രാഷ്ട്രപതിയുടെ കാര്യാലയം
അധ്യാപക ദിനത്തിൻ്റെ പൂർവ സന്ധ്യയിൽ രാജ്യത്തെ അധ്യാപകർക്ക് ആശംസകൾ നേർന്ന് രാഷ്ട്രപതി
പോസ്റ്റഡ് ഓണ്‍:
04 SEP 2026 5:38PM by PIB Thiruvananthpuram
അധ്യാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ അധ്യാപകർക്കും രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ആശംസകൾ നേർന്നു.
തൻ്റെ അധ്യാപക ദിന സന്ദേശത്തിൽ രാഷ്ട്രപതി ഇപ്രകാരം കുറിച്ചു: "അധ്യാപക ദിനത്തിൻ്റെ ശുഭവേളയിൽ രാജ്യത്തുടനീളമുള്ള നമ്മുടെ എല്ലാ അധ്യാപകർക്കും ഞാൻ എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.പ്രശസ്ത എഴുത്തുകാരനും തത്ത്വചിന്തകനും മികച്ച അധ്യാപകനുമായിരുന്ന ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.സർവേപ്പള്ളി രാധാകൃഷ്ണൻ്റെ ജന്മദിനമാണ് രാജ്യം അധ്യാപക ദിനമായി ആചരിക്കുന്നത്. ഈ അവസരത്തിൽ ഞാൻ അദ്ദേഹത്തിന് എൻ്റെ പ്രണാമം അർപ്പിക്കുന്നു,"
അധ്യാപകർ മികച്ച മാർഗ്ഗനിർദ്ദേശങ്ങളിലൂടെയും ഉപദേശങ്ങളിലൂടെയും വിദ്യാർത്ഥികളുടെ കഴിവുകളെ വളർത്തുന്നതിലും സ്വഭാവം രൂപീകരിക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്നുവെന്നും അവർ പറഞ്ഞു. വിദ്യാർത്ഥികളെ നല്ല മനുഷ്യരായി വളരാൻ പ്രാപ്തരാക്കുക എന്നത് അദ്ധ്യാപകരുടെ കടമയാണ്. അർപ്പണബോധവും കരുതലും ഉള്ള ഒരു അധ്യാപകന് വിദ്യാർത്ഥികളുടെ സവിശേഷ കഴിവുകളെ തിരിച്ചറിയാനും, അവർക്ക് പ്രചോദനമായി മാറാനും, മികവിലേക്ക് കുതിക്കാൻ പ്രോത്സാഹിപ്പിക്കാനും സാധിക്കും.അധ്യാപകർ തങ്ങളുടെ അറിവ് നിരന്തരം വർദ്ധിപ്പിക്കുകയും സാങ്കേതികവിദ്യയെ നെഞ്ചിലേറ്റുകയും നൂതന അധ്യാപന രീതികൾ സ്വീകരിക്കുകയും വേണം. അവർ വിദ്യാർത്ഥികൾക്കിടയിൽ സ്വതന്ത്രമായ ചിന്താഗതിയെ പ്രോത്സാഹിപ്പിക്കുകയും അന്വേഷണാത്മക മനോഭാവം വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ പ്രാപ്തിയുള്ള ഒരു പ്രബുദ്ധ തലമുറയെ വാർത്തെടുക്കാൻ എല്ലാ അദ്ധ്യാപകർക്കും കഴിയട്ടെ എന്ന് അവർ ആശംസിച്ചു. അതോടൊപ്പം അർപ്പണബോധമുള്ള എല്ലാ അധ്യാപകരുടെയും സേവനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും ശ്രീമതി മുർമു തൻ്റെ ആശംസാസന്ദേശത്തിൽ പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2306801)
സന്ദര്‍ശക കൗണ്ടര്‍ : 3