തീരുമാനമെടുക്കൽ പ്രക്രിയകളിലും ഘടനകളിലും, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖല എന്നിവിടങ്ങളിൽ നിന്നുള്ള വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളുടെയും വികസ്വര രാജ്യങ്ങളുടെയും (EMDCs), അതുപോലെ വികസനം തീരെകുറഞ്ഞ രാജ്യങ്ങളുടെയും (LDCs) കൂടുതൽ അർത്ഥവത്തായ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കുന്നതിനും, അവയെ സമകാലിക യാഥാർത്ഥ്യങ്ങളുമായി മികച്ച രീതിയിൽ പൊരുത്തപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. ഐക്യരാഷ്ട്രസഭ സെക്രട്ടേറിയേറ്റിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും തുല്യവും ഭൂമിശാസ്ത്രപരവുമായ പ്രാതിനിധ്യം സമയബന്ധിതമായി കൈവരിക്കാനും, പ്രത്യേകിച്ച് മുതിർന്ന ഉദ്യോഗസ്ഥതലങ്ങളിലും തീരുമാനരൂപീകരണ തലങ്ങളിലും നിലനിൽക്കുന്ന വികസ്വര രാജ്യങ്ങളുടെ കുറഞ്ഞ പ്രാതിനിധ്യം പരിഹരിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കൂടാതെ ഈ സംഘടനകളിലെ എല്ലാ തലങ്ങളയിലുമുള്ള നേതൃത്വത്തിലും ഉത്തരവാദിത്തങ്ങളിലും വികസിച്ചുകൊണ്ടിരിക്കുന്ന വിപണികളിൽ നിന്നും വികസ്വര രാജ്യങ്ങളിൽ നിന്നുമുള്ള (EMDCs) സ്ത്രീകളുടെ പങ്കും പങ്കാളിത്തവും വർദ്ധിപ്പിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഐക്യരാഷ്ട്രസഭയുടെ എക്സിക്യൂട്ടീവ് മേധാവികളുടെയും മുതിർന്ന പദവികളുടെയും തിരഞ്ഞെടുപ്പ്, നിയമന പ്രക്രിയകൾ സുതാര്യതയുടെയും ചേർക്കലിന്റെയും തത്വങ്ങളാൽ നയിക്കപ്പെടണമെന്നും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ ആർട്ടിക്കിൾ 101-ന്റെ എല്ലാ വകുപ്പുകൾക്കും അനുസൃതമായി നടത്തപ്പെടണമെന്നും ഞങ്ങൾ ഊന്നിപ്പറയുന്നു. കഴിയുന്നത്ര വിശാലവും ഭൂമിശാസ്ത്രപരവുമായ അടിസ്ഥാനത്തിൽ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും സ്ത്രീകളുടെ വർദ്ധിച്ച പങ്കാളിത്തത്തിനും ഉചിതമായ പരിഗണന നൽകണം. കൂടാതെ ഏതെങ്കിലും ഒരു രാജ്യത്തിന്റെയോ രാജ്യങ്ങളുടെ ഗ്രൂപ്പിന്റെയോ കുത്തക യുഎൻ സംവിധാനത്തിലെ ഉന്നത പദവികളിൽ ഉണ്ടാകരുത് എന്ന പൊതു നിയമം പാലിക്കുകയും വേണം. നിർബന്ധിത വിഹിതം (assessed contributions) മനഃപൂർവ്വം നൽകാതിരിക്കുന്നത് ഉൾപ്പെടെ, ആഗോള ബഹുമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഏകപക്ഷീയമായി ദുർബലപ്പെടുത്തുന്നതിനും അവയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനെ തടസ്സപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളെ ഞങ്ങൾ അപലപിക്കുന്നു.
9 . ഐക്യരാഷ്ട്രസഭയുടെ അടുത്ത ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ പുരോഗമിക്കുന്ന പശ്ചാത്തലത്തിലും യുഎൻ ചാർട്ടറിലെ പ്രസക്തമായ വകുപ്പുകൾ മനസ്സിൽ വച്ചുകൊണ്ടും, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെ ഒരു വനിതയും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നും, ലാറ്റിൻ അമേരിക്കയിൽ നിന്നും കരീബിയൻ മേഖലയിൽ നിന്നും ഒരാളും, ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും രണ്ട് വീതം പൗരന്മാനും മാത്രമാണ് ഇതുവരെ ഈ സ്ഥാനം വഹിച്ചിട്ടുള്ളതെന്നും ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
10. ബഹുധ്രുവ ലോകത്തിന്റെ സമകാലിക യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ, വികസ്വര രാജ്യങ്ങൾ കൂടുതൽ നീതിയുക്തവും സമതുലിതവുമായ ആഗോള ഭരണത്തിനും രാഷ്ട്രങ്ങൾക്കിടയിൽ പരസ്പര പ്രയോജനകരമായ ബന്ധങ്ങൾക്കുമായി സംഭാഷണങ്ങളും കൂടിയാലോചനകളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു. ബഹുധ്രുവ ലോകക്രമം, വികസിച്ചുകൊണ്ടിരിക്കുന്ന വിപണികൾക്കും വികസ്വര രാജ്യങ്ങൾക്കും (EMDCs) തങ്ങളുടെ നിർമ്മാണാത്മക ശേഷി വികസിപ്പിക്കുന്നതിനും ആഗോളതലത്തിൽ പ്രയോജനകരവും ഉൾച്ചേർന്നതും സുസ്ഥിരവും സമതുലിതവുമായ സാമ്പത്തിക ആഗോളവൽക്കരണവും സഹകരണവും അനുഭവിക്കുന്നതിനുമുള്ള അവസരങ്ങൾ വികസിപ്പിക്കുമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, ദ്രുതഗതിയിലുള്ള സാമ്പത്തിക മാന്ദ്യങ്ങൾ, സാങ്കേതിക മാറ്റങ്ങൾ, സംരക്ഷണവാദ നടപടികൾ , കുടിയേറ്റ വെല്ലുവിളികൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള സുപ്രധാന അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടുമ്പോൾ, അനുകൂല മാറ്റത്തിനായുള്ള ചാലകശക്തിയായി ഗ്ലോബൽ സൗത്തിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾക്കും മുൻഗണനകൾക്കും ശബ്ദം നൽകുന്നതിലും, അന്താരാഷ്ട്ര നിയമത്തെ അടിസ്ഥാനമാക്കി കൂടുതൽ നീതിയുക്തവും സുസ്ഥിരവും ഉൾച്ചേർന്നതും പ്രാതിനിധ്യമുള്ളതും സുസ്ഥിരവുമായ ഒരു അന്താരാഷ്ട്ര ക്രമം പ്രോത്സാഹിപ്പിക്കുന്നതിലും ബ്രിക്സ് രാജ്യങ്ങൾ നിർണ്ണായക പങ്ക് വഹിക്കുന്നത് തുടരും.
11. അടിമകളാക്കപ്പെട്ട ആഫ്രിക്കക്കാരുടെ അനധികൃത കടത്തും ആഫ്രിക്കക്കാരുടെ വംശീയ അധിഷ്ഠിത അടിമത്തവും മനുഷ്യത്വത്തിനെതിരായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ (UNGA) പ്രമേയം 80/250 അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കോളനിവാഴ്ചയുടെ എല്ലാ രൂപങ്ങളെയും ഭാവങ്ങളെയും നിർമ്മാർജ്ജനം ചെയ്യുന്നതിനായി 2024 ഡിസംബറിലെ UNGA പ്രമേയം 79/115 എത്രയും വേഗം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
12. വംശീയത, വംശീയ വിവേചനം, വിദേശീയ വിദ്വേഷം, അനുബന്ധ അസഹിഷ്ണുത, അതുപോലെ മതം, വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, ലോകമെമ്പാടുമുള്ള അവയുടെ സമകാലിക രൂപങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, തെറ്റായ വിവരങ്ങൾ, വ്യാജ വിവരങ്ങൾ എന്നിങ്ങനെ വർദ്ധിച്ചുവരുന്ന ആശങ്കാജനകമായ പ്രവണതകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു.
13. 2023 ലെ ജോഹന്നസ്ബർഗ്-II നേതാക്കളുടെ പ്രഖ്യാപനം തിരിച്ചറിഞ്ഞുകൊണ്ട്, യു.എൻ രക്ഷാ സമിതി ഉൾപ്പെടെ ഐക്യരാഷ്ട്രസഭയെ കൂടുതൽ ജനാധിപത്യപരവും പ്രാതിനിധ്യസ്വഭാവമുള്ളതും ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും, സമിതിയിൽ വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനാവശ്യമായ സമഗ്രമായ പരിഷ്കരണത്തിനുള്ള പിന്തുണ ഞങ്ങൾ ആവർത്തിക്കുന്നു. നിലവിലുള്ള ആഗോള വെല്ലുവിളികളോട് പര്യാപ്തമായ രീതിയിൽ പ്രതികരിക്കാനും, അന്താരാഷ്ട്ര കാര്യങ്ങളിൽ, പ്രത്യേകിച്ച് യു.എന്നിലും അതിന്റെ സുരക്ഷാ സമിതിയിലും വലിയ പങ്കുവഹിക്കാനുള്ള ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള BRICS രാജ്യങ്ങൾ ഉൾപ്പെടെയുള്ള വളർന്നുവരുന്നതും വികസ്വരവുമായ രാജ്യങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ പിന്തുണയ്ക്കാനും ഇത് സഹായിക്കും. എസുൽവിനി സമവായത്തിലും സിർട്ടെ പ്രഖ്യാപനത്തിലും പ്രതിഫലിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. യു.എൻ രക്ഷാ സമിതിയുടെ പരിഷ്കരണം ഗ്ലോബൽ സൗത്തിന്റെ ശബ്ദത്തെ ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കണമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. 2022 ലെ ബെയ്ജിംഗ്, 2023 ലെ ജോഹന്നസ്ബർഗ്-II ലീഡേഴ്സ് ഡെക്ലറേഷനുകൾ അനുസ്മരിച്ചുകൊണ്ട്, യു.എന്നിലും യു എൻ രക്ഷാ സമിതിയിലും വലിയ പങ്കുവഹിക്കാനുള്ള ബ്രസീലിന്റെയും ഇന്ത്യയുടെയും അഭിലാഷങ്ങൾക്ക് യു.എൻ രക്ഷാ സമിതിയിലെ സ്ഥിരം അംഗങ്ങളായ ചൈനയുടെയും റഷ്യയുടെയും പിന്തുണ ആവർത്തിക്കുന്നു.
14. ഐക്യരാഷ്ട്രസഭയ്ക്ക് അതിന്റെ ചുമതലകൾ നിർവ്വഹിക്കുന്നതിനും കൃത്യമായ പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുന്നു. പൊതുസഭയെ പുനരുജ്ജീവിപ്പിക്കുന്നതിനും സാമ്പത്തിക, സാമൂഹിക സമിതിയെ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ നാം തുടരണം. സമാധാന സ്ഥാപന സംവിധാനത്തിന്റെ (Peacebuilding architecture) 2025 ലെ അവലോകനം പൂർണ്ണമായി നടപ്പിലാക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുന്നു.
15. സുസ്ഥിര വികസന അജണ്ട 2030 ഉം അതിന്റെ ജനകേന്ദ്രീകൃത ലക്ഷ്യങ്ങളും, സാർവത്രികവും സമഗ്രവുമായ രീതിയിൽ ദേശീയ നയങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി നടപ്പിലാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുമെന്ന വാഗ്ദാനം ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. കടുത്ത ദാരിദ്ര്യം ഉൾപ്പെടെ എല്ലാ രൂപത്തിലുമുള്ള ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നത് ഏറ്റവും വലിയ ആഗോള വെല്ലുവിളിയും സുസ്ഥിര വികസനത്തിന് അത്യന്താപേക്ഷിതവുമാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. നൂതനവും ഏകോപിതവും പരിസ്ഥിതി സൗഹൃദവും തുറന്നതും പങ്കിട്ടതുമായ രീതിയിൽ 2030 അജണ്ട പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ കൂടുതൽ തിരിച്ചറിയുന്നു. ആഗോള അസമത്വത്തെക്കുറിച്ച് നിലവിലെ ഉന്നതതല ചർച്ചകൾ ഞങ്ങൾ ശ്രദ്ധയിൽപെടുത്തുന്നു. രാജ്യങ്ങൾക്കുള്ളിലും രാജ്യങ്ങൾ തമ്മിലുമുള്ള അസമത്വമാണ് 2030 അജണ്ട അഭിസംബോധന ചെയ്യുന്ന മിക്ക വെല്ലുവിളികളുടെയും അടിസ്ഥാനമെന്ന് ഞങ്ങൾ തിരിച്ചറിയുന്നു. ഇതിൽ അസമത്വത്തിന്റെ കാരണങ്ങളെ പ്രത്യേകമായി അഭിസംബോധന ചെയ്യുന്നതും എല്ലാ രൂപങ്ങളിലുമുള്ള അസമത്വം കുറയ്ക്കുന്നതിന് മുൻഗണന നൽകുന്നതും (SDG 10) ഉൾപ്പെടുന്നു. കൂട്ടായ രീതിയിൽ പ്രവർത്തിക്കാനും അസമത്വം നേരിടാൻ കൃത്യമായ നടപടികൾ സ്വീകരിക്കാനുമുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യം വ്യക്തമാക്കിക്കൊണ്ട്, അസമത്വത്തെക്കുറിച്ച് ഒരു അന്താരാഷ്ട്ര പാനൽ സ്ഥാപിക്കാനുള്ള ദക്ഷിണാഫ്രിക്കയുടെയും ബ്രസീലിന്റെയും നിർദ്ദേശം ഞങ്ങൾ കണക്കിലെടുക്കുന്നു. 2030-ന് ശേഷമുള്ള സുസ്ഥിര വികസനത്തിനായുള്ള ആഗോള അജണ്ടയ്ക്ക് രൂപം നൽകുന്നതിൽ ബ്രിക്സ് രാജ്യങ്ങളുടെ അടുത്ത സഹകരണവും കാര്യമായ സംഭാവനയും ഞങ്ങൾ പ്രതീക്ഷിക്കുന്നു.
16. സമത്വം, സ്വാതന്ത്ര്യം, ഇടപെടാതിരിക്കൽ, പരസ്പര നേട്ടം എന്നിവയുൾപ്പെടെയുള്ള പൊതു തത്വങ്ങൾ പ്രഖ്യാപിച്ച ഇന്തോനേഷ്യയിലെ ബന്ദൂംഗിൽ നടന്ന 1955-ലെ ഏഷ്യൻ-ആഫ്രിക്കൻ സമ്മേളനം ഞങ്ങൾ അനുസ്മരിക്കുന്നു. കൂടുതൽ നീതിയുക്തവും ഉൾച്ചേർന്നതും പ്രാതിനിധ്യമുള്ളതുമായ ഒരു ബഹുമുഖ സംവിധാനം പിന്തുടരുന്നതിൽ 'ബന്ദൂംഗ് സ്പിരിറ്റ്' ഒരു മാർഗ്ഗരേഖയായി വർത്തിക്കുന്നുവെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു.
17. ആഗോള ഉൽപ്പാദനത്തിലും വളർച്ചയിലും EMDE-കളുടെ (എമർജിംഗ് മാർക്കറ്റ് ആൻഡ് ഡെവലപ്പിംഗ് ഇക്കോണമി) വർദ്ധിച്ചുവരുന്ന പങ്ക് കണക്കിലെടുത്ത്, ആഗോള സാമ്പത്തിക ഭരണസംവിധാനത്തിലെ പരിഷ്കരണം ബ്രിക്സിന്റെ സ്ഥായിയായ മുൻഗണനയായി തുടരുന്നു. അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളെ കൂടുതൽ പ്രാതിനിധ്യമുള്ളതും സുതാര്യവും ഉത്തരവാദിത്തമുള്ളതുമാക്കുന്നതിന് ബ്രിക്സ് അംഗങ്ങൾക്കിടയിലുള്ള ഏകോപനം ഞങ്ങൾ തുടർന്നും ശക്തമാക്കും. ബ്രെട്ടൺ വുഡ്സ് സ്ഥാപനങ്ങളെ (BWI) കൂടുതൽ സജീവവും ഫലപ്രദവും വിശ്വസനീയവും ഉൾച്ചേർന്നതും ലക്ഷ്യബോധമുള്ളതും നിഷ്പക്ഷവും ഉത്തരവാദിത്തമുള്ളതും പ്രാതിനിധ്യമുള്ളതുമാക്കാനും, അവയുടെ നിയമസാധുത വർദ്ധിപ്പിക്കാനും പുനഃസംഘടിപ്പിക്കാനുമുള്ള അടിയന്തിര ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു. BWI ഭരണഘടന രൂപീകരിച്ചതിനുശേഷം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ BWI ഭരണ ഘടന പരിഷ്കരിക്കപ്പെടണം. BWI-ൽ EMDE-കളുടെ ശബ്ദവും പ്രാതിനിധ്യവും ആഗോള സമ്പദ്‌വ്യവസ്ഥയിലെ അവയുടെ യഥാർത്ഥ സ്ഥാനത്തെ പ്രതിഫലിപ്പിക്കണം. ഐ.എം.എഫിന്റെയും (IMF) വേൾഡ് ബാങ്കിന്റെയും (World Bank) നേതൃത്വത്തിൽ EMDE-കളുടെ പ്രാദേശിക വൈവിധ്യവും പ്രാതിനിധ്യവും വർദ്ധിപ്പിക്കുന്ന, യോഗ്യതാധിഷ്ഠിതവും ഉൾച്ചേർന്നതും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട ഭരണനടപടികൾ വേണമെന്ന ആഹ്വാനം ഞങ്ങൾ ആവർത്തിക്കുന്നു.
18. IMF വിഹിതം, ഭരണനിർവ്വഹണ പരിഷ്കരണങ്ങൾ എന്നിവയ്ക്കായുള്ള ബ്രിക്സ് റിയോ ഡി ജനീറോ വിഷനും, ആഗോള സാമ്പത്തിക സുരക്ഷാ സംവിധാനത്തിന്റെ കേന്ദ്രസ്ഥാനത്ത് ശക്തവും വിഹിതം അടിസ്ഥാനമാക്കിയുള്ളതും മതിയായ വിഭവങ്ങളുള്ളതുമായ ഒരു സാമ്പത്തിക ഫണ്ട് (IMF) അംഗങ്ങളെ, പ്രത്യേകിച്ച് ഏറ്റവും ദുർബലമായ രാജ്യങ്ങളെ ഫലപ്രദമായി പിന്തുണയ്ക്കാൻ ആവശ്യമാണെന്ന കാര്യവും ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. 16-ാമത് ജനറൽ റിവ്യൂ ഓഫ് ക്വാട്ടാസ്സിന് (GRQ) കീഴിൽ അംഗീകരിച്ച വിഹിത വർദ്ധനവ് ഇനി വൈകാതെ പ്രാബല്യത്തിൽ വരുത്തണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു, കൂടാതെ 17-ാമത് GRQ-ൽ അർത്ഥവത്തായ വിഹിതം പുനഃക്രമീകരണത്തിനുള്ള സമീപനങ്ങൾ എത്രയും വേഗം വികസിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. വിഹിതം, ഭരണനിർവ്വഹണ പരിഷ്കരണങ്ങൾ എന്നിവയ്ക്കായുള്ള ദിരിയ ഗൈഡിംഗ് പ്രിൻസിപ്പിൾസിനെ (Diriyah Guiding Principles) ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കോട്ട പുനഃക്രമീകരണം രാജ്യങ്ങളുടെ ആഗോള സാമ്പത്തിക നിലയെ പ്രതിഫലിപ്പിക്കണമെന്നും, EMDE-കളുടെ വിഹിതവും വോട്ടിംഗ് വിഹിതവും വർദ്ധിപ്പിക്കണമെന്നും, വികസ്വര രാജ്യങ്ങളുടെ ചെലവിൽ ആകരുതെന്നും, അതേസമയം പുതിയതും ലളിതവും സുതാര്യവുമായ ക്വാട്ട ഫോർമുല ഏറ്റവും ദരിദ്രരായ അംഗങ്ങളുടെ വിഹിതത്തെ സംരക്ഷിക്കുകയും ഫണ്ട് വിഹിതം വിഭവങ്ങളിലേക്കുള്ള പ്രവേശനത്തെ വഴികാട്ടുകയും എന്നാൽ തടസ്സപ്പെടുത്തരുത് എന്നും ഞങ്ങൾ ആവർത്തിക്കുന്നു. ഏതെങ്കിലും സന്നദ്ധ സാമ്പത്തിക സംഭാവനകൾ വിഹിതം അനുവദിക്കൽ, ഭരണ പ്രാതിനിധ്യം, വോട്ടിംഗ് ശേഷി എന്നിവയെ സ്വാധീനിക്കരുതെന്നും ഞങ്ങൾ വിശ്വസിക്കുന്നു. IMF വിഹിതത്തിനും ഭരണനിർവ്വഹണ പരിഷ്കരണത്തിനുമുള്ള ബ്രിക്സ് റിയോ ഡി ജനീറോ വിഷന് അനുസൃതമായി, 17-ാമത് GRQ-ൽ അർത്ഥവത്തായ ക്വാട്ട പുനഃക്രമീകരണവും ഭരണ പരിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മറ്റ് IMF അംഗങ്ങളുമായി ക്രിയാത്മകമായി സഹകരിക്കാൻ ഞങ്ങൾ തയ്യാറാണ്.
19. കൂടുതൽ മെച്ചപ്പെട്ടതും ബൃഹത്തും കൂടുതൽ ഫലപ്രദവുമായ ഒരു വികസന ധനകാര്യ സ്ഥാപനമെന്ന നിലയിൽ, ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനും ലോക ബാങ്ക് ഗ്രൂപ്പിന്റെ നിയമസാധുത വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന ഉപകരണമാണ് 2025-ലെ വേൾഡ് ബാങ്ക് ഷെയർഹോൾഡിംഗ് റിവ്യൂ എന്ന് ഞങ്ങൾ അവർത്തിച്ചുറപ്പിക്കുന്നു. ലിമ തത്വങ്ങൾക്ക് (Lima Principles) അനുസൃതമായി, വികസ്വര രാജ്യങ്ങളുടെ ചരിത്രപരമായി നിലനിൽക്കുന്ന കുറഞ്ഞ പ്രാതിനിധ്യം തിരുത്തുന്ന ഷെയർഹോൾഡിംഗ് പുനഃക്രമീകരണത്തിലൂടെ അവരുടെ ശബ്ദവും പ്രാതിനിധ്യവും വർദ്ധിപ്പിക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ വക്താക്കളായി തുടരണമെന്ന് ഞങ്ങൾ ആവർത്തിക്കുന്നു.
20. ബഹുപക്ഷ വ്യാപാര സംവിധാനം സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള 2026-ലെ പ്രസ്താവനയും, ലോക വ്യാപാര സംഘടനയുടെ (WTO) പരിഷ്കരണത്തിനും ഉഭയകക്ഷി വ്യാപാര സംവിധാനം ശക്തിപ്പെടുത്തുന്നതിനുമുള്ള 2025-ലെ BRICS പ്രഖ്യാപനവും അനുസ്മരിച്ചുകൊണ്ട്, WTO പരിഷ്കരണത്തിനും, വിവേചനരഹിതവും തുറന്നതും തുല്യവും സുതാര്യവും നിഷ്പക്ഷവും മുൻകൂട്ടി പ്രവചിക്കാവുന്നതുമായ ഉഭയകക്ഷി വ്യാപാര സംവിധാനത്തെ ശക്തമാക്കുന്നതിനും ഞങ്ങളുടെ അചഞ്ചലമായ പിന്തുണ ആവർത്തിക്കുന്നു. അതോടൊപ്പം, 'ഏറ്റവും അനുകൂലമായ രാഷ്ട്രത്തിനുള്ള പരിഗണന' (Most-Favoured-Nation Treatment), വികസ്വര രാജ്യങ്ങൾക്കും (പ്രത്യേകിച്ച് എൽ.ഡി.സി - LDC) പ്രത്യേകവും വ്യത്യസ്തവുമായ പരിഗണന (Special and Differential Treatment) തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. ജനീവയിലെ ബഹുമുഖ ചർച്ചകളിൽ, പ്രത്യേകിച്ച് WTO പരിഷ്കരണത്തെക്കുറിച്ചുള്ള സംവാദങ്ങളിൽ സജീവമായി ഇടപെടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കുന്നു. WTO-യുടെ ഫലപ്രാപ്തിയെയും വിശ്വസനീയതയെയും തകരാറിലാക്കുന്ന വെല്ലുവിളികളിലും അവയ്ക്കുള്ള പരിഹാരങ്ങളിലും 'ബ്രിക്സ് അനൗദ്യോഗിക കൂടിയാലോചനാ ചട്ടക്കൂടിന്' (BRICS Informal Consultative Framework) കീഴിൽ ഞങ്ങൾ ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ഏകോപനം വർദ്ധിപ്പിക്കുകയും ചെയ്യും. MC14-ലെ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഞങ്ങൾ ഉറപ്പാക്കുകയും, തീർപ്പാകാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിനായി ക്രിയാത്മകമായി ഇടപെടുന്നത് തുടരുകയും ചെയ്യും. WTO-യുടെ അധികാരവും ഫലപ്രാപ്തിയും പ്രസക്തിയും വർദ്ധിപ്പിക്കുന്നതിനും തുറന്ന ലോക സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഞങ്ങൾ WTO പരിഷ്കരണത്തിൽ ക്രിയാത്മകമായി പങ്കാളികളാകും. ഇക്കാര്യത്തിൽ, വികസന അധിഷ്ഠിത വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്ലൂറിലാറ്ററൽ സംരംഭങ്ങൾക്ക് WTO നിയമ ചട്ടക്കൂടിലേക്ക് അനുയോജ്യമായ വഴികൾ കണ്ടെത്തുന്നതും, WTO-യിൽ ഭാവിയിലേക്ക് ഉതകുന്ന നിയമങ്ങളുടെ രൂപീകരണം പര്യവേക്ഷണം ചെയ്യുന്നതും പ്രധാനമാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. എല്ലാ WTO അംഗങ്ങൾക്കും വിശ്വാസ്യതയുടെയും പ്രവചനാത്മകതയുടെയും അടിത്തറയായി പ്രവേശിക്കാവുന്നതും ഫലപ്രദവും പൂർണ്ണമായി പ്രവർത്തിക്കുന്നതുമായ, രണ്ട് തട്ടുകളുള്ള WTO തർക്ക പരിഹാര സംവിധാനം ഉടൻ പുനഃസ്ഥാപിക്കുന്നതിനും, പുതിയ അപ്പലേറ്റ് ബോഡി അംഗങ്ങളെ ഇനി വൈകാതെ നിയമിക്കുന്നതിനും ഞങ്ങൾ ശക്തമായി വാദിക്കുന്നു. ആവശ്യമായ പരിഷ്കരണങ്ങളിലൂടെ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും, WTO-യുടെ അടിസ്ഥാന തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, WTO ചട്ടക്കൂടിനുള്ളിലെ ചർച്ചാ പ്രക്രിയ സുഗമമാക്കുന്നതിനും, ബഹുമുഖ വ്യാപാര സംവിധാനത്തിന്റെ വിശ്വസനീയത പുനഃസ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. ബഹുകക്ഷി വ്യാപാര സംവിധാനത്തിലേക്ക് പൂർണ്ണമായി സംയോജിക്കാനുള്ള ഗ്ലോബൽ സൗത്തിന്റെ അഭിലാഷങ്ങളെ പ്രതിധ്വനിപ്പിച്ചുകൊണ്ട്, WTO അംഗത്വത്തിനായുള്ള എത്യോപ്യയുടെയും ഇറാന്റെയും ശ്രമങ്ങളെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. നയതന്ത്രബന്ധമുള്ള 53 ആഫ്രിക്കൻ രാജ്യങ്ങൾക്ക് സീറോ-താരിഫ് ആനുകൂല്യം (പൂജ്യം തീരുവ) നൽകിയതിന് ചൈനയെ ഞങ്ങൾ അഭിനന്ദിക്കുന്നു.
21. ബഹുമുഖ വ്യാപാര സംവിധാനം വളരെക്കാലമായി ഒരു വഴിത്തിരിവിലാണെന്ന് ഞങ്ങൾ നിരീക്ഷിക്കുന്നു. വിവേചനരഹിതമായ താരിഫുകളും താരിഫേതര നടപടികളും വർദ്ധിപ്പിക്കുന്നതിലൂടെയോ, അല്ലെങ്കിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ മറവിൽ നടത്തുന്ന സംരക്ഷണവാദത്തിലൂടെയോ, WTO നിയമങ്ങൾക്ക് വിരുദ്ധമായ വ്യാപാര-നിയന്ത്രണ നടപടികളുടെ പെരുപ്പം ആഗോള വ്യാപാരത്തെ വളരെയധികം കുറയ്ക്കുമെന്നും, ആഗോള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുമെന്നും, അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര പ്രവർത്തനങ്ങളിൽ അനിശ്ചിതത്വം സൃഷ്ടിക്കുമെന്നുമുള്ള ഭീഷണി ഉയർത്തുന്നു. ഇത് നിലവിലുള്ള സാമ്പത്തിക അസമത്വങ്ങൾ വർദ്ധിപ്പിക്കാനും ആഗോള സാമ്പത്തിക വികസന സാധ്യതകളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. വ്യാപാരത്തെ തകരാറിലാക്കുന്നതും WTO നിയമങ്ങൾക്ക് വിരുദ്ധവുമായ ഏകപക്ഷീയമായ താരിഫ്, താരിഫേതര നടപടികളുടെ വർദ്ധനവിൽ ഞങ്ങൾ ഗുരുതരമായ ആശങ്ക പ്രകടിപ്പിക്കുന്നു. വ്യാപാര തടസ്സങ്ങളോടും വളർന്നുവരുന്ന വിപണികളുടെയും വികസ്വര സാമ്പത്തിക വ്യവസ്ഥകളുടെയും (EMDEs) ആവശ്യങ്ങളോടും മുൻഗണനകളോടും WTO-യുടെ പ്രതികരണശേഷി വർദ്ധിപ്പിക്കുന്നതിനും, പരിഹരിക്കപ്പെടാത്ത വിഷയങ്ങളിലെ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും, ബഹുമുഖ വ്യാപാര സംവിധാനത്തെ ശക്തിപ്പെടുത്തുകയും വളർന്നുവരുന്ന ആഗോള വെല്ലുവിളികളെ മികച്ച രീതിയിൽ അഭിസംബോധന ചെയ്യാൻ അതിനെ പ്രാപ്തമാക്കുകയും ചെയ്യുന്ന സന്തുലിതവും ഉൾച്ചേർന്നതും മൂർത്തവുമായ ഫലങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കും.
22. അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായ ഏകപക്ഷീയമായ നിർബന്ധിത നടപടികൾ ഏർപ്പെടുത്തുന്നതിനെ ഞങ്ങൾ അപലപിക്കുന്നു. ഏകപക്ഷീയമായ സാമ്പത്തിക ഉപരോധങ്ങളുടെയും ദ്വിതീയ ഉപരോധങ്ങളുടെയും രൂപത്തിലുള്ള ഇത്തരം നടപടികൾ ലക്ഷ്യമിടുന്ന രാജ്യങ്ങളിലെ ജനങ്ങളുടെ വികസനത്തിനുള്ള അവകാശം, ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശങ്ങളിൽ വിദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. ഇത് ദരിദ്രരെയും ദുർബല സാഹചര്യങ്ങളിലുള്ള ആളുകളെയും അസന്തുലിതമായ വിധത്തിൽ ബാധിക്കുകയും ഡിജിറ്റൽ വിഭജനം വർദ്ധിപ്പിക്കുകയും പരിസ്ഥിതി വെല്ലുവിളികൾ രൂക്ഷമാക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നിയമത്തെയും UN ചാർട്ടറിന്റെ തത്വങ്ങളെയും ലക്ഷ്യങ്ങളെയും തകരാറിലാക്കുന്ന ഇത്തരം നിയമവിരുദ്ധ നടപടികൾ നിർത്തലാക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. യു എൻ രക്ഷാ സമിതി അംഗീകരിക്കാത്ത ഉപരോധങ്ങൾ ഉൾപ്പെടെ, അന്താരാഷ്ട്ര നിയമത്തിനും ഐക്യരാഷ്ട്രസഭാ ചാർട്ടറിനും വിരുദ്ധമായ ഏകപക്ഷീയ നിർബന്ധിത നടപടികളോടുള്ള എതിർപ്പ് ഞങ്ങൾ ആവർത്തിക്കുന്നു.
അന്താരാഷ്ട്ര - പ്രാദേശിക സമാധാനവും സുരക്ഷയും
23. ധ്രുവീകരണത്തിന്റെയും അവിശ്വാസത്തിന്റെയും നിലവിലെ ആഗോള സാഹചര്യം ഞങ്ങൾ ശ്രദ്ധയിൽ പെടുത്തുകയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനുള്ള ആഗോള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സംഘർഷ സാധ്യത കുറയ്ക്കുന്നതിന് രാഷ്ട്രീയ-നയതന്ത്ര നടപടികളിലൂടെ ഇത്തരം വെല്ലുവിളികളോടും ബന്ധപ്പെട്ട സുരക്ഷാ ഭീഷണികളോടും പ്രതികരിക്കാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. കൂടാതെ സംഘർഷങ്ങളുടെ മൂലകാരണങ്ങൾ അഭിസംബോധന ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ ശ്രമങ്ങളിൽ ഏർപ്പെടേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നു. എല്ലാ രാജ്യങ്ങൾക്കുമിടയിലുള്ള സുരക്ഷ അഭിവാജ്യമാണെന്നു ഞങ്ങൾ അടിവരയിടുകയും ചർച്ച, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു. സംഘർഷങ്ങൾ തടയുന്നതിലും പരിഹരിക്കുന്നതിലും പ്രാദേശിക സംഘടനകളുടെ സജീവമായ പങ്ക് ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും പ്രതിസന്ധികളുടെ സമാധാനപരമായ പരിഹാരത്തിന് ഉതകുന്ന എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ, UN ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി, പ്രതിസന്ധികൾ ഒഴിവാക്കുന്നതിനും അവ രൂക്ഷമാകുന്നത് തടയുന്നതിനുമുള്ള അത്യാവശ്യ മാർഗ്ഗങ്ങളായി ബന്ധപ്പെട്ട കക്ഷികളുടെ സമ്മതത്തോടെയുള്ള മുൻകൂർ നയതന്ത്രത്തിന്റെയും (preventive diplomacy) മധ്യസ്ഥതയുടെയും പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. ഈ വിഷയത്തിൽ, സായുധ സംഘട്ടനങ്ങൾ തടയൽ, യു എൻ സമാധാന സംരക്ഷണ ദൗത്യങ്ങൾ, ആഫ്രിക്കൻ യൂണിയൻ സമാധാന പിന്തുണാ പ്രവർത്തനങ്ങൾ, മധ്യസ്ഥത, സമാധാന പ്രക്രിയകൾ എന്നിവയിലെ സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ സമ്മതമറിയിക്കുന്നു.
