പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഉസ്ബെക്കിസ്ഥാൻ സന്ദർശനവേളയിലെ സംയുക്തപ്രസ്താവന

പോസ്റ്റഡ് ഓണ്‍: 30 AUG 2026 5:56PM by PIB Thiruvananthpuram

ഉസ്ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിന്റെ ക്ഷണപ്രകാരം ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ഓഗസ്റ്റ് 29 മുതൽ 30 വരെ ഉസ്‌ബെക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തി.

പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഊഷ്മളവും സൗഹൃദപരവും ക്രിയാത്മകവുമായ അന്തരീക്ഷത്തിൽ ചർച്ചകൾ നടത്തി. ഉസ്‌ബെക്കിസ്ഥാൻ-ഇന്ത്യ ഉഭയകക്ഷിബന്ധത്തിന്റെ നിലവിലെ അവസ്ഥയും ഭാവിസാധ്യതകളും നേതാക്കൾ സമഗ്രമായി അവലോകനം ചെയ്തു. പരസ്പരതാൽപ്പര്യമുള്ള പ്രാദേശിക-അന്താരാഷ്ട്ര വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവച്ചു. പ്രായോഗിക സഹകരണത്തിനായി തുടർന്നുള്ള മുൻഗണനാ മേഖലകൾ നേതാക്കൾ തിരിച്ചറിഞ്ഞു.

ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കരുത്തുറ്റ സഹകരണത്തിൽ നേതാക്കൾ തൃപ്തി രേഖപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധത്തിലും ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ സമാനതകളിലുമാണ് ഈ ബന്ധം ദൃഢമായി ഉറപ്പിച്ചിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും പൊതുവായ പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അവർ പറഞ്ഞു. സഹകരണം കൂടുതൽ വിപുലീകരിച്ച് അതു സമഗ്ര തന്ത്രപ്രധാന പങ്കാളിത്തമായി ഉയർത്താനും അവർ തീരുമാനിച്ചു.

ഉസ്‌ബെക്കിസ്ഥാന്റെയും ഇന്ത്യയുടെയും നിലപാടുകളുടെ അടുത്ത സാമ്യതയെയും മധ്യേഷ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെയും നേതാക്കൾ സ്വാഗതംചെയ്തു. സങ്കീർണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിൽ, സ്വതന്ത്രവും തുറന്നതും നിയമാധിഷ്ഠിതവുമായ അന്താരാഷ്ട്ര ക്രമത്തിന്റെ ആവശ്യകതയ്ക്ക് അവർ ഊന്നൽ നൽകി. ബഹുമുഖ സഹകരണത്തിന്റെയും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെയും ഉഭയകക്ഷി കരാറുകളുടെയും പിൻബലത്തിൽ, ഇരുജനതകളുടെയും ഭാവി തലമുറകളുടെയും നന്മയ്ക്കായുള്ള ദീർഘകാല-പരസ്പര പ്രയോജനകരമായ സഹകരണത്തിനായുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. വ്യാപാരം, സമ്പദ്‌വ്യവസ്ഥ, നിക്ഷേപം, ഗതാഗതബന്ധങ്ങൾ, ഡിജിറ്റൽ പരിവർത്തനം (വിവരസാങ്കേതികവിദ്യ, നിർമിതബുദ്ധി, ബഹിരാകാശം, സൈബർ സുരക്ഷ), ഊർജസംക്രമണം, നിർണായക ധാതുക്കൾ, ഭക്ഷ്യസുരക്ഷ, ആരോഗ്യപരിപാലനം, ഔഷധനിർമാണം, വിദ്യാഭ്യാസം എന്നീ മേഖലകളിലുടനീളം രാഷ്ട്രീയ സംവാദവും സമഗ്ര തന്ത്രപ്രധാന പങ്കാളിത്തവും കൂടുതൽ ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും ധാരണയായി.

രാഷ്ട്രീയ-പാർലമെന്ററി-സുരക്ഷ സഹകരണം

നേതൃത്വതലത്തിലും സ്ഥാപനതലത്തിലും പതിവായതും വിശ്വസ്തതയിലധിഷ്ഠിതവുമായ സംവാദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. ഉഭയകക്ഷിതലത്തിലും അന്താരാഷ്ട്ര വേദികളുടെ ഇടവേളകളിലും സന്ദർശനങ്ങളും സമ്പർക്കങ്ങളും തുടരാൻ ധാരണയായി.

ഇരുരാജ്യങ്ങളും തമ്മിൽ രൂപപ്പെടുത്തിയ കരാറുകളുടെയും ക്രമീകരണങ്ങളുടെയും നിർവഹണത്തിന് ഉന്നതതല ഏകോപനവും മേൽനോട്ടവും നൽകുന്നതിനും, മുൻഗണനാ ഉഭയകക്ഷിസംരംഭങ്ങളും പദ്ധതികളും കൃത്യസമയത്തു സാക്ഷാത്കരിക്കുന്നതു സുഗമമാക്കുന്നതിനുമായി വിദേശകാര്യ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംവിധാനത്തിനു രൂപംനൽകാൻ നേതാക്കൾ ധാരണയായി.

