ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഹിന്ദി ദിവസ് -2026ൻ്റെയും ആറാമത് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൻ്റെയും ഉദ്ഘാടന സമ്മേളനത്തെ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, സെപ്റ്റംബർ 14 തിങ്കളാഴ്ച മുംബൈയിൽ അഭിസംബോധന ചെയ്യും

പോസ്റ്റഡ് ഓണ്‍: 13 SEP 2026 2:48PM by PIB Thiruvananthpuram

മുംബൈയിൽ സെപ്റ്റംബർ 14 തിങ്കളാഴ്ച നടക്കുന്ന ഹിന്ദി ദിവസ് - 2026 ഉദ്ഘാടന സമ്മേളനത്തെയും ആറാമത് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തെയും കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ  അഭിസംബോധന ചെയ്യും. തദവസരത്തിൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാർ, നിരവധി പാർലമെൻ്റ് അംഗങ്ങൾ, വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ടാതിഥികൾ, പണ്ഡിതന്മാർ, സാഹിത്യകാരന്മാർ, വിദ്യാഭ്യാസ വിദഗ്ധർ, കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകളിൽ നിന്നും മന്ത്രാലയങ്ങളിൽ നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. ഹിന്ദി ഭാഷയ്ക്ക് മഹാരാഷ്ട്രയുടെ സാംസ്കാരിക, സാഹിത്യ പാരമ്പര്യങ്ങളുമായുള്ള ശക്തമായ ബന്ധം പരിപാടി എടുത്തുകാട്ടും.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഔദ്യോഗിക ഭാഷാ വകുപ്പാണ് 2021 മുതൽ ഈ വാർഷിക സമ്മേളനം സംഘടിപ്പിക്കുന്നത്. വാരണാസിയിൽ നിന്നാരംഭിച്ച ഈ യാത്ര സൂറത്ത്, പൂനെ, ന്യൂഡൽഹി, ഗാന്ധിനഗർ എന്നിവടങ്ങൾ പിന്നിട്ടാണ് ഇത്തവണ നവി മുംബൈയിലെത്തുന്നത്.

രണ്ടുദിവസത്തെ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് 2025–26 വർഷത്തെ ‘രാജ്ഭാഷാ ഗൗരവ്’, ‘രാജ്ഭാഷാ കീർത്തി’ പുരസ്കാരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ വിതരണം ചെയ്യും. ഔദ്യോഗിക ഭാഷാ രംഗത്ത് മികച്ച സേവനവും ശ്രദ്ധേയമായ സംഭാവനകളും നൽകിയ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമാണ് ഈ അവാർഡുകൾ നൽകുന്നത്.

ഉദ്ഘാടന സമ്മേളനത്തിലും തുടർന്നുള്ള സെഷനുകളിലുമായി നിരവധി പ്രധാന പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്യും. ദേശീയ ഗീതമായ ‘വന്ദേ മാതര'ത്തെ അധികരിച്ച് ഔദ്യോഗിക ഭാഷാ വകുപ്പ് പുറത്തിറക്കുന്ന ഔദ്യോഗിക ഭാഷാ വകുപ്പിൻ്റെ ജേണലായ ‘രാജ്ഭാഷാ ഭാരതി’യുടെ പ്രത്യേക സ്മരണിക ലക്കം, ‘ഭാരതീയ ജ്ഞാന തന്ത്രം: ഉറവിടവും സ്വരൂപവും’, 'ശിവൻ അനാദി ഹൈ, അനന്ദ് ഹൈ', 'അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേക്ക്' എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭാരതീയ സംസ്കാരം, വിജ്ഞാന പാരമ്പര്യം, സർഗ്ഗാത്മകത എന്നിവയുടെ വിവിധ തലങ്ങൾ അനാവരണം ചെയ്യുന്നതാണ് ഈ പുസ്തകങ്ങൾ. കൂടാതെ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും മറ്റ് പുസ്തകങ്ങളും മാസികകളും ചടങ്ങിൽ പ്രകാശനം ചെയ്യും.