24. ലോകത്തിന്റെ പല ഭാഗങ്ങളിലും തുടരുന്ന സംഘർഷങ്ങളിലും അന്താരാഷ്ട്ര ക്രമത്തിലെ നിലവിലെ ധ്രുവീകരണത്തിലും ഭിന്നതയിലും ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. വികസ്വര രാജ്യങ്ങൾക്ക് വികസനത്തിന് ആവശ്യമായ ധനസഹായം നൽകുന്നതിനെ പ്രതികൂലമായി ബാധിച്ചുകൊണ്ട് ആഗോള സൈനിക ചെലവുകളിൽ വൻ വർദ്ധനവ് ഉണ്ടാക്കിയ നിലവിലെ പ്രവണതയിൽ ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. സുസ്ഥിര വികസനം, വിശപ്പും ദാരിദ്ര്യവും നിർമ്മാർജ്ജനം ചെയ്യൽ, കാലാവസ്ഥാ വ്യതിയാനത്തോടുള്ള ആഗോള പ്രതികരണത്തിന് സംഭാവന നൽകൽ എന്നിവയുൾപ്പെടെയുള്ള നിർണ്ണായക ആഗോള വിഷയങ്ങളിൽ വിവിധ ദേശീയ വീക്ഷണങ്ങളെയും നിലപാടുകളെയും ബഹുമാനിക്കുന്ന ഒരു ബഹുമുഖ സമീപനത്തിനായി ഞങ്ങൾ വാദിക്കുന്നു. അതേസമയം സുരക്ഷയെ കാലാവസ്ഥാ വ്യതിയാന അജണ്ടയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
25. ആണവ അപകടസാധ്യതയുടെയും സംഘർഷത്തിന്റെയും വർദ്ധിച്ചുവരുന്ന അപകടങ്ങളെക്കുറിച്ച് ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. ആഗോള സ്ഥിരതയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് നിരായുധീകരണം, ആയുധ നിയന്ത്രണ, ആണവായുധ വ്യാപന വിരുദ്ധ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കേണ്ടതിന്റെയും അവയുടെ കാര്യക്ഷമത സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു. ആണവ നിർവ്യാപന വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിൽ ആണവായുധ രഹിത മേഖലകൾ നൽകുന്ന ശ്രദ്ധേയമായ സംഭാവനകളെ ഞങ്ങൾ ഊന്നിപ്പറയുന്നു. നിലവിലുള്ള എല്ലാ ആണവായുധ രഹിത മേഖലകൾക്കും ആണവായുധങ്ങളുടെ ഉപയോഗത്തിനെതിരെയോ ഭീഷണിക്കെതിരെയോ ഉള്ള അവയുടെ ഉറപ്പുകൾക്കും ഞങ്ങളുടെ പിന്തുണയും ബഹുമാനവും ആവർത്തിച്ചുറപ്പിക്കുന്നു. കൂടാതെ ഐക്യരാഷ്ട്ര പൊതുസഭയുടെ തീരുമാനം 73/546 അനുസരിച്ച് ചേർന്ന സമ്മേളനം ഉൾപ്പെടെ, മധ്യപൂർവേഷ്യയിൽ ആണവായുധങ്ങളും മറ്റ് വിനാശകാരികളായ ആയുധങ്ങളും (WMD) ഇല്ലാത്ത മേഖല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രമേയങ്ങളുടെ നടപ്പാക്കൽ വേഗത്തിലാക്കാനുള്ള ശ്രമങ്ങളുടെ പ്രാധാന്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു. ഈ സമ്മേളനത്തിൽ ആത്മാർത്ഥതയോടെ പങ്കെടുക്കാനും ക്രിയാത്മകമായി ഇടപെടാനും ക്ഷണിക്കപ്പെട്ട എല്ലാ കക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയം 79/241 "ആണവായുധ വിമുക്ത മേഖലകളെക്കുറിച്ചുള്ള വിഷയത്തിന്റെ സമഗ്രമായ പഠനം" അംഗീകരിച്ചതും, സമവായത്തിലൂടെ ആ ഗ്രൂപ്പ് പൂർത്തിയാക്കിയ പഠനത്തിന്റെ വിജയകരമായ സമാപനത്തെയും ഞങ്ങൾ ശ്രദ്ധയിൽപെടുത്തുന്നു.
26. ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രമേയം 1325 (2000), തുടർന്നുള്ള പ്രമേയങ്ങൾ എന്നിവ പൂർണ്ണമായി നടപ്പിലാക്കുന്നതിനും, വുമൺ, പീസ് ആന്റ് സെക്യൂരിറ്റി (WPS) അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിക്കുന്നു. സംഘർഷ നിവാരണവും പരിഹാരവും, മാനുഷിക സഹായം, മധ്യസ്ഥത, സമാധാന പ്രവർത്തനങ്ങൾ, സമാധാനം സ്ഥാപിക്കൽ, സംഘർഷാനന്തര പുനർനിർമ്മാണവും വികസനവും ഉൾപ്പെടെയുള്ള സമാധാന-സുരക്ഷാ പ്രക്രിയകളുടെ എല്ലാ തലങ്ങളിലുമുള്ള തീരുമാനങ്ങളെടുക്കുന്നതിൽ വനിതകളുടെ പൂർണ്ണവും തുല്യവും സുരക്ഷിതവും അർത്ഥവത്തായതുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ അവർത്തിച്ചുറപ്പിക്കുന്നു.
27. പരസ്പര ബഹുമാനം, തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവയിൽ കെട്ടിപ്പടുത്ത ഒരു സമാധാന മേഖലയായി ലാറ്റിൻ അമേരിക്കയുടെയും കരീബിയൻ മേഖലയുടെയും സവിശേഷത അടിവരയിട്ടുകൊണ്ട്, ക്യൂബയ്‌ക്കെതിരെയള്ള ഏകപക്ഷീയമായ ഉപരോധ നടപടികൾ കർശനമാക്കിയത് മൂലമുള്ള സാഹചര്യം, ക്യൂബൻ സാമ്പത്തിക വ്യവസ്ഥയിലും ഊർജ്ജ വിതരണത്തിലും ഉണ്ടാക്കിയ പ്രതികൂല പ്രത്യാഘാതങ്ങൾ, ക്യൂബൻ ജനതയുടെ ആശങ്കാജനകമായ മാനുഷിക ആഘാതം എന്നിവയിൽ ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ, ഐക്യരാഷ്ട്ര പൊതുസഭാ പ്രമേയം A/RES/80/4 ന് അനുസൃതമായി ക്യൂബയ്‌ക്കെതിരായ സാമ്പത്തിക, വാണിജ്യ, ധനകാര്യ നടപടികൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു.
28. മധ്യേഷ്യ/പശ്ചിമേഷ്യ സംഘർഷങ്ങൾ നിരന്തരം രൂക്ഷമാകുന്നതിൽ ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഞങ്ങളുടെ ദേശീയ നിലപാടുകൾ ഓർമ്മിപ്പിച്ചുകൊണ്ട് പരമാവധി സംയമനം പാലിക്കാനും സാഹചര്യം കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്നു. കൂടാതെ, രാജ്യങ്ങളുടെ പരമാധികാരത്തോടും പ്രാദേശിക അഖണ്ഡതയോടുമുള്ള ബഹുമാനം ഉൾപ്പെടെ ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലക്ഷ്യങ്ങൾക്കും തത്വങ്ങൾക്കും അനുസൃതമായി സാധാരണക്കാരുടെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രദേശത്ത് ശാശ്വതമായ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന ദീർഘകാല ധാരണയ്ക്കായി ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബാധകമായ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ആഗോള വ്യാപാരം, വിതരണ ശൃംഖലകൾ, ഊർജ്ജം എന്നിവയുടെ സുഗമമായ പ്രവാഹം നിലനിർത്താൻ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ഊന്നിപ്പറയുന്നു.
29. അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) പ്രസക്തമായ പ്രമേയങ്ങളും ലംഘിച്ചുകൊണ്ട്, സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും IAEA-യുടെ പൂർണ്ണ സുരക്ഷാ മാനദണ്ഡങ്ങൾക്ക് കീഴിലുള്ള സമാധാനപരമായ ആണവ കേന്ദ്രങ്ങൾക്കും നേരെ ബോധപൂർവ്വം നടത്തുന്ന ആക്രമണങ്ങളിൽ ഞങ്ങൾ ശക്തമായ ആശങ്ക പ്രകടിപ്പിക്കുന്നു. ജനങ്ങളെയും പരിസ്ഥിതിയെയും ദോഷഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്, സായുധ സംഘട്ടനങ്ങളിൽ പോലും, ആണവ സുരക്ഷയും മുൻകരുതലുകളും എപ്പോഴും പാലിക്കപ്പെടേണ്ടതുണ്ട്.
30. ഐക്യരാഷ്ട്ര രക്ഷാ സമിതി പ്രമേയം 2803 അംഗീകരിച്ചത് ഞങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു. പ്രസക്തമായ യുഎൻ പൊതുസഭ (UNGA), യു എൻ രക്ഷാ സമിതി (UNSC) പ്രമേയങ്ങൾ നടപ്പിലാക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുകയും ഗാസ മുനമ്പിൽ വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നുവെന്നും തടസ്സമില്ലാതെ മാനുഷിക സഹായം ലഭ്യമാകുന്നുണ്ടെന്നും ഉറപ്പാക്കാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിൽ, 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ നിലവിലുണ്ടായിരുന്നുട്ടും ഗാസയിൽ തുടരുന്ന അക്രമങ്ങളിൽ ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഗാസ മുനമ്പിൽ നിന്ന് പലസ്തീനികളെ നിർബന്ധിതമായി ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങൾ നിർത്തിവെയ്ക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കൂടാതെ പലസ്തീൻ ജനതയുടെ അവിഭാജ്യ അവകാശങ്ങളെ ഹനിക്കുകയും അധിനിവേശത്തെ നിയമവിധേയമാക്കുകയോ നീട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്ന ക്രമീകരണങ്ങളെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
31. ഇസ്രായേൽ-പലസ്തീൻ തർക്കത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ കൈവരിക്കാൻ കഴിയൂ എന്നും, അത് സ്വയം നിർണ്ണയത്തിനുള്ള അവകാശവും മടങ്ങിവരാനുള്ള അവകാശവും ഉൾപ്പെടെ പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ പൂർത്തീകരിക്കുന്നതിനെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. ബഹുമുഖ സാമ്പത്തിക സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള പ്രസക്തമായ എല്ലാ അന്താരാഷ്ട്ര സംഘടനകളിലും പലസ്തീന്റെ മതിയായ പ്രാതിനിധ്യവും അവയുടെ വിഭവങ്ങളിലേക്കുള്ള പ്രവേശനവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ സ്ഥിരീകരിക്കുന്നു. പ്രസക്തമായ യു.എൻ രക്ഷാ സമിതി, പൊതുസഭാ പ്രമേയങ്ങൾ ഉൾപ്പെടെ, അന്താരാഷ്ട്ര നിയമം, അറബ് സമാധാന ഉദ്യമം എന്നിവയ്ക്ക് അനുസൃതമായി രണ്ട് സ്വതന്ത്ര രാജ്യങ്ങൾ എന്ന പരിഹാരത്തോടുള്ള (two-state solution) അചഞ്ചലമായ പ്രതിജ്ഞാബദ്ധതയുടെ പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയിൽ പലസ്തീൻ രാജ്യത്തിന് പൂർണ്ണ അംഗത്വം നൽകുന്നതിനുള്ള പിന്തുണ ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. രണ്ട് രാജ്യങ്ങൾ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒന്നിച്ച് ജീവിക്കുക എന്ന കാഴ്ചപ്പാട് കൈവരിക്കുന്നതിനായി,1967 -ൽ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട അതിർത്തികൾക്കുള്ളിൽ, കിഴക്കൻ ജറുസലേം തലസ്ഥാനമാക്കി, ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ഉൾപ്പെടുന്ന പരമാധികാരവും സ്വതന്ത്രവും സുസ്ഥിരവുമായ ഒരു പലസ്തീൻ രാജ്യം സ്ഥാപിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.
32. അധിനിവേശ പലസ്തീൻ പ്രദേശത്ത് നിന്ന് പലസ്തീൻ ജനസംഖ്യയിലെ ആരെയെങ്കിലും ഏതെങ്കിലും കാരണത്താൽ താൽക്കാലികമായോ സ്ഥിരമായോ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെയും, ഗാസ മുനമ്പിന്റെ ഭൂമിശാസ്ത്രപരമോ ജനസംഖ്യാപരമോ ആയ മാറ്റങ്ങളെയും ഞങ്ങൾ ശക്തമായി എതിർക്കുന്നു. അനധികൃത അധിനിവേശം അവസാനിപ്പിക്കണമെന്നും നിയമപരമായ മാനദണ്ഡങ്ങളെ തകരാറിലാക്കുന്നതും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് തടസ്സം നിൽക്കുന്നതുമായ എല്ലാ പ്രവർത്തനങ്ങളും ഉടനടി നിർത്തണമെന്നും അന്താരാഷ്ട്ര നിയമങ്ങളും അന്താരാഷ്ട്ര നീതിന്യായ സ്ഥാപനങ്ങളും ആവശ്യപ്പെടുന്നുവെന്ന് ഞങ്ങൾ ആവർത്തിക്കുന്നു.
33. ഗാസയിലെ മാനുഷിക സാഹചര്യം ഉൾപ്പെടെ അധിനിവേശ പലസ്തീൻ പ്രദേശങ്ങളിലെ സാഹചര്യത്തിൽ ഞങ്ങളുടെ കടുത്ത ആശങ്ക ആവർത്തിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾ, പ്രത്യേകിച്ച് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളും പാലിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കൂടാതെ പട്ടിണിയെ യുദ്ധതന്ത്രമായി ഉപയോഗിക്കൽ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും മറ്റ് സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ സിവിലിയൻ ജനതയ്ക്കും സിവിലിയൻ വസ്തുക്കൾക്കും നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക സഹായ പ്രവേശനത്തിന് നേരെയുള്ള നിയമവിരുദ്ധമായ തടസ്സങ്ങൾ എന്നിവയുൾപ്പെടെയുള്ള എല്ലാ ലംഘനങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. മാനുഷിക സഹായങ്ങളെ രാഷ്ട്രീയവൽക്കരിക്കാനോ സൈനികവൽക്കരിക്കാനോ ഉള്ള ശ്രമങ്ങളെയും ഞങ്ങൾ അപലപിക്കുന്നു. യു.എൻ ആശ്വാസ പുനരധിവാസ ഏജൻസിയായ UNRWA-യ്ക്ക് ഞങ്ങളുടെ ഉറച്ച പിന്തുണ ആവർത്തിക്കുകയും, അതിന്റെ അഞ്ച് പ്രവർത്തന മേഖലകളിലായി പലസ്തീൻ അഭയാർത്ഥികൾക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിനായി ഐക്യരാഷ്ട്ര പൊതുസഭാ നൽകിയിട്ടുള്ള ചുമതലകളെ പൂർണ്ണമായി ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അന്താരാഷ്ട്ര നിയമപ്രകാരമുള്ള തങ്ങളുടെ കടമകളെ ബഹുമാനിക്കാനും പരമാവധി സംയമനം പാലിക്കാനും സംഘർഷം വർദ്ധിപ്പിക്കുന്ന നടപടികളും പ്രകോപനപരമായ പ്രഖ്യാപനങ്ങളും ഒഴിവാക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ദക്ഷിണാഫ്രിക്ക ഇസ്രയേലിനെതിരെ ഏർപ്പെടുത്തിയ നിയമനടപടികളിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകൾ ഈ പശ്ചാത്തലത്തിൽ ഞങ്ങൾ ശ്രദ്ധയിൽ പെടുത്തുന്നു. ഗാസയിൽ മാനുഷിക സഹായം നൽകുന്നത് ഉറപ്പാക്കാനുള്ള ഇസ്രായേലിന്റെ നിയമപരമായ കടമ ഈ ഉത്തരവ് അടിവരയിടുന്നു.
34. അധിനിവേശ ജറുസലേമിന്റെ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാൻ ശ്രമിക്കുന്ന ഏതൊരു ഏകപക്ഷീയ നടപടിയെയും ഞങ്ങൾ തള്ളിക്കളയുന്നു. നഗരത്തിലെ എല്ലാ മതപരമായ സ്ഥലങ്ങളുടെയും പുണ്യ സ്ഥലങ്ങളുടെയും വിശുദ്ധി പാലിക്കണമെന്നും തടസ്സങ്ങളില്ലാതെ സ്വന്തം മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുമുള്ള ഏവരുടെയും അവകാശങ്ങളെ പൂർണ്ണമായി ബഹുമാനിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
35. ലെബനനിലെ വെടിനിർത്തലിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളോടും അതിന്റെ വ്യവസ്ഥകൾ കർശനമായി പാലിക്കാനും ഐക്യരാഷ്ട്ര രക്ഷാസമിതി പ്രമേയം 1701 പൂർണ്ണമായി നടപ്പിലാക്കാനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. വെടിനിർത്തലിന്റെയും ലെബനന്റെ പരമാധികാരത്തിന്റെയും പ്രാദേശിക അഖണ്ഡതയുടെയും തുടർച്ചയായ ലംഘനങ്ങളെ ഞങ്ങൾ അപലപിക്കുന്നു. ലെബനൻ ഗവൺമെന്റുമായി അംഗീകരിച്ച വ്യവസ്ഥകളെ ബഹുമാനിക്കാനും നിലനിൽക്കുന്ന എല്ലാ ലെബനീസ് പ്രദേശങ്ങളിൽ നിന്നും അധിനിവേശ സേനയെ പിൻവലിക്കാനും ഞങ്ങൾ ഇസ്രയേലിനോട് ആവശ്യപ്പെടുന്നു.
36. ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ താൽക്കാലിക സേന (UNIFIL) വഹിക്കുന്ന സുപ്രധാന പങ്ക് ഞങ്ങൾ എടുത്തുപറയുന്നു. കൂടാതെ എല്ലാ യു.എൻ ഉദ്യോഗസ്ഥരുടെയും സംവിധാനങ്ങളുടെയും സുരക്ഷയും സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതും യു.എൻ സമുച്ചയങ്ങളുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതും അത്യന്താപേക്ഷിതമാണെന്ന് സമ്മതിക്കുന്നു. UNIFIL കേന്ദ്രങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരെ നടക്കുന്ന എല്ലാ ആക്രമണങ്ങളെയും ഞങ്ങൾ അപലപിക്കുകയും ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ രക്ഷാസമിതി പ്രമേയം 1701 (2006)-ന്റെയും ലംഘനമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. UNIFIL-ന് കീഴിൽ സേവനമനുഷ്ഠിച്ച നാല് ഇന്തോനേഷ്യൻ സമാധാന രക്ഷാപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ വിയോഗത്തിൽ ഞങ്ങൾ അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുകയും ദുരന്തത്തിനിരയായ, സൈന്യത്തെ അയച്ച എല്ലാ രാജ്യങ്ങളോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ മരണങ്ങളിലേക്ക് നയിച്ച സംഭവങ്ങളെ ഞങ്ങൾ അപലപിക്കുകയും യു.എൻ സമാധാന രക്ഷാപ്രവർത്തകരുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് ആവർത്തിക്കുകയും ചെയ്യുന്നു. ലെബനൻ ഗവണ്മെന്റിനെ പിന്തുണയ്ക്കുന്നതിലും രാഷ്ട്രീയ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിലും UNIFIL-ന്റെ പങ്കിനെയും ചുമതലയെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. ഇക്കാര്യത്തിൽ, ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. കൂടാതെ UNIFIL ഉദ്യോഗസ്ഥരുടെയും സ്വത്തുക്കളുടെയും സുരക്ഷയും സഞ്ചാരസ്വാതന്ത്ര്യവും യു.എൻ സമുച്ചയങ്ങളുടെ ലംഘനരഹിത അവസ്ഥയും ഉറപ്പുനൽകാൻ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു.
37. സുഡാനിലെ മോശമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലും, രൂക്ഷമാകുന്ന മാനുഷിക പ്രതിസന്ധിയിലും, തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വ്യാപനത്തിന് സാധ്യത വർദ്ധിക്കുന്നതിലും ഞങ്ങൾ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാടുകൾ ആവർത്തിക്കുകയും എത്രയും വേഗം സ്ഥിരമായ വെടിനിർത്തലിനും ചർച്ചകളിലൂടെയുള്ള സമാധാനപരമായ പരിഹാരത്തിനും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. സുഡാൻ ജനതയ്ക്ക് സുസ്ഥിരവും അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായത്തിന്റെ ആവശ്യകതയും, സുഡാനിലേക്കും അയൽരാജ്യങ്ങളിലേക്കുമുള്ള മാനുഷിക സഹായം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ഊന്നിപ്പറയുന്നു. "ആഫ്രിക്കൻ പ്രശ്നങ്ങൾക്ക് ആഫ്രിക്കൻ പരിഹാരം" എന്ന തത്വം സംഘർഷ പരിഹാരത്തിന്റെ അടിസ്ഥാനമായി തുടരണമെന്ന് ഞങ്ങൾ ആവർത്തിക്കുകയും സമാധാന ശ്രമങ്ങൾക്കിടയിൽ സംയോജിത സമീപനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
38. സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യദാർഢ്യം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നു. കൂടാതെ സാധാരണ ജനതയുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനും ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സിറിയൻ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സമാധാനപരവും ഉൾച്ചേർന്നതുമായ രാഷ്ട്രീയ പരിവർത്തനം ഉറപ്പാക്കാൻ എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്യുന്നു. സംഘർഷാനന്തര സിറിയയുടെ പുനർനിർമ്മാണത്തെയും പുനരധിവാസത്തെയും പിന്തുണയ്ക്കാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്നു. ബാഹ്യ ഇടപെടലുകളിൽ നിന്ന് മുക്തമായ, UNSC പ്രമേയം 2254 (2015)-ന്റെ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള, സിറിയൻ സമൂഹത്തിലെ എല്ലാ രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന, സിറിയയുടെ നേതൃത്വത്തിലുള്ളതും സിറിയക്കാരുടെ ഉടമസ്ഥതയിലുള്ളതുമായ യു.എൻ സഹായത്തോടെയുള്ള രാഷ്ട്രീയ പ്രക്രിയയ്ക്കായുള്ള ശ്രമങ്ങൾക്ക് ഞങ്ങളുടെ തുടർച്ചയായ പിന്തുണ ഉയർത്തിക്കാട്ടുന്നു. വിദേശ ഭീകരവാദികൾ സിറിയയുടെയും പ്രാദേശിക സ്ഥിരതയുടെയും സുരക്ഷയുടെയും കാര്യത്തിൽ ഉണ്ടാക്കുന്ന ഗുരുതരമായ ഭീഷണി കണക്കിലെടുത്ത് ഈ വിഷയം അഭിസംബോധന ചെയ്യേണ്ടതിന്റെ അടിയന്തിര പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും എല്ലാ രൂപങ്ങളെയും ശക്തമായി എതിർക്കാനും ഭീകരവാദത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾക്ക് മറുപടി നൽകാൻ സമയബന്ധിതമായ നടപടികൾ സ്വീകരിക്കാനും ഞങ്ങൾ സിറിയയോട് അഭ്യർത്ഥിക്കുന്നു. കൂടാതെ സിറിയയിൽ നിന്ന് അധിനിവേശ സേനയെ പിൻവലിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ആവർത്തിക്കുന്നു.
39. ലോകമെമ്പാടുമുള്ള മാനുഷിക പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നതിനായി ബഹുമുഖ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. കൂടാതെ അന്താരാഷ്ട്ര പ്രതികരണങ്ങൾ കുറയുന്നതിലും മാനുഷിക പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിരിക്കുന്ന ഫണ്ടുകളുടെ കടുത്ത ക്ഷാമത്തിലും ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഐക്യരാഷ്ട്രസഭ വഹിക്കുന്ന സുപ്രധാന പങ്ക് സ്ഥിരീകരിച്ചുകൊണ്ട്, ആവശ്യത്തിന് വിഭവങ്ങൾ അടിയന്തിരമായി സമാഹരിക്കുന്നതിനും പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമുള്ള സംയുക്ത ശ്രമങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആഹ്വാനം ചെയ്യുന്നു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ബോധപൂർവ്വം നടത്തുന്ന ആക്രമണങ്ങൾ, മാനുഷിക സഹായം തടയുകയോ നിഷേധിക്കുകയോ ചെയ്യൽ, മാനുഷിക സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാരെ ലക്ഷ്യമിടൽ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ എല്ലാ ലംഘനങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ എല്ലാ ലംഘനങ്ങൾക്കും ഉത്തരവാദിത്തം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അടിവരയിടുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളോടുള്ള ബഹുമാനവും പാലിക്കലും ഫലപ്രദമായ നടപ്പാക്കലും പ്രോത്സാഹിപ്പിക്കുന്നതിന് ബ്രിക്സ് അംഗരാജ്യങ്ങൾ നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു.
40. ലക്ഷ്യങ്ങൾ എന്തായാലും, എപ്പോൾ, എവിടെ, ആര് ചെയ്താലും, ഏതൊരു ഭീകരപ്രവർത്തനത്തെയും കുറ്റകരവും ന്യായീകരിക്കാൻ കഴിയാത്തതുമായി ഞങ്ങൾ ശക്തമായി അപലപിക്കുന്നു. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ ഞങ്ങൾ ശതമായ ഭാഷയിൽ അപലപിക്കുന്നു, അതിൽ 26 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തി കടന്നുള്ള ഭീകരവാദികളുടെ നീക്കം, ഭീകരവാദത്തിന് പണം നൽകൽ, സുരക്ഷിത താവളങ്ങൾ ഒരുക്കൽ എന്നിവയുൾപ്പെടെയുള്ള ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ഭാവങ്ങളെയും ചെറുക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ സംസ്‌കാരവുമായോ വംശീയ ഗ്രൂപ്പുമായോ ബന്ധപ്പെടുത്തരുതെന്നും ഭീകരപ്രവർത്തനങ്ങളിലും അതിനുള്ള പിന്തുണയിലും ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഉത്തരവാദികളാക്കുകയും പ്രസക്തമായ ദേശീയ അന്തർദേശീയ നിയമങ്ങൾ അനുസരിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണമെന്നും ഞങ്ങൾ ആവർത്തിക്കുന്നു. ഭീകരവാദത്തിനെതിരെ ഒട്ടും തന്നെ സഹിഷ്ണുതയില്ലാത്ത നയം ഉറപ്പാക്കണമെന്നും ഭീകരവാദത്തെ ചെറുക്കുന്നതിലെ ഇരട്ടത്താപ്പുകൾ തള്ളിക്കളയണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭീകരവാദത്തെ ചെറുക്കുന്നതിൽ രാജ്യങ്ങളുടെ പ്രാഥമിക ഉത്തരവാദിത്തം ഞങ്ങൾ ഊന്നിപ്പറയുന്നു. ഭീകര ഭീഷണികൾ തടയുന്നതിനും ചെറുക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾ, അന്താരാഷ്ട്ര നിയമങ്ങൾക്ക് കീഴിലുള്ള (പ്രത്യേകിച്ച് യു.എൻ ചാർട്ടർ, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം, അഭയാർത്ഥി നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം എന്നിവയുൾപ്പെടെയുള്ള കരാറുകളും ചട്ടങ്ങളും) തങ്ങളുടെ കടമകൾ പൂർണ്ണമായും പാലിക്കണം. BRICS കൗണ്ടർ-ടെററിസം സ്ട്രാറ്റജി, ബ്രിക്സ് ഭീകരവാദ വിരുദ്ധ കർമ്മ പദ്ധതി (BRICS Counter-Terrorism Strategy, CTWG പൊസിഷൻ പേപ്പർ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബ്രിക്സ് കൗണ്ടർ-ടെററിസം വർക്കിംഗ് ഗ്രൂപ്പിന്റെ (CTWG) പ്രവർത്തനങ്ങളെയും അതിന്റെ അഞ്ച് സബ്‌ഗ്രൂപ്പുകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഭീകരവിരുദ്ധ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു. യു.എൻ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരവാദത്തെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ (Comprehensive Convention on International Terrorism) വേഗത്തിൽ അന്തിമമാക്കാനും അംഗീകരിക്കാനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. യു.എൻ നിരോധിച്ച എല്ലാ ഭീകരർക്കും ഭീകര സംഘടനകൾക്കും എതിരെ സംയുക്ത നടപടികൾ സ്വീകരിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്ന
41. ചെറുപ്പക്കാരിൽ പ്രത്യേകിച്ചും, തീവ്രവാദത്തെയും മൗലിക വാദത്തെയും ചെറുക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. കൂടാതെ മികച്ച മാതൃകകൾ പങ്കുവെക്കുന്നത്തിലൂടെ ബ്രിക്സ് അംഗരാജ്യങ്ങൾക്കും അവരുടെ ബന്ധപ്പെട്ട അധികാരികൾക്കുമിടയിൽ സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എടുത്തുപറയുന്നു.
42. ഭീകരവാദത്തിന് പണം നൽകൽ, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, ലഹരിമരുന്ന് കുറ്റകൃത്യങ്ങളിലൂടെയുള്ള പണം വെളുപ്പിക്കൽ, കുറ്റകൃത്യങ്ങൾക്കായി ICT സാങ്കേതികവിദ്യകളുടെ ഉപയോഗം, നിയമവിരുദ്ധമായ വെർച്വൽ ആസ്തി പ്രവാഹങ്ങൾ, അഴിമതിയും അനുബന്ധ നിയമവിരുദ്ധ പ്രവർത്തനങ്ങളും, കള്ളപ്പണം വെളുപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങളിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകൾ, സാമ്പത്തിക സ്ഥിരതയെയും സുസ്ഥിര വികസനത്തെയും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയെയും പ്രതികൂലമായി ബാധിക്കുന്ന തദ്ദേശീയ നിയന്ത്രണ ചട്ടക്കൂടുകളെ മറികടക്കൽ എന്നിവയുൾപ്പെടെയുള്ള നിയമവിരുദ്ധ സാമ്പത്തിക പ്രവാഹങ്ങളിൽ ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഭീകരവാദത്തിന് പണം നൽകുന്നതിലും ഞങ്ങൾ ആശങ്ക രേഖപ്പെടുത്തുന്നു. വെർച്വൽ ആസ്തികളുടെ നിയമവിരുദ്ധമായ ഉപയോഗവും തദ്ദേശീയ നിയന്ത്രണ ചട്ടക്കൂടുകളുടെ ലംഘനവും ഉൾപ്പെടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ സാമ്പത്തിക സ്ഥിരതയെയും സുസ്ഥിര വികസനത്തെയും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയുടെ കൃത്യതയെയും പ്രതികൂലമായി ബാധിച്ചേക്കാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പേയ്‌മെന്റ് സംവിധാനങ്ങൾ, ദുർബല സാഹചര്യങ്ങളിലുള്ള വ്യക്തികൾ എന്നിവരെ ചൂഷണം ചെയ്യുന്ന അതിർത്തി കടന്നുള്ള തട്ടിപ്പുകളും സ്കാം കോമ്പൗണ്ടുകളും ഉൾപ്പെടെയുള്ള സംഘടിത തട്ടിപ്പ് ശൃംഖലകളുടെ വ്യാപനത്തിൽ ഞങ്ങൾ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ഈ നിയമവിരുദ്ധ ശൃംഖലകളെ തകർക്കുന്നതിനും, കുറ്റകൃത്യങ്ങളിലൂടെയുള്ള പണം കണ്ടെത്താനും വീണ്ടെടുക്കാനും, ഇരകളെ സംരക്ഷിക്കുന്നതിനും, വൻതോതിലുള്ള തട്ടിപ്പുകൾക്കായി സാമ്പത്തിക സ്ഥാപനങ്ങളും പുതിയ പേയ്‌മെന്റ് രീതികളും ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സംയോജിത അന്താരാഷ്ട്ര നടപടിയുടെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. കസ്റ്റംസ് അധികാരികൾ, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റുകൾ, ക്രമസമാധാന ഏജൻസികൾ, നികുതി അധികാരികൾ, മേൽനോട്ട സമിതികൾ എന്നിവർക്കിടയിൽ അതിർത്തി കടന്നുള്ള സഹകരണം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ കൂടുതൽ ഊന്നിപ്പറയുന്നു. നിലവിലുള്ള പ്രസക്തമായ ബ്രിക്സ് കർമ്മ സമിതികളിലൂടെയും, BRICS അംഗീകരിച്ച രേഖകളുടെ അടിസ്ഥാനത്തിലും, ബ്രിക്സ് അംഗരാജ്യങ്ങൾ പങ്കാളികളായ പ്രസക്തമായ അന്താരാഷ്ട്ര നിയമ സംവിധാനങ്ങൾ, ടെലികമ്മ്യൂണിക്കേഷൻ സേവനദാതാക്കൾ, ടെക്നോളജി പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെയും കൂടുതൽ മെച്ചപ്പെട്ട വിവരങ്ങൾ പങ്കുവെക്കൽ, ഡാറ്റാ അനലിറ്റിക്‌സിന്റെ ഉപയോഗം, ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ ചരക്കുകളും സേവനങ്ങളും ഉൾപ്പെടുന്ന കള്ളപ്പണം വെളുപ്പിക്കൽ പദ്ധതികളെ ഫലപ്രദമായി കണ്ടെത്താനും തടയാനും ഞങ്ങൾ ലക്ഷ്യമിടുന്നു. ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ശക്തമാക്കുന്നതിനും അതിർത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങളിലെ തട്ടിപ്പുകൾ തടയുന്നതിനുമുള്ള വർദ്ധിപ്പിച്ച സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
43. അഴിമതി തടയുന്നതിലും ചെറുക്കുന്നതിലുമുള്ള ബ്രിക്സ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും, ഈ വിഷയത്തിലുള്ള പ്രസക്തമായ അന്താരാഷ്ട്ര കരാറുകൾ, പ്രത്യേകിച്ച് അഴിമതിക്കെതിരെയുള്ള ഐക്യരാഷ്ട്രസഭാ കൺവെൻഷൻ (UNCAC) തുടർന്നും നടപ്പിലാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, സ്വത്ത് വീണ്ടെടുക്കുന്നതിലും അതിർത്തി കടന്നുള്ള അഴിമതി ചെറുക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിന് ബ്രിക്സ് അഴിമതി വിരുദ്ധ കർമ്മ സമിതിയ്ക്ക് കീഴിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അംഗീകരിക്കുന്നു. വിദഗ്ദ്ധർക്കിടയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനായി 'ബ്രിക്സ് എക്സ്പെർട്ട് നെറ്റ്‌വർക്ക് ഓൺ അസറ്റ് റിക്കവറി' സ്ഥാപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ഈ ശൃംഖല വികസിപ്പിച്ചെടുത്ത പ്രായോഗിക ഉപാധികൾ സജീവമായും ഫലപ്രദമായും ഉപയോഗിക്കാൻ ബന്ധപ്പെട്ട അധികാരികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അഴിമതി കേസിൽ പ്രതികളായ ഒളിവിൽപ്പോയ കുറ്റവാളികളെ കണ്ടെത്തുന്നതിനും നാടുകടത്തലിനെ പിന്തുണയ്ക്കുന്നതിനുമുള്ള അനൗപചാരിക സഹകരണത്തിനായുള്ള ബ്രിക്സ് റെപോസിറ്ററിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഒളിച്ചോടിയ കുറ്റവാളികളിൽ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി നിയമ നിർവ്വഹണ പ്രാക്ടീഷണർമാരുടെ ഒരു ശൃംഖല വികസിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തിൽ നടക്കുന്ന ചർച്ചകളെ ഞങ്ങളുടെ തദ്ദേശീയ നിയമ ചട്ടക്കൂടുകൾക്ക് അനുസൃതമായി അംഗീകരിക്കുന്നു. ഭരണത്തിൽ സുതാര്യതയും സമഗ്രതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്നതിനും, ധാർമ്മിക ഭരണവും സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങളുമായി ബന്ധപ്പെട്ട മികച്ച രീതികൾ പങ്കുവെക്കുന്നതിനുമായി ബ്രിക്സ് അംഗരാജ്യങ്ങൾ നടത്തുന്ന സംരംഭങ്ങളെയും ഞങ്ങൾ അംഗീകരിക്കുന്നു. അഴിമതി വിരുദ്ധ ചട്ടക്കൂടുകളും സ്ഥാപനപരമായ ശേഷികളും ശക്തമാക്കുന്നതിന് ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ തുടർച്ചയായ സഹകരണം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അഴിമതിയെ ചെറുക്കുന്നതിൽ ഫലപ്രദമായ ക്രിമിനൽ ആസ്തി വീണ്ടെടുക്കലിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുകയും, UNCAC, തദ്ദേശീയ നിയമങ്ങൾ എന്നിവയ്ക്ക് അനുസൃതമായി സ്വത്തുക്കൾ വീണ്ടെടുക്കുന്നതും തിരികെ നൽകുന്നതും സുഗമമാക്കുന്നതിന് സ്വത്ത് കണ്ടെത്തൽ ശൃംഖലകളിലൂടെയും മറ്റ് പ്രായോഗിക സംവിധാനങ്ങളിലൂടെയും സഹകരണം ശക്തമാക്കാൻ ബ്രിക്സ് അംഗരാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
44. ലോകമെമ്പാടുമുള്ള നിയമവിരുദ്ധ മയക്കുമരുന്ന് ഉത്പാദനം, കടത്ത്, ദുരുപയോഗം എന്നിവയിലെ സാഹചര്യങ്ങളിൽ ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത് പൊതുസുരക്ഷ, ആരോഗ്യ സുരക്ഷിത്വം, മനുഷ്യരാശിയുടെ ക്ഷേമം എന്നിവയ്ക്ക് ഗുരുതര ഭീഷണിയാണെന്നും രാജ്യങ്ങളുടെ സുസ്ഥിര വികസനത്തെ തകരാറിലാക്കുന്നുവെന്നും അംഗീകരിക്കുന്നു. ഈ വിഷയത്തിൽ, ബ്രിക്സ് മയക്കുമരുന്ന് വിരുദ്ധ ഏജൻസികളുടെ മേധാവിമാർ പുറപ്പെടുവിച്ച ഗുവാഹത്തി പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഇത് ബ്രിക്സ് മയക്കുമരുന്ന് വിരുദ്ധ ഏജൻസികൾക്കിടയിലുള്ള പ്രവർത്തനപരവും സാങ്കേതികവുമായ സഹകരണം സുഗമമാക്കും.
