ധനകാര്യ മന്ത്രാലയം
ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ആക്ട്, 2026- 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍
പോസ്റ്റഡ് ഓണ്‍:
11 SEP 2026 2:53PM by PIB Thiruvananthpuram
ബാങ്കിംഗ്-ധനകാര്യ മേഖലകളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, ബിസിനസ് സുഗമമാക്കുന്നതിനും, സമ്പദ്വ്യവസ്ഥയുടെ പരിവര്‍ത്തനാത്മകമായ ആവശ്യങ്ങള്‍ക്കനുസൃതമായി നിയമ-നിയന്ത്രണ ചട്ടക്കൂടുകള്‍ ആധുനികവല്‍ക്കരിക്കുന്നതിനുമുള്ള പരിഷ്‌കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം നടപ്പിലാക്കി വരുന്നു. ബാങ്കിംഗ് രീതികളിലും സാങ്കേതികവിദ്യയിലും അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍, ബാങ്കിംഗ് രേഖകളുടെ പരിപാലനം, തെളിവായി അവയുടെ ഉപയോഗം എന്നിവ നിയന്ത്രിക്കുന്ന നിയമങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്.
1891-ലെ 'ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ആക്റ്റിന്' പകരമായി 2026 ഓഗസ്റ്റ് 13-ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച 'ബാങ്കേഴ്‌സ് ബുക്‌സ് എവിഡന്‍സ് ആക്റ്റ്, 2026, പ്രാബല്യത്തില്‍ വരികയാണ്. ആധുനിക ബാങ്കിംഗ് രീതികളുടെയും സാങ്കേതികവിദ്യയുടെയും വികാസത്തിനനുസരിച്ച് ബാങ്കിംഗ് രേഖകളെ തെളിവായി സ്വീകരിക്കുന്നതിനും അവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമായി സമഗ്രവും കാലാനുസൃതവുമായ ഒരു ചട്ടക്കൂടാണ് ഈ നിയമം വിഭാവനം ചെയ്യുന്നത്.
2026 സെപ്റ്റംബര്‍ 10-ലെ വിജ്ഞാപന പ്രകാരം (ഗസറ്റ് വിജ്ഞാപനത്തിന്റെ ലിങ്ക് താഴെ നല്‍കിയിരിക്കുന്നു), ഈ നിയമത്തിലെ വ്യവസ്ഥകള്‍ 2026 ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഭൗതിക രൂപത്തിലോ ഇലക്ട്രോണിക്, ഡിജിറ്റല്‍, വെര്‍ച്വല്‍, ക്ലൗഡ് അധിഷ്ഠിതം തുടങ്ങിയ ആധുനിക രൂപങ്ങളിലോ സൂക്ഷിച്ചിരിക്കുന്ന ബാങ്കിംഗ് രേഖകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കിക്കൊണ്ട്, സാങ്കേതികവിദ്യാ-നിരപേക്ഷമായ (technology-neutral) സമീപനമാണ് ഈ നിയമം സ്വീകരിക്കുന്നത്. കൂടാതെ, മാനുവല്‍, ഡിജിറ്റല്‍, ഇലക്ട്രോണിക് ഒപ്പുകള്‍ എന്നിവ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയ ബാങ്കിംഗ് രേഖകള്‍ക്ക് ഏകീകൃതവും ലളിതവുമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിയമ നടപടികളില്‍ ബാങ്ക് കക്ഷിയല്ലാത്ത സാഹചര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരെ ഹാജരാകാന്‍ ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ടും നിയമം കൂടുതല്‍ വ്യക്തമായ വ്യവസ്ഥകള്‍ കൊണ്ടുവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ബാങ്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നതിന്, കോടതി ''സ്പഷ്ടമായ കാരണം'' രേഖാമൂലം വ്യക്തമാക്കേണ്ടതാണ്.
കൂടാതെ, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയുടെയും ധനകാര്യ സംവിധാനത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് നിയമത്തിന്റെ പരിധി വിപുലീകരിക്കുന്നതിനും ഇതിലൂടെ സാധിക്കും. നിര്‍ദ്ദിഷ്ട സാമ്പത്തിക സ്ഥാപനങ്ങള്‍ക്കോ സ്ഥാപനങ്ങളുടെ ഏതെങ്കിലും വിഭാഗങ്ങള്‍ക്കോ ഈ നിയമത്തിലെ വ്യവസ്ഥകള്‍ ബാധകമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഇതിലെ വ്യവസ്ഥ.
സാങ്കേതിക പുരോഗതിക്കും മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കും അനുസൃതമായി നിയമചട്ടക്കൂടുകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കുന്നതിനും, ബിസിനസ് നടത്തിപ്പ് കൂടുതല്‍ സുഗമമാക്കുന്നതിനും, ആധുനികവും കാര്യക്ഷമവുമായ സാമ്പത്തിക സംവിധാനം കെട്ടിപ്പടുക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ സ്ഥായിയായ പ്രതിബദ്ധതയാണ് ഈ പരിഷ്‌കാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.
2026 സെപ്റ്റംബര്‍ 10-ലെ ഗസറ്റ് വിജ്ഞാപനത്തിന്റെ ലിങ്ക്:
https://egazette.gov.in/(S(4du1dbsf0xrjj5ut3dnpovun))/ViewPDF.aspx
https://egazette.gov.in/(S(blcfbghvrddn1sxjnyv5hrpw))/ViewPDF.aspx
***
( റിലീസ് ഐ.ഡി: 2309253)
സന്ദര്‍ശക കൗണ്ടര്‍ : 5