പാർലമെന്ററി നയതന്ത്രത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യം നേതാക്കൾ അംഗീകരിച്ചു. ഉസ്‌ബെക്കിസ്ഥാൻ പാർലമെന്റും ഇന്ത്യയുടെ പാർലമെന്റും തമ്മിലുള്ള ബന്ധങ്ങളും ആശയവിനിമയങ്ങളും ശക്തമാകുന്നതിനെ അവർ സ്വാഗതംചെയ്തു. പാർലമെന്ററി സൗഹൃദസംഘങ്ങൾ തമ്മിലുള്ള സഹകരണത്തെയും അവർ സ്വാഗതംചെയ്തു. അന്താരാഷ്ട്ര പാർലമെന്ററി സംഘടനകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെയും നേതാക്കൾ പിന്തുണച്ചു.

വിവിധ മേഖലകളിലെ ഉഭയകക്ഷിസഹകരണത്തിന്റെ നിയമപരമായ ചട്ടക്കൂടു കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ അടിവരയിട്ടു. നിലവിലെ ഉഭയകക്ഷിസഹകരണത്തിന്റെ ​മുൻഗണനകൾ പൂർണമായി പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിലവിലുള്ള ഉഭയകക്ഷി നിയമ കരാറുകൾ സമഗ്രമായി അവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകത അവർ എടുത്തുപറഞ്ഞു. വർത്തമാനകാല യാഥാർഥ്യങ്ങൾക്ക് അനുസൃതമായി കരാർ ചട്ടക്കൂട് ആധുനികവൽക്കരിക്കുന്നതിനു സംയുക്തമായി പ്രവർത്തിക്കാൻ ധാരണയായി.

അതിർത്തികടന്നുള്ള ഭീകരവാദം ഉൾപ്പെടെ, ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും ആവിഷ്കാരങ്ങളെയും നേതാക്കൾ വ്യക്തമായി അപലപിച്ചു. ഭീകരവാദത്തോടുള്ള ‘സഹിഷ്ണുതാരഹിത നിലപാട്’ നേതാക്കൾ ആവർത്തിച്ചു. ഏതു കാരണത്തിന്റെ പേരിലായാലും ഭീകരവാദത്തെ ന്യായീകരിക്കുന്നതിനെ തള്ളിക്കളഞ്ഞു. ഭീകരവാദ പ്രസ്ഥാനങ്ങൾക്കെതിരായും, ഭീകരവാദ ധനസഹായ ശൃംഖലകളും സുരക്ഷിത താവളങ്ങളും അടിസ്ഥാനസൗകര്യങ്ങളും തകർക്കുന്നതിനായും യോജിച്ച നടപടികൾക്ക് നേതാക്കൾ ആഹ്വാനംചെയ്തു. ഭീകരവാദത്തിന് ഉത്തരവാദികളായവരെക്കൊണ്ടു കണക്കുപറയിക്കണമെന്നും അതിന്റെ കുറ്റവാളികളെയും പിന്തുണയ്ക്കുന്നവരെയും സഹായികളെയും അനുബന്ധ പ്രസ്ഥാനങ്ങളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ പറഞ്ഞു. നിയമപാലനം, വിവരശേഖരണം, അക്രമാസക്തമായ തീവ്രവാദം തടയൽ, ലഹരിമരുന്നുകടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, സൈബർ ഭീഷണികൾ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ എടുത്തുപറഞ്ഞു. ഭീകരവിരുദ്ധ സംയുക്ത കർമസംഘത്തിനു കീഴിലുള്ള സഹകരണം തുടരുന്നതിന്റെ പ്രാധാന്യത്തിനും നേതാക്കൾ ഊന്നൽ നൽകി.

ഉസ്‌ബെക്കിസ്ഥാനിലെയും ഇന്ത്യയിലെയും പ്രതിരോധ-സുരക്ഷാ ഏജൻസികൾ തമ്മിൽ വർധിച്ചുവരുന്ന സഹകരണത്തെയും അടുത്ത ഏകോപനത്തെയും നേതാക്കൾ അഭിനന്ദിച്ചു. സ്ഥിരമായ ആശയവിനിമയങ്ങൾ, സ്ഥാപനതല സംവിധാനങ്ങൾ, ശേഷിവികസന പ്രവർത്തനങ്ങൾ, സംയുക്തപ്രവർത്തനങ്ങൾ എന്നിവയിലൂടെയാണ് ഈ സഹകരണം ശക്തിപ്പെട്ടുവരുന്നത്. പൊതുവായി നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി ഇത്തരം സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും നേതാക്കൾ പ്രകടിപ്പിച്ചു. സൈനിക സഹകരണത്തിനായുള്ള സംയുക്ത പ്രവർത്തകസമിതിയുടെ പ്രവർത്തനങ്ങളിൽ നേതാക്കൾ സംതൃപ്തി പ്രകടിപ്പിച്ചു. പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണത്തിനുള്ള പുതിയ സാധ്യതകൾ ഈ സമിതിയിലൂടെ പരിശോധിച്ചുവരികയാണ്. ഉസ്‌ബെക്കിസ്ഥാൻ–ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ “ദുസ്ത്‌ലിക്” വിജയകരമായി സംഘടിപ്പിച്ചതിനെയും നേതാക്കൾ സ്വാഗതംചെയ്തു. ഇതിന്റെ ഏറ്റവും പുതിയ പതിപ്പ് 2026 ഏപ്രിലിൽ ഉസ്‌ബെക്കിസ്ഥാനിലെ നമാംഗൻ മേഖലയിൽ നടന്നിരുന്നു.