45. ആഗോള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ ബ്രിക്സ് റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് കോൺസ്റ്റലേഷൻ (RSSC) കൈവരിച്ച നേട്ടങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ബഹിരാകാശ സംവിധാനങ്ങളുടെ സമാധാനപരമായ ഉപയോഗം ഉൾപ്പെടെ ബഹിരാകാശത്തിന്റെ സമാധാനപരമായ പര്യവേക്ഷണത്തിലും ഉപയോഗത്തിലും അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുകയും ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിൽ ബഹിരാകാശ ശേഷിയിലുള്ള നിലവിലെ അസമത്വങ്ങൾ കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു. ബെംഗളൂരുവിൽ നടന്ന ബ്രിക്സ് ബഹിരാകാശ ഏജൻസി മേധാവിമാരുടെ യോഗത്തിലെ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിന് ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിന്റെ പ്രാധാന്യം ഈ യോഗം ഊന്നിപ്പറഞ്ഞു. ബ്രിക്സിൽ പുതിയ ബഹിരാകാശ ഏജൻസികളെ ഉൾപ്പെടുത്തുന്നതിനായി BRICS RSSC കരാറിലെ ഭേദഗതി അന്തിമമാക്കുന്നതിലും, ബ്രിക്സ് ബഹിരാകാശ സമിതിയുടെ നിബന്ധനകൾ തയ്യാറാക്കുന്നതിലും കൈവരിച്ച കാര്യമായ പുരോഗതിയെ ഞങ്ങൾ അഭിനന്ദിക്കുന്നു. കൂടാതെ, 1961 ഏപ്രിൽ 12-ന് യൂറി ഗഗാറിൻ നടത്തിയ ആദ്യത്തെ മനുഷ്യ ബഹിരാകാശ യാത്രയുടെ 65-ാം ജൂബിലിയെ ഞങ്ങൾ ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. ഇത് ബഹിരാകാശ പര്യവേക്ഷണത്തിലെ ചരിത്രപരമായ നാഴികക്കല്ലും മനുഷ്യരാശിക്ക് മുഴുവൻ പുതിയ അതിരുകൾ തുറന്നുകൊടുത്ത സംഭവവുമാണ്.
46. സമാധാനപരമായ ആവശ്യങ്ങൾക്കായി ബഹിരാകാശ സംവിധാനങ്ങളുടെ ഉപയോഗവും ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ നേട്ടങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അംഗീകരിക്കുന്നു. ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്നതിനും ബഹിരാകാശത്തെ ആയുധ മത്സരത്തിനും (PAROS) അതിനെ ആയുധമാക്കുന്നതിനും, ബഹിരാകാശ വസ്തുക്കൾക്കെതിരെയുള്ള ഭീഷണികൾക്കും ബലപ്രയോഗത്തിനും എതിരെയുള്ള ഞങ്ങളുടെ പിന്തുണ ആവർത്തിച്ചുറപ്പിക്കുന്നു. ആഗോള സുരക്ഷ ഉറപ്പാക്കുന്നതിന് പ്രസക്തമായ ബഹുമുഖ നിയമ സംവിധാനം അംഗീകരിക്കുന്നതിനുള്ള ചർച്ചകളിലൂടെ ഉൾപ്പെടെ ഇത് കൈവരിക്കാം. 2014-ൽ നിരായുധീകരണ സമ്മേളനത്തിൽ സമർപ്പിച്ച 'പ്രിവൻഷൻ ഓഫ് ദി പ്ലേസ്‌മെന്റ് ഓഫ് വെപ്പൺസ് ഇൻ ഔട്ടർ സ്‌പേസ്, ദി ത്രെറ്റ് ഓർ യൂസ് ഓഫ് ഫോഴ്‌സ് എഗെയ്ൻസ്റ്റ് ഔട്ടർ സ്‌പേസ് ഒബ്‌ജക്ട്സ്' (PPWT) തടയുന്നതിനുള്ള പുതുക്കിയ കരട് ഉടമ്പടി ഈ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി ഞങ്ങൾ അംഗീകരിക്കുന്നു. സുതാര്യതയും ആത്മവിശ്വാസവും വളർത്തുന്ന നടപടികൾ (TCBMs), സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ, നിയമങ്ങൾ, തത്വങ്ങൾ എന്നിവ പോലുള്ള പ്രായോഗികവും നിയമപരമായി ബാധ്യതയില്ലാത്തതുമായ പ്രതിജ്ഞാബദ്ധതകളും PAROS സംഭാവന നൽകിയേക്കാമെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു. ഇത്തരം ആവശ്യങ്ങൾക്ക് ഉതകുന്ന ഏകീകൃതവും ഉൾച്ചേർന്നതും ഫലപ്രദവുമായ ചർച്ചകൾ പ്രാപ്തമാക്കുന്നതിന് ഒരു സിംഗിൾ ഓപ്പൺ-എൻഡഡ് വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ചില ബ്രിക്സ് അംഗങ്ങൾ പൊതുസഭയിൽ കൈക്കൊണ്ട മുൻകൈ ഞങ്ങൾ നിരീക്ഷിക്കുന്നു. കൂടാതെ PAROS-ലെ നിയമപരമായി ബാധ്യസ്ഥമായ രേഖയിലെ സുപ്രധാന ഘടകങ്ങൾ ഉൾപ്പെടെ നിലവിലുള്ള നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഈ പ്രക്രിയയിൽ ക്രിയാത്മകമായി ഏർപ്പെടാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
47. ബ്രിക്സ് അംഗരാജ്യങ്ങളിലെ സാമൂഹിക-സാമ്പത്തിക വളർച്ചയുടെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും പ്രധാന ചാലകമെന്ന നിലയിൽ വിവര-വിനിമയ സാങ്കേതികവിദ്യകളുടെ (ICT) പരിവർത്തനപരമായ സ്വാധീനം ഞങ്ങൾ അംഗീകരിക്കുന്നു. ഓരോ രാജ്യത്തിന്റെയും ദേശീയ മുൻഗണനകളുടെയും അന്താരാഷ്ട്ര പ്രതിബദ്ധതകളുടെയും അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും ദേശീയ സുരക്ഷയെയും മാനിച്ച് തുറന്നതും സുരക്ഷിതവും സ്ഥിരതയുള്ളതും പ്രാപ്യവും സമാധാനപരവുമായ ICT അന്തരീക്ഷത്തിനുള്ള പിന്തുണ ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. അന്താരാഷ്ട്ര സുരക്ഷയുടെയും ഉത്തരവാദിത്ത പെരുമാറ്റത്തിന്റെയും പശ്ചാത്തലത്തിൽ ICT മേഖലയിലെ വികസനങ്ങൾക്കായുള്ള ആഗോള സംവിധാനത്തിന്റെ പ്രവർത്തനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ICT ഉപയോഗത്തിലെ സുരക്ഷയെക്കുറിച്ചുള്ള പൊതുധാരണകൾ രൂപപ്പെടുത്തുന്നതിന് ക്രിയാത്മകമായ സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ യു.എന്നിന്റെ സുപ്രധാന പങ്ക് ഞങ്ങൾ അടിവരയിടുന്നു. ഈ മേഖലയിലെ സാർവത്രിക നിയമ ചട്ടക്കൂട് വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ, ഉത്തരവാദിത്ത പെരുമാറ്റത്തിനായുള്ള സാർവത്രികമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ, നിയമങ്ങൾ, തത്വങ്ങൾ എന്നിവയുടെ തുടർ നിരീക്ഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലെ അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനായി, തദ്ദേശീയ നിയമങ്ങൾക്കും പ്രക്രിയകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായി, സൈബർ കുറ്റകൃത്യങ്ങൾക്കെതിരായ യു.എൻ കൺവെൻഷനിൽ ഒപ്പുവെക്കുന്നതും അംഗീകരിക്കുന്നതും പരിഗണിക്കാൻ ഞങ്ങൾ എല്ലാ രാജ്യങ്ങളോടും അഭ്യർത്ഥിക്കുന്നു. യു.എൻ പൊതു സഭാ പ്രമേയങ്ങളായ 74/247, 75/282, 79/243 എന്നിവയ്ക്ക് അനുസൃതമായി, ആവശ്യാനുസരണം അധിക കുറ്റകൃത്യങ്ങളെ അഭിസംബോധന ചെയ്യുന്ന കൺവെൻഷന് അനുബന്ധമായ ഒരു പെരുമാറ്റച്ചട്ടം ചർച്ച ചെയ്യുന്നതിനും, ബന്ധപ്പെട്ട സമ്മേളനത്തിനായുള്ള നടപടിക്രമങ്ങളുടെ കരട് നിയമങ്ങൾ തയ്യാറാക്കുന്നതിനുമായി, താൽക്കാലിക സമിതിയിലെ തങ്ങളുടെ പങ്കാളിത്തം തുടരാൻ എല്ലാ രാജ്യങ്ങളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
48. ICT ഉപയോഗത്തിലെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രായോഗിക സഹകരണത്തിനായുള്ള രൂപരേഖയും അതിന്റെ റിപ്പോർട്ടും അനുസരിച്ച് ബ്രിക്സ് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ കൈവരിച്ച പുരോഗതി ഞങ്ങൾ അംഗീകരിക്കുന്നു. നയപരമായ വിനിമയങ്ങൾ, കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമുകൾ (CERTs) തമ്മിലുള്ള മികച്ച മാതൃകകൾ പങ്കുവെക്കൽ, ക്രമസമാധാന സഹകരണം, സംയുക്ത ഗവേഷണവും വികസനവും തുടങ്ങിയ മേഖലകളിൽ ബ്രിക്സ് അംഗങ്ങൾക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിൽ ICT ഉപയോഗത്തിലെ സുരക്ഷയെക്കുറിച്ചുള്ള ബ്രിക്സ് കർമ്മ സമിതിയുടെ പ്രധാന പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്സിന്റെ അക്കാദമിക്, ഗവേഷണ വിനിമയങ്ങളുടെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. സമാധാനപരവും വികസനപരവുമായ ആവശ്യങ്ങൾക്കായി കൂടുതൽ ഉൾച്ചേർന്നതും ഉപയോഗപ്രദവും സുസ്ഥിരവുമായ രീതിയിൽ ICT ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെയും അതിന്റെ പ്രയോഗങ്ങൾ ജനകേന്ദ്രീകൃതമായി നിലനിൽക്കുന്നു എന്ന് ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. ICT ഉപയോഗത്തിലെ സുരക്ഷാ ഭീഷണി, ദോഷകരമായ സോഫ്റ്റ്‌വെയറുകൾ, ഡാറ്റാ സുരക്ഷ, സൈബർ കുറ്റകൃത്യങ്ങൾ, തെറ്റായ വിവരങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വ്യാജ വിവരങ്ങൾ, തുടങ്ങിയ ഡിജിറ്റൽ മേഖലയിൽ നിന്നുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ സംയുക്തവും സമഗ്രവുമായ ശ്രമങ്ങൾക്ക് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ICT ഉൽപ്പന്നങ്ങളുടെയും സംവിധാനങ്ങളുടെയും വികസനത്തിനും സുരക്ഷയ്ക്കുമായി സമഗ്രവും സന്തുലിതവും നിഷ്പക്ഷവുമായ സമീപനത്തിനും, വിതരണ ശൃംഖലയുടെ സുരക്ഷയ്ക്കായി സാർവത്രികമായി ഉപയോഗിക്കാവുന്ന പൊതുവായ നിയമങ്ങളും മാനദണ്ഡങ്ങളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. സമാധാനം നിലനിർത്തുന്നതിനും സാമ്പത്തിക സാമൂഹിക വികസനത്തിനും ടെലികമ്മ്യൂണിക്കേഷൻ മേഖലയ്ക്കുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു.
സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ആഗോള സാമ്പത്തിക വളർച്ച
49. നിലവിലെ ആഗോള വെല്ലുവിളികൾ സങ്കീർണ്ണവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണെന്നും അവ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയെയും സുസ്ഥിര വികസനത്തെയും തടസ്സപ്പെടുത്തുന്നുവെന്നും രാജ്യങ്ങൾക്കും പ്രദേശങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന വികസന വിടവുകൾ വർദ്ധിപ്പിക്കുന്നുവെന്നും ഞങ്ങൾ നിരീക്ഷിക്കുന്നു. ദേശീയ മുൻഗണനകൾ, ദേശീയ ഉടമസ്ഥത, വികസനത്തിന്റെ വിവിധ ഘട്ടങ്ങൾ എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗികവും നടപ്പിലാക്കാൻ കഴിയുന്നതുമായ പരിഹാരങ്ങളാണ് ഈ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രധാന മാർഗ്ഗമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. കൂടാതെ യു.എൻ അജണ്ടയിൽ സുസ്ഥിര വികസനത്തിന്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും പ്രത്യേക പ്രാധാന്യം ഞങ്ങൾ ആവർത്തിക്കുന്നു. ഈ പശ്ചാത്തലത്തിൽ, പൊതുവായ വെല്ലുവിളികൾക്ക് പ്രായോഗിക പരിഹാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ചർച്ചകൾക്കും നയതന്ത്രത്തിനും സഹകരണത്തിനുമുള്ള ഒരു പ്രധാന വേദിയായി ബ്രിക്സ് തുടരുന്നുവെന്ന് ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു.
50. ആഗോള ആരോഗ്യ സംരംഭങ്ങളിലെ സഹകരണം ആഴത്തിലാക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും പ്രതിരോധശേഷിയുള്ളതും ഉൾച്ചേർന്നതും ജനകേന്ദ്രീകൃതവുമായ സമീപനങ്ങളിലൂടെ സാർവത്രിക ആരോഗ്യ പരിരക്ഷ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു. ബ്രിക്സ് അംഗങ്ങൾക്കിടയിൽ തുടരുന്ന സഹകരണത്തിന്റെ പ്രാധാന്യവും ബ്രിക്സ് രാജ്യങ്ങളിലുടനീളം ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് വിലയേറിയ അനുഭവങ്ങളും നൂതനാശങ്ങളൂം മികച്ച മാതൃകകളും പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ അംഗീകരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (WHO) സുപ്രധാന ഏകോപന പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട്, ആരോഗ്യ മേഖലയിലെ ബഹുമുഖ സഹകരണം സംരക്ഷിക്കപ്പെടുകയും ശക്തിപ്പെടുത്തപ്പെടുകയും വേണമെന്ന ഞങ്ങളുടെ പങ്കിട്ട വിശ്വാസം ആവർത്തിക്കുന്നു. ഈ പശ്ചാത്തലത്തിൽ, ജൈവവിഭവങ്ങൾക്ക് മേലുള്ള രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളും, ദേശീയ പ്രവേശനവും ആനുകൂല്യങ്ങൾ പങ്കുവെക്കലും ഉൾപ്പെടെയുള്ള നിയമങ്ങൾ രൂപീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള പരമാധികാര അവകാശവും ആവർത്തിച്ച് ഉറപ്പിക്കുന്നതോടൊപ്പം, സുരക്ഷിതവും തുല്യവും സുതാര്യവും ഫലപ്രദവുമായ ബഹുമുഖ ചട്ടക്കൂടിനെ പിന്തുണച്ചുകൊണ്ട് WHO പാൻഡെമിക് കരാറിന്റെ 'പാതോജൻ ആക്സസ് ആൻഡ് ബെനിഫിറ്റ് ഷെയറിംഗ്' (PABS) അനുബന്ധം സംബന്ധിച്ച ചർച്ചകളിൽ ക്രിയാത്മകമായ ഇടപെടൽ തുടരാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
51. ചണ്ഡീഗഡിൽ നടന്ന 16-ാമത് ബ്രിക്സ് ആരോഗ്യ മന്ത്രിമാരുടെ യോഗത്തിന്റെ തീരുമാനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ക്ഷയരോഗത്തെ സംയുക്ത നടപടിയും, ഗവേഷണയും ഞങ്ങൾ തിരിച്ചറിയുന്നു. ക്ഷയരോഗം നിർമാർജനം ചെയ്യാനുള്ള പാതയിൽ ഓരോ രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും പ്രധാന പങ്കുവഹിക്കാനുണ്ടെന്ന് ഞങ്ങൾ ആവർത്തിക്കുന്നു. പരസ്പര സഹകരണം, പങ്കിട്ട സാങ്കേതികവിദ്യ, TB ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏകീകൃത സമീപനം എന്നിവയിലൂടെ ഇത് സാധ്യമാണ്. പകർച്ചവ്യാധികൾ, ജന്തുജന്യ രോഗഭീഷണികൾ, ആന്റിമൈക്രോബയൽ പ്രതിരോധം, മറ്റ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവ അതിർത്തികൾക്കപ്പുറം വ്യാപിക്കുന്നവയാണെന്നും അതിന് ശക്തമായ അന്താരാഷ്ട്ര സഹകരണവും സമയബന്ധിതമായ വിവരങ്ങൾ പങ്കുവെക്കലും ഏകോപിത നടപടിയും ആവശ്യമാണെന്നും അംഗീകരിക്കുന്നു. പ്രതിരോധശേഷിയുള്ള നിരീക്ഷണ സംവിധാനങ്ങൾ, ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങൾ, മെച്ചപ്പെട്ട തയ്യാറെടുപ്പ്, പ്രതികരണ ശേഷികൾ എന്നിവയിലൂടെ ആഗോള ആരോഗ്യ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. ലോകാരോഗ്യ സംഘടനയുടെയും ഭേദഗതി വരുത്തിയ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളുടെയും (2005) സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, പ്രതിരോധശേഷിയുള്ള നിരീക്ഷണം, മുൻകൂട്ടിയുള്ള മുന്നറിയിപ്പ്, വേഗത്തിലുള്ള പ്രതികരണ സംവിധാനങ്ങൾ, ഏകോപനം എന്നിവയിലൂടെ ആഗോള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. ഇക്കാര്യത്തിൽ, പകർച്ചവ്യാധികൾ വ്യാപകമായി തടയുന്നതിനും അവയോട് പ്രതികരിക്കുന്നതിനുമുള്ള 'ബ്രിക്സ് സംയോജിത മുന്നറിയിപ്പ് സംവിധാനം' (BRICS Integrated Early Warning System)
മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു പ്രത്യേക ഉപ-പ്രവർത്തക സമിതി രൂപീകരിച്ചതിനെയും അതിന്റെ നിബന്ധനകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
52. മെഡിക്കൽ ഉൽപ്പന്ന നിയന്ത്രണ മേഖലയിലെ സഹകരണത്തിനായുള്ള നിലവിലെ ധാരണാപത്രത്തിന്റെ വ്യാപ്തി എല്ലാ ബ്രിക്സ് അംഗരാജ്യങ്ങളുടെയും നിയന്ത്രണ അതോറിറ്റികളിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ബ്രിക്സ് മെഡിക്കൽ ഉത്പന്ന നിയന്ത്രണ അതോറിറ്റികൾക്കിടയിൽ ശക്തമായ സഹകരണം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഗുണനിലവാരമുള്ളതും സുരക്ഷിതവും ഫലപ്രദവുമായ മെഡിക്കൽ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ലഭ്യതയും പ്രാപ്യതയും ഉറപ്പാക്കുന്നതിന് സഹകരണാത്മക റെഗുലേറ്ററി സമീപനങ്ങൾ ശക്തമാക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ ആവർത്തിക്കുന്നു. ഈ വിഷയത്തിൽ, റെഗുലേറ്ററി അനുഭവങ്ങളുടെയും സാങ്കേതിക സമീപനങ്ങളുടെയും മികച്ച മാതൃകകൾ ഏകീകരിച്ചുകൊണ്ട് 'BRICS GxP വൈറ്റ് പേപ്പർ' വികസിപ്പിക്കുന്നതിൽ ബ്രിക്സ് നിയന്ത്രണ അതോറിറ്റികളുടെ കൂട്ടായ ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
53. ജനകേന്ദ്രീകൃത ഡിജിറ്റൽ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു. കൂടാതെ വിദൂര പ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ ലഭ്യത ഉൾപ്പെടെ തുടർച്ചയായ പരിചരണത്തിനായുള്ള ഡിജിറ്റൽ ആരോഗ്യ ഘടനയെക്കുറിച്ചുള്ള ബ്രിക്സ് സംഗ്രഹം' (BRICS Compendium on Digital Health Architecture) ഒരു വിലപ്പെട്ട വിജ്ഞാന സ്രോതസ്സായി ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
54. അമിതവണ്ണവും പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളും (NCDs) പ്രധാന ആഗോള പൊതുജനാരോഗ്യ വെല്ലുവിളികളായി ഉയർന്നുവന്നിട്ടുണ്ടെന്ന് ഞങ്ങൾ തിരിച്ചറിയുകയും, സമഗ്രമായ ഗവൺമെന്റ്-സാമൂഹ്യ സമീപനങ്ങളിലൂടെ പ്രതിരോധപരവും പ്രോത്സാഹജനകവുമായ ആരോഗ്യ സംരക്ഷണം ശക്തമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത അവർത്തിച്ചുറപ്പിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ, 'ആരോഗ്യകരമായ ജീവിതശൈലിക്കായുള്ള ബ്രിക്സ് മിഷൻ' ആരംഭിക്കുന്നതിനെയും, 'ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹനത്തിനായുള്ള സംയുക്ത സംരംഭത്തിനായുള്ള ബ്രിക്സ് രൂപരേഖ (2026–2029)' തയ്യാറാക്കലിനെയും ഞങ്ങൾ അംഗീകരിക്കുന്നു. 'ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അനുകരണീയമായ മികച്ച മാതൃകകളുടെ സമാഹാരത്തെയും' ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നത് ആരോഗ്യത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഒരു സുപ്രധാന സ്തംഭമായി ഞങ്ങൾ അംഗീകരിക്കുന്നു. കൂടാതെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (NIMHANS) ഏകോപന കേന്ദ്രമായി (CoE) ഒരു 'ബ്രിക്സ് ട്രെയിനിംഗ് ഹബ് നെറ്റ്‌വർക്ക്', 'ബ്രിക്സ് നെറ്റ്‌വർക്ക് ഓഫ് സെന്റേഴ്സ് ഓഫ് എക്സലൻസ്' (CoE) എന്നിവ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഈ കോ എക്സലൻസ് ശൃംഖല, ബ്രിക്സ് രാജ്യങ്ങളിലുടനീളം സഹകരിച്ചുള്ള ഗവേഷണം, നയപരമായ സംഭാഷണങ്ങൾ, മികച്ച മാതൃകകളുടെ വിനിമയം, തെളിവ് അധിഷ്ഠിത മാനസിക ആരോഗ്യ പ്രോത്സാഹന തന്ത്രങ്ങളുടെ സംയുക്ത വികസനം എന്നിവ സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കും. ഓരോ ബ്രിക്സ് അംഗരാജ്യത്തിൽ നിന്നുമുള്ള പ്രതിനിധികളുടെ നിയുക്ത സംഘം സെന്റർ ഓഫ് എക്സലൻസ്/ശൃംഖലയുടെ ഏകോപനം സംയുക്തമായി നിർവഹിക്കും. ഇത് ആഴത്തിലുള്ള ശാസ്ത്രീയ സാങ്കേതിക സഹകരണം കൈവരിക്കുന്നതിനും പ്രാഥമിക ആരോഗ്യ സംരക്ഷണത്തിലേക്ക് മാനസിക ക്ഷേമത്തെ സുസ്ഥിരമായി ഉൾപ്പെടുത്തുന്നതിനും തുല്യമായ തീരുമാനമെടുക്കലും പങ്കിട്ട ഉത്തരവാദിത്തവും ഉറപ്പാക്കും. 'മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാതൃകകളുടെ സമാഹാരത്തെയും' ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
55. പ്രതിസന്ധികൾ മൂലമുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. കൂടാതെ കുട്ടികളും കൗമാരക്കാരും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്ക് സമയബന്ധിതവും പ്രാപ്യവും സുസ്ഥിരവുമായ മാനസികാരോഗ്യ, സൈക്കോ-സോഷ്യൽ (MHPSS) ഇടപെടലുകൾ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
56. ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സാർവത്രിക ആരോഗ്യ പരിരക്ഷ (UHC) കൈവരിക്കുന്നതിനും പാരമ്പര്യ, അനുബന്ധ, സംയോജിത വൈദ്യശാസ്ത്രത്തിന്റെ (TCIM) വർദ്ധിച്ചുവരുന്ന പ്രസക്തി ഞങ്ങൾ അംഗീകരിക്കുന്നു. അംഗരാജ്യങ്ങൾക്കിടയിൽ സംഭാഷണത്തിനും സഹകരണത്തിനും വിനിമയത്തിനുമുള്ള വേദിയായി ബ്രിക്സ് ഹെൽത്ത് ട്രാക്കിന് കീഴിൽ 'TCIM-നായുള്ള ബ്രിക്സ് എക്സ്പെർട്ട് വർക്കിംഗ് ഗ്രൂപ്പ്' സ്ഥാപിക്കാനുള്ള നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ചികിത്സാപരവും പ്രതിരോധപരവുമായ ഉപയോഗത്തിനുള്ള ഔഷധ സസ്യങ്ങളിലും സസ്യ ഔഷധ നിർമ്മാണങ്ങളിലും ഏകീകൃത ഗവേഷണത്തിന്റെ മൂല്യം ഞങ്ങൾ അടിവരയിടുന്നു, അംഗരാജ്യങ്ങളുടെ പങ്കിട്ട പാരമ്പര്യ ഔഷധസഞ്ചയം സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ചികിത്സാ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിനുള്ള അടിത്തറയായി മാറും. ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി തെളിവ് അധിഷ്ഠിത സമീപനങ്ങളിലൂടെയും ഉചിതമായ നിയന്ത്രണ ചട്ടക്കൂടുകളിലൂടെയും TCIM രീതികളുടെയും ഉൽപ്പന്നങ്ങളുടെയും ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ ആവർത്തിച്ചുറപ്പിക്കുന്നു
57. വികസ്വര രാജ്യങ്ങളിലും വികസനം തീരെ കുറഞ്ഞ രാജ്യങ്ങളിലും (LDCs) പ്രതിരോധശേഷിയുള്ളതും വികസിതവുമായ ആരോഗ്യ സംവിധാനം ഉറപ്പാക്കുന്നതിന് മേഖലയിലെ തൊഴിൽ സേനയെ ശക്തമാക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. ഇക്കാര്യത്തിൽ, ശേഷി വികസനം , പരിശീലനം, ഗവേഷണം എന്നിവയിൽ ബ്രിക്സ് സഹകരണം വിപുലീകരിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
58. നയപരമായ മാർഗ്ഗനിർദ്ദേശം, തൊഴിൽ ശക്തി വികസനം, രോഗ നിരീക്ഷണം, തയ്യാറെടുപ്പും പ്രതികരണവും, പൊതുജനാരോഗ്യ ലബോറട്ടറി സംവിധാനങ്ങൾ, പ്രായോഗിക ഗവേഷണം എന്നിവയിലൂടെ പൊതുജന ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നാഷണൽ പബ്ലിക് ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾ (NPHIs) വഹിക്കുന്ന സുപ്രധാന പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ബഹുമേഖലാ സഹകരണം, മികച്ച മാതൃകകളുടെ വിനിമയം, ഡിജിറ്റൽ ആരോഗ്യം ഉൾപ്പെടെയുള്ള നൂതന ആരോഗ്യ സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ആരോഗ്യത്തിന്റെ സാമൂഹിക നിർണ്ണായക ഘടകങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളെ (DD-SDH) അഭിസംബോധന ചെയ്യേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. ഇത് കൂട്ടായ ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളിലെ അസമത്വങ്ങൾ കുറയ്ക്കുന്നതിനുള്ള പുരോഗതി വേഗത്തിലാക്കുന്നതിനും സഹായിക്കും. അതിനാൽ, ബ്രിക്സ് അംഗരാജ്യങ്ങളുടെ കൂട്ടായ നടപടികൾ ശക്തമാക്കുന്നതിന് ദേശീയ സാഹചര്യങ്ങൾക്ക് അനുസൃതമായി സഹകരണ പ്ലാറ്റ്‌ഫോമുകളായി NPHIs & DD-SDH എന്നിവയെക്കുറിച്ചുള്ള "ഓപ്പറേഷണൽ ഫ്രെയിംവർക്കുകൾ" ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്സ് വാക്സിൻ ഗവേഷണ-വികസന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുകയും ന്യൂക്ലിയർ മെഡിസിനിലെ സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിക്കുകയും ചെയ്യുന്നു. ബ്രിക്സ് അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ഈ മേഖലയിലെ തുടർച്ചയായ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി 'ബ്രിക്സ് ന്യൂക്ലിയർ മെഡിസിൻ വർക്കിംഗ് ഗ്രൂപ്പിന്റെ' പ്രവർത്തനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഗവേഷണ കണ്ടെത്തലുകൾ പ്രചരിപ്പിക്കുന്നതിനും ബ്രിക്സ് ചട്ടക്കൂടിനുള്ളിൽ ശാസ്ത്രീയ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും 'ബ്രിക്സ് ഹെൽത്ത് ജേണലിന്റെ' പ്രാധാന്യം ഞങ്ങൾ കണക്കിലെടുക്കുകയും അതിന്റെ വികസനത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളുടെ തുടർ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
59. പ്രതിരോധസംവിധാനങ്ങൾ ശക്തമാക്കൽ, ലബോറട്ടറി നെറ്റ്‌വർക്കുകൾ, ഡിജിറ്റൽ ആരോഗ്യ സാങ്കേതികവിദ്യയും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തൽ, ആരോഗ്യസംവിധാനങ്ങളിൽ പരമ്പരാഗത വൈദ്യശാസ്ത്രം സംയോജിപ്പിക്കൽ, പൊതുജനാരോഗ്യ സ്ഥാപനങ്ങൾ തമ്മിലുള്ള സാങ്കേതിക സഹകരണം, ശക്തമായ നിയന്ത്രണ ചട്ടക്കൂടുകൾ വികസിപ്പിക്കൽ, നൈപുണ്യമുള്ള ആരോഗ്യപ്രവർത്തകർ, കൂട്ടായ ഗവേഷണവും വികസനവും, ശേഷിവർധന, പരിശീലനം എന്നിവയിലൂടെ ഭാവിയിലെ ആരോഗ്യ അടിയന്തിര സാഹചര്യങ്ങൾക്കുള്ള സജ്ജത വർധിപ്പിക്കുന്നതിനും, ആരോഗ്യ സംരക്ഷണ സേവനങ്ങൾ, വാക്സിനുകൾ, ചികിത്സകൾ, രോഗനിർണയോപാധികൾ എന്നിവ സമയബന്ധിതവും താങ്ങാനാവുന്നതും സമത്വപൂർണവുമായ രീതിയിൽ ലഭ്യമാക്കുന്നതിനും ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉൽപ്പാദനവും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു.
