ഉപരാഷ്ട്രപതിയുടെ കാര്യാലയം
ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ അത്യാധുനിക ഇൻസ്ട്രുമെൻ്റേഷൻ ഫെസിലിറ്റിയും ടെക് ഇന്നൊവേഷൻ ഫോറവും ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
04 SEP 2026 3:42PM by PIB Thiruvananthpuram
ഉപരാഷ്ട്രപതിയും ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയുടെ എക്സ്-ഒഫിഷ്യോ ചാൻസലറുമായ ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് സർവകലാശാല സന്ദർശിച്ചു. സര്‍വകലാശാലയിലെ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെൻ്റ് ഫെസിലിറ്റിയിലെയും സെന്‍ട്രല്‍ ഇൻസ്ട്രുമെൻ്റേഷൻ ലബോറട്ടറികളിലെയും അത്യാധുനിക ഉപകരണങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. പഞ്ചാബ് സര്‍വകലാശാല ടെക് ഇന്നൊവേഷൻ ഫോറത്തിൻ്റെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നിർവഹിച്ചു. ഗവേഷകർക്കും നൂതനാശയ ഉപജ്ഞാതാക്കള്‍ക്കും വ്യവസായ മേഖലയ്ക്കുമെല്ലാം അനലിറ്റിക്സ്, ഇൻകുബേഷൻ, സംരംഭകത്വ മേഖലകളില്‍ അത്യാധുനിക രീതിയില്‍ പിന്തുണ നൽകുന്ന ഈ കേന്ദ്രങ്ങള്‍ സർവകലാശാലയുടെ അക്കാദമിക - പ്രായോഗിക - പരിവർത്തന ഗവേഷണ ആവാസവ്യവസ്ഥയുടെ സുപ്രധാന ഘടകങ്ങളാണ്.
1882-ൽ സ്ഥാപിതമായത് മുതലുള്ള സർവകലാശാലയുടെ അഭിമാനകരമായ പാരമ്പര്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, നേതാക്കളിലൂടെയും നിയമജ്ഞരിലൂടെയും ശാസ്ത്രജ്ഞരിലൂടെയും കായികതാരങ്ങളിലൂടെയും പൊതുപ്രവർത്തകരിലൂടെയുമെല്ലാം തലമുറകളായി രാഷ്ട്രനിർമാണത്തിന് സർവകലാശാല നൽകിയ സംഭാവനകളെ ചടങ്ങില്‍ പ്രശംസിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മേഖലകളില്‍ വിപ്ലവകരമായ പരിവര്‍ത്തനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഗുണനിലവാരമേറിയ വിദ്യാഭ്യാസം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍വകലാശാലയില്‍ ഉദ്ഘാടനം ചെയ്ത സംരംഭങ്ങളെ രണ്ട് സുപ്രധാന നാഴികക്കല്ലുകളായാണ് ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. അറ്റോമിക് ഫോഴ്സ് മൈക്രോസ്കോപ്പ്, രാമൻ സ്പെക്ട്രോമീറ്റർ, ഡിഎൻഎ സീക്വൻസർ, ഫ്ലോ സൈറ്റോമീറ്റർ, എഫ്ടിഐആർ സ്പെക്ട്രോമീറ്റർ എന്നീ അഞ്ച് അത്യാധുനിക ശാസ്ത്ര ഉപകരണങ്ങൾ സ്ഥാപിക്കുന്നത് നാനോ ടെക്നോളജി, മെറ്റീരിയല്‍സ് സയന്‍സ്, പരിസ്ഥിതി ശാസ്ത്രം, ജനിതകശാസ്ത്രം തുടങ്ങിയ മേഖലകളില്‍ സർവകലാശാലയുടെ ഗവേഷണ ശേഷി ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
നൂതനാശയങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി 'ബയോ-നെസ്റ്റ്' സംവിധാനത്തെ സെക്ഷൻ 8 പ്രകാരം ലാഭേച്ഛയില്ലാത്ത കമ്പനിയെന്ന നിലയില്‍ പഞ്ചാബ് സര്‍വകലാശാലയുടെ ടെക് ഇന്നൊവേഷൻ ഫോറമാക്കി മാറ്റിയത് ഗവേഷണം, സംരംഭകത്വം, സാങ്കേതിക വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് മാതൃകാപരമായ പുതിയ ചട്ടക്കൂടാണെന്ന് വ്യക്തമാക്കി. അക്കാദമിക രംഗവും വ്യവസായ മേഖലയും സംരംഭക വികസന കേന്ദ്രങ്ങളും നിക്ഷേപകരും ഒത്തുചേർന്ന് പ്രവർത്തിക്കുമ്പോഴാണ് നൂതനാശയങ്ങൾ കൂടുതൽ കരുത്തുപ്രാപിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യക്തമായ ലക്ഷ്യബോധത്തോടെ ശാസ്ത്രത്തെ പിന്തുടരണമെന്നും പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതും വിപുലീകരിക്കാവുന്നതും യഥാർത്ഥ സാമൂഹ്യ ആവശ്യങ്ങൾ പരിഹരിക്കാൻ പര്യാപ്തവുമായ നൂതനാശയങ്ങൾ വികസിപ്പിക്കണമെന്നും അദ്ദേഹം യുവ ഗവേഷകരോട് ആഹ്വാനം ചെയ്തു. ഗവേഷണങ്ങൾ സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ ഉണ്ടാക്കുന്നതായിരിക്കണം. ഗവേഷണങ്ങളുടെ പ്രയോജനം സമൂഹത്തിനാകെ ലഭിക്കുന്ന വിധം ശരിയായ ദിശയിൽ ഗവേഷണങ്ങൾ നടത്താൻ ഗവേഷകരോടും വിദ്യാർത്ഥികളോടും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
കാമ്പസ് സുരക്ഷയെക്കുറിച്ചും ഉപരാഷ്ട്രപതി പരാമർശിച്ചു. ഒരു ഗവേഷക വിദ്യാർത്ഥിയുടെ ദൗർഭാഗ്യകരമായ മരണത്തെത്തുടർന്ന് കാമ്പസിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്താൻ സർവകലാശാലാ അധികൃതർക്ക് ഉടൻ നിർദ്ദേശം നൽകിയിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ അവലോകനം ചെയ്ത് വിശദമായ റിപ്പോർട്ട് സമർപ്പിക്കാന്‍ ആഭ്യന്തര സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് സർവകലാശാല ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
'നശാ മുക്ത് ഭാരത്' എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിലേക്ക് സംഭാവന നൽകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത ശ്രീ സി. പി. രാധാകൃഷ്ണൻ, ലഹരി ഉപയോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും സ്വന്തം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ലഹരിയില്‍നിന്ന് പിന്തിരിപ്പിക്കാനും ആവശ്യപ്പെട്ടു.
അത്യാധുനിക ശാസ്ത്ര സൗകര്യങ്ങളും പഞ്ചാബ് സര്‍വകലാശാല ടെക് ഇന്നൊവേഷൻ ഫോറവും ഗവേഷണം, നൂതനാശയങ്ങള്‍, സംരംഭകത്വം എന്നിവയിൽ സർവകലാശാലയുടെ സംഭാവനകൾക്ക് കൂടുതൽ കരുത്തേകുമെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചാണ് ഉപരാഷ്ട്രപതി പ്രസംഗം ഉപസംഹരിച്ചത്. ക്ലാസ് മുറികളിലും ലബോറട്ടറികളിലും രൂപപ്പെടുന്ന ആശയങ്ങൾ യുവാക്കളുടെ അവസരങ്ങളായി മാറുന്നുവെന്നും 'വികസിത് ഇന്ത്യ', 'ആത്മനിർഭർ ഇന്ത്യ' എന്നീ കാഴ്ചപ്പാടുകളിലേക്ക് സംഭാവന ചെയ്യുന്നുവെന്നും ഉറപ്പാക്കാൻ അദ്ദേഹം വിദ്യാർത്ഥികളോടും അധ്യാപകരോടും അഭ്യർത്ഥിച്ചു. പഞ്ചാബ് സർവകലാശാലയെ ലോകോത്തര ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനമാക്കി മാറ്റുന്ന നടപടികളിൽ കൂട്ടായ പരിശ്രമങ്ങൾക്ക് ആഹ്വാനം ചെയ്ത അദ്ദേഹം സർവകലാശാലാ സമൂഹത്തിൽ നിന്ന് നിർദേശങ്ങൾ ക്ഷണിക്കുകയും ചെയ്തു.
പഞ്ചാബ് ഗവർണറും ചണ്ഡീഗഡ് കേന്ദ്രഭരണ പ്രദേശത്തിൻ്റെ അഡ്മിനിസ്ട്രേറ്ററുമായ ശ്രീ ഗുലാബ് ചന്ദ് കട്ടാരിയ, ഹരിയാന ഗവർണർ പ്രൊഫ. ആശിം കുമാർ ഘോഷ്, ലോക്സഭാ എം.പി. ശ്രീ മനീഷ് തിവാരി, പഞ്ചാബ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ മീനാക്ഷി ഗോയൽ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2306803)
സന്ദര്‍ശക കൗണ്ടര്‍ : 3