പ്രാദേശിക സഹകരണത്തിൽ കൈവരിച്ച പുരോഗതിയെ നേതാക്കൾ ഏറെ പ്രശംസിക്കുകയും, മധ്യേഷ്യ–ഇന്ത്യ സഹകരണ ചട്ടക്കൂടിൽ രാഷ്ട്രത്തലവന്മാരുടെ തലത്തിലും മറ്റു തലങ്ങളിലുമുള്ള ഇടപെടലുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പാക്കുകയും ചെയ്തു. പ്രാദേശിക വിഷയങ്ങളിൽ സ്ഥിരമായ കൂടിയാലോചനകൾ തുടരേണ്ടതിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു.

വ്യാപാര-സാമ്പത്തിക-നിക്ഷേപ സഹകരണം

ഉസ്‌ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള കരുത്തുറ്റ സാമ്പത്തിക പങ്കാളിത്തത്തെ നേതാക്കൾ സ്വാഗതംചെയ്യുകയും, ഉഭയകക്ഷിവ്യാപാരവും നിക്ഷേപവും കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വലിയ തോതിലുള്ള ഉപയോഗിക്കപ്പെടാത്ത സാധ്യതകൾ ചൂണ്ടിക്കാട്ടുകയും ചെയ്തു.

പുതിയ അവസരങ്ങൾ കണ്ടെത്തുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഉഭയകക്ഷിവ്യാപാരം കൂടുതൽ ശക്തിപ്പെടുത്തുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ ഉയർത്തിക്കാട്ടി. ഉസ്‌ബെക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികളുടെ എണ്ണം അതിവേഗം വർധിച്ചുവരുന്നത് സാമ്പത്തിക സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള വലിയ സാധ്യതകളെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അവർ എടുത്തുപറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ വൈവിധ്യം വർധിപ്പിക്കുന്നതിനും, തീരുവ ഇതര വ്യാപാരതടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും, ഉഭയകക്ഷിവ്യാപാരത്തിന്റെ തോത് കൂടുതൽ വർധിപ്പിക്കുന്നതിന് വ്യവസായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംയുക്ത നടപടികൾ സ്വീകരിക്കാൻ ഇരുപക്ഷവും ധാരണയായി. തീരുവ ഇതര വിഷയങ്ങളും നിക്ഷേപത്തിനുള്ള തടസ്സങ്ങളും പരിഹരിക്കുന്നതിനായി, ഉഭയകക്ഷിവ്യാപാരത്തിലെ പ്രധാന മേഖലകൾക്കു പ്രത്യേക ശ്രദ്ധ നൽകി, സംയുക്ത പ്രവർത്തകസമിതിക്കു രൂപംനൽകാനും അവർ ധാരണയായി.

ഇ-കൊമേഴ്സ്, വ്യാപാര നടപടികളുടെ ഡിജിറ്റലൈസേഷൻ, ചെറുകിട-ഇടത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ അവതരിപ്പിക്കൽ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിൽ ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിച്ചു.


ലോക വ്യാപാര സംഘടനയിൽ (WTO) അംഗത്വം നേടുന്നതിനായി ഉസ്‌ബെക്കിസ്ഥാന് ഇന്ത്യ നൽകിയ പിന്തുണയെ ഉസ്‌ബെക് പക്ഷം അഭിനന്ദിച്ചു. ബഹുമുഖ ആഗോള വ്യാപാര സംവിധാനത്തെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കാൻ ധാരണയായി. ഈ സംവിധാനത്തിന്റെ കേന്ദ്രത്തിൽ WTO തന്നെ തുടരണമെന്നും അവർ വ്യക്തമാക്കി. പ്രത്യേകിച്ച്, വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനു പ്രാധാന്യം നൽകണമെന്നും ഇരുരാജ്യങ്ങളും അഭിപ്രായപ്പെട്ടു.

നിർമാണ-കയറ്റുമതി ശേഷികൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്കു പിന്തുണ നൽകാനും, നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സംവാദം പ്രോത്സാഹിപ്പിക്കാനും, വിപണികളിലേക്കു പരസ്പരം വേഗത്തിലും കൂടുതൽ വ്യാപ്തിയിലും പ്രവേശനം സാധ്യമാക്കുന്നതിനായി പരസ്പര അംഗീകാര ക്രമീകരണങ്ങൾക്കു രൂപംനൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ഇരുപക്ഷവും ധാരണയായി.

2026 ജൂണിൽ താഷ്‌കന്റ് അന്താരാഷ്ട്ര നിക്ഷേപ വേദിയുടെ ഭാഗമായി നടന്ന വ്യാപാര-സാമ്പത്തിക-ശാസ്ത്രീയ-സാങ്കേതിക സഹകരണത്തിനായുള്ള അന്തർഗവണ്മെന്റ്തല കമ്മീഷന്റെ യോഗത്തിന്റെയും, 2026 ഓഗസ്റ്റിൽ ന്യൂഡൽഹിയിൽ നടന്ന ഉസ്‌ബെക്കിസ്ഥാൻ–ഇന്ത്യ വ്യാവസായിക വേദികളുടെയും ഫലങ്ങളെ നേതാക്കൾ ഏറെ പ്രശംസിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക-നിക്ഷേപ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിൽ ഈ യോഗങ്ങളും ചർച്ചാവേദികളും ഗണ്യമായ സംഭാവന നൽകിയതായി അവർ ചൂണ്ടിക്കാട്ടി.