60. ലോക ഭക്ഷ്യ ഉൽപ്പാദനത്തിൽ ബ്രിക്സ് രാജ്യങ്ങൾ പ്രധാന പങ്കാളികളാണെന്നും തന്മൂലം കാർഷിക ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും വർധിപ്പിക്കുന്നതിലും ആഗോള ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കുന്നതിലും അവർക്ക് നിർണായക പങ്കുണ്ടെന്നും ഞങ്ങൾ അംഗീകരിക്കുന്നു. തീവ്രമായ ഭക്ഷ്യവിലക്കയറ്റം, വളത്തിന്റെ ദൗർലഭ്യം ഉൾപ്പെടെയുള്ള പെട്ടെന്നുള്ള വിതരണ പ്രതിസന്ധികൾ എന്നിവയുടെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷയും പോഷകാഹാരവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ എടുത്തുപറയുന്നു. ഇതിനായി, ബ്രിക്സിനുള്ളിൽ ഒരു ധാന്യ വ്യാപാര പ്ലാറ്റ്ഫോം (ബ്രിക്സ് ഗ്രെയ്ൻ എക്സ്ചേഞ്ച്) സ്ഥാപിക്കുന്നതിനുള്ള മുൻകൈ തുടരുന്നതിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുകയും, ഇതിന്റെ പ്രവർത്തനരീതികളെക്കുറിച്ചും തുടർന്നുള്ള വികസനത്തെക്കുറിച്ചും മറ്റ് കാർഷിക ഉൽപ്പന്നങ്ങളിലേക്കും ചരക്കുകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചുമുള്ള കൂടുതൽ ചർച്ചകളെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ദേശീയ ഭക്ഷ്യശേഖരണ സംവിധാനങ്ങൾ, വരൾച്ചയെ ചെറുക്കുന്നതും കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്നതുമായ വിത്തുസംവിധാനങ്ങൾ എന്നിവ പോലെ വിതരണ തടസ്സങ്ങളോട് പ്രതികരിക്കുന്നതിനുള്ള ദേശീയ ശേഷി ശക്തിപ്പെടുത്തുന്നവ ഉൾപ്പെടെ—ബ്രിക്സിലും മറ്റ് വികസ്വര രാജ്യങ്ങളിലും ഭക്ഷ്യ ലഭ്യത, പ്രാപ്യത, ഉപയോഗം, സ്ഥിരത, താങ്ങാനാവുന്ന വില എന്നിവയും അനുബന്ധ കാർഷിക-ഭക്ഷ്യ ഉൽപ്പാദന ഉപാധികളും വർധിപ്പിക്കുന്ന ദേശീയ നയങ്ങളെക്കുറിച്ചും അന്താരാഷ്ട്ര ഏകോപനത്തെക്കുറിച്ചുമുള്ള തുടർന്നുള്ള ചർച്ചകളെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാൻ ഉന്നതതല തത്ത്വങ്ങൾ മുൻനിർത്തി, അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാന മുൻകൈയായി വിശപ്പിനും ദാരിദ്ര്യത്തിനുമെതിരായ ആഗോള സഖ്യത്തെയും ഞങ്ങൾ അംഗീകരിക്കുന്നു. പ്രതിരോധശേഷിയുള്ളതും വിവേചനരഹിതവുമായ വിതരണ ശൃംഖലകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മൂല്യശൃംഖലകളും സുസ്ഥിര കാർഷിക രീതികളും മെച്ചപ്പെടുത്തുന്നതിലൂടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും കാർഷിക-ഭക്ഷ്യ ഉൽപ്പാദന ഉപാധികളുടെയും ബ്രിക്സ് അംഗങ്ങൾക്കിടയിലെ വ്യാപാരം സുഗമമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ ഞങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുന്നു. ചെറുകിട കർഷകർ, ആടുമാടുകളെ വളർത്തുന്നവർ, പരമ്പരാഗത-ചെറുകിട മത്സ്യത്തൊഴിലാളികൾ, അക്വാകൾച്ചർ ഉൽപ്പാദകർ, ഗോത്രവർഗക്കാർ, പ്രാദേശിക സമൂഹങ്ങൾ, ദേശീയ നിയമനിർമാണത്തിന് അനുസൃതമായി സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ള കുടുംബ കർഷകർ കാർഷിക, ഭക്ഷ്യസംവിധാനങ്ങളിലെ അത്യന്താപേക്ഷിത പങ്കാളികളാണെന്നും ഞങ്ങൾ അംഗീകരിക്കുന്നു.
61. ഇന്ദോറിൽ നടന്ന 16-ാമത് ബ്രിക്സ് കൃഷിമന്ത്രിമാരുടെ യോഗത്തിന്റെ തീരുമാനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അനുയോജ്യമായ ദേശീയ, പ്രാദേശിക, അന്താരാഷ്ട്ര മാതൃകകളെ ആസ്പദമാക്കി, പരസ്പര സഹകരണത്തോടെയുള്ളതും, നിർബന്ധിതമല്ലാത്തതും, കർഷകകേന്ദ്രീകൃതവുമായ ബ്രിക്സ് അഗ്രിൻ (ബ്രിക്സ് അഗ്രോ-ഇൻപുട്സ്, ജനറ്റിക് റിസോഴ്സസ്, ആൻഡ് ഇൻഫർമേഷൻ നെറ്റ്‌വർക്ക് - BRICS AGRIN) രൂപീകരണത്തിന് ഞങ്ങൾ അംഗീകാരം നൽകുന്നു. പൊതുവായ വെല്ലുവിളികൾ പരിഹരിക്കുന്നതിനും, ഫലപ്രദമായ നയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, കാർഷിക-വിത്തുസംവിധാനങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗത അറിവുകൾ രേഖപ്പെടുത്തുന്നതും കൈമാറുന്നതും പ്രോത്സാഹിപ്പിക്കുന്നതിനുമായി, 'വിത്തുസംവിധാനങ്ങളിലെ കർഷകാവകാശങ്ങൾ സംബന്ധിച്ച ആഗോള ഫോറത്തിന്' തുടക്കം കുറിച്ചതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
62. കാലാവസ്ഥാ പ്രതിരോധശേഷിക്കും ഉൽപ്പാദനക്ഷമതയ്ക്കുമായി അഗ്രോഇക്കോളജിയിലും റിജനറേറ്റീവ് അഗ്രികൾച്ചറിലും ബ്രിക്സ് സെന്റർ ഓഫ് എക്സലൻസ് നെറ്റ്‌വർക്കും, അഗ്രോഫോറസ്ട്രി, മത്സ്യബന്ധനം, അക്വാകൾച്ചർ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ അഗ്രികൾച്ചറിനായുള്ള ബ്രിക്സ് നെറ്റ്‌വർക്കും സ്ഥാപിച്ചതിലൂടെ കാർഷിക മേഖലയിലെ സഹകരണം ശക്തമാക്കിയതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. മത്സ്യബന്ധനത്തിന്റെയും അക്വാകൾച്ചറിന്റെയും വികസനം സംബന്ധിച്ച ബ്രിക്സ് സംവാദത്തിന്റെ കീഴിൽ തുടർന്നുള്ള സഹകരണം ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
63. നിലവിലുള്ള മന്ത്രിതല നിർദേശങ്ങൾക്കും കൃഷി സംബന്ധിച്ച ലോക വ്യാപാര സംഘടന കരാറിനും (AoA) അനുസൃതമായി, ഡബ്ല്യുടിഒയിലെ കാർഷിക ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന നയങ്ങളും നിയന്ത്രണ വികസനങ്ങളും കാർഷിക ഉൽപ്പാദനത്തെയും വ്യാപാരത്തെയും ഭക്ഷ്യസുരക്ഷയെയും ചെറുകിട കർഷകരുടെയും കുടുംബ കർഷകരുടെയും ഉപജീവനത്തെയും വർധിച്ച തോതിൽ സ്വാധീനിക്കുന്നുണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ, കാലങ്ങളായുള്ള വിഷയങ്ങളിൽ പുരോഗതി കൈവരിക്കുന്നതിനും നീതിയുക്തവും സന്തുലിതവും വികസനത്തിലധിഷ്ഠിതവുമായ കാർഷിക വ്യാപാര സംവിധാനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നത്. ആഗോള സുസ്ഥിര സസ്യ എണ്ണ മേഖലയിൽ സുസ്ഥിരത, പങ്കാളിത്തം, തുല്യമായ വിപണി പ്രവേശനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിലവിലെ ശ്രമങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
64. ഊർജസുരക്ഷ എന്നത് സാമ്പത്തിക-സാമൂഹ്യ വികസനത്തിനും ദേശീയ സുരക്ഷയ്ക്കും എല്ലാ രാജ്യങ്ങളുടെയും ക്ഷേമത്തിനും നിർണായക അടിത്തറയാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഊർജവിപണിയുടെ സ്ഥിരത ഉറപ്പാക്കൽ, വിവിധ സ്രോതസ്സുകളിൽ നിന്നുള്ള തടസ്സമില്ലാത്ത ഊർജപ്രവാഹം നിലനിർത്തൽ, മൂല്യശൃംഖലകൾ ശക്തമാക്കൽ, അതിർത്തികടന്നുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉൾപ്പെടെയുള്ള നിർണായക ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ സംരക്ഷണവും പ്രതിരോധശേഷിയും ഉറപ്പാക്കൽ എന്നിവയിലൂടെ ഊർജസുരക്ഷ വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വളർന്നുവരുന്ന വിപണികൾക്കും വികസ്വര സമ്പദ്‌വ്യവസ്ഥകൾക്കും പ്രത്യേകിച്ച്, ലോകത്തിലെ ഊർജ മിശ്രിതത്തിൽ ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും പ്രധാന പങ്ക് വഹിക്കുമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. കൂടാതെ, ദേശീയ സാഹചര്യങ്ങളും ആവശ്യങ്ങളും മുൻഗണനകളും കണക്കിലെടുത്ത്, സാങ്കേതിക നിഷ്പക്ഷത, പൊതുവായതും എന്നാൽ വ്യത്യാസമുള്ളതുമായ ഉത്തരവാദിത്വങ്ങളും അതത് ശേഷികളും എന്നീ തത്ത്വങ്ങളും സുസ്ഥിര വികസന ലക്ഷ്യം 7-ഉം പാലിച്ച്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഹരിതഗൃഹ വാതക ഉദ്‌മനം കുറയ്ക്കുന്നതിനും നീതിയുക്തവും ക്രമബന്ധിതവും തുല്യവും ഉൾക്കൊള്ളുന്നതുമായ ഊർജ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആവശ്യകതയും ഞങ്ങൾ തിരിച്ചറിയുന്നു. ബ്രിക്സ് ഊർജ ചർച്ചകളിൽ സ്ത്രീകളുടെയും യുവാക്കളുടെയും കൂടുതൽ പങ്കാളിത്തം സുഗമമാക്കുന്നതിന് ബ്രിക്സ് എനർജി റിസർച്ച് കോഓപ്പറേഷൻ പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനങ്ങളെയും ബ്രിക്സ് യൂത്ത് എനർജി ഉച്ചകോടി സംഘടിപ്പിച്ചതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
65. സിസ്റ്റം പ്ലാനിങ്, ഗ്രിഡ് മാനേജ്‌മെന്റ്, പുനരുൽപ്പാദക ഊർജ സംയോജനം, പ്രവർത്തനക്ഷമത, കൂടുതൽ കരുത്തുറ്റ കമ്പ്യൂട്ടർ അധിഷ്ഠിത സുരക്ഷിത ഊർജ അടിസ്ഥാനസൗകര്യം എന്നിവ മെച്ചപ്പെടുത്തുന്നതിന് മികച്ച സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന നിർമിതബുദ്ധി, അത്യാധുനിക ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള ഊർജ സംവിധാനങ്ങളിൽ ഡിജിറ്റൽവൽക്കരണത്തിന്റെ വർധിച്ചുവരുന്ന പങ്കിനെ ഞങ്ങൾ എടുത്തുകാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, സ്മാർട്ട് ഗ്രിഡുകൾ, എനർജി സ്റ്റോറേജ് എന്നിവ സംബന്ധിച്ച ബ്രിക്സ് മാർഗനിർദേശ തത്ത്വങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള സന്നദ്ധ സംവാദ സംവിധാനമെന്ന നിലയിൽ, ബ്രിക്സ് ഇആർസിപി സ്മാർട്ട് ഗ്രിഡ്സ് വർക്ക് സ്ട്രീമിന് കീഴിൽ സ്മാർട്ട് ഗ്രിഡുകൾക്കും എനർജി സ്റ്റോറേജിനുമായുള്ള ബ്രിക്സ് ഡിജിറ്റൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള അധ്യക്ഷ രാജ്യത്തിന്റെ മുൻകൈയെ ഞങ്ങൾ രേഖപ്പെടുത്തുന്നു.
66. ദേശീയ സാഹചര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന സന്തുലിതവും വൈവിധ്യപൂർണവുമായ ഊർജ മിശ്രിതങ്ങളുടെ പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഊർജസുരക്ഷ ഉറപ്പാക്കുന്നതിലും പുനരുൽപ്പാദക ഊർജം, ബയോ എനർജി, ഫോസിൽ ഇന്ധനങ്ങൾ, ആണവോർജം, ജലവൈദ്യുതി, ഹൈഡ്രജൻ, കുറഞ്ഞ കാർബൺ സാങ്കേതികവിദ്യകൾ, എനർജി സ്റ്റോറേജ് സാങ്കേതികവിദ്യകൾ എന്നിവയിൽ മാത്രമായി പരിമിതപ്പെടുത്താതെ, വിവിധതരം ഊർജ സ്രോതസ്സുകളും സാങ്കേതികവിദ്യകളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ലഭ്യമായ എല്ലാ ഊർജ സ്രോതസ്സുകളുടെയും പങ്കിനെയും പ്രതിരോധശേഷിയുള്ള ഊർജ വിതരണ ശൃംഖലകളെയും ഊർജ മേഖലയിലെ ചർച്ചകളിലൂടെ ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ മെച്ചപ്പെട്ട സഹകരണത്തെയും ഞങ്ങൾ അടിവരയിടുന്നു. ഇതുമായി ബന്ധപ്പെട്ട്, പൂജ്യം/കുറഞ്ഞ ഉദ്‌മന ഹൈഡ്രജനായുള്ള പരസ്പര പ്രവർത്തനക്ഷമമായ മാനദണ്ഡങ്ങളിലും സാക്ഷ്യപത്ര ചട്ടക്കൂടുകളിലുമുള്ള ബ്രിക്സ് സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുകയും, ഹൈഡ്രജൻ മൂല്യശൃംഖലകളെക്കുറിച്ചുള്ള ബ്രിക്സ് സംയുക്ത റിപ്പോർട്ടിന്റെ നിലവിലെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്യുന്നു.
67. വിഭവസമൃദ്ധമായ രാജ്യങ്ങൾക്ക് അവയുടെ ധാതു വിഭവങ്ങളിന്മേലുള്ള പരമാധികാര അവകാശങ്ങളും നിയമപരമായ പൊതുനയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിലനിർത്താനും നടപ്പാക്കാനുമുള്ള അവകാശങ്ങളും പൂർണമായും സംരക്ഷിച്ചുകൊണ്ട്, അവിടെ ആനുകൂല്യങ്ങൾ പങ്കിടുന്നതും മൂല്യവർധനവും സാമ്പത്തിക വൈവിധ്യവൽക്കരണവും ഉറപ്പാക്കുന്നതിന് നിർണായക ധാതു വിഭവങ്ങളുടെ വിശ്വസനീയവും ഉത്തരവാദിത്വമുള്ളതും വൈവിധ്യപൂർണവും പ്രതിരോധശേഷിയുള്ളതും നീതിയുക്തവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ സ്ഥിരീകരിക്കുന്നു. പൂജ്യം/കുറഞ്ഞ പുറന്തള്ളൽ ഊർജ സാങ്കേതികവിദ്യകളുടെ വികസനം, ഊർജസുരക്ഷ, ഊർജ വിതരണ ശൃംഖലകളുടെ പ്രതിരോധശേഷി എന്നിവയ്ക്ക് ക്രിട്ടിക്കൽ മിനറലുകളുടെ നിർണായക പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു.
68. വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന വ്യാവസായിക മേഖലയിലെ താല്പര്യങ്ങളും വെല്ലുവിളികളും അവസരങ്ങളും തിരിച്ചറിയുന്നതിനുള്ള മാർഗനിർദേശ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന പാർട്‌ണർഷിപ് ഓൺ ദ ന്യൂ ഇൻഡസ്ട്രിയൽ റെവല്യൂഷന്റെ (PartNIR) കീഴിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. നവീകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഇൻഡസ്ട്രി 4.0 മായി ബന്ധപ്പെട്ട മേഖലകൾ ഉൾപ്പെടെയുള്ള സാങ്കേതിക സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിലും, ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ സംരംഭങ്ങളും കൈമാറ്റങ്ങളും വഴി സ്റ്റാർട്ടപ്പുകളുടെയും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെയും കൂടുതൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും ബ്രിക്സ് സമ്പദ്‌വ്യവസ്ഥകൾക്കുള്ള പ്രധാന പങ്ക് ഞങ്ങൾ അടിവരയിടുന്നു. PartNIR ചട്ടക്കൂടിന് കീഴിലുള്ള മേഖലാതല വർക്കിങ് ഗ്രൂപ്പുകളുടെ നിലവിലെ ശ്രമങ്ങൾക്കുള്ള പിന്തുണ ഞങ്ങൾ ആവർത്തിക്കുന്നു. പരസ്പര താല്പര്യമുള്ള മേഖലകളിൽ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ബ്രിക്സ് അംഗങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. PartNIR സംബന്ധിച്ച ബ്രിക്സ് ഫോറം ഉൾപ്പെടെ 2026-ൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ ബ്രിക്സ് PartNIR ഇന്നൊവേഷൻ സെന്റർ (BPIC) നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. നവീകരണത്തിലധിഷ്ഠിതമായ വളർച്ചയ്ക്കായി സ്റ്റാർട്ടപ്പുകളെ ഉത്തേജിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള സംവിധാനമായി ബ്രിക്സ് ഇങ്ക്യുബേറ്റർ നെറ്റ്‌വർക്ക് സ്ഥാപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ബ്രിക്സ് സ്റ്റാർട്ടപ്പ് ഇന്നൊവേഷൻ ഫണ്ട് രൂപീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ പരിഗണന നൽകുകയും ചെയ്യുന്നു. കൂടാതെ ബ്രിക്സ് സ്റ്റാർട്ടപ്പ് നോളജ് ഹബ്ബ്, ബ്രിക്സ് സ്റ്റാർട്ടപ്പ് ഫോറം എന്നിവ ശക്തമാക്കിയതിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു.
69. സാമ്പത്തിക വളർച്ചയും ഘടനാപരമായ പരിവർത്തനവും കൈവരിക്കുന്നതിന് വ്യാവസായിക മേഖലയ്ക്കുള്ള നിർണായക പങ്ക് അംഗീകരിക്കുമ്പോൾ തന്നെ, അസംസ്‌കൃത വസ്തുക്കളുടെ സംയോജനം സുഗമമാക്കുന്നതിനും, നിർമാണ വ്യവസായ കയറ്റുമതി വർധിപ്പിക്കുന്നതിനും, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വിപണി പ്രാപ്യത, സാങ്കേതികവിദ്യ കൈമാറ്റവും സഹകരണവും, ഉൽപ്പാദനക്ഷമത എന്നിവ കൂട്ടുന്നതിനും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്നതിനുമായി ഇൻഡസ്ട്രിയൽ പാർക്ക് വികസനങ്ങളിലൂടെയും വ്യവസായവൽക്കരണത്തിനായുള്ള മറ്റ് ദേശീയ പദ്ധതികളിലൂടെയും സംരംഭകത്വവും സ്റ്റാർട്ടപ്പ് അധിഷ്ഠിത നവീകരണവും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ സമ്മതിക്കുന്നു.
70. ബ്രിക്സ് വ്യാവസായിക സഹകരണത്തിനായുള്ള ഏഴ് പ്രത്യേക വർക്കിങ് ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളെ ഞങ്ങൾ അംഗീകരിക്കുകയും അവയുടെ നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നു. ഫോട്ടോവോൾട്ടായിക് ഇൻഡസ്ട്രി വർക്കിങ് ഗ്രൂപ്പിന്റെ ലക്ഷ്യരേഖയും (ടേംസ് ഓഫ് റെഫറൻസ്) കർമപദ്ധതിയും അംഗീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും നയപരമായ വിവരങ്ങളും മികച്ച മാതൃകകളും പങ്കിടുന്നതിനായി വിജ്ഞാന പോർട്ടൽ വികസിപ്പിക്കാൻ ഓരോ ബ്രിക്സ് അംഗത്തെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ സാങ്കേതിക സഹകരണം, ധനസഹായം, ശേഷിവർധന എന്നിവയ്ക്കുള്ള മുൻഗണനാ മേഖലകൾ തിരിച്ചറിയുന്നതിനായി ബ്രിക്സ് സോളാർ ഫോട്ടോവോൾട്ടായിക് സഹകരണ റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സ്മാർട്ട് ഫാക്ടറി വികസനം, പരിഹാരങ്ങൾ പങ്കിടൽ, മാനദണ്ഡ സഹകരണം, പ്രതിഭകളെ വാർത്തെടുക്കൽ എന്നിവ സംബന്ധിച്ച മുൻകൈകൾ തിരിച്ചറിയുന്നതിനായി കർമപദ്ധതി തയ്യാറാക്കാൻ ഇന്റലിജന്റ് മാനുഫാക്ചറിങ് ആൻഡ് റോബോട്ടിക്സ് വർക്കിങ് ഗ്രൂപ്പ് നടത്തിയ ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്സ് രാജ്യങ്ങളുടെ പ്രയോജനത്തിനായി കെമിക്കൽ ഇൻഡസ്ട്രി വർക്കിങ് ഗ്രൂപ്പിനുള്ളിൽ രാസ ഉൽപ്പാദന മേഖലയിൽ ഡിജിറ്റൽവൽക്കരണം, സുസ്ഥിരത, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾ തിരിച്ചറിയുന്നു.
71. എസ്‌എംഇ വർക്കിങ് ഗ്രൂപ്പ് ഏറ്റെടുത്ത് നടത്തിയ മുൻകൈകളെ ഞങ്ങൾ അംഗീകരിക്കുകയും ആഗ്രയിൽ നടന്ന കന്നി ബ്രിക്സ് എസ്‌എംഇ ഫോറം സംഘടിപ്പിച്ചതിനും "ബ്രിക്സിൽ എംഎസ്എംഇ മത്സരശേഷി മുന്നോട്ടുകൊണ്ടുപോകൽ: സാമ്പത്തിക-സാങ്കേതിക ലഭ്യതയും സുസ്ഥിര വളർച്ചയും ശക്തമാക്കൽ" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിനും ഇന്ത്യൻ അധ്യക്ഷതയെ പ്രശംസിക്കുകയും ചെയ്യുന്നു. ബ്രിക്സ് രാജ്യങ്ങളിലുടനീളമുള്ള സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കിടയിൽ സഹകരണവും മികച്ച മാതൃകകളുടെ കൈമാറ്റവും ഉൾക്കൊള്ളുന്ന വളർച്ചയും വളർത്തുന്നതിലെ ഇതിന്റെ വ്യാപ്തി അംഗീകരിച്ചുകൊണ്ട്, രണ്ടാമത് എസ്‌എംഇ ഫോറം സംഘടിപ്പിക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, എസ്‌എംഇ വർക്കിങ് ഗ്രൂപ്പിലെ സഹകരണത്തിനായുള്ള ചട്ടക്കൂടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
72. യുഎൻഐഡിഒയുമായി സഹകരിച്ച് സ്ഥാപിച്ച ബ്രിക്സ് സെന്റർ ഫോർ ഇൻഡസ്ട്രിയൽ കോംപിറ്റൻസീസ് പ്രവർത്തനക്ഷമമാക്കിയതിനെയും, ഇൻഡസ്ട്രി 4.0, അത്യാധുനിക ഡിജിറ്റൽ ഉൽപ്പാദന സാങ്കേതികവിദ്യകൾ എന്നിവ സ്വീകരിക്കുന്നതിന് ബ്രിക്സ് രാജ്യങ്ങളിലെ എംഎസ്എംഇകൾ ഉൾപ്പെടെയുള്ള നിർമാണ കമ്പനികളെ പിന്തുണയ്ക്കുന്നതിനായി ഏറ്റെടുത്ത പ്രവർത്തനങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഓരോ അംഗരാജ്യത്തിന്റെയും ദേശീയ മുൻഗണനകൾക്ക് അനുസൃതമായി, നിർമിതബുദ്ധി ഉൾപ്പെടെയുള്ള പുതിയതും അത്യാധുനികവുമായ സാങ്കേതികവിദ്യകളിലൂടെ പുതിയ വ്യവസായവൽക്കരണത്തെക്കുറിച്ചുള്ള ലക്ഷ്യബോധമുള്ള കൈമാറ്റങ്ങൾ ഈ പ്ലാറ്റ്‌ഫോം സുഗമമാക്കുന്നുവെന്ന് ഞങ്ങൾ രേഖപ്പെടുത്തുന്നു. ബ്രിക്സ് വ്യാവസായിക സഹകരണത്തെക്കുറിച്ചുള്ള ഒരു സംഗ്രഹം പ്രസിദ്ധീകരിക്കുന്നതിനുള്ള ചൈന സെന്റർ ഫോർ ബ്രിക്സ് ഇൻഡസ്ട്രിയൽ കോംപിറ്റൻസീസിന്റെ (CCBIC) മുൻകൈയെ ഞങ്ങൾ രേഖപ്പെടുത്തുകയും, ഇന്ത്യ സെന്റർ ഫോർ ബ്രിക്സ് ഇൻഡസ്ട്രിയൽ കോംപിറ്റൻസീസ് (ICBIC) സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. എല്ലാ ബ്രിക്സ് രാജ്യങ്ങളുമായുമുള്ള പങ്കാളിത്തം ബിസിഐസി ശക്തമാക്കണമെന്ന് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
73. സുസ്ഥിരമായ സാമ്പത്തിക-സാമൂഹ്യ വികസനത്തിന്റെ പ്രധാന ചാലകശക്തി എന്ന നിലയിൽ ശാസ്ത്ര, സാങ്കേതിക, നവീകരണ മേഖലകളിലെ സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ അടിവരയിടുകയും, ഇതുമായി ബന്ധപ്പെട്ട് 14 വിഷയാധിഷ്ഠിത ബ്രിക്സ് എസ്ടിഐ വർക്കിങ് ഗ്രൂപ്പുകളുടെയും ബ്രിക്സ് എസ്ടിഐ സ്റ്റിയറിങ് കമ്മിറ്റിയുടെയും പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്യുന്നു. സുസ്ഥിര വികസനം, പുതിയ ഗുണനിലവാരമുള്ള ഉൽപ്പാദന ശക്തികൾ വികസിപ്പിക്കൽ, കൂടുതൽ പ്രതിരോധശേഷിയുള്ളതും ഉയർന്ന ഗുണനിലവാരമുള്ളതുമായ വളർച്ച വളർത്തൽ, സാമൂഹ്യ പങ്കാളിത്തം, ബ്രിക്സ് രാജ്യങ്ങളിലുടനീളമുള്ള വ്യക്തികളുടെ ക്ഷേമവും ജീവിതനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രേരകശക്തികളായി നവീകരണത്തെയും സാങ്കേതികവിദ്യയെയും പ്രോത്സാഹിപ്പിക്കൽ എന്നിവയോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. ഞങ്ങളുടെ എസ്ടിഐ മന്ത്രിമാരുടെ ചെന്നൈ സമവായ സംയുക്ത പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഡേറ്റ സുരക്ഷ, ബൗദ്ധിക സ്വത്തവകാശം, അനുയോജ്യമായ ദേശീയ നയങ്ങൾ എന്നിവ മാനിച്ച്, സന്നദ്ധാടിസ്ഥാനത്തിലും ദേശീയ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായും ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ വിവരങ്ങൾ സൂക്ഷിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഒരു ഘടനാപരമായ പ്ലാറ്റ്‌ഫോമായി വിഭാവനം ചെയ്തിട്ടുള്ള ബ്രിക്സ് സയൻസ് ആൻഡ് റിസർച്ച് റെപ്പോസിറ്ററിയെ ഞങ്ങൾ അംഗീകരിക്കുകയും ഇതിന്റെ കരട് ചട്ടക്കൂട് രേഖ രേഖപ്പെടുത്തുകയും ചെയ്യുന്നു. ക്വാണ്ടം സാങ്കേതികവിദ്യകൾ പോലുള്ള വളർന്നുവരുന്ന മേഖലകളിലെ സഹകരണത്തെയും ഞങ്ങൾ അഭിനന്ദിക്കുന്നു. റിസർച്ച് ഇൻഫ്രാസ്ട്രക്ചർ ആൻഡ് മെഗാസയൻസ് പ്രോജക്ട്സ് സംബന്ധിച്ച ബ്രിക്സ് വർക്കിങ് ഗ്രൂപ്പ് കർമപദ്ധതി അംഗീകരിച്ചതിനെയും, ബ്രിക്സ് ഗ്ലോബൽ റിസർച്ച് അഡ്വാൻസ്ഡ് ഇൻഫ്രാസ്ട്രക്ചർ നെറ്റ്‌വർക്ക് (GRAIN) സെന്ററുകളും ജോയിന്റ് കോഓർഡിനേഷൻ കമ്മിറ്റിയും രൂപീകരിക്കുന്നതിനുള്ള നിർദേശത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
74. ബ്രിക്സ് രാജ്യങ്ങൾക്കായുള്ള കടലിനടിയിലൂടെയുള്ള കേബിൾ അടിസ്ഥാനസൗകര്യം അന്താരാഷ്ട്ര ഡിജിറ്റൽ ബന്ധത്തിനും നെറ്റ്‌വർക്ക് പ്രതിരോധശേഷിക്കും പ്രധാനപ്പെട്ട ഒരു അടിത്തറയാണെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സബ്‌മറൈൻ കേബിളുകൾ വഴി അതിവേഗ വാർത്താവിനിമയ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനുള്ള 'സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനം' നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകളെ സ്വാഗതം ചെയ്ത 2025-ലെ റിയോ ഡി ജനീറോ പ്രഖ്യാപനത്തെ തുടർന്ന്, "ബ്രിക്സ് കേബിൾ ആവശ്യകതകൾ: നിർദേശരേഖ" എന്ന രേഖ പൂർത്തിയാക്കിയ പ്രത്യേക ടാസ്‌ക് ഫോഴ്സിന്റെ ഏകോപനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ദേശീയ സാഹചര്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായി, സന്നദ്ധാടിസ്ഥാനത്തിൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ തുടർച്ചയായ സംവാദത്തെയും സഹകരണത്തെയും ഞങ്ങൾ പിന്തുണയ്ക്കുന്നു. ദേശീയ മുൻഗണനകളെയും നിയമങ്ങളെയും മാനിച്ച്, ടാസ്‌ക് ഫോഴ്സിനുള്ളിൽ ഈ സംവാദം തുടരുന്നതിനും സാധ്യതാ പഠനത്തിനായുള്ള അടുത്ത ഘട്ടങ്ങൾ നിർദേശിക്കുന്നതിനും ബ്രിക്സ് എസ്ടിഐ സ്റ്റിയറിങ് കമ്മിറ്റിയെ ഞങ്ങൾ വീണ്ടും പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ പുരോഗതിക്കായി ബ്രിക്സ് ഐസിടി ട്രാക്കും എസ്ടിഐ ട്രാക്കും തമ്മിൽ മെച്ചപ്പെട്ട ഏകോപനം ഉണ്ടാവുകയും പ്രവർത്തനങ്ങളുടെ ഇരട്ടിപ്പ് ഒഴിവാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.
75. സംയുക്ത ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ധനസഹായം നൽകുന്ന പ്രധാന സംവിധാനമായി പ്രവർത്തിക്കുന്ന ബ്രിക്സ് എസ്ടിഐ ഫ്രെയിംവർക് പ്രോഗ്രാമിന്റെ പത്താം വാർഷിക നേട്ടത്തെ ഞങ്ങൾ ആഘോഷിക്കുന്നു. ഈ അവസരത്തിന്റെ ഓർമയ്ക്കായി 2026 ഒക്ടോബറിൽ റഷ്യയിൽ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയെ ഞങ്ങൾ രേഖപ്പെടുത്തുന്നു. കൂടാതെ ആദ്യത്തെ ഇന്നൊവേഷൻ കോൾ, പൈലറ്റ് ഫ്ലാഗ്ഷിപ്പ് കോൾ, ഗവേഷണ പദ്ധതികൾക്കായുള്ള 7-ാമത് റെഗുലർ കോൾ എന്നിവയുടെ തുടക്കത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും അവയുടെ ഫലങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
76. നവീകരണത്തിന് നേതൃത്വം നൽകുന്നതിനും നമ്മുടെ കൂട്ടായ സമൃദ്ധി, സാമ്പത്തിക വളർച്ച, ഭാവിയിലെ മത്സരശേഷി എന്നിവയ്ക്ക് സംഭാവന നൽകുന്നതിനും ചെറുപ്പക്കാർക്കുള്ള പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, യങ് സയന്റിസ്റ്റ്സ് ഫോറം, യങ് ഇന്നൊവേറ്റേഴ്സ് പ്രൈസ് എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള സംവിധാനങ്ങളിലൂടെ യുവ ഗവേഷകരുടെയും സ്റ്റാർട്ടപ്പുകളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ ബ്രിക്സ് അംഗങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രിക്സ് യങ് സയന്റിസ്റ്റ്സ്, യങ് ഇന്നൊവേറ്റേഴ്സ് മുൻ ജേതാക്കൾ എന്നിവർക്കിടയിൽ പങ്കാളിത്തവും നെറ്റ്‌വർക്കിങ്ങും സാധ്യമാക്കുന്നതിനും, അവർക്കിടയിലെ സംവാദം, നെറ്റ്‌വർക്കിങ്, സന്നദ്ധ കൈമാറ്റം എന്നിവ സുഗമമാക്കുന്നതിനുമായി നിർദേശിച്ചിട്ടുള്ള 'ബ്രിക്സ് യൂത്ത് സ്റ്റാർട്ടപ്പുകൾക്കായുള്ള വെർച്വൽ പ്ലാറ്റ്‌ഫോം' ഉൾപ്പെടെ, നവീകരണ ആവാസവ്യവസ്ഥയെ ശക്തമാക്കുന്നതിനും സുസ്ഥിരവും ഉൾക്കൊള്ളുന്നതുമായ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള മുൻകൈകളെയും ഞങ്ങൾ അംഗീകരിക്കുന്നു.
77. ഡിജിറ്റൽ, ഐസിടി ആവാസവ്യവസ്ഥകൾ സാമ്പത്തിക വികസനം, സാമൂഹ്യ പങ്കാളിത്തം, മെച്ചപ്പെട്ട സേവന വിതരണം, സുസ്ഥിര വളർച്ച, പ്രതിരോധശേഷി, നവീകരണം എന്നിവയ്ക്കുള്ള നിർണായക അടിത്തറയാണെന്ന് ഞങ്ങൾ അംഗീകരിക്കുകയും, പരമാധികാരവും സ്വയംപര്യാപ്തതയുമുള്ള ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്കായി ബ്രിക്സ് സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറയുകയും ചെയ്യുന്നു. ഡിജിറ്റൽ ആവാസവ്യവസ്ഥയെ ശക്തമാക്കുന്നതിനും വലിയ തോതിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും എല്ലാവർക്കുമായി സാമൂഹിക-സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കുന്നതിനുമായി, ദേശീയ മുൻഗണനകൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി പ്രതിരോധശേഷിയുള്ളതും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പരസ്പര പ്രവർത്തനക്ഷമവുമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളുടെയും ഡിജിറ്റൽ പൊതു ഉൽപ്പന്നങ്ങളുടെയും പരിവർത്തനാത്മക സാധ്യതകളെ ഞങ്ങൾ അടിവരയിടുന്നു. ബ്രിക്സ് രാജ്യങ്ങൾക്കായി ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ റെപ്പോസിറ്ററി ആരംഭിക്കുന്നതിനുള്ള നിർദേശവും ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ പരിഹാരങ്ങളുടെ പൈലറ്റ് പദ്ധതികളും ഞങ്ങൾ രേഖപ്പെടുത്തുന്നു.