ഇത്തവണത്തെ സമ്മേളനത്തിൻ്റെ പ്രധാന ആകർഷണം ദേശീയ ഗീതമായ 'വന്ദേ മാതരത്തെ' കേന്ദ്രീകരിച്ചുള്ള പ്രത്യേക ചർച്ചാ സെഷനാണ്. കേവലം ഒരു ഗീതമെന്നതിലുപരി ഇന്ത്യയുടെ സ്വാതന്ത്ര്യ ബോധത്തിൻ്റെയും ദേശീയ ആത്മാഭിമാനത്തിൻ്റെയും മാതൃഭൂമിയോടുള്ള സമർപ്പണത്തിൻ്റെയും ശക്തമായ ആവിഷ്കാരമാണ് 'വന്ദേ മാതരം'. ഈ പ്രത്യേക സെഷനിൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ ഹരിഹരൻ, മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ നീലേഷ് മിശ്ര, 'വന്ദേ മാതരം' ഗവേഷകനായ ശ്രീ അഖിലേഷ് മിശ്ര എന്നിവർ പങ്കാളികളാകും. മറ്റൊരു സെഷനിൽ 'വന്ദേ മാതരം' ഗവേഷകൻ ശ്രീ മിലിന്ദ് പ്രഭാകർ സബ്നീസ്, ഈ ദേശീയ ഗീതത്തിൻ്റെ ചരിത്രപരവും സാഹിത്യപരവും സാംസ്കാരികവുമായ വശങ്ങളിലേക്ക് വെളിച്ചം വീശും. കൂടാതെ 'വന്ദേ മാതര'ത്തിൻ്റെ രചയിതാവായ ശ്രീ ബങ്കിം ചന്ദ്ര ചതോപാധ്യായയുടെ അഞ്ചാം തലമുറയിലെ കണ്ണിയായ ശ്രീ ജോയ്ദീപ് ചതോപാധ്യായ ചടങ്ങിൽ സംബന്ധിക്കും. അദ്ദേഹത്തിൻ്റെ സാന്നിധ്യം പരിപാടിക്ക് ചരിത്രപരവും വൈകാരികവുമായ പ്രാധാന്യം നൽകും. ഇന്ത്യൻ  ജനമനസ്സുകളിൽ ദേശീയ ബോധം വളർത്താൻ 'വന്ദേ മാതരം' എങ്ങനെ സഹായിച്ചുവെന്നും സ്വാതന്ത്ര്യസമരം മുതൽ ഇന്നുവരെ അതിനുള്ള പ്രസക്തി എന്താണെന്നും ഈ സെഷനുകളിൽ ചർച്ച ചെയ്യും.

ടൗൺ ഔദ്യോഗിക ഭാഷാ നിർവ്വഹണ സമിതികളുടെ പങ്കിനെക്കുറിച്ചുള്ള ഒരു പ്രത്യേക സെഷനും സമ്മേളനത്തിൽ സംഘടിപ്പിക്കും. താഴെത്തട്ടിൽ ഔദ്യോഗിക ഭാഷയായ ഹിന്ദിയുടെ നടത്തിപ്പ് മുന്നോട്ട് കൊണ്ടുപോകുന്ന ശക്തവും ശാക്തീകരിക്കപ്പെട്ടതുമായ സംവിധാനമാണ് 'നരകാസ്'. ഈ സെഷനിൽ 'നരകാസിൻ്റെ' പ്രവർത്തനങ്ങളും നേട്ടങ്ങളും ഔദ്യോഗിക ഭാഷാ നടത്തിപ്പിലെ പങ്കും ചർച്ച ചെയ്യുന്നതിനൊപ്പം, മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന 'നരകാസ്' യൂണിറ്റുകളെ ആദരിക്കുകയും ചെയ്യും.