ഉസ്‌ബെക്-ഇന്ത്യൻ കമ്പനികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കാനും, ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പരസ്പരപൂരകതകൾ പ്രയോജനപ്പെടുത്താനും, മൂല്യവർധിത വിതരണശൃംഖലകൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും നേതാക്കൾ ധാരണയായി.

ഇലക്ട്രിക്കൽ ഉൽപ്പന്നങ്ങൾ, എൻജിനിയറിങ് ഉൽപ്പന്നങ്ങൾ, വാഹനനിർമാണം, ഔഷധനിർമാണം എന്നീ മേഖലകളിലെ ഉഭയകക്ഷിവ്യാപാരത്തിനു വലിയ സാധ്യതയുണ്ടെന്ന് ഇരുപക്ഷവും അംഗീകരിച്ചു. ഈ മേഖലകളിൽ വ്യവസായസ്ഥാപനങ്ങൾ തമ്മിലുള്ള വളരെയടുത്ത സഹകരണം ഉറപ്പാക്കാനും അവർ ധാരണയായി.

പരസ്പരപ്രയോജനകരമായ നിക്ഷേപ അവസരങ്ങൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും, നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും വ്യവസായനടത്തിപ്പു സുഗമമാക്കുന്നതിനുമായി സ്ഥാപനതല സംവിധാനത്തിനു രൂപംനൽകാനും നേതാക്കൾ ധാരണയായി.

ഉസ്‌ബെക്കിസ്ഥാന്റെ നിക്ഷേപ പ്രോത്സാഹന ഏജൻസിയും ഇൻവെസ്റ്റ് ഇന്ത്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ ഇരുപക്ഷവും ധാരണയായി. സംയുക്ത വ്യാവസായികവേദികൾ, റോഡ്‌ ഷോകൾ, നിക്ഷേപ സെമിനാറുകൾ, വിവിധ പങ്കാളികളുമായുള്ള ആശയവിനിമയങ്ങൾ എന്നിവയിലൂടെ പരസ്പരപ്രയോജനകരമായ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതുവഴി ഇരുദിശകളിലുമുള്ള നിക്ഷേപപ്രവാഹം വർധിപ്പിക്കാനും വ്യവസായ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും സാധിക്കും.

ഉഭയകക്ഷിവ്യാപാരം സ്ഥിരതയോടെ വളരുന്നതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. കൂടുതൽ കരുത്തുറ്റ വ്യാപാരബന്ധം കെട്ടിപ്പടുക്കാൻ വ്യാപാരം കൂടുതൽ വിപുലീകരിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്യാനുള്ള തീരുമാനം നേതാക്കൾ ആവർത്തിച്ചു. ഉസ്‌ബെക്കിസ്ഥാൻ–ഇന്ത്യ മുൻഗണനാ വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത സാധ്യതാപഠനം പൂർത്തിയായത് അനുസ്മരിച്ച നേതാക്കൾ, സമയബന്ധിതമായി അടുത്ത ഘട്ടങ്ങൾ പരിശോധിക്കാൻ ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്കു നിർദേശം നൽകി.

ഊർജവും പ്രകൃതിവിഭവങ്ങളും വിതരണശൃംഖലകളും

പുനരുപയോഗ ഊർജം, ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ നവീകരണം, ഭാവിയിൽ നടപ്പാക്കാവുന്ന നിക്ഷേപ പദ്ധതികളുടെ നിർവഹണം എന്നീ മേഖലകളിലെ സഹകരണം മുന്നോട്ടുകൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളെ നേതാക്കൾ സ്വാഗതംചെയ്തു.

ഭൂവിജ്ഞാനം, ഖനനം, ആണവോർജം, വ്യവസായ സഹകരണം, നിർണായകവും തന്ത്രപ്രധാനവുമായ ധാതുക്കൾ എന്നീ മേഖലകളിൽ സഹകരണത്തിനുള്ള സാധ്യതകൾ പരിശോധിക്കാൻ നേതാക്കൾ ധാരണയായി. ധാതുവിഭവങ്ങളുടെ സംസ്കരണം, മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, പുനരുപയോഗ പദ്ധതികൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഭാവിയിൽ ഉസ്‌ബെക്കിസ്ഥാനിൽ വികസിപ്പിക്കാവുന്ന ധാതുനിക്ഷേപങ്ങളുടെ വികസനത്തിൽ ഇന്ത്യൻ കമ്പനികളെ പങ്കാളികളാക്കുന്നതിനും, ഇന്ത്യയിലെ സംയുക്ത സഹകരണ പദ്ധതികളിൽ ഉസ്‌ബെക് സ്ഥാപനങ്ങളെ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിൽ അവർ താൽപ്പര്യം പ്രകടിപ്പിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന മേഖലയിൽ സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിലും നേതാക്കൾ താൽപ്പര്യം പ്രകടിപ്പിച്ചു.


ഭൂവിജ്ഞാന പര്യവേക്ഷണം, ഖനനം, ധാതു സംസ്കരണം, സംയോജിത മൂല്യശൃംഖലകളുടെ വികസനം എന്നിവയിൽ സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതിലൂടെ നിർണായക ധാതുക്കളുടെ മേഖലയിലെ സഹകരണം വിപുലീകരിക്കാനും നേതാക്കൾ ധാരണയായി.