78. ഭാവി നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള ഗവേഷണവും വികസനവും ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും ബ്രിക്സ് രാജ്യങ്ങൾക്കിടയിലുള്ള കണക്റ്റിവിറ്റിക്കും വളരെ പ്രധാനമാണെന്ന് ഞങ്ങൾ അംഗീകരിക്കുകയും ബിഐഎഫ്എന്നിനായി ഒരു ദേശീയ ശാഖയെ നാമനിർദേശം ചെയ്യാൻ എല്ലാ ബ്രിക്സ് അംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട്, അനുയോജ്യമായ വിവര പോർട്ടൽ സംബന്ധിച്ച നിർദേശം ഉൾപ്പെടെ ബ്രിക്സ് രാജ്യങ്ങൾക്കായി ഡിജിറ്റൽ ആവാസവ്യവസ്ഥ സഹകരണ ശൃംഖല സ്ഥാപിക്കുന്നതിനുള്ള നിർദേശവും ഞങ്ങൾ രേഖപ്പെടുത്തുന്നു.
79. വിപുലീകരിക്കാവുന്നതും സാഹചര്യങ്ങൾക്ക് അനുയോജ്യവും സഹകരിച്ചുള്ളതുമായ സമീപനങ്ങളിലൂടെ ഡിജിറ്റൽ നൈപുണ്യ വികസനം, ഗവേഷണ സഹകരണം, ശേഷിവർധന എന്നിവയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ഭാവി സജ്ജമായ ഒരു തൊഴിൽപ്പടയെ വാർത്തെടുക്കുന്നതിനുള്ള പ്രശംസനീയമായ ശ്രമമെന്ന നിലയിൽ ബ്രിക്സ് അംഗരാജ്യങ്ങൾക്കായുള്ള ശേഷിവർധന കേന്ദ്രങ്ങൾക്കായുള്ള നിർദേശത്തെ ഞങ്ങൾ രേഖപ്പെടുത്തുന്നു. കൂടാതെ ബ്രിക്സ് രാജ്യങ്ങളുമായി നയപരമായ അനുഭവങ്ങൾ പങ്കിടുന്നതിനായി സാർവത്രികവും പ്രതിരോധശേഷിയുള്ളതുമായ ഡിജിറ്റൽ കണക്റ്റിവിറ്റിയെക്കുറിച്ചുള്ള സംഗ്രഹം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. തുടർന്ന്, ഡിജിറ്റൽ ബ്രിക്സ് ഫോറം 2026 സംഘടിപ്പിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ചുള്ള ഫോക്കസ് ഗ്രൂപ്പിന്റെ യോഗം ചേർന്നതും ഞങ്ങൾ രേഖപ്പെടുത്തുന്നു.
80. കുട്ടികൾക്കായി സുരക്ഷിതമായ ഒരു ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. മുൻകരുതൽ നടപടികൾ, ബോധവൽക്കരണം, തടയൽ, മികച്ച മാതൃകകളുടെ കൈമാറ്റം, ശേഷിവർധന, ഉപയോക്തൃ കേന്ദ്രീകൃത സംരക്ഷണം എന്നിവയിലൂടെയാണ് ഇത് ലക്ഷ്യമിടുന്നത്. കൂടാതെ, മുതിർന്ന പൗരന്മാർക്കും നിർദിഷ്ട മുൻകരുതലുകളും ബോധവൽക്കരണ നടപടികളും ആവശ്യമായ മറ്റ് ദുർബല വിഭാഗങ്ങളിലെ വ്യക്തികൾക്കും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഞങ്ങൾ എടുത്തുപറയുന്നു.
81. നിർമിതബുദ്ധി എല്ലാവർക്കും സാമ്പത്തിക വളർച്ചയും സുസ്ഥിര വികസനവും ഉത്തേജിപ്പിക്കുന്നതിന് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. നിർമിതബുദ്ധി സംവിധാനങ്ങളുടെ ഊർജക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും, എഐ ശാസ്ത്രത്തെയും നവീകരണത്തെയും പ്രോത്സാഹിപ്പിക്കുന്നതിനും, വിശ്വസനീയമായ എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും, സാമ്പത്തിക വളർച്ചയ്ക്കും സാമൂഹ്യ നന്മയ്ക്കുമായി എഐ പ്രയോജനപ്പെടുത്തുന്നതിനും, ഉണ്ടാകാൻ സാധ്യതയുള്ള അപകടസാധ്യതകൾ ലഘൂകരിക്കുന്നതിനുമൊപ്പം അതിന്റെ സുരക്ഷിതത്വവും ഉൾക്കൊള്ളലും വിശ്വാസ്യതയും ഉറപ്പാക്കിക്കൊണ്ട് എഐ വിഭവങ്ങളുടെ ലഭ്യത വർധിപ്പിക്കുന്നതിലെ അന്താരാഷ്ട്ര സഹകരണം എല്ലാ രാജ്യങ്ങളുടെയും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിന്റെ നീതിയുക്തവും ന്യായവും സമത്വപൂർണവും സമൃദ്ധവുമായ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ രേഖപ്പെടുത്തുന്നു. 2026 ഫെബ്രുവരിയിൽ 'എഐ ഇംപാക്ട് ഉച്ചകോടി' വിജയകരമായി സംഘടിപ്പിച്ചതിന് ഇന്ത്യയെ ഞങ്ങൾ അഭിനന്ദിക്കുകയും പൊതുവായ മുൻഗണനകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിന് ഈ ഉച്ചകോടി സംഭാവന നൽകുമെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ഷാങ്ഹായിൽ നടന്ന വേൾഡ് എഐ കോൺഫറൻസും ഗ്ലോബൽ എഐ ഗവേണൻസിനെക്കുറിച്ചുള്ള ഉന്നതതല യോഗവും നന്മയ്ക്കും എല്ലാവർക്കുമായിട്ടുള്ള എഐ അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിൽ നൽകിയ സംഭാവനകളെയും ഞങ്ങൾ അംഗീകരിക്കുന്നു. നിർമിതബുദ്ധിയുടെ ആഗോള ഭരണത്തെക്കുറിച്ചുള്ള ബ്രിക്സ് നേതാക്കളുടെ പ്രസ്താവന നടപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
82. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ വർധിച്ചുവരുന്ന ദുരന്ത അപകടസാധ്യതകളുടെ സങ്കീർണത അംഗീകരിക്കുമ്പോൾ തന്നെ, ദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങൾ, മനുഷ്യജീവനുകൾ, ഉപജീവനമാർഗങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനുമായി ദേശീയ ദുരന്ത ലഘൂകരണ സംവിധാനങ്ങളും ശേഷികളും മെച്ചപ്പെടുത്തുന്നതിനും; സജ്ജീകരണവും സ്വയംപര്യാപ്തതയും ഉറപ്പാക്കുന്നതിന് പരമ്പരാഗതവും പ്രാദേശികവുമായ അറിവുകളും സമൂഹത്തിലധിഷ്ഠിതമായ സമീപനങ്ങളും പങ്കിടുന്നതിനും; അതുപോലെ സമഗ്രമായ അടിസ്ഥാനസൗകര്യ വികസനത്തിനായി പൊതു-സ്വകാര്യ നിക്ഷേപങ്ങൾ ഉൾപ്പെടെ പര്യാപ്തവും പ്രവചനീയവും പ്രാപ്യവുമായ ധനസഹായം ലഭ്യമാക്കുന്നതിനുമുള്ള ബ്രിക്സ് സഹകരണത്തോടുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. ഈ സന്ദർഭത്തിൽ, ദുരന്തനിവാരണ മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന ഡേറ്റ സംയോജനത്തിനായുള്ള ബ്രിക്സ് മാർഗനിർദേശങ്ങളെയും കാലാവസ്ഥാ പ്രതിരോധശേഷിയുള്ള നഗര അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള ബ്രിക്സ് സന്നദ്ധ തത്ത്വങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
83. സുസ്ഥിര വികസനം കൈവരിക്കുന്നതിന് കാലാവസ്ഥാ-ദുരന്ത അപകടസാധ്യതകളിൽ നിന്ന് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെ പ്രതിരോധശേഷി ശക്തമാക്കുന്നത് നിർണായകമാണെന്ന് ഞങ്ങൾ അടിവരയിടുന്നു. ഇതുമായി ബന്ധപ്പെട്ട്, സാങ്കേതിക സഹായം, വിജ്ഞാന കൈമാറ്റം, സഹായകരമായ നയം, സാമ്പത്തിക സമീപനങ്ങൾ എന്നിവയിലൂടെ അടിസ്ഥാനസൗകര്യ സംവിധാനങ്ങളിലുടനീളം പ്രതിരോധശേഷി സംയോജിപ്പിക്കുന്നതിൽ അംഗ-പങ്കാളി രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര പങ്കാളിത്തമെന്ന നിലയിൽ കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ പങ്കിനെ ഞങ്ങൾ അംഗീകരിക്കുന്നു. സുസ്ഥിരമായ പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിൽ നിക്ഷേപം നടത്തേണ്ടതിന്റെയും, തടയലിന് മുൻഗണന നൽകുന്നതിന്റെയും, തെളിവുകളിലധിഷ്ഠിതമായ നയരൂപീകരണത്തിൽ ഊന്നിയുള്ള മുൻകൂട്ടിയുള്ള നടപടികൾ സ്വീകരിക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അടിവരയിടുന്നു. തയ്യാറെടുപ്പുകളും പ്രതികരണ ശേഷികളും ശക്തമാക്കുന്നതിന് മുൻകൂട്ടി അറിയിപ്പ് നൽകുന്ന സംവിധാനങ്ങളും അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഞങ്ങൾ എടുത്തുപറയുന്നു.
84. ഡബ്ല്യുടിഒ നിയമങ്ങൾക്ക് വിരുദ്ധമായ അന്യായമായ ഏകപക്ഷീയ സംരക്ഷണ നടപടികളാൽ വ്യത്യസ്ത രീതികളിൽ ബാധിക്കപ്പെടുന്ന വിപുലമായ വൈവിധ്യമാർന്ന സമൂഹങ്ങളെയും നാഗരികതകളെയുമാണ് ബ്രിക്സ് അംഗങ്ങൾ പ്രതിനിധാനംചെയ്യുന്നത് എന്ന് ഞങ്ങൾ അംഗീകരിക്കുന്നു. ഒപ്പം പരസ്പര പ്രയോജനകരമായ സുസ്ഥിര വികസനത്തിനായി നീതിയുക്തവും ന്യായവും സുസ്ഥിരവും പ്രവചനീയവുമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിൽ ബ്രിക്സ് ശ്രദ്ധ കേന്ദ്രീകരിക്കണം. വികസ്വര രാജ്യങ്ങളുടെ നവീകരണ ശ്രമങ്ങൾക്കായുള്ള ആവശ്യങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിക്കൊണ്ട്, കൂടുതൽ പ്രതിരോധശേഷിയുള്ളതും വിശ്വസനീയവും സുസ്ഥിരവുമായ വിതരണ ശൃംഖലകൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, വ്യാപാര-നിക്ഷേപ മുൻകൈകൾ, സാങ്കേതിക സഹകരണം, ഉൽപ്പാദന ശേഷിയുടെ പ്രോത്സാഹനം, ഓരോ അംഗങ്ങളുടെയും അതത് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും നയങ്ങൾക്കും അനുസൃതമായ സാങ്കേതികവിദ്യ കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ഉൾപ്പെടെ, ആഗോള നിർമാണത്തിന്റെയും ഉൽപ്പാദനത്തിന്റെയും ഉയർന്ന മൂല്യവർധിത മേഖലകളിൽ വികസ്വര രാജ്യങ്ങളുടെയും വളർന്നുവരുന്ന വിപണികളുടെയും കൂടുതൽ വിപുലവും തുല്യവുമായ പങ്കാളിത്തത്തിനായി ബ്രിക്സ് പ്രവർത്തിക്കണമെന്ന് ഞങ്ങൾ സമ്മതിക്കുന്നു.
85. സാമ്പത്തിക വളർച്ചയുടെയും സമൃദ്ധിയുടെയും ചാലകശക്തി എന്ന നിലയിൽ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ അന്താരാഷ്ട്രവൽക്കരണം ശക്തമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. താങ്ങാനാവുന്ന നിരക്കിലുള്ള സാമ്പത്തിക ലഭ്യത ഒരു പ്രധാന തടസ്സമായും ഘടനാപരമായ പരിമിതിയായും നിലനിൽക്കുന്നുവെന്നും, ഇത് എംഎസ്എംഇകളുടെ വ്യാപാര പങ്കാളിത്തത്തെയും ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള സംയോജനത്തെയും പരിമിതപ്പെടുത്തുന്നുവെന്നും ഞങ്ങൾ അംഗീകരിക്കുന്നു. വിവരങ്ങളിലെ അസമത്വങ്ങൾ കുറയ്ക്കുന്നതിനും അപകടസാധ്യത വിലയിരുത്തൽ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ വേണ്ടത്ര ലഭിക്കാത്ത എംഎസ്എംഇകൾക്ക് ഔദ്യോഗിക സാമ്പത്തിക ലഭ്യത വ്യാപിപ്പിക്കുന്നതിനുമായി വിവിധ അനുയോജ്യമായ ഡേറ്റ ഉറവിടങ്ങൾ പ്രയോജനപ്പെടുത്തുന്ന 'കയറ്റുമതി അധിഷ്ഠിത എംഎസ്എംഇകൾക്കായുള്ള ക്രെഡിറ്റ് അസസ്‌മെന്റ് ചട്ടക്കൂടുകൾക്കായുള്ള ബ്രിക്സ് മാർഗനിർദേശ തത്ത്വങ്ങളെ' ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എംഎസ്എംഇകൾക്ക് വ്യാപാര ധനസഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ഡിജിറ്റൽ, പ്ലാറ്റ്‌ഫോം അധിഷ്ഠിത മൾട്ടിസ്റ്റേക്ക്‌ഹോൾഡർ പരിഹാരങ്ങൾ ഉൾപ്പെടെയുള്ള നൂതന സാമ്പത്തിക സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. ഇൻവോയ്‌സ് ഡിസ്‌കൗണ്ടിങ് സുഗമമാക്കുന്നതിനും എംഎസ്എംഇകൾക്ക് പ്രവർത്തന മൂലധനം ലഭ്യമാക്കുന്നതിനും അന്താരാഷ്ട്ര വ്യാപാരത്തിൽ അവയുടെ പങ്കാളിത്തം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ട്, ബ്രിക്സ് അംഗങ്ങൾക്കായി ഒരു ഇൻവോയ്‌സ് ഡിസ്‌കൗണ്ടിങ് സംവിധാനം സ്ഥാപിക്കുന്നത് പഠിക്കുന്നതിനുള്ള ജയ്പൂർ സമവായത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
86. ആഗോള മൂല്യ ശൃംഖലകൾ പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവും പ്രവചനീയവും ഉൽപ്പാദനക്ഷമവും സുതാര്യവും സുരക്ഷിതവും നീതിയുക്തവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണെന്ന് ഉറപ്പാക്കാനുള്ള സഹകരണത്തിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ആഗോള മൂല്യ ശൃംഖലകളിലെ ഡിജിറ്റൽവൽക്കരണത്തിനായുള്ള ശ്രമങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട്, ആഭ്യന്തര മുൻഗണനകൾക്കും ദേശീയ നിയമങ്ങൾക്കും ബാധകമായ അന്താരാഷ്ട്ര ബാധ്യതകൾക്കും അനുസൃതമായി സുസ്ഥിര വളർച്ചയ്ക്ക് സംഭാവന നൽകുന്ന രീതിയിൽ വ്യാപാര സുഗമമാക്കൽ, ശേഷിവർധന, സുപ്രധാന അടിസ്ഥാനസൗകര്യങ്ങൾ, വ്യാവസായിക ശേഷികൾ, മെച്ചപ്പെട്ട കണക്റ്റിവിറ്റി, ബൗദ്ധിക സ്വത്തവകാശ സംരക്ഷണം, സുരക്ഷിതവും താങ്ങാനാവുന്നതുമായ സാങ്കേതികവിദ്യയുടെ പ്രോത്സാഹനവും വേഗത്തിലാക്കലും എന്നിവയ്ക്കുള്ള അവസരങ്ങൾ വളർത്തുന്നതിന് സാങ്കേതിക സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ വ്യാപാരം വർധിപ്പിക്കുന്നതിനായി പരസ്പര ശക്തി പകരുന്ന നയപരമായ സാധ്യതകൾ പരിശോധിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. ആഗോള മൂല്യ ശൃംഖലകളെക്കുറിച്ചുള്ള ബ്രിക്സ് പങ്കുവെച്ച ധാരണയെക്കുറിച്ചുള്ള കർമപദ്ധതി നടപ്പാക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുകയും ബ്രിക്സ് ജിവിസി കർമപദ്ധതി 2026-2030 വികസിപ്പിക്കുന്നതിനെയും അതിൽ പരാമർശിച്ചിരിക്കുന്ന എല്ലാ മുൻകൈകളെയും സ്വാഗതം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, മൂല്യ ശൃംഖലയിൽ ഉയർന്ന തലത്തിലേക്ക് ഉയരുന്നതിൽ വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെ പ്രത്യേകം പരിഹരിക്കുന്നതിന് ഈ കർമപദ്ധതിയുടെ ആവശ്യകതയെ ഞങ്ങൾ എടുത്തുപറയുന്നു.
87. സംരംഭങ്ങൾക്ക് സഹായകരമായ വ്യവസായ അന്തരീക്ഷം, കാര്യക്ഷമമായ അടിസ്ഥാനസൗകര്യങ്ങൾ, ലളിതമായ നിയന്ത്രണ നടപടിക്രമങ്ങൾ, വ്യാപാര സൗകര്യം വർധിപ്പിക്കുന്ന സഹായകരമായ മറ്റ് നടപടികൾ എന്നിവ നൽകിക്കൊണ്ട് വ്യാപാരം, നിക്ഷേപം, വ്യാവസായിക സഹകരണം, നവീകരണം, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള സംയോജനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ എന്ന നിലയിൽ ബ്രിക്സ് അംഗങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള സന്നദ്ധത ഞങ്ങൾ പങ്കുവെക്കുന്നു. ഓരോ ബ്രിക്സ് അംഗത്തിന്റെയും വ്യത്യസ്ത ശേഷികൾ കണക്കിലെടുത്ത്, പങ്കാളികൾക്ക് കൂടുതൽ കാര്യക്ഷമവും സുതാര്യവും തടസ്സമില്ലാത്തതുമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതിനായി വ്യാപാര രേഖകളുടെ ഡിജിറ്റൽവൽക്കരണം ഉൾപ്പെടെ കണക്റ്റിവിറ്റിയിലും വ്യാപാരം സുഗമമാക്കലിലും സഹകരണം വളർത്തിയെടുക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു.
88. പരുക്കൻ വജ്രങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്ന ഏക ആഗോള അന്തർ ഗവണ്മെന്റ് സർട്ടിഫിക്കേഷൻ പദ്ധതി എന്ന നിലയിൽ കിംബർലി പ്രോസസിനുള്ള ഞങ്ങളുടെ പിന്തുണ ഞങ്ങൾ വീണ്ടും ഊന്നിപ്പറയുകയും സംഘർഷ മേഖലകളിൽ നിന്നുള്ള വജ്രങ്ങൾ വിപണിയിൽ എത്തുന്നതു തടയുന്നതിനുള്ള പ്രതിജ്ഞാബദ്ധത എടുത്തുപറയുകയും ചെയ്യുന്നു. 2026-ൽ കിംബർലി പ്രോസസിന്റെ അധ്യക്ഷത ഇന്ത്യ വഹിക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പരുക്കൻ വജ്രങ്ങളുടെ സ്വതന്ത്ര വ്യാപാരവും ആഗോള വജ്ര വ്യവസായത്തിന്റെ സുസ്ഥിര വികസനവും ഉറപ്പാക്കുന്നതിന് ആഫ്രിക്കൻ വജ്ര ഖനന രാജ്യങ്ങളുടെ പങ്കാളിത്തത്തോടെയുള്ള 'അനൗദ്യോഗിക ബ്രിക്സ് സഹകരണ പ്ലാറ്റ്‌ഫോമിനെ' ഞങ്ങൾ രേഖപ്പെടുത്തുന്നു. ബ്രിക്സിനുള്ളിലും ആഗോള വിപണിയിലും വജ്രത്തിന്റെയും വിലയേറിയ ലോഹങ്ങളുടെയും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രായോഗിക സംവിധാനങ്ങൾ ഞങ്ങൾ തുടർന്നും പരിശോധിക്കും.
89. പ്രായോഗിക സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനും ബ്രിക്സ് അംഗങ്ങൾക്കിടയിൽ കൂടുതൽ അടുത്ത സാമ്പത്തിക പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. 'ബ്രിക്സ് സാമ്പത്തിക പങ്കാളിത്തത്തിനായുള്ള തന്ത്രം' നമ്മുടെ സഹകരണത്തെ നയിക്കുന്ന സമഗ്രമായ ചട്ടക്കൂടായി തുടരുന്നുവെന്നും, അംഗരാജ്യങ്ങളുടെ ഉടമസ്ഥതയിൽ മേഖലാതല തന്ത്രങ്ങളും പ്രോഗ്രാമുകളും റോഡ്‌മാപ്പുകളും കൂടുതൽ വികസിപ്പിക്കുന്നതിനുള്ള അടിത്തറ നൽകുന്നുവെന്നും ഞങ്ങൾ അംഗീകരിക്കുന്നു. 2025-ൽ ബ്രസീലിന്റെ അധ്യക്ഷതയിൽ ബ്രിക്സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം പൂർത്തിയാക്കുന്നതിലേക്ക് കൈവരിച്ച പുരോഗതി അംഗീകരിച്ചുകൊണ്ട്, 'ബ്രിക്സ് സാമ്പത്തിക പങ്കാളിത്ത തന്ത്രം 2030' ന്റെ പുരോഗതി വിജയകരമായി നയിച്ചുകൊണ്ട് 2025-ൽ നേതാക്കൾ നൽകിയ ചുമതല പൂർത്തിയാക്കിയ 2026-ലെ നേതൃത്വത്തിന് ഇന്ത്യയെ ഞങ്ങൾ അഭിനന്ദിക്കുന്നു.
90. ബ്രിക്സ് അതിർത്തി കടന്നുള്ള പേയ്‌മെന്റ് മുൻകൈ സംബന്ധിച്ച് കസാൻ, റിയോ പ്രഖ്യാപനങ്ങളിൽ ഞങ്ങൾ നൽകിയ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട്, കാര്യക്ഷമമായ അതിർത്തി കടന്നുള്ള പേയ്‌മെന്റ് സംവിധാനങ്ങൾക്കായി പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുന്നതിന് ബ്രിക്സ് പേയ്‌മെന്റ് ടാസ്‌ക് ഫോഴ്‌സ് നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, പേയ്‌മെന്റ്, മെസ്സേജിങ് ചാനലുകളുടെ അതിർത്തി കടന്നുള്ള പരസ്പര പ്രവർത്തനക്ഷമത പഠിക്കാൻ ചെയ്ത പ്രവർത്തനങ്ങളെയും, ദേശീയ മുൻഗണനകളെ മാനിച്ച് ബ്രിക്സ് പ്രാദേശിക കറൻസികൾ ഉപയോഗിച്ച് വ്യാപാര ഇടപാടുകളും നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളെയും ഞങ്ങൾ അംഗീകരിക്കുന്നു. വേഗത്തിലുള്ളതും ചെലവ് കുറഞ്ഞതും കൂടുതൽ പ്രാപ്യവും കാര്യക്ഷമവും സുതാര്യവും സുരക്ഷിതവുമായ, ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ അതിർത്തി കടന്നുള്ള പേയ്‌മെന്റുകൾക്ക് പ്രായോഗിക പരിഹാരങ്ങൾ സുഗമമാക്കുന്നതിന്, നിലവിലുള്ള പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി ചർച്ചകൾ തുടരാൻ BPTF-നെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
91. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പുകൾ (PPP), അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പിപിപി മാതൃകകൾ, രീതികൾ, അപകടസാധ്യത കുറയ്ക്കുന്ന സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ടാസ്‌ക് ഫോഴ്‌സിന്റെ സാങ്കേതിക റിപ്പോർട്ടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് അംഗരാജ്യങ്ങൾക്ക് അവരുടെ പിപിപി ആവാസവ്യവസ്ഥ ശക്തമാക്കുന്നതിനും അപകടസാധ്യത വേർതിരിക്കൽ ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുന്നതിനും വിലയേറിയ വിജ്ഞാന വിഭവമായി പ്രവർത്തിക്കും.
92. അംഗങ്ങൾക്കിടയിലെ വ്യാപാരത്തെ പിന്തുണയ്ക്കുന്നതിനായി കൂടുതൽ സ്വയംപര്യാപ്തതയുള്ള ഒരു ബ്രിക്സ് ഇൻഷുറൻസ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് ബ്രിക്സിന്റെ കൂട്ടായ സാധ്യതകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും, റീഇൻഷുറൻസ് ശേഷികൾ വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകളും ഞങ്ങൾ അംഗീകരിക്കുന്നു. മുൻ അധ്യക്ഷതകളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി, പൊതുവായ അപകടസാധ്യത മാതൃകകൾ വികസിപ്പിക്കുന്നതിനും മികച്ച മാതൃകകൾ കൈമാറുന്നതിനും വിദഗ്ധ ശേഷികൾ കെട്ടിപ്പടുക്കുന്നതിനുമുള്ള ഒരു സന്നദ്ധ പങ്കാളിത്ത പ്ലാറ്റ്‌ഫോമായി 'ബ്രിക്സ് ഇൻഷുറൻസ് റെസിലിയൻസ് സെന്റർ' എന്ന ആശയം പരിശോധിക്കുന്നതിൽ താല്പര്യമുള്ള അംഗങ്ങൾക്കിടയിലെ തുടർച്ചയായ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട്, ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി ഇന്റർനാഷണൽ ഫൈനാൻഷ്യൽ സർവീസസ് സെന്ററിൽ താല്പര്യമുള്ള അംഗങ്ങളുടെ പങ്കാളിത്തത്തിനായി തുറന്നിരിക്കുന്ന ഒരു 'ബ്രിക്സ് റിസ്ക് ലാബ്' നിർമിക്കാനുള്ള ഇന്ത്യയുടെ നിർദേശത്തിൽ ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാൻ അംഗങ്ങൾ താല്പര്യം പ്രകടിപ്പിച്ചു. ബ്രിക്സ് രാജ്യങ്ങളിൽ നിന്നുള്ള റെഗുലേറ്റർമാരും റീഇൻഷുറൻസ് കമ്പനികളും അടങ്ങുന്ന ബന്ധപ്പെട്ട പങ്കാളികളുടെ സന്നദ്ധ പങ്കാളിത്തത്തോടെ, ബ്രിക്സ് അംഗങ്ങളുടെ (റീ)ഇൻഷുറൻസ് ശേഷി വർധിപ്പിക്കുന്നത് സംബന്ധിച്ച കൂടുതൽ ചർച്ചകൾക്കായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
93. ന്യൂ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമിൽ സാങ്കേതിക തലത്തിലുള്ള ശ്രമങ്ങൾ തുടരുന്നതിനും ബ്രസീലിയൻ അധ്യക്ഷതയിൽ അന്തിമമാക്കിയ മാർഗനിർദേശങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രോത്സാഹനം ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. എൻഐപി സംബന്ധിച്ച ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഇന്ത്യൻ അധ്യക്ഷതയിൽ കൈവരിച്ച പുരോഗതിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സാങ്കേതിക സംവാദത്തിനും വിജ്ഞാന വ്യാപനത്തിനുമുള്ള പ്ലാറ്റ്‌ഫോമെന്ന നിലയിൽ ബ്രിക്സ് ഫൈനാൻസ് ട്രാക്കിന് കീഴിൽ ഒരു പ്രത്യേക പഠന ഗ്രൂപ്പ് സ്ഥാപിക്കുന്നതിനെക്കുറിച്ച് അംഗങ്ങൾക്കിടയിൽ നടന്ന നിർമാണാത്മകമായ സാങ്കേതിക ചർച്ചകൾ ഞങ്ങൾ രേഖപ്പെടുത്തുന്നു. ദേശീയ പരമാധികാരം, വൈവിധ്യമാർന്ന നിയന്ത്രണ ചട്ടക്കൂടുകൾ, നിലവിലുള്ള സ്ഥാപനപരമായ ചുമതലകൾ എന്നിവ മാനിച്ച്, സമവായത്തിലധിഷ്ഠിതവും ഘട്ടംഘട്ടമായുള്ളതും അംഗങ്ങൾ നയിക്കുന്നതുമായ സമീപനത്തിൽ പ്രവർത്തനം തുടരുന്നതിന് അംഗങ്ങൾ പ്രകടിപ്പിച്ച വ്യാപകമായ പിന്തുണയെ ഞങ്ങൾ അംഗീകരിക്കുന്നു. പ്രവർത്തന രീതികളെക്കുറിച്ചും ബന്ധപ്പെട്ട ബ്രിക്സ് സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുമുള്ള പങ്കുവച്ച ധാരണ മുന്നോട്ടുകൊണ്ടുപോകുന്നതിനായി, പഠന ഗ്രൂപ്പിന്റെ ലക്ഷ്യരേഖ കൂടുതൽ പരിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള സാങ്കേതിക പങ്കാളിത്തം തുടരുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
94. സെറ്റിൽമെന്റ്, ഡിപ്പോസിറ്ററി അടിസ്ഥാനസൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവാദത്തിന് അനുയോജ്യമായ രൂപങ്ങൾ കണ്ടെത്താനുള്ള ഞങ്ങളുടെ പ്രോത്സാഹനം വീണ്ടും ആവർത്തിച്ചുകൊണ്ട്, അംഗങ്ങളിലുടനീളമുള്ള സെറ്റിൽമെന്റ്, ഡിപ്പോസിറ്ററി സംവിധാനങ്ങളുടെ വൈവിധ്യമാർന്ന നിയമപരവും സ്ഥാപനപരവും നിയന്ത്രണപരവും സാങ്കേതികവുമായ വശങ്ങൾ പരിശോധിച്ച സാങ്കേതിക ശിൽപശാല ഞങ്ങൾ രേഖപ്പെടുത്തുന്നു. ഇത് ബ്രിക്സ് അധികാരപരിധികൾക്കിടയിലുള്ള ധാരണ വർധിപ്പിക്കുകയും താല്പര്യമുള്ള പങ്കാളികൾക്കിടയിൽ വിജ്ഞാനം, അനുഭവങ്ങൾ എന്നിവയുടെ സന്നദ്ധ കൈമാറ്റത്തിനും സാങ്കേതിക സംവാദത്തിനും സഹകരണത്തിനും ഒരു അടിത്തറ നൽകുകയും ചെയ്യും.
95. സാമ്പത്തിക മേഖലയ്ക്കായുള്ള സൈബർ സുരക്ഷാ വികസനങ്ങളും പ്രവണതകളും, നിർമിതബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ് പോലുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകൾ സൃഷ്ടിക്കുന്ന അവസരങ്ങളും അപകടസാധ്യതകളും വിലയിരുത്തുന്നതിന് വളർന്നുവരുന്ന വിപണികളെയും വികസ്വര രാജ്യങ്ങളെയും കേന്ദ്രീകരിച്ചുള്ള സമീപനം സ്വീകരിക്കുന്നതിൽ 'ബ്രിക്സ് റാപ്പിഡ് ഇൻഫർമേഷൻ സെക്യൂരിറ്റി ചാനലും' ബ്രിക്സ് ഫിൻടെക് വർക്കിങ് ഗ്രൂപ്പും ചെയ്ത പ്രവർത്തനങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. സാമ്പത്തിക മേഖലയിലെ സൈബർ പ്രതിരോധശേഷി ശക്തമാക്കുന്നതിൽ കൂട്ടായതും ഏകോപിപ്പിച്ചതുമായ സമീപനങ്ങൾ, പരസ്പര പഠനം, പ്രായോഗിക സഹകരണം എന്നിവയുടെ പ്രാധാന്യം എടുത്തുപറയുന്ന ബ്രിക്സ് സൈബർ അഭ്യാസങ്ങളും ഡ്രില്ലുകളും വാർഷികാടിസ്ഥാനത്തിൽ നടത്തുന്നതിന്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിയുന്നു. സെൻട്രൽ ബാങ്കിങ്ങിന്റെ വളർന്നുവരുന്ന മേഖലകളിൽ വൈദഗ്ധ്യം കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ള 'ശേഷിവർധനയ്ക്കായുള്ള ബ്രിക്സ് സെൻട്രൽ ബാങ്ക് ഹബ്ബിനെ' ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
96. കാലാവസ്ഥാ വ്യതിയാനം മൂലം രാജ്യങ്ങളിലുടനീളം ഉണ്ടാകുന്ന അസന്തുലിതമായ ഭാരം ഞങ്ങൾ തിരിച്ചറിയുന്നു. കാലാവസ്ഥാ സംബന്ധിയായ അപകടസാധ്യതകളും ദുർബലതകളും പരിഹരിക്കുന്നതിൽ വികസ്വര രാജ്യങ്ങളും വളർന്നുവരുന്ന വിപണികളും പ്രത്യേക വെല്ലുവിളികൾ നേരിടുന്നുണ്ട്. ഒപ്പം സാമ്പത്തിക ആവശ്യങ്ങളിൽ, പ്രത്യേകിച്ച് പൊരുത്തപ്പെടുത്തൽ നടപടികളിൽ വലിയ വിടവുകളുമുണ്ട്. ഈ സന്ദർഭത്തിൽ, ആഗോളതലത്തിലും ബ്രിക്സ് രാജ്യങ്ങൾക്കുള്ളിലും കാലാവസ്ഥാ സാമ്പത്തിക പദ്ധതികൾ കൂടുതൽ ധനസഹായത്തിന് അനുയോജ്യം ആക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനുള്ള ശ്രമങ്ങൾ ഉൾപ്പെടെ, സെൻട്രൽ ബാങ്ക് നടപടികളും സുസ്ഥിര സാമ്പത്തിക പ്രവണതകളും പരിശോധിക്കുന്ന "പൊരുത്തപ്പെടുത്തൽ ഉൾപ്പെടെയുള്ള സുസ്ഥിര-ഹരിത സാമ്പത്തിക മേഖലകൾ മെച്ചപ്പെടുത്തുന്നതിൽ സെൻട്രൽ ബാങ്കുകളുടെ പങ്ക്" എന്ന റിപ്പോർട്ടിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
97. സിആർഎയുടെ പ്രവർത്തനക്ഷമത ശക്തമാക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ കൂടുതൽ വേഗത്തിൽ പ്രതികരിക്കുന്നതിനുമായി ബ്രിക്സ് കണ്ടിൻജന്റ് റിസർവ് അറേജ്‌മെന്റ് ടെക്‌നിക്കൽ ടീം നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. സിആർഎ ഉടമ്പടിയിലെ ഭേദഗതികൾ, ബ്രിക്സ് സാമ്പത്തിക സുരക്ഷാ വലയായി കൂടുതൽ വഴക്കത്തോടും പ്രതികരണശേഷിയോടും കൂടി പ്രവർത്തിക്കാൻ സിആർഎയെ സഹായിക്കും. ഒമ്പതാമത് സിആർഎ ടെസ്റ്റ് റൺ യഥാസമയം പൂർത്തിയാക്കുന്നതിനും "ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ബ്രിക്സിലെ പ്രത്യാഘാതങ്ങളും" എന്ന പ്രമേയത്തിലുള്ള ബ്രിക്സ് സാമ്പത്തിക ബുള്ളറ്റിന്റെ ഏഴാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിനുമായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. സിആർഎയിൽ ചേരാൻ താല്പര്യം പ്രകടിപ്പിച്ച പുതിയ ബ്രിക്സ് അംഗങ്ങളുടെ പങ്കാളിത്തത്തെ ഞങ്ങൾ വിലമതിക്കുന്നു, ഒപ്പം സന്നദ്ധാടിസ്ഥാനത്തിലും അതത് രാജ്യങ്ങളുടെ സാഹചര്യങ്ങൾക്ക് അനുസൃതമായും അവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ യഥാസമയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.
98. നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും കാര്യക്ഷമവുമായ ഒരു അന്താരാഷ്ട്ര നികുതി വ്യവസ്ഥയോടും, വളർന്നുവരുന്ന അന്താരാഷ്ട്ര നികുതി വെല്ലുവിളികൾ പരിഹരിക്കുന്നതിൽ ബ്രിക്സ് അംഗങ്ങൾക്കിടയിലുള്ള സഹകരണം ശക്തമാക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. വിജ്ഞാന വ്യാപനവും ശേഷിവർധനയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അന്താരാഷ്ട്ര നികുതി സഹകരണത്തെക്കുറിച്ചുള്ള യുണൈറ്റഡ് നേഷൻസ് ഫ്രെയിംവർക് കൺവെൻഷൻ, അതിന്റെ പ്രോട്ടോക്കോളുകൾ എന്നിവ പോലുള്ള അന്താരാഷ്ട്ര വേദികളിലെ നിർമാണാത്മകമായ പങ്കാളിത്തത്തിലൂടെ, പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ വഴി ബ്രിക്സ് നികുതി സഹകരണം ശക്തമാക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയും ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. അന്താരാഷ്ട്ര നികുതിയും ട്രാൻസ്ഫർ പ്രൈസിങ്ങും സംബന്ധിച്ച വർക്കിങ് ഗ്രൂപ്പ്, റവന്യൂ സ്റ്റാറ്റിസ്റ്റിക്സ് സംബന്ധിച്ച വർക്കിങ് ഗ്രൂപ്പ് എന്നിവയുടെ രൂപീകരണം ഉൾപ്പെടെ, ബ്രിക്സ് നികുതി അധികാരികൾക്കിടയിലുള്ള സ്ഥാപനപരമായ സഹകരണം ആഴത്തിലാക്കാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ഏറ്റെടുത്ത മുൻകൈകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യുവ നികുതി വിദഗ്ധർക്കായുള്ള നേരിട്ടുള്ള ശേഷിവർധന പ്രോഗ്രാമിനെയും 'ബ്രിക്സ് വുമൺ ഇൻ ടാക്സ് നെറ്റ്‌വർക്കിന്റെ' പുരോഗതിയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടാതെ നിലവിലുള്ളതും പുതിയതുമായ സംവിധാനങ്ങളിലൂടെ നവീകരണവും വിജ്ഞാന വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. 'ബ്രിക്സ് ടാക്സ് സപ്പോർട്ട് നെറ്റ്‌വർക്ക്' സ്ഥാപിക്കുന്നതിനും 'ബ്രിക്സ് ടാക്സ് ക്രോസ്-ലേണിങ് ലാബ്' ആരംഭിക്കുന്നതിനുമുള്ള മുൻകൈകളെയും 'ബ്രിക്സ് ടാക്സ് കൊളാബറേഷൻ ടൂൾ' കൂടുതൽ വികസിപ്പിക്കുന്നതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
99. 2012-ൽ തുടക്കം കുറിച്ചത് മുതൽ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കസ്റ്റംസ് സഹകരണം ആഴത്തിലായതിനെ ഞങ്ങൾ അംഗീകരിക്കുന്നു. അംഗങ്ങളുടെ ആവശ്യങ്ങളോട് പ്രതികരിക്കുന്ന ലക്ഷ്യബോധമുള്ള പരിശീലനങ്ങളും സാങ്കേതിക സഹകരണ പ്രോഗ്രാമുകളും ഏറ്റെടുക്കാൻ 'ബ്രിക്സ് കസ്റ്റംസ് സെന്റർസ് ഓഫ് എക്സലൻസിനെ' ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 'കസ്റ്റംസ് കാര്യങ്ങളിലെ സഹകരണവും പരസ്പര ഭരണപരമായ സഹായവും സംബന്ധിച്ച ബ്രിക്സ് കരാറിൽ' കൈവരിച്ച സമവായത്തെയും, ആവശ്യമായ ദേശീയ നടപടികൾ പൂർത്തിയാക്കുന്നതിനും എല്ലാ ബ്രിക്സ് രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്കും വിധേയമായി ഇത് ഒപ്പിടാൻ തയ്യാറായ അംഗങ്ങളുടെ സന്നദ്ധതയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദേശീയ ചട്ടക്കൂടുകളും മുൻഗണനകളും കണക്കിലെടുത്തുകൊണ്ട് 'ബ്രിക്സ് എഇഒ കർമപദ്ധതി 2026' സന്നദ്ധാടിസ്ഥാനത്തിൽ നടപ്പാക്കൽ, വിവര കൈമാറ്റം, ശേഷിവർധന, മികച്ച മാതൃകകൾ പങ്കിടൽ, പരസ്പര അംഗീകാരം എന്നിവയിലൂടെ ഓതറൈസ്ഡ് ഇക്കണോമിക് ഓപ്പറേറ്റേഴ്സ് പ്രോഗ്രാമുകളിലെ സഹകരണം തുടർന്നും ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളെ ഞങ്ങൾ അംഗീകരിക്കുന്നു. അതുപോലെ പരസ്പരം തിരിച്ചറിഞ്ഞ അതിർത്തി കടന്നുള്ള കള്ളക്കടത്ത് പ്രവണതകൾ, പങ്കുവച്ച മുൻഗണനകൾ, പ്രവർത്തനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി, അതത് ബ്രിക്സ് അധ്യക്ഷതയുടെ ഏകോപനത്തിൽ ബ്രിക്സ് അംഗങ്ങളുമായുള്ള കൂടിയാലോചനയോടെ ഉചിതമായ ഇടങ്ങളിൽ വാർഷിക മുൻകൈയെന്ന നിലയിൽ 'ബ്രിക്സ് സംയുക്ത കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷൻ' നടത്തുന്നതിനും; പ്രവർത്തന ഏകോപനം മെച്ചപ്പെടുത്തുന്നതിനും പരസ്പരം തിരിച്ചറിഞ്ഞതും വളർന്നുവരുന്നതുമായ കസ്റ്റംസ് ഭീഷണികളെ പരിഹരിക്കുന്നതിനും ആദ്യ സംയുക്ത കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓപ്പറേഷന്റെ അനുഭവം പ്രയോജനപ്പെടുത്തുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളെയും ഞങ്ങൾ അംഗീകരിക്കുന്നു.
100. ബ്രിക്സിനും മറ്റ് ഇഎംഡിഇകൾക്കും പ്രസക്തമായ പങ്കുവച്ച വളർച്ചാ-വികസന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള ഒരു പ്രത്യേക പ്ലാറ്റ്‌ഫോമായി 'വളർച്ചയും വികസനവും സംബന്ധിച്ച ബ്രിക്സ് ടാക്സ് ഫോഴ്‌സ്' സ്ഥാപിക്കാനുള്ള ഇന്ത്യൻ അധ്യക്ഷതയുടെ മുൻകൈയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സ് രാജ്യങ്ങൾക്ക് സ്വന്തം ദേശീയ സാഹചര്യങ്ങൾക്കും വികസന മുൻഗണനകൾക്കും അനുയോജ്യമായ വളർച്ചാ മാതൃകകൾ ചർച്ച ചെയ്യുന്നതിനുള്ള ഒരു ഇടം നൽകുന്ന പ്ലാറ്റ്‌ഫോമായി ഈ ടാസ്‌ക് ഫോഴ്‌സിനെ ഞങ്ങൾ അംഗീകരിക്കുന്നു. പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ തൂണുകൾ ഉൾക്കൊള്ളുന്ന ടാസ്‌ക് ഫോഴ്‌സിന്റെ രണ്ട് പ്രവർത്തനമേഖലകൾക്ക് കീഴിൽ ചെയ്ത പ്രവർത്തനങ്ങളെ ഞങ്ങൾ പ്രശംസയോടെ രേഖപ്പെടുത്തുന്നു. ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാന്റെ സംഗ്രഹത്തെയും സാങ്കേതിക കുറിപ്പുകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇവ വികസന സാമ്പത്തിക ഘടന പരിഷ്കരണ അജണ്ടയിലെ സമവായ മേഖലകളെ തിരിച്ചറിയുകയും, ഡിജിറ്റൽ പരിവർത്തനം, എഐ, ഘടനാപരമായ പരിഷ്കാരം എന്നിവയുടെ മാക്രോ ഇക്കണോമിക്, സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പങ്കുവച്ച ധാരണ സുഗമമാക്കുകയും, ബന്ധപ്പെട്ട ബഹുമുഖ വേദികളിലെ ബ്രിക്സ് അംഗങ്ങളുടെ പങ്കാളിത്തത്തിന് വിവരങ്ങൾ നൽകുകയും ചെയ്യുന്നു. യുഎൻഎഫ്സിസിസി, അതിന്റെ പാരിസ് കരാർ എന്നിവയുടെ തത്ത്വങ്ങളെ അടിസ്ഥാനമാക്കി കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള പങ്കുവച്ച വീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്ന ചർച്ചാ കുറിപ്പിനെ ഞങ്ങൾ അംഗീകരിക്കുന്നു. ധനകാര്യ മന്ത്രാലയങ്ങളുടെയും സെൻട്രൽ ബാങ്കുകളുടെയും പ്രവർത്തന മേഖലകൾക്ക് അനുസൃതമായി ടാസ്‌ക് ഫോഴ്‌സിന്റെ പ്രവർത്തനം തുടരുന്നത് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര വികസനത്തിനായി സാമ്പത്തിക സമാഹരണം നടത്തുന്നതിനുള്ള ബ്രിക്സ് രാജ്യങ്ങളുടെ സമീപനങ്ങളെ എടുത്തുപറയുന്ന 'സുസ്ഥിര വികസനത്തിനായുള്ള ജീവിതശൈലിക്കായുള്ള സാമ്പത്തിക സഹായ സംവിധാനങ്ങളെക്കുറിച്ചുള്ള സംഗ്രഹവും' 'കാലാവസ്ഥാ സംബന്ധിയായ ദുർബലതകളുടെ അവലോകനവും' ഞങ്ങൾ രേഖപ്പെടുത്തുന്നു. സുസ്ഥിര വളർച്ചയ്ക്കായി എഐ പ്രയോജനപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ എടുത്തുപറയുന്ന 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഹരിത സമ്പദ്‌വ്യവസ്ഥയും സംബന്ധിച്ച ചർച്ചാ പത്രത്തെയും' ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
101. ജനസംഖ്യാ വാർധക്യവും വൻതോതിലുള്ള അസംഘടിത തൊഴിൽപ്പടയും ഉയർത്തുന്ന വെല്ലുവിളികൾ തിരിച്ചറിഞ്ഞുകൊണ്ട്, പെൻഷൻ നിയന്ത്രണവും വിരമിക്കൽ വരുമാന സുരക്ഷയും സംബന്ധിച്ച സഹകരണം ശക്തമാക്കുന്നതിനായി പെൻഷൻ റെഗുലേറ്റർമാരുടെയും സൂപ്പർവൈസർമാരുടെയും ബ്രിക്സ് ഫോറത്തിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച ശിൽപശാലകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
102. 2025-ലെ റിയോ പ്രഖ്യാപനത്തിൽ നൽകിയ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ബ്രിക്സ് ബഹുമുഖ ഗ്യാരന്റികൾ മുൻകൈ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കൈവരിച്ച പുരോഗതിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സിലും ഗ്ലോബൽ സൗത്തിലും വികസന പദ്ധതികൾക്കായി സ്വകാര്യ മൂലധനം സമാഹരിക്കുന്നതിനും, ക്രെഡിറ്റ് യോഗ്യത മെച്ചപ്പെടുത്തുന്നതിനും, വായ്പ ചെലവുകൾ കുറയ്ക്കുന്നതിനുമുള്ള ഈ മുൻകൈയുടെ സാധ്യതകളെ ഞങ്ങൾ അംഗീകരിക്കുന്നു. തുടർച്ചയായ സാങ്കേതിക പ്രവർത്തനങ്ങളെയും പൈലറ്റ് ഇടപാടുകൾ വികസിപ്പിക്കുന്നതിനെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
103. നയപരമായ ഗവേഷണത്തിലും ബൗദ്ധിക വിഭവങ്ങൾ പങ്കിടുന്നതിലുമുള്ള പങ്കു തിരിച്ചറിഞ്ഞുകൊണ്ട്, ഉൾക്കൊള്ളുന്ന വികസനത്തിനും പ്രതിരോധശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾക്ക് ധനസഹായം നൽകുന്നതിനുമായി ഫിൻടെക് പ്രയോജനപ്പെടുത്തുന്നതിൽ ഇന്ത്യയുടെ അധ്യക്ഷതയിൽ 'ബ്രിക്സ് തിങ്ക് ടാങ്ക് നെറ്റ്‌വർക്ക് ഫോർ ഫൈനാൻസ്' നൽകിയ തുടർച്ചയായ സംഭാവനകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഗവേഷണ ഫലങ്ങളും പ്രചാരണവും ശക്തമാക്കുന്നതിനുള്ള ശ്രമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കുന്നു.
104. നാഗ്പൂരിൽ നടന്ന ബ്രിക്സ് ഗതാഗത മന്ത്രിമാരുടെ യോഗത്തിന്റെ ഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുകയും, ഗതാഗത സഹകരണം നടത്തുമ്പോൾ എല്ലാ അംഗരാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും മാനിച്ച്, എല്ലാ പങ്കാളികളുടെയും ആവശ്യം നിറവേറ്റുന്നതിനും ബ്രിക്സ് രാജ്യങ്ങളുടെ ഗതാഗത സാധ്യതകൾ വർധിപ്പിക്കുന്നതിനുമായി സിവിൽ ഏവിയേഷൻ ഉൾപ്പെടെയുള്ള ഗതാഗത സംവാദം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. സാമ്പത്തിക വളർച്ച, കണക്റ്റിവിറ്റി, പരിസ്ഥിതി സുസ്ഥിരത എന്നിവയിൽ നിർണായകമായ പങ്കു തിരിച്ചറിഞ്ഞുകൊണ്ട്, സുസ്ഥിരവും പ്രതിരോധശേഷിയുള്ളതുമായ ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഗതാഗത നയം, നിക്ഷേപം, സാങ്കേതിക-ശേഷിവർധന എന്നീ മേഖലകളിൽ സഹകരണം ആഴത്തിലാക്കാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്, ബ്രിക്സ് രാജ്യങ്ങളിലുടനീളമുള്ള ഗതാഗത അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിലും പരിപാലനത്തിലും ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ തത്ത്വങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെയും, അന്താരാഷ്ട്ര വ്യോമയാന മേഖലയിലെ കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള മാർഗങ്ങളായി 'സുസ്ഥിര വ്യോമയാന ഇന്ധനങ്ങളും' 'കുറഞ്ഞ കാർബൺ വ്യോമയാന ഇന്ധനങ്ങളും' പ്രോത്സാഹിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. സുസ്ഥിര വ്യോമയാന ഇന്ധനങ്ങളെക്കുറിച്ചുള്ള ബ്രിക്സ് ഫോറം, ഞങ്ങളുടെ പുനരുൽപ്പാദക ഊർജ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഗതാഗത കാർബൺ ലഘൂകരണത്തെക്കുറിച്ചുള്ള വിജ്ഞാന കൈമാറ്റത്തിനായുള്ള ബ്രിക്സ് സഹകരണ ചട്ടക്കൂട്, എളുപ്പത്തിൽ പ്രാപ്യവും താങ്ങാനാവുന്നതും എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്മാർട്ടുമായ നഗര ഗതാഗത പരിഹാരങ്ങളിൽ വിജ്ഞാന കൈമാറ്റത്തിനും സഹകരണത്തിനുമായി 'ബ്രിക്സ് അർബൻ മൊബിലിറ്റി ഹബ്' സ്ഥാപിക്കൽ എന്നിവയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ബ്രിക്സ് ലോജിസ്റ്റിക്സ് സപ്ലൈ-ചെയിൻ സഹകരണ ചട്ടക്കൂട് സ്ഥാപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും 'ബ്രിക്സ് റെയിൽവേ റിസർച്ച് നെറ്റ്‌വർക്ക്' നിർദേശത്തെക്കുറിച്ചുള്ള ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
105. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ കൺവെൻഷന്റെ അനുച്ഛേദം 50(എ)-യിലെ 2016-ലെ ഭേദഗതി പ്രാബല്യത്തിൽ വന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇത് ആഫ്രിക്ക, ഏഷ്യ പസഫിക് ഉൾപ്പെടെ മതിയായ പ്രതിനിധാനം ലഭിക്കാത്ത മേഖലകൾക്ക് നാല് സീറ്റുകൾ കൂടി നൽകിക്കൊണ്ട് ഐസിഎഒ കൗൺസിലിന്റെ അംഗത്വം വിപുലീകരിക്കുന്നു. 43-ാമത് (അസാധാരണ) ഐസിഎഒ അസംബ്ലിയിൽ നടക്കുന്ന വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കൗൺസിലിലെ ഈ അധിക സീറ്റുകൾ ഏറ്റെടുക്കുന്നതിനായി ഏക ആഫ്രിക്കൻ സ്ഥാനാർഥിയായി ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ച എത്യോപ്യയുടെയും ഇന്തോനേഷ്യയുടെയും സ്ഥാനാർഥിത്വങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
106. ന്യൂഡൽഹിയിൽ ബ്രിക്സ് അർബനൈസേഷൻ ഫോറം സംഘടിപ്പിച്ചതിനെയും മന്ത്രിതല പ്രഖ്യാപനം അംഗീകരിച്ചതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വ്യക്തികേന്ദ്രീകൃത നഗരവികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും; പര്യാപ്തവും സുരക്ഷിതവും താങ്ങാനാവുന്നതുമായ ഭവനം, കുടിവെള്ളവും ശുചിത്വവും, സുസ്ഥിരമായ സഞ്ചാരം, ഏകോപിപ്പിച്ചതും കാര്യക്ഷമവുമായ സഞ്ചാരം, മാലിന്യ സംസ്കരണം, മറ്റ് അവശ്യ നഗര സേവനങ്ങൾ എന്നിവയിൽ സഹകരണം ശക്തമാക്കിക്കൊണ്ട് എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും പ്രതിരോധശേഷിയുള്ളതും വാസയോഗ്യവുമായ നഗരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. കൂടാതെ, പ്രതിരോധശേഷിയുള്ളതും സുസ്ഥിരവുമായ നഗരവികസനത്തെ പിന്തുണയ്ക്കുന്നതിനായുള്ള പ്രായോഗിക ഗവേഷണം, വിജ്ഞാന വ്യാപനം, ശേഷിവർധന എന്നിവയ്ക്കുള്ള പ്ലാറ്റ്‌ഫോമെന്ന നിലയിൽ 'ബ്രിക്സ് അർബൻ റിസർച്ച് ആൻഡ് നോളജ് നെറ്റ്‌വർക്ക്' സ്ഥാപിച്ചതിനെയും ഞങ്ങൾ പ്രശംസിക്കുന്നു.
107. കാലാവസ്ഥാവ്യതിയാനം പോലുള്ള നമ്മുടെ പങ്കുവച്ച ഗ്രഹത്തെയും ഭാവിയെയും ഭീഷണിപ്പെടുത്തുന്ന വെല്ലുവിളികളെ നേരിടാൻ ബഹുമുഖത്വം ഉയർത്തിപ്പിടിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ആവർത്തിക്കുന്നു. യുഎൻഎഫ്സിസിസി, അതിന്റെ പാരിസ് കരാർ എന്നിവയുടെ ലക്ഷ്യങ്ങളും തത്ത്വങ്ങളും കൈവരിക്കുന്നതിനായി ഒരുമിച്ച് നിൽക്കാൻ ഞങ്ങൾ തീരുമാനിക്കുകയും, ഈ കരാറുകളിലെ കക്ഷികൾ എന്ന നിലയിൽ നിലവിലുള്ള പ്രതിജ്ഞാബദ്ധതകൾ ഉയർത്തിപ്പിടിക്കാനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ശ്രമങ്ങൾ നിലനിർത്താനും വർധിപ്പിക്കാനും എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. വിവിധ ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ സമത്വവും, പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളും അതത് ശേഷികളും എന്ന തത്ത്വവും പ്രതിഫലിപ്പിച്ചുകൊണ്ട്, ലഘൂകരണം, പൊരുത്തപ്പെടുത്തൽ, നഷ്ടവും നാശനഷ്ടവും, വികസ്വര രാജ്യങ്ങൾക്ക് നടപ്പാക്കൽ മാർഗങ്ങൾ ലഭ്യമാക്കൽ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടെ പാരിസ് കരാറിന്റെ പൂർണവും ഫലപ്രദവുമായ നടപ്പാക്കൽ ശക്തമാക്കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള യുഎൻഎഫ്സിസിസിയുടെ ലക്ഷ്യത്തോടുള്ള ഞങ്ങളുടെ ഉറച്ച പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. ഉയർന്ന കടബാധ്യതകൾ പല വികസ്വര രാജ്യങ്ങളിലും കാലാവസ്ഥാ-വികസന നിക്ഷേപങ്ങളെ കൂടുതൽ പരിമിതപ്പെടുത്തുന്നുവെന്ന് അംഗീകരിക്കുകയും കട സുസ്ഥിരത വർധിപ്പിക്കുന്നതിനും സാമ്പത്തിക ഇടം വിപുലീകരിക്കുന്നതിനും സുസ്ഥിര വികസനത്തിനും കാലാവസ്ഥാ സാമ്പത്തിക സഹായത്തിനും പിന്തുണ നൽകുന്നതിനുമായി ഏകോപിപ്പിച്ച അന്താരാഷ്ട്ര നടപടിക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. കാലാവസ്ഥാവ്യതിയാനവും സുസ്ഥിര വികസനവും സംബന്ധിച്ച കോൺടാക്റ്റ് ഗ്രൂപ്പിൽ ഇതുമായി ബന്ധപ്പെട്ട ബ്രിക്സ് സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ബ്രസീലിന്റെ സിഒപി30 അധ്യക്ഷത വിജയകരമായി പൂർത്തിയാക്കിയതിനെ ഞങ്ങൾ പ്രശംസിക്കുകയും എത്യോപ്യയുടെ യുഎൻഎഫ്സിസിസി സിഒപി32 അധ്യക്ഷതയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
108. കാർബൺ ബോർഡർ അഡ്ജസ്റ്റ്‌മെന്റ് സംവിധാനങ്ങൾ പോലെ അന്താരാഷ്ട്ര നിയമങ്ങൾക്ക് നിരക്കാത്ത ഏകപക്ഷീയവും ശിക്ഷാപരവും വിവേചനപരവും സംരക്ഷണവാദപരവുമായ നടപടികളെ ഞങ്ങൾ എതിർക്കുകയും, ഇത്തരം നടപടികൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങളെ പരിഹരിക്കുന്നതിനും പൊരുത്തപ്പെടുത്തൽ ശേഷിയും പ്രതിരോധശേഷിയും വർധിപ്പിക്കുന്നതിനും രാജ്യങ്ങൾ, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ തുരങ്കം വെയ്ക്കുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നു.
109. ബ്രിക്സ് അംഗരാജ്യങ്ങളിൽ കാലാവസ്ഥാ നടപടികൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതിനുമായി 'ബ്രിക്സ് ക്ലൈമറ്റ് റിസർച്ച് പ്ലാറ്റ്‌ഫോം', 'വ്യാപാരം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം എന്നിവയ്ക്കായുള്ള ബ്രിക്സ് ലബോറട്ടറി' എന്നിവയുടെ സാധ്യതകളെ ഞങ്ങൾ എടുത്തുപറയുകയും അവയുടെ കൂടുതൽ വികസനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ ധനസഹായത്തെക്കുറിച്ചുള്ള 2025-ലെ നേതാക്കളുടെ ചട്ടക്കൂട് പ്രഖ്യാപനം ഓർമിച്ചുകൊണ്ട്, ശേഷിവർധനയിലും അനുഭവങ്ങളുടെ കൈമാറ്റത്തിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കാർബൺ വിപണികളുടെ മേഖലയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ഒപ്പം ലഘൂകരണ ശ്രമങ്ങൾക്ക് പൂരകമാകുന്നതിനും ആവശ്യമായ വിഭവങ്ങൾ സമാഹരിക്കുന്നതിനും ഉൾപ്പെടെയുള്ള കാലാവസ്ഥാ തന്ത്രങ്ങളിൽ അംഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സഹകരണ സമീപനമെന്ന നിലയിൽ 'ബ്രിക്സ് കാർബൺ മാർക്കറ്റ്സ് പാർട്ണർഷിപ്പ് സംബന്ധിച്ച ധാരണാപത്രം' നടപ്പാക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു. 'വ്യക്തികേന്ദ്രീകൃത സമൂഹത്തിലധിഷ്ഠിത അനുകൂലന സമീപനങ്ങളെക്കുറിച്ചുള്ള ബ്രിക്സ് ഉന്നതതല സംവാദത്തിലൂടെയും' 'കാർബൺ വിപണികളെ പൊരുത്തപ്പെടുത്തൽ ലക്ഷ്യങ്ങളുമായി യോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള സംവാദത്തിലൂടെയും' ഉള്ള വിജ്ഞാന വ്യാപനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു.
110. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിരോധവും സുസ്ഥിര വികസനവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗമെന്ന നിലയിൽ, ജനകേന്ദ്രീകൃതവും സാമൂഹ്യാധിഷ്ഠിതവുമായ പൊരുത്തപ്പെടലുകളിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഈ മാറ്റത്തിനായി വികസിത രാജ്യങ്ങൾ, വികസ്വര രാജ്യങ്ങൾക്ക് പര്യാപ്തവും, മുൻകൂട്ടി പ്രവചിക്കാവുന്നതും, ലഭ്യമാകുന്നതുമായ സാമ്പത്തിക സ്രോതസ്സുകൾ, ശേഷി വികസന പിന്തുണ, സാങ്കേതികവിദ്യാ വികസനവും കൈമാറ്റവും എന്നിവ നൽകേണ്ടതാണ്. മാറിയ പരിതഃസ്ഥിതിയുമായി ഇണങ്ങിച്ചേരുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിലും കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ, തദ്ദേശീയ-പ്രാദേശിക സമൂഹങ്ങളുടെ രീതികൾ, പ്രാദേശിക നൂതനാശയങ്ങൾ, വിവിധസമൂഹങ്ങളുടെ അനുഭവങ്ങൾ എന്നിവയുടെ മൂല്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു. കൂടാതെ, പരമ്പരാഗത വിജ്ഞാനത്തെ ശാസ്ത്രീയ വിജ്ഞാനവുമായും സാങ്കേതിക നവീകരണവുമായും സമന്വയിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അനുഭവങ്ങൾ, അറിവുകൾ, മികച്ച രീതികൾ എന്നിവയുടെ കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പരമ്പരാഗത അറിവുകളെ അടിസ്ഥാനമാക്കി, ജനകേന്ദ്രീകൃതവും സാമൂഹ്യാധിഷ്ഠിതവുമായ പൊരുത്തപ്പെടൽ നടപടികളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ബ്രിക്സ് തത്വങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ദേശീയതലത്തിൽ നിശ്ചയിച്ചിട്ടുള്ള ന്യായമായ പരിവർത്തനങ്ങളുടെയും സമതുലിതമായ ലഘൂകരണ-പൊരുത്തപ്പെടൽ നടപടികളുടെയും പ്രാധാന്യം ഞങ്ങൾ അടിവരയിട്ടു പറയുന്നു. കാർബൺ സംഭരണികളായും, കാർബൺ ശേഖരങ്ങളായും ആവാസവ്യവസ്ഥയുടെ സേവന ദാതാക്കളായും കാലാവസ്ഥാ പ്രതിരോധത്തിന് സംഭാവന നൽകുന്നവരായും ഉള്ള ആവാസവ്യവസ്ഥയുടെ നിർണായക പങ്കിനെയും, കാർബൺ ഉദ്‌വമനം കുറയ്ക്കുന്നതിനും പൊരുത്തപ്പെടൽ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ലഭ്യമായതും പ്രാപ്യമായതുമായ എല്ലാ പരിഹാരങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പ്രാധാന്യവും ഞങ്ങൾ എടുത്തുകാട്ടുന്നു.
111. ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിരമായ ഉപയോഗവും, ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നുള്ള നേട്ടങ്ങളുടെ നീതിയുക്തവും തുല്യവുമായ പങ്കുവെക്കലും, ജൈവവൈവിധ്യ കൺവെൻഷൻ, അതിന്റെ പ്രോട്ടോക്കോളുകൾ, 'കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ജൈവവൈവിധ്യ ചട്ടക്കൂട്, എന്നിവയുടെ ഫലപ്രദമായ നടപ്പാക്കലും പ്രധാനമാണെന്ന് ഞങ്ങൾ അടിവരയിട്ടു പറയുന്നു. കുൻമിംഗ് ജൈവവൈവിധ്യ ഫണ്ട് രൂപീകരിച്ചതിനെയും, അതിനായി ചൈന നൽകിയ സംഭാവനകളെയും ഞങ്ങൾ അഭിനന്ദിക്കുന്നു. വികസ്വര രാജ്യങ്ങളുടെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പിന്തുണനൽകുന്നതിൽ ഈ ഫണ്ട് സുപ്രധാന പങ്കാണ് വഹിക്കുന്നത്. കുൻമിംഗ്-മോൺട്രിയൽ ഗ്ലോബൽ ജൈവവൈവിധ്യ ചട്ടക്കൂടിനായുള്ള ബ്രിക്സ് രാജ്യങ്ങളുടെ മുൻകൈകളെയും ഞങ്ങൾ പ്രധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ജൈവവൈവിധ്യ സംരക്ഷണം, സുസ്ഥിരമായ ഉപയോഗം, ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നുള്ള നേട്ടങ്ങളുടെ നീതിയുക്തവും തുല്യവുമായ പങ്കുവെക്കൽ എന്നിവയ്ക്കായി വികസ്വര രാജ്യങ്ങൾക്ക് പര്യാപ്തവും, ഫലപ്രദവും, സമയബന്ധിതവുമായ സാമ്പത്തിക സ്രോതസ്സുകൾ ഉറപ്പാക്കാനും, അതുപോലെ തന്നെ ശേഷി വികസനം, സാങ്കേതിക വിദ്യയുടെ വികസനവും കൈമാറ്റവും തുടങ്ങിയവ മെച്ചപ്പെടുത്താനും വികസിത രാജ്യങ്ങളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അപൂർവ്വ ഇനങ്ങളെ സംരക്ഷിക്കുന്നതിനുള്ള അംഗ രാജ്യങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. വലിയ പൂച്ചവർഗ്ഗങ്ങളുടെ വർഗ്ഗങ്ങളുടെ നിലനിൽപ്പിന് വലിയ ഭീഷണിയും അരക്ഷിതാവസ്ഥയുമുള്ള ഈ കാലത്തിൽ, ഒരു 'ഇന്റർനാഷണൽ ബിഗ് ക്യാറ്റ്സ് അലയൻസ്' രൂപീകരിക്കുന്നതിനുള്ള ഇന്ത്യയുടെ നടപടി ഞങ്ങൾ അംഗീകരിക്കുന്നു, അതുപോലെതന്നെ വലിയ പൂച്ചവർഗ്ഗങ്ങളുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ ബ്രിക്സ് രാജ്യങ്ങളോട് ആഹ്വനം ചെയ്യുന്നു.
112. ജൈവവൈവിധ്യം, ജലാശയങ്ങൾ, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിനും, സാമ്പത്തിക മേഖലക്ക് പ്രയോജനം ഉണ്ടാക്കുന്ന ഉയർന്ന മൂല്യമുള്ള തടിയും, മറ്റ് വനവിഭവങ്ങളും ലഭ്യമാക്കുന്നതിലും, ജലചക്രങ്ങളെ നിയന്ത്രിക്കുന്നതിലും, വനങ്ങളുടെ പങ്ക് നിർണ്ണായകമാണ്. അതുപോലെ തന്നെ മരുഭൂവൽക്കരണം, ഭൂ നശീകരണം, വരൾച്ച എന്നിവയെ ചെറുക്കുന്നതിനും, സുപ്രധാന കാർബൺ സംഭരണികളായി പ്രവർത്തിക്കുന്നതിനും ദ്രുവപ്രദേശങ്ങളിലെയും ഉഷ്ണമേഖലയിലെയും ഉൾപ്പെടെ എല്ലാത്തരം വനങ്ങളുടെയും പങ്ക് ഞങ്ങൾ അടിവരയിട്ടു പറയുന്നു. സുസ്ഥിര വനപരിപാലനത്തെയും പുനരുദ്ധാരണത്തെയും പിന്തുണയ്ക്കുന്ന മികച്ച മാതൃകകൾ പങ്കുവെക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിരമായ ഉപയോഗത്തിലൂടെ തദ്ദേശീയ ജനവിഭാഗങ്ങൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുൾപ്പെടെയുള്ളവരുടെ ഉപജീവനമാർഗ്ഗങ്ങളെ പിന്തുണയ്ക്കുന്നതിൽ വന മേഖലയ്ക്കുള്ള പങ്കും നിസ്തുലമാണ്. ബ്രിക്സ് രാജ്യങ്ങളിലുടനീളം സമഗ്ര ലാൻഡ്‌സ്‌കേപ്പ് അധിഷ്ഠിത ഹരിതവൽക്കരണത്തിനും ഭൂമി പുനരുദ്ധാരണത്തിനുമുള്ള 'ബ്രിക്സ് തത്വങ്ങൾ', കാട്ടുതീ പ്രതിരോധ - പ്രതികരണ പ്രവർത്തനങ്ങൾക്കുള്ള പൊതുവായ ധാരണ എന്നിവ അംഗീകരിച്ചതിനെ ഞങ്ങൾ ഇവിടെ പ്രത്യേകം പരാമർശിക്കുന്നു. ബെലെം കാലാവസ്ഥാ ഉച്ചകോടിയിൽ 'ട്രോപ്പിക്കൽ ഫോറസ്റ്റ് ഫോറെവർ പദ്ധതി ആരംഭിച്ചതിനെയും ഞങ്ങൾ സ്വാഗതം ചെയ്യുകയും, ഉഷ്ണമേഖലാ വനസംരക്ഷണത്തിനായി ദീർഘകാലവും ഫലപ്രാപ്തിയെ അടിസ്ഥാനമാക്കിയുള്ളതുമായ ധനസഹായം സമാഹരിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു നൂതന സംവിധാനമായി ഇതിനെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ പദ്ധതിക്കായുള്ള മൂലധനം സ്വരൂപിക്കുന്നതിനും സമയബന്ധിതമായ പ്രവർത്തനം ഉറപ്പാക്കുന്നതിനും, നിക്ഷേപം നടത്താൻ സാധ്യതയുള്ള രാജ്യങ്ങൾ ഉടൻ തന്നെ വൻതോതിലുള്ള സംഭാവനകൾ പ്രഖ്യാപിക്കണമെന്ന് ഞങ്ങൾ ആഹ്വനം ചെയ്യുന്നു. "യുണൈറ്റഡ് ഫോർ അവർ ഫോറസ്റ്റ്സ്" എന്ന സംരംഭത്തെ ഞങ്ങൾ അംഗീകരിക്കുന്നു. അതോടൊപ്പം ഉഷ്ണമേഖലാ ആവാസവ്യവസ്ഥകളുടെ സംരക്ഷണം, സുസ്ഥിര പരിപാലനം, പുനരുദ്ധാരണം എന്നിവ പ്രവർത്തികമാക്കുന്ന ദേശീയ ഹരിതവൽക്കരണ പദ്ധതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യു.എ.ഇ-യും ഇന്തോനേഷ്യയും സംയുക്തമായി നയിക്കുന്ന 'മാംഗ്രോവ് അലയൻസ് ഫോർ ക്ലൈമറ്റ്' - കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായുള്ള സഖ്യം അന്താരാഷ്ട്ര സഹകരണത്തിനായുള്ള വേദിയെന്ന നിലയിൽ ഞങ്ങൾ പ്രത്യേകം അടയാളപ്പെടുത്തുന്നു.