സെപ്റ്റംബർ 15 ന് ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഒരു പ്രത്യേക സെഷനിൽ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനുമായ ശ്രീ മനോജ് മുൻതാഷിർ പങ്കെടുക്കും. ദേശഭക്തിയും മാതൃരാജ്യത്തോടുള്ള സ്നേഹവും തുളുമ്പുന്ന ഗാനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ മുൻതശിർ ചടങ്ങിൽ തൻ്റെ ചിന്തകൾ പങ്കുവെക്കും. ഈ സെഷൻ സമ്മേളനത്തിൻ്റെ സാംസ്കാരികവും വൈകാരികവുമായ അന്തസ്സിനെ കൂടുതൽ സമ്പന്നമാക്കും. തുടർന്ന് മഹാരാഷ്ട്ര ഗവണ്മെൻ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന വർണ്ണാഭമായ സാംസ്കാരിക പരിപാടിയിൽ മഹാരാഷ്ട്രയുടെ സമ്പന്നമായ കലാ-സാംസ്കാരിക പാരമ്പര്യങ്ങളുടെ വൈവിധ്യമാർന്ന കാഴ്ചകൾ അരങ്ങേറും.

സമ്മേളന നഗരിയിൽ വിവിധ സ്ഥാപനങ്ങൾ, ബാങ്കുകൾ, മന്ത്രാലയങ്ങൾ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രത്യേക പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. മഹാരാഷ്ട്ര ഗവണ്മെൻ്റിൻ്റെ രണ്ട് പ്രത്യേക സ്റ്റാളുകൾ, ഔദ്യോഗിക ഭാഷാ വകുപ്പിൻ്റെയും പ്രസിദ്ധീകരണ വിഭാഗത്തിൻ്റെയും സ്റ്റാളുകൾ ഉൾപ്പെടെ ആകെ 32 സ്റ്റാളുകൾ പ്രദർശന വേദിയിൽ ഒരുക്കും. ഹിന്ദി, മറ്റ് ഇന്ത്യൻ ഭാഷകൾ എന്നിവയുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ പദ്ധതികൾ, നേട്ടങ്ങൾ എന്നിവ ഈ സ്റ്റാളുകളിലൂടെ പ്രദർശിപ്പിക്കും.

രണ്ടുദിവസത്തെ സമ്മേളനത്തിൽ, ഔദ്യോഗിക ഭാഷ, ജനകീയ ഭാഷ, ലിങ്ക് ഭാഷ എന്നീ നിലകളിലുള്ള ഹിന്ദിയുടെ വികസനം, മറ്റ് ഇന്ത്യൻ  ഭാഷകളുമായുള്ള ഏകോപനം, സാങ്കേതികവിദ്യയും ഭാഷയും, പരിഭാഷ, സാഹിത്യം, ഹിന്ദിയുടെ വ്യാപകമായ പ്രചാരം തുടങ്ങിയ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും.

ഭരണഘടനയുടെ അനുച്ഛേദം 343 പ്രകാരം ദേവനാഗരി ലിപിയിലുള്ള ഹിന്ദിയെ കേന്ദ്രത്തിൻ്റെ ഔദ്യോഗിക ഭാഷയായി വ്യവസ്ഥ ചെയ്യുന്നു. അതേസമയം, അനുച്ഛേദം 351 ഹിന്ദിയുടെ പ്രചാരണം, വികസനം, സമൃദ്ധി എന്നിവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര ഗവണ്മെൻ്റിൽ നിക്ഷിപ്തമാക്കുന്നു. ഈ ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റുന്നതിനായി ഔദ്യോഗിക ഭാഷാ വകുപ്പ് നിരന്തരം പ്രവർത്തിച്ചുവരികയാണ്. ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആറാമത് അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനം ഹിന്ദിയോടൊപ്പം മറ്റ് ഇന്ത്യൻ ഭാഷകൾ തമ്മിലുള്ള ഏകോപനവും സംവാദവും പങ്കാളിത്തവും കൂടുതൽ ശക്തമാക്കാനും അവസരമൊരുക്കും.

***


( റിലീസ് ഐ.ഡി: 2309808) സന്ദര്‍ശക കൗണ്ടര്‍ : 7