കൃഷി

കാർഷിക മൂല്യവർദ്ധന ശൃംഖലകളുടെ വികസനം, കയറ്റുമതി ശേഷി ശക്തിപ്പെടുത്തൽ, കൃഷി, മൃഗസംരക്ഷണ മേഖലകളിലെ സാങ്കേതിക ശേഷി വർദ്ധിപ്പിക്കൽ എന്നിവയിൽ സഹകരിക്കാൻ നേതാക്കൾ സമ്മതമറിയിച്ചു.

നവീനാശയങ്ങൾക്കും വിഭവശേഷി കാര്യക്ഷമമായി ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾക്കും പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, കൃഷിയിലും ഭക്ഷ്യസുരക്ഷയിലുമുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ച്‌ വ്യക്തമാക്കി. കാർഷിക ശാസ്ത്ര മേഖലയിലെ ആശയവിനിമയങ്ങൾ തുടരാനും, മേഖലയിലുടനീളം ആധുനികവും സുസ്ഥിരവുമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ബഹുമുഖ-പ്രാദേശിക വേദികൾ ഫലപ്രദമായി ഉപയോഗിക്കാനും അവർ തീരുമാനിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെ ഉഭയകക്ഷി വ്യാപാരം സുഗമമാക്കുന്നതും  നേതാക്കൾ അംഗീകരിച്ചു.

കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, സസ്യ ജനിതക വിഭവങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനും വേണ്ടി ഗവേഷണ സ്ഥാപനങ്ങളും സംരംഭങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനെ നേതാക്കൾ പിന്തുണയറിയിച്ചു.

ഗതാഗതം, ലോജിസ്റ്റിക്സ്, കണക്റ്റിവിറ്റി

ബഹുമുഖ ഗതാഗത പാതകളും ചരക്കുനീക്ക ഇടനാഴികളും വികസിപ്പിക്കുന്നതിലൂടെ ഉസ്ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഗതാഗത, ലോജിസ്റ്റിക്സ് ബന്ധം മെച്ചപ്പെടുത്തുന്നതിനും, ചരക്കുകളുടെ സുഗമമായ നീക്കത്തിന് അനുയോജ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള  സംയുക്ത ശ്രമങ്ങൾ തുടരുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.

ഗതാഗതച്ചെലവ് കുറയ്ക്കുന്നതിനായി ചരക്ക് ഗതാഗതം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള സഹകരണം തുടരാനുള്ള താല്പര്യം നേതാക്കൾ ആവർത്തിച്ച്‌ വ്യക്തമാക്കി.

റോഡ് നിർമ്മാണത്തിൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലൂടെയും റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിലും ആധുനികവൽക്കരണത്തിലും സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും ബന്ധപ്പെട്ട അധികൃതർ തമ്മിലുള്ള സഹകരണം വിപുലീകരിക്കാൻ നേതാക്കൾ താല്പര്യം പ്രകടിപ്പിച്ചു.

ഉസ്ബെക്കിസ്ഥാന്റെ പൊതുഗതാഗത മേഖലയ്ക്കായി പരിസ്ഥിതി സൗഹൃദവും ഊർജ്ജക്ഷമതയുള്ളതുമായ പരിഹാരങ്ങൾ വികസിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കൾ തിരിച്ചറിയുകയും, ഈ രംഗത്ത് സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാൻ തീരുമാനിക്കുകയും ചെയ്തു.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നവീനാശയങ്ങൾ, ബഹിരാകാശ സഹകരണം

സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യയുടെ (STPI) സജീവ പിന്തുണയോടെ ഇന്ത്യൻ മാതൃകയിൽ 2019-ൽ താഷ്‌കെന്റിൽ ആരംഭിച്ച ആദ്യത്തെ ഐടി പാർക്കിന്റെ വിജയകരമായ പ്രവർത്തനത്തെ നേതാക്കൾ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളിലെയും ടെക്നോളജി പാർക്കുകൾ, കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ വിപുലീകരിക്കാൻ അവർ തീരുമാനിച്ചു.

ഉന്നത സാങ്കേതികവിദ്യകളുടെയും ഡിജിറ്റൽ പരിവർത്തനത്തിന്റെയും മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെയും, 2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന 'ഇന്ത്യ എ ഐ ഇംപാക്ട് ഉച്ചകോടി'യുടെ ഭാഗമായി കൈവരിച്ച ധാരണകൾ നടപ്പിലാക്കുന്നതിനെയും നേതാക്കൾ സ്വാഗതം ചെയ്തു.

സുസ്ഥിര സാമ്പത്തിക വളർച്ച, നവീനാശയാധിഷ്ഠിത വികസനം, സാമൂഹിക വെല്ലുവിളികളുടെ ഫലപ്രദമായ പരിഹാരം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് നിർമ്മിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സുരക്ഷിതവും വിശ്വസനീയവുമായ നിർമ്മിതബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും അനുഭവങ്ങളും മികച്ച മാതൃകകളും പങ്കുവെക്കുന്നതുൾപ്പെടെയുള്ള സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു.