113. ജലലഭ്യത, മരുഭൂവൽക്കരണം, വരൾച്ച, ഭൂമി നശീകരണം, അതുപോലെ തന്നെ മണൽ-പൊടിക്കാറ്റുകൾ, കാട്ടുതീ തുടങ്ങിയ കടുത്ത പരിസ്ഥിതി വെല്ലുവിളികളെ അതിജീവിക്കുക എന്നതിനെ ഞങ്ങൾ അംഗീകരിക്കുന്നു. ഇവയെല്ലാം ആവാസവ്യവസ്ഥ, കൃഷി, ദുർബല സാഹചര്യങ്ങളിലുള്ള ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്. സമഗ്രമായ ആവാസവ്യവസ്ഥാ പുനരുദ്ധാരണത്തിനായി മലനിരകൾ, ജലവിഭവങ്ങൾ, വനങ്ങൾ, കരിനിലങ്ങൾ, കണ്ടൽക്കാടുകൾ, കൃഷിയിടങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ എന്നിവയുടെ സംയോജിത സംരക്ഷണത്തിനും വ്യവസ്ഥാപിതമായ പരിപാലനത്തിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2026 ഡിസംബർ 8 മുതൽ 10 വരെ അബുദാബിയിൽ വെച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്‌സും റിപ്പബ്ലിക് ഓഫ് സെനഗലും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന '2026 യുണൈറ്റഡ് നേഷൻസ് വാട്ടർ കോൺഫറൻസിന്റെ' പ്രാധന്യത്തെ ഞങ്ങൾ അംഗീകരിക്കുന്നു. കൂടാതെ, ശുദ്ധജലവും ശുചിത്വവും സംബന്ധിച്ച 'സുസ്ഥിര വികസന ലക്ഷ്യം 6' (എല്ലാവർക്കും ജലലഭ്യതയും സുസ്ഥിരമായ ജലപരിപാലനവും ശുചിത്വവും ഉറപ്പാക്കുക - SDG 6) നടപ്പിലാക്കുന്നത് വേഗത്തിലാക്കുന്നതിനുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും, ലക്ഷ്യപ്രാപ്‌തി നേടുന്നതിനും ഞങ്ങൾ ആഗ്രഹിക്കുന്നു.
114. നഗരവൽക്കരണം, വ്യവസായവൽക്കരണം, മാറിക്കൊണ്ടിരിക്കുന്ന ഉപഭോഗരീതികൾ എന്നിവയുടെ ഉപോൽപ്പന്നമായ മാലിന്യ ഉൽപ്പാദനത്തിന്റെ വ്യാപ്തിയും സങ്കീർണ്ണതയും വർദ്ധിച്ചുവരുന്നതായി ഞങ്ങൾ വിലയിരുത്തുന്നു. പദാർത്ഥങ്ങളുടെ പുനരുപയോഗവും, വിഭവ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ദേശീയ മുൻഗണനകൾക്കും ശേഷികൾക്കും അനുസൃതമായി, വിപുലീകൃത ഉൽപാദക ഉത്തരവാദിത്തം (ഇപിആർ), പരിസ്ഥിതി രൂപകൽപ്പന, സുസ്ഥിര പൊതു സംഭരണം തുടങ്ങിയ നയപരമായ മാർഗ്ഗങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ പിന്തുണയോടെയുള്ള സംയോജിത മാലിന്യ സംസ്കരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെയും, മെച്ചപ്പെട്ട നിരീക്ഷണ സംവിധാനങ്ങളുടെയും, പുനരുപയോഗ - വീണ്ടെടുക്കൽ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങളുടെയും പ്രാധാന്യം ഞങ്ങൾ ഊന്നിപ്പറയുന്നു. സുസ്ഥിര ജീവിതശൈലിയുമായി ബന്ധപ്പെട്ട അറിവ് പങ്കുവെക്കൽ, ഗവേഷണം, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ബ്രിക്സ് സ്ഥാപനങ്ങളുടെ ഒരു ശൃംഖല രൂപീകരിക്കുന്നതിനേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 2026-ൽ 'ബ്രിക്സ് സുസ്ഥിര ജീവിതശൈലി വാരം' സംഘടിപ്പിക്കുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നു.
115. ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് (NDB) അതിന്റെ ഉയർന്ന ഗുണനിലവാരമുള്ള വികസനത്തിന്റെ രണ്ടാമത്തെ സുവർണ്ണ ദശകത്തിലേക്ക് കടക്കുകയാണ്. എല്ലാ ഓഹരി ഉടമകളായ രാജ്യങ്ങളിലും ഗ്ലോബൽ സൗത്തിലും വികസനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും ശക്തവും തന്ത്രപരവുമായ ഒരു ഏജന്റ് എന്ന നിലയിൽ അതിന്റെ വളർന്നുവരുന്ന പങ്കിനെ ഞങ്ങൾ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. കുറഞ്ഞ വരുമാനമുള്ള, കാർഷികാധിഷ്ഠിത ഘടനകളിൽ നിന്ന് വ്യവസായവൽക്കരിക്കപ്പെട്ട, ആഗോളതലത്തിൽ സംയോജിത സമ്പദ്‌വ്യവസ്ഥകളിലേക്ക് മാറുന്ന രാജ്യങ്ങളാണ് EMDCs. ഇവയുടെ വികസന മുൻഗണനകളും അടിസ്ഥാന സൗകര്യ ആവശ്യങ്ങളും നിറവേറ്റുന്നതിൽ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ വർദ്ധിച്ചുവരുന്ന പങ്കിനെ ഞങ്ങൾ അടിവരയിട്ടു പറയുന്നു. സുസ്ഥിര വികസനം മുന്നോട്ടു കൊണ്ടുപോകുകയും അസമത്വം കുറയ്ക്കുകയും അടിസ്ഥാന സൗകര്യ നിക്ഷേപങ്ങളും സാമ്പത്തിക ഏകീകരണവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മികച്ച പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി, വിഭവങ്ങൾ സമാഹരിക്കുന്ന ശേഷി സ്ഥിരമായി വികസിപ്പിക്കുക, നവോത്ഥാനത്തെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക കറൻസിയിലെ വായ്പ വ്യാപിപ്പിക്കുക, ധനസമാഹരണ ഉറവിടങ്ങളെ വൈവിധ്യമാക്കുക എന്നീ മേഖലകളിൽ ഉള്ള ബാങ്കിന്റെ ശ്രമങ്ങൾക്ക് ഞങ്ങൾ പിന്തുണ നൽകുന്നു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, അസമത്വങ്ങൾ കുറയ്ക്കുന്നതിനും, വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിൽ വെല്ലുവിളികൾ നേരിടുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിർണായക ബ്രിക്സ് സ്ഥാപനമായി ഞങ്ങൾ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിനെ നോക്കിക്കാണുന്നു. ബാങ്കിന്റെ ലക്ഷ്യങ്ങളും ചുമതലകളും ന്യായവും വിവേചനരഹിതവുമായ രീതിയിൽ തുടർന്നും നടപ്പിലാക്കുന്നതിനായി, അംഗരാജ്യങ്ങളുടെ നേതൃത്വത്തിൽ രൂപീകരിച്ച തത്ത്വങ്ങൾ പിന്തുടരാൻ ഞങ്ങൾ NDB-യെ ആഹ്വനം ചെയ്യൂന്നു. ഒപ്പം ബാങ്കിന്റെ സ്ഥാപനപരമായ കരുത്തും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്ന തരത്തിൽ അതിന്റെ ഭരണസംവിധാനം ശക്തിപ്പെടുത്തണം. NDB-യുടെ പൊതു തന്ത്രത്തിനും അനുബന്ധ നയങ്ങൾക്കും അനുസൃതമായി, ബാങ്കിലെ അംഗത്വം കൂടുതൽ വിപുലീകരിക്കുന്നതിനും താൽപ്പര്യമുള്ള ബ്രിക്സ് രാജ്യങ്ങളുടെ അപേക്ഷകൾ വേഗത്തിൽ പരിഗണിക്കുന്നതിനുമുള്ള നടപടികൾക്ക് ഞങ്ങൾ വീണ്ടും പിന്തുണ പ്രഖ്യാപിക്കുന്നു. ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (NDB) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ ചെയർമാൻ എന്ന നിലയിൽ, 2026 മേയ് 14-15 തീയതികളിൽ മോസ്കോയിൽ വെച്ച് 11-ാമത് എൻ.ഡി.ബി വാർഷിക യോഗം സംഘടിപ്പിച്ചതിന് റഷ്യയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇന്ത്യയുടെ അധ്യക്ഷതയിൽ, എൻ.ഡി.ബി-യുമായി സഹകരിച്ച് 'ബ്രിക്സ്-എൻ.ഡി.ബി നോളഡ്ജ് പോർട്ടൽ' ആരംഭിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഈ പോർട്ടൽ ബ്രിക്സ് അംഗങ്ങളിലുടനീളമുള്ള വികസന അനുഭവങ്ങൾ, മികച്ച മാതൃകകൾ, നയപരമായ നവീകരണങ്ങൾ, രാജ്യങ്ങളുടെ വിവിധ പ്രോഗ്രാമുകളിൽ നിന്നും എൻ.ഡി.ബി ധനസഹായം നൽകിയ പ്രോജക്ടുകളിൽ നിന്നുമുള്ള പാഠങ്ങൾ എന്നിവയെ ഒരുമിച്ച് കൊണ്ടുവരുന്നു. സാമ്പത്തിക നയം, സാമ്പത്തിക സുരക്ഷാ നടപടികൾ, സാങ്കേതിക സഹകരണം എന്നിവ ഏകോപിപ്പിക്കുന്ന പോർട്ടൽ ബ്രിക്‌സ് ഫിനാൻസ് ട്രാക്ക് വർക്ക്‌സ്ട്രീംസ്‌ലെ ഫലങ്ങളുടെ ശേഖരമായി പ്രവർത്തിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. ഇത് മാറി വരുന്ന ചെയർഷിപ്പുകൾക്കിടയിൽ തുടർച്ചയും അറിവ് കൈമാറ്റവും പിന്തുണയ്ക്കുന്നു. ബ്രിക്‌സ് രാജ്യങ്ങൾക്ക് പ്രായോഗികവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഒരു ഉപകരണമായി ഇതിനെ മാറ്റുന്നതിന് പോർട്ടലിന്റെ കൂടുതൽ വികസനം നടത്തണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു.
116. വികസ്വരവും വളർന്നുവരുന്നതുമായ സമ്പദ്‌വ്യവസ്ഥകളുടെ കൂടുതൽ ഫലപ്രദവും നീതിയുക്തവും കാര്യക്ഷമവുമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ആഗോള സാമ്പത്തിക ഭരണസംവിധാനത്തിന്റെ തുടർച്ചയായ പരിഷ്കരണം ആവശ്യമാണ്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനായുള്ള ഏറ്റവും പ്രധാനപ്പെട്ട ആഗോള വേദിയെന്ന നിലയിൽ ജി20-യുടെ പ്രധാന പങ്കിനെ ഞങ്ങൾ അടിവരയിടുന്നു. വികസ്വര രാജ്യങ്ങൾക്കും വികസിത രാജ്യങ്ങൾക്കും തുല്യവും പരസ്പര പ്രയോജനകരവുമായ സംഭാഷണങ്ങൾ നടത്തുന്നതിനും, ആഗോള വെല്ലുവിളികൾക്ക് കൂട്ടായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും, ഒരു ബഹുധ്രുവ ലോകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും, ഒപ്പം തുറന്നതും വിവേചനരഹിതവും നീതിയുക്തവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥയും മൂല്യ ശൃംഖലകളും ഉറപ്പാക്കുന്നതിനും ജി20 ഒരു വേദി ഒരുക്കുന്നു. 2022-2025 കാലയളവിൽ ഇന്തോനേഷ്യ, ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങൾ തുടർച്ചയായി വഹിച്ച ജി20 അധ്യക്ഷപദവികളുടെ പൈതൃകം നിലനിർത്തുന്നതിനായി കൂട്ടായി പ്രവർത്തിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു. കൂടാതെ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വളർന്നുവരുന്ന വിപണികളുടെയും വികസ്വര സമ്പദ്‌വ്യവസ്ഥകളുടെയും വർദ്ധിച്ചുവരുന്ന സ്വാധീനം ജി20 വേണ്ടവിധം പ്രതിഫലിപ്പിക്കുന്നതിനും അവരുടെ മുൻഗണനകൾ ജി20 അജണ്ടയിൽ ഉൾപ്പെടുത്തുന്നതിനുമായി, ആഗോള സാമ്പത്തിക ഭരണസംവിധാനത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദം കൂടുതൽ ശക്തമാക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. 2023-ൽ ഇന്ത്യയുടെ ജി20 അധ്യക്ഷകാലത്ത് ആഫ്രിക്കൻ യൂണിയനെ ജി20-ൽ ഉൾപ്പെടുത്തിയതിലൂടെയും, ബ്രസീലിന്റെയും ദക്ഷിണാഫ്രിക്കയുടെയും അധ്യക്ഷകാലങ്ങളിൽ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിനെ ക്ഷണിച്ചതിലൂടെയും, ജി20-ൽ EMDE-കളുടെ ശബ്ദം ശക്തമാക്കിയതിനെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ജി20-യുടെ സാമ്പത്തിക ചുമതലകൾ, ഐക്യകണ്ഠേനയുള്ള തീരുമാനങ്ങൾ, രാഷ്ട്രീയവത്കരിക്കപ്പെടാത്ത നടപടിക്രമങ്ങൾ, അംഗത്വത്തിൽ ഏകപക്ഷീയമായ മാറ്റങ്ങൾ വരുത്തുന്നതിലുള്ള അസ്വീകാര്യത എന്നിവയുടെ അടിസ്ഥാനത്തിൽ, ആ കൂട്ടായ്മയുടെ തുടർച്ചയായതും ഫലപ്രദവുമായ പ്രവർത്തനത്തിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. ഈ സാഹചര്യത്തിൽ, ജി20 രൂപീകരിച്ച ഒരു സ്ഥാപക രാജ്യമെന്ന നിലയിലും പൂർണ്ണ പങ്കാളിത്തമുള്ള ഒരു അംഗമെന്ന നിലയിലുമുള്ള ദക്ഷിണാഫ്രിക്കയുടെ പദവിയെ ഞങ്ങൾ ഏറെ ശ്ലാഖിക്കുന്നു. അതോടൊപ്പം, അംഗത്വത്തിൽ വരുത്തുന്ന മാറ്റവും എല്ലാ അംഗങ്ങളുടെയും പൊതുസമ്മതത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, അത് ഭൂമിശാസ്ത്രപരമായ സന്തുലിതാവസ്ഥയെയും ആഗോള ഉൽപ്പാദനത്തിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കിനെയും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്നും ഞങ്ങൾ ഊന്നിപ്പറയുന്നു.
117. ഓരോ രാജ്യത്തിന്റെയും ദേശീയ മുൻഗണനകൾ, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെ മാനിച്ചുകൊണ്ട് തന്നെ, നിർണായകവും ഉയർന്നുവരുന്നതുമായ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ രംഗങ്ങളിലും സുതാര്യവും മത്സരാധിഷ്ഠിതവും വെല്ലുവിളികളെ നേരിടാൻ ശേഷിയുള്ളതുമായ വിപണി സാഹചര്യങ്ങൾ വളർത്തിയെടുക്കുന്നതിനായി, ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ മത്സര നിയമ, നയ രൂപീകരണ മേഖലകളിൽ സഹകരണം ശക്തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. സുസ്ഥിര ഊർജ്ജ പരിവർത്തനത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ, 'പുനരുപയോഗ ഊർജ്ജ വിപണികൾ ഉൾപ്പെടെയുള്ള മേഖലകളിൽ ന്യായമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണം ശക്തമാക്കൽ' എന്ന പ്രമേയത്തിന് കീഴിൽ നടന്ന ചർച്ചകളെ ഞങ്ങൾ വിലയിരുത്തുന്നു. നവീകരണങ്ങളെ പിന്തുണയ്ക്കുന്നതും ഉപഭോക്തൃ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതുമായ, സുതാര്യവും സുഗമമായി പ്രവർത്തിക്കുന്നതുമായ വിപണികൾ സംരക്ഷിക്കുന്നതിനായി, ഉയർന്നുവരുന്ന മത്സര വെല്ലുവിളികളെ തിരിച്ചറിയുന്നതിനും അവ ഫലപ്രദമായി പരിഹരിക്കുന്നതിനും ബ്രിക്സ് കോമ്പറ്റീഷൻ അതോറിറ്റികൾക്കിടയിൽ തുടർച്ചയായ സഹകരണം ഞങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു.
118. ബ്രിക്സ് രാജ്യങ്ങളിലെ ദേശീയ നിലവാര സ്ഥാപനങ്ങൾ (NSBs) തമ്മിലുള്ള സഹകരണത്തെ ഞങ്ങൾ അംഗീകരിക്കുകയും, സ്റ്റാൻഡേർഡൈസേഷൻ മേഖലയിലെ സഹകരണത്തിനായുള്ള 'ബ്രിക്സ് ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിനുള്ള പുരോഗതിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. ഇത് പരസ്പര സഹകരണം ശക്തമാക്കുന്നതിനും, വിവര കൈമാറ്റം മെച്ചപ്പെടുത്തുന്നതിനും, പതിവ് ചർച്ചകൾക്കും സംയുക്ത പ്രവർത്തനങ്ങൾക്കുമുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിനും, വിവിധ മേഖലകളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിലവാര നിർണ്ണയ പ്രക്രിയകളിൽ ഏകോപിതമായി ഇടപെടുന്നതിനും ഉതകുന്ന 'നിലവാര നിർണ്ണയ മേഖലയിലെ സഹകരണത്തിനായുള്ള ബ്രിക്സ് ധാരണാപത്രം' ഒപ്പുവെക്കുന്നതിലേക്കുള്ള പുരോഗതിയെ ഞങ്ങൾ ഒരു സുപ്രധാന നാഴികക്കല്ലായി സ്വാഗതം ചെയ്യുന്നു. എ.ഐ മാനദണ്ഡ നിർണ്ണയത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള 'ബ്രിക്സ് ടെക്നിക്കൽ സെഷൻ', ശേഷി വികസനത്തിനായുള്ള 'ബ്രിക്സ് നോളഡ്ജ് എക്സ്ചേഞ്ച് സെഷൻ' വ്യാപാര വികസനത്തിലും മാനദണ്ഡ നിർണ്ണയ സഹകരണത്തിലും ഊന്നിയുള്ള 'ബ്രിക്സ് ഇക്കണോമിക് ആൻഡ് ട്രേഡ് ഫോറം' എന്നിവ ഉൾപ്പെടെ, മാനദണ്ഡ നിർണ്ണയത്തിന്റെയും ശേഷി വികസനത്തിന്റെയും വളർന്നുവരുന്ന മേഖലകളിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മുൻകൈകളെ ഞങ്ങൾ ശക്തമായി സ്വാഗതം ചെയ്യുന്നു. മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിലും, സ്വീകരിക്കുന്നതിലും, നടപ്പിലാക്കുന്നതിലുമുള്ള ദേശീയ അനുഭവങ്ങൾ, മികച്ച മാതൃകകൾ, നൂതനമായ സമീപനങ്ങൾ എന്നിവയെക്കുറിച്ച് ബ്രിക്സ് നാഷണൽ സ്റ്റാൻഡേർഡ്സ് ബോഡികൾ തമ്മിൽ തുടർച്ചയായ ആശയവിനിമയം നടത്തുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു; കൂടാതെ ബ്രിക്സ് രാജ്യങ്ങളിലുടനീളം സഹകരണവും സ്ഥാപനപരമായ ശേഷികളും ശക്തമാക്കുന്നതിനായി സാങ്കേതിക വൈദഗ്ധ്യവും വിഭവങ്ങളും പങ്കുവെക്കുന്നതിനെയും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
119. സ്ഥിതി വിവര കണക്കുകളുടെ മാറിക്കൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയിൽ നയരൂപീകരണത്തിൽ സ്ഥിതിവിവരക്കണക്കുകളുടെ സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. സ്ഥിതിവിവരക്കണക്ക് സംവിധാനങ്ങളുടെ ആധുനികവൽക്കരണം, നൂതനമായ രീതിശാസ്ത്രങ്ങളും ഡാറ്റാ സ്രോതസ്സുകളും സ്വീകരിക്കൽ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ തുടർച്ചയായ സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. അംഗരാജ്യങ്ങൾക്കിടയിൽ അറിവ് പങ്കുവെക്കലും സഹകരണവും പിന്തുണയ്ക്കുന്നതിനായി ഭരണ നിർവ്വഹണ ബദൽ ഡാറ്റാ സ്രോതസ്സുകളുടെ ഉപയോഗം, നിർമ്മിത ബുദ്ധി, ശേഷി വികസന പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ദേശീയ സ്ഥിതിവിവരക്കണക്ക് പരിഷ്കരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിക്കേണ്ടതിന്റെയും കൃത്യമായ ഇടവേളകളിൽ അവ പുതുക്കേണ്ടതിന്റെയും ആവശ്യകത ഞങ്ങൾ വിലയിരുത്തുന്നു. ബ്രിക്സിനുള്ളിൽ മെച്ചപ്പെട്ട അറിവ് പങ്കുവെക്കലും ശേഷി വികസനവും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബ്രിക്സ് അംഗങ്ങൾക്കിടയിലെ സുതാര്യത, പരസ്പര പഠനം, സഹകരണം എന്നിവയ്ക്കുള്ള വിലയേറിയ ഒരു ഉപകരണം എന്ന നിലയിൽ വാർഷിക 'ബ്രിക്സ് ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കൽ പബ്ലിക്കേഷൻ', 'ബ്രിക്സ് ജോയിന്റ് സ്റ്റാറ്റിസ്റ്റിക്കൽ പബ്ലിക്കേഷൻ സ്നാപ്പ്ഷോട്ട്' എന്നിവ തുടരുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു.
120. ഉയർന്ന നിലവാരമുള്ള സാമ്പത്തിക വികസനത്തിന് അടിത്തറ പാകുന്നതിൽ ബൗദ്ധിക സ്വത്തിന്റെ പങ്ക് നിർണായകമാണ്. ബ്രിക്‌സ് രാജ്യങ്ങളിലെ ബൗദ്ധിക സ്വത്തവകാശ (ഐപി) ഓഫീസുകൾക്കിടയിൽ ഗണ്യമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സഹകരണത്തിന്റെ കാര്യക്ഷമമായ നടപ്പാക്കലിന് കൂടുതൽ മാർഗനിർദ്ദേശം നൽകുന്നതിനായി 2026-ൽ പുതുക്കിയ ഓപ്പറേഷണൽ ഗൈഡ്‌ലൈൻ ഫ്രെയിംവർക്കിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം, IP ബോധവൽക്കരണം പ്രോത്സാഹനം, ശേഷി വികസനം, IP യുടെ വ്യാപാരവത്കരണം, പേറ്റന്റ് പരിശോധന പ്രക്രിയ, പാരമ്പര്യ അറിവ്, ഉത്ഭവ നാമാവകാശങ്ങൾ, ഭൗമ സൂചനകൾ - GIs, കൂടാതെ AI പ്രയോഗം എന്നീ മേഖലകളിൽ ബ്രിക്‌സ് IP ഓഫീസുകൾ തമ്മിൽ പരസ്പരം സമ്മതിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ആശയവിനിമയവും സഹകരണവും വികസിപ്പിക്കണമെന്നും ഞങ്ങൾ ലക്ഷ്യമിടുന്നു. ഡിജിറ്റൽ രംഗത്ത് ഉപയോഗിക്കുന്ന ബൗദ്ധിക സ്വത്തവകാശങ്ങളെ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധി പരിശീലന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ സഹകരിക്കുകയും ചെയ്യുന്നതിന്റെ പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. അതോടൊപ്പം, അവകാശ ഉടമകൾക്ക് ന്യായമായ പ്രതിഫലം ലഭിക്കേണ്ടതും, വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും മാനിക്കപ്പെടേണ്ടതുമാണ് എന്നതും ഞങ്ങൾ തിരിച്ചറിയുന്നു. എ.ഐ ഉപയോഗത്തിന്റെ വർദ്ധനവോടെ, ഡാറ്റാ സെറ്റുകളിലും എ.ഐ മോഡലുകളിലും വേണ്ടത്ര പ്രതിനിധീകരിക്കപ്പെടാത്ത വിജ്ഞാനം, പൈതൃകം, സാംസ്കാരിക മൂല്യങ്ങൾ എന്നിവ ദുരുപയോഗം ചെയ്യുന്നതിനും, കൈവശപ്പെടുത്തപ്പെടുകയോ തെറ്റായി അവതരിപ്പിക്കപ്പെടുകയോ ചെയ്യുന്ന തരത്തിലുള്ള അപകടസാധ്യതകളുണ്ടെന്ന് ഞങ്ങൾ അംഗീകരിക്കുന്നു.
121. പൊതുഭരണത്തിൽ ഉത്തരവാദിത്തം, സുതാര്യത, കാര്യക്ഷമത, മികച്ച ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുടെ സുപ്രധാന പങ്കിനെ ഞങ്ങൾ എടുത്തുപറയുന്നു. ഫിനാൻഷ്യൽ ആൻഡ് കംപ്ലെയ്ൻസ് ഓഡിറ്റിംഗിന് ഒപ്പം മികച്ച ഫലകേന്ദ്രിതമായ, ഡാറ്റയെ ആധാരമാക്കിയ, പ്രകടനത്തെ മുൻനിർത്തിയ സമീപനങ്ങളിലൂടെ സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങൾ(സായ്) കൈവരിച്ച പുരോഗതിയെ ഞങ്ങൾ അംഗീകരിക്കുന്നു.ബ്രിക്‌സ് രാജ്യങ്ങളിലെ സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങൾ തമ്മിലുള്ള- അറിവ്, അനുഭവം, മികച്ച പ്രവർത്തനരീതികൾ എന്നിവയുടെ തുടർച്ചയായ കൈമാറ്റത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നഗര ഗതാഗത സംവിധാനങ്ങളുടെ ഓഡിറ്റിംഗിലെ സഹകരണവും ഇതിൽ ഉൾപ്പെടുന്നു. അഞ്ചാമത് ബ്രിക്സ് സായ്(എസ് എ ഐ) തലവന്മാരുടെ യോഗത്തിൽ അംഗീകരിച്ച 'ബെംഗളൂരു പ്രഖ്യാപനം' ഓർമ്മിപ്പിച്ചുകൊണ്ട്, 'ബ്രിക്സ് സായ് പ്രവർത്തന പദ്ധതി 2027-2028' നടപ്പിലാക്കുന്നതിലൂടെ ബ്രിക്സ് രാജ്യങ്ങളിലുടനീളം മികച്ച ഭരണവും പൗരന്മാരുടെ ജീവിതസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി സുപ്രീം ഓഡിറ്റ് സ്ഥാപനങ്ങളുടെ-SAIs-ന്റെ പ്രസക്തി, പ്രഭാവം, വിശ്വാസ്യത എന്നിവ വർധിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഇതിൽ ബ്രിക്സ് സായിയുടെ 2027–2028 പ്രവർത്തനപദ്ധതി നടപ്പാക്കലും ഉൾപ്പെടുന്നു.
സാംസ്കാരികവും ജനങ്ങൾ തമ്മിലുള്ളതുമായ സഹകരണം ശക്തിപ്പെടുത്തൽ
122. പരസ്പര മനസ്സിലാക്കൽ, സൗഹൃദം, സഹകരണം എന്നിവ വർധിപ്പിക്കുന്നതിൽ ബ്രിക്സ് രാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള കൈമാറ്റങ്ങളും വിവിധ സംരംഭങ്ങളും അത്യന്താപേക്ഷിതമാണെന്ന് ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ പാർലമെന്ററി ഫോറം, ബ്രിക്സ് ടൂറിസം മന്ത്രിമാരുടെ യോഗം, ബിസിനസ് കൗൺസിൽ, ബിസിനസ് ഫോറം, വിമൻസ് ബിസിനസ് അലയൻസ്, യൂത്ത് കൗൺസിൽ, യൂത്ത് സമ്മിറ്റ്, ഡിപ്ലോമാറ്റിക് അക്കാദമികളുടെ ഡീൻമാരുടെ യോഗം, തിങ്ക് ടാങ്ക് കൗൺസിൽ, അക്കാദമിക് ഫോറം, സിവിൽ കൗൺസിൽ, സിവിൽ ഫോറം തുടങ്ങിയ സുപ്രധാന പരിപാടികൾ സംഘടിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സംസ്കാരങ്ങളുടെ വൈവിധ്യത്തെ മാനിക്കുന്നതിനും, പാരമ്പര്യം, നവീകരണം, സർഗ്ഗാത്മകത എന്നിവയ്ക്ക് ഉയർന്ന മൂല്യം നൽകുന്നതിനും, ശക്തമായ അന്താരാഷ്ട്ര ജനസമ്പർക്കങ്ങളും സഹകരണവും സംയുക്തമായി പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ശ്രമങ്ങൾ നടത്താൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു; കൂടാതെ "നാഗരികതകൾ തമ്മിലുള്ള സംഭാഷണത്തിനായുള്ള അന്താരാഷ്ട്ര ദിനം" എന്ന തലക്കെട്ടിലുള്ള യുഎൻ പൊതുസഭയുടെ പ്രമേയം അംഗീകരിച്ചത് ഞങ്ങൾ ഈ അവസരത്തിൽ ഓർമ്മിക്കുന്നു.
123. സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, സ്ത്രീകളുടെ സമഗ്രമായ വികസനം എന്നീ ദർശനങ്ങളിൽ കൊച്ചിയിൽ വെച്ച് നടന്ന 'ബ്രിക്സ് വനിതാ മന്ത്രിതല യോഗത്തിന്റെ' ഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സ്ത്രീകളെ നേതാക്കളായും, തീരുമാനങ്ങൾ എടുക്കാൻ ശേഷിയുള്ളവരായും, സാമ്പത്തിക വളർച്ചയുടെയും സാമൂഹിക പരിവർത്തനത്തിന്റെയും പ്രധാന പ്രേരകശക്തികളായും ഞങ്ങൾ അംഗീകരിക്കുന്നു. ഭരണനിർവ്വഹണത്തിൽ സ്ത്രീകളുടെ പങ്കാളിത്തം, അവരുടെ സാമ്പത്തികവും ഡിജിറ്റലുമായ ഉൾപ്പെടുത്തൽ, അവരുടെ ശേഷി വികസനം, നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനുമുള്ള അവസരങ്ങൾ ലഭ്യമാക്കൽ, സംരംഭകത്വത്തിനുള്ള പിന്തുണ, ഉൽപ്പാദനപരവും സാമൂഹികവുമായ സേവനങ്ങളിലേക്കുള്ള പ്രവേശനം, കൂടാതെ കാലാവസ്ഥാ വ്യതിയാന പ്രതിരോധം, ഭക്ഷ്യസുരക്ഷ, പോഷകാഹാരം എന്നിവയിൽ അവർ വഹിക്കുന്ന നിർണായക പങ്ക് എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും സുസ്ഥിര വികസനത്തിന് ഇത് അത്യന്താപേക്ഷിതമാണെന്നും ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു. ആഗോള 'വനിതാ, സമാധാനം, സുരക്ഷ' അജണ്ടയ്ക്ക് അനുസൃതമായി, സമാധാന പ്രക്രിയകളിൽ സ്ത്രീകൾ വഹിക്കുന്ന സുപ്രധാന പങ്കിനെ ഞങ്ങൾ അംഗീകരിക്കുന്നു. 'ബ്രിക്സ് വനിതാ ഡിജിറ്റൽ ശേഷി വികസന മാർഗ്ഗനിർദ്ദേശങ്ങൾ' രൂപീകരിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും, മികച്ച പ്രവർത്തനരീതികളുടെ മാതൃകകൾ സ്വമേധയാ പങ്കുവെക്കുന്നതിനുള്ള ഒരു ഡിജിറ്റൽ ശേഖരം നിർമ്മിക്കുന്നതിന് ഇന്ത്യയുടെ അധ്യക്ഷതയിലുള്ള സംരംഭത്തെ ഞങ്ങൾ ശ്രദ്ധയിൽപ്പെടുത്തു ന്നു. അതോടൊപ്പം, ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിചരണ നയങ്ങൾ ഉൾപ്പെടെ, സാമ്പത്തിക രംഗത്ത് സ്ത്രീകളുടെ പൂർണ്ണ പങ്കാളിത്തത്തെ പിന്തുണയ്ക്കുന്ന നയങ്ങളുടെ പ്രാധാന്യവും ഞങ്ങൾ അംഗീകരിക്കുന്നു.