ബഹിരാകാശം, ശാസ്ത്രീയ വിവരങ്ങളുടെ കൈമാറ്റം, സംയുക്ത ശില്പശാലകളിലൂടെയും പരിശീലനങ്ങളിലൂടെയും ശേഷി വർദ്ധിപ്പിക്കൽ എന്നിവയുൾപ്പെടെ, ബഹിരാകാശ പര്യവേക്ഷണത്തിലും അതിന്റെ സമാധാനപരമായ ഉപയോഗത്തിലും പ്രായോഗിക സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനുള്ള താല്പര്യം നേതാക്കൾ ആവർത്തിച്ചു.

വിദ്യാഭ്യാസം, മാനവവിഭവശേഷി വികസനം, ആരോഗ്യ സംരക്ഷണം, സംസ്കാരം, കായികം, വിനോദസഞ്ചാരം

ഉസ്ബെക്കിസ്ഥാനും ഇന്ത്യയ്ക്കുമിടയിൽ ദീർഘകാലമായി നിലനിൽക്കുന്ന ജനങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നൽകുന്ന വിലയേറിയ സംഭാവനകളെ നേതാക്കൾ അംഗീകരിച്ചു.

ഉസ്ബെക്കിസ്ഥാനിൽ ഇന്ത്യാ പഠനങ്ങളുടെ തുടർച്ചയായ വികാസത്തെ നേതാക്കൾ സ്വാഗതം ചെയ്യുകയും, ഇന്ത്യയിൽ ഉസ്ബെക് പഠനങ്ങളുടെ  വ്യാപനത്തെ പിന്തുണയ്ക്കുകയും ചെയ്തു.

ഉസ്ബെക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സുപ്രധാന കണ്ണിയായി വർത്തിക്കുന്ന മാനവവിഭവശേഷി വികസന മേഖലയിൽ, സംയുക്ത ഗവേഷണ പരിപാടികളും അക്കാദമിക് സഹകരണ സംരംഭങ്ങളും നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള സഹകരണം ശക്തിപ്പെടുത്തണമെന്ന കാഴ്ചപ്പാട് നേതാക്കൾ പങ്കുവെച്ചു.

ശേഷി വികസനത്തിലും മാനവ വിഭവശേഷി വികസനത്തിലും, പ്രത്യേകിച്ച് വൈദ്യശാസ്ത്രം, ഫാർമസ്യൂട്ടിക്കൽസ്, രസതന്ത്രം, നാനോ ടെക്നോളജി, ബയോടെക്നോളജി എന്നീ മേഖലകളിൽ ദീർഘകാലമായി നിലനിൽക്കുന്നതും പരസ്പരം പ്രയോജനകരവുമായ പങ്കാളിത്തത്തെ നേതാക്കൾ പ്രകീർത്തിച്ചു. കഴിഞ്ഞ വർഷങ്ങളിലായി, 2,700-ലധികം ഉസ്ബെക് പൗരന്മാർ ഇന്ത്യൻ സാങ്കേതിക, സാമ്പത്തിക സഹകരണ (ITEC) പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ആയുഷിന് കീഴിലുള്ള സ്കോളർഷിപ്പുകൾ ഉൾപ്പെടെ 400-ലധികം ഉസ്ബെക് വിദ്യാർത്ഥികൾ ഐസിസിആർ (ICCR) സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ഉസ്ബെക്കിസ്ഥാനിലെ ഹിന്ദി ഭാഷാ പഠനത്തിനായി 'ലാൽ ബഹാദൂർ ശാസ്ത്രി സ്കോളർഷിപ്പ്' പ്രഖ്യാപിച്ചതിനെ അവർ സ്വാഗതം ചെയ്തു. ഐടിഇസി (ITEC) പരിപാടിയ്ക്ക് കീഴിൽ മാനവവിഭവശേഷി വികസനത്തിലെ സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സന്നദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു.

ഉസ്ബെക്കിസ്ഥാന്റെ "യാഷിൽ മകോൺ", ഇന്ത്യയുടെ "ഏക് പേഡ് മാ കെ നാം" എന്നീ സംരംഭങ്ങളിൽ പ്രതിഫലിക്കുന്നതുപോലെ, ഭാവി തലമുറകൾക്കായി കൂടുതൽ ഹരിതാഭവും ആരോഗ്യകരവുമായ ഭൂമി സൃഷ്ടിക്കുക എന്ന ആഗ്രഹം ഉസ്ബെക്കിസ്ഥാനും ഇന്ത്യയും പങ്കിടുന്നു.  ഈ പങ്കാളിത്ത പ്രതിബദ്ധതയുടെ അടിസ്ഥാനത്തിൽ, അറാൽ കടൽ മേഖലയുടെ ഹരിതവൽക്കരണത്തിലും പരിസ്ഥിതി പുനരുദ്ധാരണത്തിലും ഇന്ത്യയും ഉസ്ബെക്കിസ്ഥാനും സഹകരിക്കും. ആവശ്യമായ സാങ്കേതിക സഹായം ഉൾപ്പെടെ, ഒരു ദശലക്ഷം യു എസ് ഡോളറിന്റെ ഈ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ത്യയുടെ ധനസഹായ ചട്ടക്കൂടിന് കീഴിലായിരിക്കും നടപ്പിലാക്കുക.