124. ഭുവനേശ്വറിൽ നടന്ന 13-ാമത് ബ്രിക്സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിന്റെ ഫലങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു; കൂടാതെ സുസ്ഥിര വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, ജനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയുടെ പ്രധാന ചാലകശക്തി എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ശക്തമാക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. പദ്ധതി സഹകരണത്തിനായി ഒരു ബഹുതല വേദി നിർമ്മിക്കുന്നതിലും, വിവര കൈമാറ്റവും വിഭവങ്ങൾ പങ്കുവെക്കലും പ്രോത്സാഹിപ്പിക്കുന്നതിലും, അംഗരാജ്യങ്ങൾക്കിടയിൽ ടി.വി.ഇ.റ്റി-യുടെ (TVET) സംയുക്ത വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിലും 'ബ്രിക്സ് ടി.വി.ഇ.റ്റി കോപ്പറേഷൻ അലയൻസ്' വഹിക്കുന്ന സുപ്രധാന പങ്കിനെ ഞങ്ങൾ വളരെ ഉയർന്ന രീതിയിൽ അംഗീകരിക്കുന്നു. 'ബ്രിക്സ്-ടി.വി.ഇ.റ്റി കോപ്പറേഷൻ അലയൻസ് ദ്വിവത്സര പുരോഗതി റിപ്പോർട്ടും' 'സുസ്ഥിര നൈപുണ്യ സംരംഭങ്ങളുടെ ബ്രിക്സ്-ടി.വി.ഇ.റ്റി കോപ്പറേഷൻ അലയൻസ് സംഗ്രഹവും' പുറത്തിറങ്ങുന്നതിനായി ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വ്യവസായ സ്ഥാപനങ്ങളുമായി ടി.വി.ഇ.റ്റി സ്ഥാപനങ്ങളുടെ ബന്ധം പ്രോത്സാഹിപ്പിക്കുന്നതിലൂടെ മാറിക്കൊണ്ടിരിക്കുന്ന വിപണി ആവശ്യങ്ങൾക്കും സുസ്ഥിര വികസന മുൻഗണനകൾക്കും അനുസൃതമായി പരിശീലന പരിപാടികളെ ക്രമീകരിക്കുന്നതിനൊപ്പം തന്നെ; ബ്രിക്സ് രാജ്യങ്ങളിലുടനീളം നൈപുണ്യ വികസന സംവിധാനങ്ങളും ഡിജിറ്റൽ സാക്ഷരതയും ശക്തമാക്കുന്നതിനും തൊഴിൽശേഷിയുടെ തയ്യാറെടുപ്പ് വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു.
125. ബ്രിക്സ് നെറ്റ്‌വർക്ക് യൂണിവേഴ്സിറ്റി ഉൾപ്പെടെ നിലവിലുള്ള ബ്രിക്സ് വിദ്യാഭ്യാസ സംവിധാനങ്ങളോടുള്ള തുടർച്ചയായ സഹകരണത്തെ ഞങ്ങൾ കൂടുതൽ പിന്തുണയ്ക്കുന്നു. പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങളിലെ അക്കാദമിക് സഹകരണം ശക്തമാക്കുന്നതിനുള്ള 'ബ്രിക്സ് മാർഗ്ഗനിർദ്ദേശ തത്വങ്ങൾ' അവതരിപ്പിച്ച ഇന്ത്യയുടെ നടപടിയെ ഞങ്ങൾ അഭിനന്ദനത്തോടെ രേഖപ്പെടുത്തുന്നു. കൂടാതെ, ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ നിയമങ്ങൾക്കും നയങ്ങൾക്കും അനുസൃതമായി നിലവിലുള്ള ഭരണപരമായ നടപടിക്രമങ്ങൾ പാലിച്ച്, പരമ്പരാഗതവും തദ്ദേശീയവുമായ വിജ്ഞാന സംവിധാനങ്ങളെ ഒരു 'ഇന്റർനാഷണൽ തെമാറ്റിക് ഗ്രൂപ്പ്' (International Thematic Group - ITG) ആയി ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കാൻ ഞങ്ങൾ ബ്രിക്സ് നെറ്റ്‌വർക്ക് യൂണിവേഴ്സിറ്റിയോട് ആഹ്വാനം ചെയ്യുന്നു. മികച്ച പ്രവർത്തനരീതികളുടെ പങ്കിടൽ, തുടക്ക കാലം മുതലുള്ള ശിശുസംരക്ഷണം വിദ്യാഭ്യാസം, അടിസ്ഥാന സാക്ഷരത- സംഖ്യാജ്ഞാനം എന്നിവയിലെ സഹകരണം, യോഗ്യതകളുടെ പരസ്പര അംഗീകാരം, അക്കാദമിക്-പ്രൊഫഷണൽ രംഗങ്ങളിലെ ചലനാത്മകത, ഡിജിറ്റൽ സാക്ഷരത, വിദ്യാഭ്യാസ മേഖലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള വളർന്നുവരുന്ന സാങ്കേതികവിദ്യകളുടെ സുരക്ഷിതവും ധാർമ്മികവും ജനകേന്ദ്രീകൃതവുമായ ഉപയോഗം, കൂടുതൽ ശക്തമായ സ്ഥാപനപരമായ പങ്കാളിത്തം എന്നിവയെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സ്ഥാപനപരമായ ഭരണനിർവ്വഹണം മെച്ചപ്പെടുത്തുന്നതിനും, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രാപ്യതയും വർദ്ധിപ്പിക്കുന്നതിനും, ശാസ്ത്രം, സാങ്കേതിക വിദ്യ, എഞ്ചിനീയറിംഗ് ആൻഡ് മാത്തമാറ്റിക്സ് ഉൾപ്പെടെയുള്ള ബിരുദ-ബിരുദാനന്തര തലങ്ങളിലെ അക്കാദമിക്-സ്കോളർഷിപ്പ് പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. നവീകരണങ്ങൾ വളർത്തിയെടുക്കുന്നതിനും തൊഴിലവസരങ്ങൾ വ്യാപിപ്പിക്കുന്നതിനുമായി ടി.വി.ഇ.റ്റി-വ്യവസായ ബന്ധം ശക്തമാക്കുന്നതിനെയും, ഭാവിയിലെ അവസരങ്ങളും വെല്ലുവിളികളും നേരിടാൻ വിദ്യാർഥികളെയും സ്ഥാപനങ്ങളെയും സജ്ജമാക്കുന്നതിനുള്ള നവീകരണവും അറിവ് പങ്കുവെക്കലും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. 'ബ്രിക്സ് റെക്ടേഴ്സ് ഫോറം' തുടർന്നും സംഘടിപ്പിക്കുന്നതിനെയും, 'ബ്രിക്സ് എഡ്യൂക്കേഷൻ ഒളിമ്പ്യാഡ്' സംബന്ധിച്ച ചർച്ചകൾ നടത്തുന്നതിനെയും, 'ബ്രിക്സ് യൂണിവേഴ്സിറ്റി ഗ്ലോബൽ റാങ്കിംഗ് ആൻഡ് ഇവാലുവേഷൻ സിസ്റ്റം' വികസിപ്പിക്കുന്നതിനുള്ള കൂടുതൽ സാധ്യതകൾ തേടുന്നതിനെയും ഞങ്ങൾ അംഗീകരിക്കുന്നു.
126. ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങൾ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ബ്രിക്‌സ് തൊഴിൽ സഹകരണത്തെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. ഉയർന്ന നിലവാരമുള്ള, പൂർണ്ണവും ഉൽപ്പാദനക്ഷമവുമായ തൊഴിൽ സേന രൂപീകരിക്കുന്നതിനും, സുസ്ഥിര വികസനത്തിലൂടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകേന്ദ്രീകൃത തൊഴിൽ വിപണികളിലൂടെയും മനുഷ്യവിഭവശേഷിയിൽ നിക്ഷേപം നടത്തി ഉയർന്ന ഗുണമേന്മയുള്ളതും പൂർണ്ണവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും, ഉയർന്ന നൈപുണ്യമുള്ള ജനതയെ സജ്ജമാക്കുന്നതിലും ബ്രിക്സ് തൊഴിൽ സഹകരണത്തിലൂടെ സാധിക്കും. ഈ പശ്ചാത്തലത്തിൽ, സാമൂഹിക സംരക്ഷണ നടപടികൾ ശക്തമാക്കി തൊഴിലാളികളുടെ ക്ഷേമത്തിനായി ഉൾക്കൊള്ളലും ലഭ്യതയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കുള്ള പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. ഒപ്പം ഗിഗ്, പ്ലാറ്റ്‌ഫോം മേഖലകളിലെ തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ വർദ്ധിപ്പിക്കുന്നതിനായി നൂതനവും ദേശീയ സാഹചര്യങ്ങൾക്ക് അനുയോജ്യവുമായ നയപരമായ സമീപനങ്ങൾ തേടേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ സമ്മതിക്കുകയും ചെയ്യുന്നു. ഡിജിറ്റൽ, ഗ്രീൻ കെയർ, മറ്റ് മുൻഗണനാ മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ വിപണിയിലെ പ്രവണതകൾ വിശകലനം ചെയ്തുകൊണ്ട്, ഭാവിയിലേക്ക് ആവശ്യമായ തൊഴിൽ നൈപുണ്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിലെ സഹകരണം ശക്തമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സാമൂഹിക സുരക്ഷാ സഹകരണത്തിനായി നിലവിലുള്ള 'ബ്രിക്സ് വി.എൽ.ഒ' സംവിധാനത്തിന് പുറമെ, ശേഷി വികസനം, തൊഴിൽ സാധ്യത, പുതിയ നൈപുണ്യങ്ങളും സാങ്കേതികവിദ്യകളും എന്നിവയ്ക്കായുള്ള 'ബ്രിക്സ് കണക്ട്' പദ്ധതി നടപ്പിലാക്കിയതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അതിർത്തികൾ കടന്ന് സഞ്ചരിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും, അവരുടെ ആനുകൂല്യങ്ങളുടെ കൈമാറ്റം ഉറപ്പാക്കേണ്ടതിന്റെയും, സാമൂഹിക സുരക്ഷാ സംഭാവനകൾ ഒരിടത്ത് മാത്രം ഈടാക്കുന്നതിന്റെയും പ്രാധാന്യം ഞങ്ങൾ അംഗീകരിക്കുന്നു. ഒരു തൊഴിലാളിയും പിന്നിലാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കിക്കൊണ്ട് ഔദ്യോഗികവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പ്രതികരണശേഷിയുള്ളതും, ഡിജിറ്റൽ ശാക്തീകരണം നേടിയതും, ഭാവിക്ക് സജ്ജവുമായ തൊഴിൽ വിപണികൾ കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ പ്രതിജ്ഞാബദ്ധത ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു. ബ്രിക്സ് രാജ്യങ്ങൾക്കായി "വിദൂര സാധ്യതയുള്ള അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോം" സ്ഥാപിക്കുന്നതിനുള്ള സംരംഭത്തെപ്പറ്റി ഞങ്ങൾ ശ്രദ്ധാലുക്കളാണ്.
127. 11-ാമത് ബ്രിക്‌സ് സംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ അംഗീകരിച്ച ഭോപ്പാൽ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ജനങ്ങൾ തമ്മിലുള്ള സഹകരണം വളർത്തുന്നതിലും ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിലും സംസ്കാരത്തിനുള്ള സുപ്രധാന പങ്ക് ഈ പ്രഖ്യാപനം വീണ്ടും ഉറപ്പിക്കുന്നു. സംഘർഷ ബാധിത പ്രദേശങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സാംസ്കാരിക പൈതൃകം സംരക്ഷിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഇവിടങ്ങളിലെ സാംസ്കാരിക സ്വത്തുക്കളുടെ നശീകരണവും അനധികൃത കടത്തും തടയുന്നത് അത്യന്താപേക്ഷിതമാണ്. ഇത്തരം സമൂഹങ്ങളുടെ ചരിത്രവും സ്വത്വവും നിലനിർത്തുന്നതിന് ഇത് അത്യന്താപേക്ഷിതമാണ്. അതോടൊപ്പം ഇത്തരത്തിൽ കൊള്ളയടിക്കപ്പെട്ട സാംസ്കാരിക പൈതൃകങ്ങൾ, പുരാവസ്തുക്കൾ, ആത്മീയ-പാരമ്പര്യ-ചരിത്ര-സാംസ്കാരിക മൂല്യമുള്ള വസ്തുക്കൾ എന്നിവ അവയുടെ ഉത്ഭവ രാജ്യങ്ങളിലേക്ക് തിരികെ നൽകേണ്ടതിന്റെ ആവശ്യകതയും ഞങ്ങൾ ഊന്നിപ്പറയുന്നു. മ്യൂസിയങ്ങൾ, ആർക്കൈവുകൾ, ലൈബ്രറികൾ, മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിലുള്ള വിവര കൈമാറ്റം, ഡോക്യുമെന്റേഷൻ, സ്ഥാപനപരമായ സഹകരണം എന്നിവയിലൂടെ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ വർദ്ധിപ്പിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കലാകാരന്മാർക്കും സാംസ്കാരിക പ്രവർത്തകർക്കുമുള്ള പരിശീലനം, ശേഷി വികസനം എന്നിവ ഉൾപ്പെടെ, സാംസ്കാരിക-സർഗ്ഗാത്മക വ്യവസായങ്ങളിലെ വിവരവിനിമയവും മികച്ച പ്രവർത്തനരീതികളുടെ പങ്കുവെപ്പും ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. സ്വമേധയാ പങ്കെടുക്കുന്ന അംഗങ്ങൾക്കായി പരീക്ഷണാടിസ്ഥാനത്തിൽ ഒരു 'ആർട്ടിസ്റ്റ് രജിസ്ട്രി' രൂപീകരിക്കുന്നതിനും ഞങ്ങൾ മുൻകൈയെടുക്കും. ഈ സാഹചര്യത്തിൽ, 'സാംസ്കാരിക-സർഗ്ഗാത്മക വ്യവസായങ്ങളുടെയും സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയുടെയും വേദി', പരമ്പരാഗത വിജ്ഞാന സംവിധാനങ്ങളുടെയും പരമ്പരാഗത സാംസ്കാരിക ആവിഷ്കാരങ്ങളുടെയും തിരിച്ചറിയലും ഡോക്യുമെന്റേഷനും പോലുള്ള പദ്ധതികളെ ഞങ്ങൾ അംഗീകരിക്കുന്നു. പ്രസക്തമായ യുനെസ്കോ കൺവെൻഷനുകൾക്കും പ്രോഗ്രാമുകൾക്കും കീഴിൽ സംയുക്ത ബഹുരാഷ്ട്ര നാമനിർദ്ദേശങ്ങൾ നടത്തുന്നതിനുള്ള സാധ്യതകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. സാംസ്കാരിക വ്യവസായങ്ങളുടെയും വിഭവങ്ങളുടെയും വികസനത്തിനായി പ്രസക്തമായ ബഹുതല വേദികളിൽ ഉൾപ്പെടെ ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ കൂടുതൽ സഹകരിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
128. ബ്രിക്സ് സാംസ്കാരിക മഹോത്സവവും 'വേവ്സ് ബസാറും' സംഘടിപ്പിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നമ്മുടെ രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്നതിനും, സാംസ്കാരികവും സൃഷ്ടിപരവുമായ വൈവിധ്യം പ്രദർശിപ്പിക്കുന്നതിലും, കൃതികളുടെ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിലും, ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുമുള്ള സുപ്രധാന വേദികളെന്ന നിലയിൽ 'ബ്രിക്സ് തിയേറ്റർ ഫെസ്റ്റിവലും' 'ബ്രിക്സ് ഫിലിം ഫെസ്റ്റിവലും' സംഘടിപ്പിച്ചത് അഭിനന്ദനാർഹമാണ്. ഇത്തരത്തിലുള്ള വേദികൾ കൂടുതൽ വിപുലീകരിക്കുന്നതിന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. അതുവഴി ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സാംസ്കാരിക വിനിമയത്തിനും സഹകരണത്തിനും വലിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. ബ്രിക്സ് രാജ്യങ്ങളിലെ ജനങ്ങൾക്കിടയിലുള്ള സാംസ്കാരിക സമ്പർക്കങ്ങൾ കൂടുതൽ സമ്പന്നമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി 'ബ്രിക്സ് സഖ്യങ്ങൾ' തുടർച്ചയായി വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
129. സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, വിദേശനാണ്യ വരുമാനം, എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ വികസനം, പ്രാദേശിക ഉപജീവനമാർഗ്ഗങ്ങൾ, സാമ്പത്തിക വൈവിധ്യവത്കരണം, പൈതൃക സംരക്ഷണം, ദേശീയ പ്രതിച്ഛായ നിർമ്മിതി, സാംസ്കാരിക ധാരണ, ജനങ്ങൾ തമ്മിലുള്ള സമ്പർക്കങ്ങൾ എന്നിവയുടെ സുപ്രധാന ചാലകശക്തിയായി വിനോദസഞ്ചാരത്തെ നാം അംഗീകരിക്കുന്നു. അതെ സമയം തന്നെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഇക്കോടൂറിസം പോലുള്ള സാദ്ധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ, സുസ്ഥിരവും പ്രകൃതിക്ക് അനുയോജ്യവുമായ വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും ബ്രിക്സ് രാജ്യങ്ങൾക്ക് വലിയ സാധ്യതകളും മികച്ച അവസരങ്ങളുമുണ്ട് എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ഉത്തരവാദിത്തമുള്ളതും, സുസ്ഥിരവും, പുനരുജ്ജീവനപരവുമായ ടൂറിസം മാതൃകകളെക്കുറിച്ചുള്ള അറിവ് പങ്കുവെക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കൂടുതൽ മികച്ചതും കാര്യക്ഷമവുമായ ടൂറിസം സംവിധാനങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡിജിറ്റൽ സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു; പരിസ്ഥിതി സൗഹൃദവും, ജനകീയവും, സുസ്ഥിരവും, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ളതുമായ ടൂറിസം മാതൃകകളെ പ്രോത്സാഹിപ്പിക്കുക, ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ, ഈ മേഖലയിലുടനീളം മനുഷ്യവിഭവശേഷി ശക്തമാക്കൽ, പരിശീലനം, നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, സ്ഥാപനപരമായ ശേഷി വർദ്ധിപ്പിക്കൽ, വിനോദസഞ്ചാരികളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബ്രിക്സ് രാജ്യങ്ങളിലുടനീളം സുസ്ഥിരവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, സ്മാർട്ടും, പ്രതിരോധശേഷിയുള്ളതുമായ ടൂറിസം വികസനം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ടൂറിസം മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുമായി ബ്രിക്സിനുള്ളിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ജയ്‌പൂരിൽ വെച്ച് നടന്ന ടൂറിസം മന്ത്രിമാരുടെ യോഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ചരിത്രപരം, സാംസ്കാരികം, പ്രകൃതിദത്തം, ഭക്ഷണ വൈവിധ്യം, ആരോഗ്യ ടൂറിസം എന്നിവയുൾപ്പെടെ അംഗരാജ്യങ്ങൾക്കിടയിൽ വൈവിധ്യമാർന്ന ടൂറിസം സാധ്യതകൾ വികസിപ്പിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കുന്നതിനെയും ഞങ്ങൾ പിന്തുണയ്ക്കുന്നു.
130. സാമൂഹിക വികസനം, ജനങ്ങൾ തമ്മിലുള്ള സമ്പർക്കം, ആരോഗ്യകരവും സജീവവുമായ സമൂഹങ്ങളെ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്കുള്ള ഒരു ഉപാധിയെന്ന നിലയിൽ കായികരംഗത്തിന്റെ പ്രാധാന്യത്തെ ഞങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ശാരീരിക സംസ്കാരം, കായികം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള 'ബ്രിക്സ് സ്പോർട്സ് വർക്കിംഗ് ഗ്രൂപ്പിന്റെ' പ്രവർത്തനങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ സാഹചര്യത്തിൽ, നമ്മുടെ വൈവിധ്യങ്ങളെ ആഘോഷിക്കുന്നതിനായി ഹൈ-പെർഫോമൻസ് സ്പോർട്സ്, സ്പോർട്സ് ഫോർ ഓൾ, ലെഷർ സ്പോർട്സ് എന്നീ മേഖലകളിലെ സഹകരണത്തിനുള്ള വേദിയെന്ന നിലയിലും, അതുപോലെ തന്നെ ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ, പരമ്പരാഗത, തദ്ദേശീയ, നോൺ-ഒളിമ്പിക് സ്പോർട്സ് ഇനങ്ങളുടെ വികസനത്തിനായും ബ്രിക്സ് ഗെയിംസ് സംഘടിപ്പിച്ചതിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. യുവാക്കളിലും വിദ്യാർത്ഥികളിലും ജനപ്രിയ കായിക ഇനങ്ങൾക്കൊപ്പം ദേശീയ, പരമ്പരാഗത, തദ്ദേശീയ കായിക ഇനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി കൂടുതൽ സഹകരണം വർധിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. മികച്ച മാതൃകകൾ, സ്ഥാപനപരമായ അനുഭവങ്ങൾ, സാങ്കേതിക വിവരങ്ങൾ, ഗവേഷണ വിവരങ്ങൾ എന്നിവ കൈമാറുന്നതിലൂടെ കായിക സാങ്കേതികവിദ്യ മേഖലയിലെ സഹകരണം സുഗമമാക്കാൻ ബ്രിക്സ് അംഗരാജ്യങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. കായിക ഉൽപ്പന്നങ്ങളുടെ നിർമ്മാണം, ഗവേഷണം, നവീകരണം എന്നിവയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു 'ബ്രിക്സ് സ്പോർട്സ് ഗുഡ്സ് മാനുഫാക്ചറിംഗ് കോൺക്ലേവ്' സംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കായിക മത്സരങ്ങളിലെ പ്രകടനത്തിന്റെ ഗുണമേന്മ, കായികതാരങ്ങളുടെ ക്ഷേമം, ഭരണനിർവഹണം, ഉൾക്കൊള്ളൽ എന്നിവ മെച്ചപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യയുടെ വർദ്ധിച്ചുവരുന്ന പങ്ക് ഞങ്ങൾ അംഗീകരിക്കുന്നു. കായിക സാങ്കേതികവിദ്യയെ സംബന്ധിച്ച പ്രവർത്തക സമിതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഞങ്ങൾ പ്രോത്സാഹനം നൽകുന്നു. ബ്രിക്‌സ് കായിക സഹകരണ ചട്ടക്കൂടിനെക്കുറിച്ചുള്ള സംവാദത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, കൂടാതെ അംഗരാജ്യങ്ങളുടെ നിലവിലുള്ള ആഭ്യന്തര നടപടിക്രമങ്ങൾ അനുസരിച്ച് സ്ഥാപിതമായ ആശയവിനിമയ പ്രക്രിയയിലൂടെ ഇതിനെ കൂടുതൽ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
131. പ്രതിരോധശേഷി, നവീകരണം, എല്ലാവരെയും ഉൾക്കൊള്ളൽ, സുസ്ഥിര വികസനം എന്നിവയുടെ ചാലകശക്തിയെന്ന നിലയിൽ യുവാക്കളുടെ നിർണായക പങ്കിനെ ഞങ്ങൾ വീണ്ടും ഉയർത്തിക്കാട്ടുന്നു. യുവാക്കളുടെ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി സംഘടിപ്പിച്ച ബ്രിക്സ് മന്ത്രിതല യോഗത്തിലെ ചർച്ചകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടാതെ ബ്രിക്സ് സഹകരണവും അർത്ഥവത്തായ യുവജന പങ്കാളിത്തവും ശക്തമാക്കുന്നതിൽ 'ബ്രിക്സ് യൂത്ത് കൗൺസിൽ', 'ബ്രിക്സ് യൂത്ത് സമ്മിറ്റ്' എന്നിവ വഹിച്ച പങ്കിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, പരിശീലനം, നൈപുണ്യങ്ങൾ; യുവ സംരംഭകത്വം; ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണം; സാമൂഹിക-സാംസ്കാരിക പങ്കാളിത്തം; സാമൂഹിക പ്രവർത്തനവും സന്നദ്ധസേവനവും; വികസനം; ദാരിദ്ര്യം, വിശപ്പ്, അസമത്വങ്ങൾ എന്നിവയ്ക്കെതിരെയുള്ള പോരാട്ടം; ആരോഗ്യം, യുവാക്കൾ, കായികം; പരിസ്ഥിതി, സുസ്ഥിരത; വിവിധ മതവിഭാഗങ്ങൾക്കിടയിലെ യുവജന സംവാദം; യുവജന കൈമാറ്റം; യുവജന ഉൾപ്പെടുത്തൽ എന്നിവയിൽ ബ്രിക്സ് രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ കൂടുതൽ സഹകരണം ഉണ്ടാകാൻ ഞങ്ങൾ ആഹ്വനം ചെയ്യുന്നു. ഈ സാഹചര്യത്തിൽ, യുവജന സഹകരണത്തിലെ പൊതുവായ മുൻഗണനകളിൽ ബ്രിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കുന്ന 'ബ്രിക്സ് യൂത്ത് കോപ്പറേഷൻ ഫ്രെയിംവർക്കിന്റെ' പ്രവർത്തനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
132. നീതിന്യായ മേഖലയിൽ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങൾ അംഗീകരിക്കുകയും, ബ്രിക്സ് നിയമ മന്ത്രിമാർ, ബ്രിക്സ് ചീഫ് ജസ്റ്റിസുമാർ, ബ്രിക്സ് പ്രൊസിക്യൂഷൻ സർവീസ് തലവന്മാർ, എന്നിവരുടെ യോഗങ്ങൾ ഞങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നു. അതിർത്തി കടന്നുള്ള വാണിജ്യ തർക്കങ്ങൾ പരിഹരിക്കുന്നതിൽ കൂടുതൽ സഹകരണത്തെ ഞങ്ങൾ പിന്തുണയ്ക്കുന്നു. നിയമപരമായ നിശ്ചയദാർഢ്യം ഉറപ്പാക്കുന്നതിനും, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തമാക്കുന്നതിനും, അന്താരാഷ്ട്ര വ്യാപാരവും നിക്ഷേപവും സുഗമമാക്കുന്നതിനും കാര്യക്ഷമവും വിശ്വസനീയവുമായ തർക്ക പരിഹാര സംവിധാനങ്ങൾ പ്രധാനമാണെന്ന് ഞങ്ങൾ സമ്മതിക്കുന്നു; കൂടാതെ ഔദ്യോഗിക ജുഡീഷ്യൽ നടപടിക്രമങ്ങൾക്ക് ഫലപ്രദമായ പൂരകങ്ങളായി മധ്യസ്ഥത, ആർബിട്രേഷൻ എന്നിവ ഉൾപ്പെടെയുള്ള ബദൽ തർക്ക പരിഹാര സംവിധാനങ്ങളുടെ(ADR) വർദ്ധിച്ചുവരുന്ന പങ്കിനെ ഞങ്ങൾ അംഗീകരിക്കുകയും ചെയ്യുന്നു. എ.ഡി.ആർ സംവിധാനത്തെ ജനങ്ങൾക്ക് എളുപ്പത്തിൽ പ്രാപ്യമാകുന്നതും ജനകേന്ദ്രീകൃതവുമായ ഒരു മാർഗ്ഗമായി മുന്നോട്ട് കൊണ്ടുപോകാൻ ബ്രിക്സ് രാജ്യങ്ങളെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം അംഗരാജ്യങ്ങളിൽ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുള്ള ശേഷി വികസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
133. 2026 ഒക്ടോബറിൽ നടക്കാനിരിക്കുന്ന പന്ത്രണ്ടാമത് ബ്രിക്‌സ് പാർലമെന്ററി ഫോറം വിളിച്ചുചേർക്കപ്പെടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിൽ വനിതാ പാർലമെന്റ് അംഗങ്ങളുടെ യോഗവും അന്താരാഷ്ട്ര സമിതി അധ്യക്ഷന്മാരുടെ യോഗവും ഉൾപ്പെടും. നമ്മുടെ പാർലമെന്റുകൾ തമ്മിലുള്ള വിനിമയവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ഒരു സംവിധാനമെന്ന നിലയിൽ ഇതിനെ ഞങ്ങൾ നോക്കിക്കാണുന്നു. രാജ്യങ്ങൾക്കിടയിൽ പരസ്പര ധാരണയും വിശ്വാസവും വർദ്ധിപ്പിക്കുന്നതിനും, നവീകരണങ്ങൾക്ക് നേതൃത്വം നൽകുന്നതിനും, എല്ലാവർക്കുമായി എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും നീതിയുക്തവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി സ്ഥാപനപരമായ പ്രതിരോധശേഷി ശക്തമാക്കുന്നതിനുമുള്ള ഉപയോഗപ്രദമായ വേദികളെന്ന നിലയിൽ ഈ സമ്പർക്കങ്ങളുടെ പ്രാധാന്യത്തെ ഞങ്ങൾ ഊന്നിപ്പറയുന്നു.
134. ബ്രിക്സ് അംഗങ്ങൾക്കിടയിൽ നേരിട്ടുള്ള ബിസിനസ്സ്-ടു-ബിസിനസ്സ് (B2B) സമ്പർക്കങ്ങൾ സുഗമമാക്കിയ 'ബ്രിക്സ് ബിസിനസ്സ് ഫോറം 2026' സമ്മേളിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടാതെ, ബ്രിക്സ് രാജ്യങ്ങളിൽ സുസ്ഥിര വികസനം, സാങ്കേതിക മുന്നേറ്റം, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ കൈവരിക്കുന്നതിനായി നൂതനവും, വിപുലീകരിക്കാൻ കഴിയുന്നതും, മികച്ചതുമായ പരിഹാരങ്ങളെ പ്രോത്സാഹിപ്പിച്ച 'ബ്രിക്സ് സൊല്യൂഷൻസ് അവാർഡ്സ് 2026' 'ബ്രിക്സ് വിമൻസ് സ്റ്റാർട്ട്-അപ്പ് അവാർഡ്സ് 2026' തുടങ്ങിയ പ്രവർത്തനങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
135. ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിനായി 'ബ്രിക്സ് ബിസിനസ്സ് കൗൺസിൽ' നടത്തുന്ന തുടർച്ചയായ ശ്രമങ്ങളെ ഞങ്ങൾ അഭിനന്ദിക്കുന്നു; കൂടാതെ ബ്രിക്സ് അംഗങ്ങൾക്കിടയിലെ ശക്തമായ ബിസിനസ്സ് സമ്പർക്കങ്ങളിലൂടെ ഉൾപ്പെടെ, വ്യാപാരവും നിക്ഷേപവും പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ബ്രിക്സ് ബിസിനസ്സ് കൗൺസിലിന്റെ വാർഷിക റിപ്പോർട്ടിനെയും അതിന്റെ നയപരമായ ശുപാർശകളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. 'സുസ്ഥിര വികസന ശൃംഖല' ആരംഭിച്ചതിനെ ഞങ്ങൾ അംഗീകരിക്കുന്നു.
136. ബ്രിക്സ് വനിതാ ബിസിനസ് സഖ്യം (WBA) ബ്രിക്സ് രാജ്യങ്ങളിലുടനീളം വനിതാ സംരംഭകത്വം, നേതൃപാടവം, സാമ്പത്തിക പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ വഹിക്കുന്ന പ്രധാനപ്പെട്ട പങ്കിനെ ഞങ്ങൾ അഭിനന്ദിക്കുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് ധനസഹായം, വിപണികൾ, സാങ്കേതികവിദ്യ, നൈപുണ്യ വികസനം, ഡിജിറ്റൽ അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള വിമൻസ് ബിസിനസ് അലയൻസിന്റെ വാർഷിക റിപ്പോർട്ടിലെ ശുപാർശകളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. വിമൻസ് ബിസിനസ് അലയൻസിന്റെ 2026-ലെ പരിപാടികളിൽ ബ്രിക്സ് രാജ്യങ്ങളിലുടനീളം ഇന്നുവരെ കൈവരിച്ച ശക്തമായ പങ്കാളിത്തത്തെ ഞങ്ങൾ രേഖപ്പെടുത്തുന്നു. അറിവ് പങ്കുവെക്കലിലൂടെയും സംയുക്ത സംരംഭങ്ങളിലൂടെയും ഉൾപ്പെടെ, സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തെക്കുറിച്ചുള്ള ബ്രിക്സിനുള്ളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് തുടരാൻ ഞങ്ങൾ ബ്രിക്സ് നാഷണൽ ചാപ്റ്ററുകളെ പ്രോത്സാഹിപ്പിക്കുന്നു.
137. അക്കാദമിക് സമൂഹങ്ങൾക്കും പൊതു സമൂഹങ്ങൾക്കും ഇടയിലുള്ള സംവാദങ്ങളും ആശയവിനിമയങ്ങളും ശക്തമാക്കുന്നതിനായി കൈവരിച്ച പുരോഗതിയെയും; ബ്രിക്സ് തിങ്ക് ടാങ്ക് കൗൺസിൽ, ബ്രിക്സ് സിവിൽ കൗൺസിൽ, ബ്രിക്സ് അക്കാദമിക് ഫോറം, ബ്രിക്സ് സിവിൽ ഫോറം എന്നിവയുടെ യോഗങ്ങളുടെ ഫലങ്ങളെയും ഞങ്ങൾ അംഗീകരിക്കുന്നു.
138. എല്ലാവരെയും ഉൾക്കൊള്ളുന്ന ആഗോള ഭരണസംവിധാനത്തിനായുള്ള ഒരു സുപ്രധാന വേദി എന്ന നിലയിൽ ബ്രിക്സിന്റെ സ്വാധീനത്തെയും, വിശ്വാസ്യതയെയും, ആകർഷണീയതയെയും ആണ് അതിന്റെ വിപുലീകരണം പ്രതിഫലിപ്പിക്കുന്നത് എന്ന് ഞങ്ങൾ വിലയിരുത്തുന്നു. ദീർഘകാല സ്ഥാപനപരമായ വികസനത്തിനായി ഫലാധിഷ്ഠിതമായി മെച്ചപ്പെടുത്തിയ ഏകോപനവും, തുടർച്ചയും, പിന്തുണയും ആവശ്യമാണെന്ന് ഞങ്ങൾ അടിവരയിട്ടു പറയുന്നു. സ്ഥാപനപരമായ വികസനം എന്നത് ബ്രിക്സ് രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും പ്രതിഫലിപ്പിക്കേണ്ട ഒരു ചലനാത്മകമായ പ്രക്രിയയാണെന്ന് ഞങ്ങൾ വീണ്ടും ഉറപ്പിച്ചു പറയുന്നു. ഈ സാഹചര്യത്തിൽ, ഒരു 'ബ്രിക്സ് ഓൺലൈൻ ആർക്കൈവൽ ഡാറ്റാബേസ്' സ്ഥാപിച്ചതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയും, അത് എത്രയും വേഗം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള കൂടുതൽ ചർച്ചകൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു; അതോടൊപ്പം, സ്ഥാപനപരമായ വികസനം ശക്തമാക്കുന്നതിന് സംഭാവന നൽകുന്ന തരത്തിൽ, ധാരണാപത്രങ്ങളുടെ അവലോകനത്തിനായുള്ള അധ്യക്ഷന്റെ തീരുമാനത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
139. 2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയെ ഞങ്ങൾ അഭിനന്ദിക്കുകയും, പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ന്യൂഡൽഹി നഗരത്തിൽ വെച്ച് സംഘടിപ്പിച്ചതിന് ഇന്ത്യയിലെ സർക്കാരിനോടും ജനങ്ങളോടുമുള്ള ഞങ്ങളുടെ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
140. 2027-ൽ ചൈന ബ്രിക്‌സ് അധ്യക്ഷസ്ഥാനം വഹിക്കുന്നതിനും ചൈനയിൽ പത്തൊന്പതാമത് ഉച്ചകോടി നടത്തുന്നതിനും ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നു.
-SK-
( റിലീസ് ഐ.ഡി: 2309932)
സന്ദര്‍ശക കൗണ്ടര്‍ : 5