അത്യാധുനിക ശാസ്ത്രീയ ഗവേഷണങ്ങളിലൂടെ പുതിയ ചികിത്സകളും തെറാപ്പികളും വികസിപ്പിക്കുന്നതിന് പരസ്പരമുള്ള ശക്തി  പ്രയോജനപ്പെടുത്തിക്കൊണ്ട്, ബയോമെഡിക്കൽ ഗവേഷണം, മെഡിക്കൽ ഇന്നൊവേഷൻ എന്നീ മേഖലകൾ ഉൾപ്പെടെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെ സഹകരണം വിപുലീകരിക്കാൻ നേതാക്കൾ തീരുമാനിച്ചു.

ഫാർമസ്യൂട്ടിക്കൽ മേഖലയിൽ വളർന്നുവരുന്ന സഹകരണത്തെ നേതാക്കൾ ഏറെ പ്രശംസിക്കുകയും, സംയുക്ത പദ്ധതികൾ നടപ്പിലാക്കുന്നതിനും, ആധുനിക ഔഷധ നിർമ്മാണത്തിൽ നിക്ഷേപം ആകർഷിക്കുന്നതിനും, പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും, സാങ്കേതികവിദ്യ കൈമാറ്റം സുഗമമാക്കുന്നതിനും, വിദഗ്ദ്ധ തൊഴിലാളികളെ വാർത്തെടുക്കുന്നതിനുമുള്ള ഫലപ്രദമായ വേദിയായി 'താഷ്‌കെന്റ് ഫാർമ പാർക്ക് ഇന്നൊവേറ്റീവ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ക്ലസ്റ്ററിന്റെ' പ്രാധാന്യത്തെ എടുത്തുപറയുകയും ചെയ്തു. ഇരുരാജ്യങ്ങളിലെയും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഫാർമസ്യൂട്ടിക്കൽ കമ്പനികളും തമ്മിൽ കൂടുതൽ അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. 

ഇന്ത്യൻ കമ്പനികളുടെ സഹകരണത്തോടെ ഉസ്ബെക്കിസ്ഥാനിൽ പുതിയ മെഡിക്കൽ സെന്ററുകളും ലബോറട്ടറികളും, കൂടാതെ ഗവേഷണ സ്ഥാപനങ്ങളും സംയുക്ത ഫാർമസ്യൂട്ടിക്കൽ നിർമ്മാണ സംരംഭങ്ങളും സ്ഥാപിക്കുന്നതിന് നേതാക്കൾ പിന്തുണ അറിയിച്ചു.

ഉസ്ബെക്കിസ്ഥാനിലെയും ഇന്ത്യയിലെയും ജനങ്ങൾ തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ ബന്ധങ്ങൾ, പങ്കിട്ട  സാംസ്കാരികവും നാഗരികവുമായ പൈതൃകം, പരസ്പര ബഹുമാനത്തിന്റെ ദീർഘകാല പാരമ്പര്യം എന്നിവ തിരിച്ചറിഞ്ഞുകൊണ്ട്, സാംസ്കാരിക ദിനങ്ങൾ, ഉൽസവങ്ങൾ, പ്രദർശനങ്ങൾ, കലാസംഘങ്ങളുടെ പര്യടനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിലൂടെയും ഇരുരാജ്യങ്ങളിലെയും സാംസ്കാരിക സ്ഥാപനങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെയും സാംസ്കാരിക-മാനവിക സഹകരണം കൂടുതൽ വിപുലീകരിക്കാനുള്ള പ്രതിബദ്ധത നേതാക്കൾ അവർത്തിച്ചുറപ്പിച്ചു. 2026-2030 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടിയിൽ ഒപ്പുവെച്ചതിനെയും, പുരാവസ്തു മേഖലയിലെ ഉസ്ബെക്കിസ്ഥാൻ-ഇന്ത്യ സഹകരണത്തെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.

ലോകപൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, പഠനം, പുനരുദ്ധാരണം, പ്രോത്സാഹനം എന്നിവയിലെ സഹകരണത്തിന്റെ പ്രാധാന്യം നേതാക്കൾ എടുത്തുപറയുകയും, സാംസ്കാരിക പൈതൃക കേന്ദ്രങ്ങളുടെ ഡിജിറ്റലൈസേഷൻ, പുരാവസ്തുക്കളുടെ ത്രിമാന മാതൃകകൾ തയ്യാറാക്കൽ, അവയുടെ സംരക്ഷണത്തിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കൽ എന്നിവയുൾപ്പെടെ ബന്ധപ്പെട്ട ഗവേഷണ സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, പുനരുദ്ധാരണ കേന്ദ്രങ്ങൾ എന്നിവയ്ക്കിടയിലുള്ള സഹകരണം വിപുലീകരിക്കുന്നതിനുള്ള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ, ഫയാസ് ടെപെ, കരാ ടെപെ എന്നീ പുരാതന ബുദ്ധമത കേന്ദ്രങ്ങളുടെ സംരക്ഷണവും പുനരുദ്ധാരണവും സംബന്ധിച്ച താല്പര്യപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരു നേതാക്കളും പ്രശംസിച്ചു.  

ബാഡ്മിന്റൺ, അമ്പെയ്ത്ത്, ചെസ്സ് തുടങ്ങിയ ഇനങ്ങളിൽ കായികതാരങ്ങളുടെ തയ്യാറെടുപ്പിലും പരിശീലകരുടെ പരിശീലനത്തിലും പരിചയസമ്പത്ത് പങ്കുവെക്കുന്നതുൾപ്പെടെ കായിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലും ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും യോഗയുടെ പങ്കിൽ നേതാക്കൾ സംതൃപ്തി പ്രകടിക്കിപ്പുകയും, ജൂൺ 21-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രാധാന്യം എടുത്തുപറയുകയും ചെയ്തു. ഇൻസ്ട്രക്ടർ പരിശീലനത്തിൽ ഉസ്ബെക്കിസ്ഥാൻ യോഗ ഫെഡറേഷനും ഇന്ത്യയുടെ ആയുഷ് മന്ത്രാലയവും തമ്മിലുള്ള സഹകരണത്തെയും അന്താരാഷ്ട്ര യോഗാസന മത്സരങ്ങളിൽ ഉസ്ബെക്കിസ്ഥാന്റെ പങ്കാളിത്തത്തെയും നേതാക്കൾ സ്വാഗതം ചെയ്തു. പ്രമുഖ ഇന്ത്യൻ വിദഗ്ദ്ധരുടെ പങ്കാളിത്തത്തോടെ ഉസ്ബെക്കിസ്ഥാനിൽ യോഗയുടെ പ്രചാരണത്തിനും വികസനത്തിനും തുടർച്ചയായ പിന്തുണ നൽകാനുള്ള സന്നദ്ധത നേതാക്കൾ ആവർത്തിച്ചു. പരമ്പരാഗത വൈദ്യശാസ്ത്ര സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെയും നേതാക്കൾ സ്വാഗതം ചെയ്തു.

അന്താരാഷ്ട്ര സഹകരണം

ആഗോള സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ ഐക്യരാഷ്ട്രസഭ കേന്ദ്രസ്ഥാനം വഹിക്കണമെന്ന് ഇരുനേതാക്കളും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളിലും പരസ്പര പിന്തുണ ഉൾപ്പെടെയുള്ള സഹകരണം ശക്തിപ്പെടുത്താൻ അവർ തീരുമാനിച്ചു.

സമകാലിക ആഗോള യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കൂടുതൽ പ്രാതിനിധ്യമുള്ളതും ഫലപ്രദവും കാര്യക്ഷമവുമാക്കുന്നതിനും രക്ഷാ സമിതി ഉൾപ്പെടെയുള്ള ഐക്യരാഷ്ട്രസഭയുടെ സമഗ്രമായ പരിഷ്കരണത്തിന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിലെ സ്ഥിരം അംഗത്വത്തിനായുള്ള ഇന്ത്യയുടെ അവകാശവാദത്തിന് ഉസ്ബെക്കിസ്ഥാൻ തങ്ങളുടെ പിന്തുണ ആവർത്തിച്ചു വ്യക്തമാക്കി.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പൊതു താല്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അന്താരാഷ്ട്ര വേദികളിലെ ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത നേതാക്കൾ ആവർത്തിച്ചു.

പരസ്പര വിശ്വാസം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വ്യാപാര-സാമ്പത്തിക കാര്യങ്ങൾ, നിക്ഷേപം, സാംസ്കാരിക-മാനവിക വിനിമയങ്ങൾ എന്നിവയിലെ സഹകരണം വിപുലീകരിക്കുന്നതിനുമുള്ള പ്രധാന വേദിയായി ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനെ (SCO) അംഗീകരിച്ചുകൊണ്ട്, അതിനുള്ളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത നേതാക്കൾ അവർത്തിച്ചുറപ്പിച്ചു.

2026-ൽ ബ്രിക്‌സിന്റെ (BRICS) അധ്യക്ഷപദം ഇന്ത്യ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവ് അഭിനന്ദിക്കുകയും, ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നതിന് എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.

2027-2030 കാലയളവിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ (NAM) വിജയകരമായ അധ്യക്ഷപദവി ഉസ്ബെക്കിസ്ഥാൻ കൈകാര്യം ചെയ്യുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകടിപ്പിക്കുകയും, സ്ഥാപക അംഗമെന്ന നിലയിൽ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നത് തുടരാനുള്ള ഇന്ത്യയുടെ സന്നദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.

ആഗോള സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വേദികളെന്ന നിലയിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസിന്റെയും (IBCA) അന്താരാഷ്ട്ര സൗരോർജ സഖ്യത്തിന്റെയും (ISA) സുപ്രധാന പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ഈ ചട്ടക്കൂടുകളിൽ ചേരാനുള്ള ഉസ്ബെക് പക്ഷത്തിന്റെ താല്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്യുകയും, അവയിലെ അംഗത്വത്തിന് ആവശ്യമായ ചർച്ചകളും നടപടിക്രമങ്ങളും സജീവമായി മുന്നോട്ട് കൊണ്ടുപോകാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.

സന്ദർശന വേളയിൽ തനിക്ക് നൽകിയ ഊഷ്മള സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേവിനും ഉസ്ബെക്കിസ്ഥാൻ ഗവണ്മെന്റിനും ജനങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മാർത്ഥമായ നന്ദി അറിയിച്ചു.

ഉസ്ബെക്കിസ്ഥാൻ റിപ്പബ്ലിക് പ്രസിഡന്റിനെ ഇന്ത്യ സന്ദർശിക്കാനായി പ്രധാനമന്ത്രി ക്ഷണിച്ചു. തീയതികൾ നയതന്ത്ര മാർഗങ്ങളിലൂടെ തീരുമാനിക്കും.

***

SK


( റിലീസ് ഐ.ഡി: 2306704) സന്ദര്‍ശക കൗണ്ടര്‍ : 10