രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

16-ാമത് 'എയറോ ഇന്ത്യ' പ്രദർശനം 2027 ഫെബ്രുവരി 8 മുതൽ 12 വരെ ബെംഗളൂരുവിൽ

പോസ്റ്റഡ് ഓണ്‍: 02 SEP 2026 5:42PM by PIB Thiruvananthpuram

പ്രദർശനത്തിൻ്റെ   ഓൺലൈൻ രജിസ്ട്രേഷനും സ്റ്റാൾ ബുക്കിങും www.aeroindia.gov.in എന്ന വെബ്സൈറ്റിലൂടെ 2026 സെപ്റ്റംബർ 3 മുതല്‍

 

ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയും ലോകത്തെ പ്രമുഖ എയറോസ്‌പേസ്-പ്രതിരോധ പ്രദർശനങ്ങളിലൊന്നുമായ 'എയറോ ഇന്ത്യ'യുടെ 16-ാം പതിപ്പ് 2027 ഫെബ്രുവരി 8 മുതൽ 12 വരെ കർണാടകയിലെ ബെംഗളൂരു യെലഹങ്ക വ്യോമസേനാ താവളത്തില്‍ നടക്കും. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ പ്രതിരോധ ഉല്പാദന വകുപ്പാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ലോകത്തെ മുൻനിര എയറോസ്‌പേസ്, പ്രതിരോധ കമ്പനികൾ, നയരൂപകർത്താക്കൾ, സാങ്കേതിക വിദഗ്ധര്‍, നൂതനാശയക്കാര്‍, വ്യവസായ പങ്കാളികൾ, സായുധ സേനാ ഉദ്യോഗസ്ഥർ എന്നിവരെ പരിപാടി ഒരു വേദിയിൽ അണിനിരത്തും.

 

എയറോസ്‌പേസ്, പ്രതിരോധ സാമഗ്രികളുടെ നിർമാണം, നവ സാങ്കേതികവിദ്യകൾ, നൂതനാശയം എന്നീ മേഖലകളിൽ ഇന്ത്യ കൈവരിച്ചുകൊണ്ടിരിക്കുന്ന വളർച്ചയും കരുത്തും ലോകത്തിന് മുന്നിൽ പ്രകടമാക്കുന്ന മുൻനിര അന്താരാഷ്ട്ര വേദിയായി എയറോ ഇന്ത്യ മാറിയിട്ടുണ്ട്. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിരോധ വ്യാവസായിക അന്തരീക്ഷത്തെയും ആഗോള എയറോസ്‌പേസ്-പ്രതിരോധ മേഖലയിൽ രാജ്യത്തിൻ്റെ   വർധിച്ചുവരുന്ന പങ്കിനെയും ഉയർത്തിക്കാട്ടുന്ന പ്രദര്‍ശനം വ്യാപാര ഇടപാടുകൾ, സാങ്കേതിക വിനിമയം, അന്താരാഷ്ട്ര സഹകരണം, തന്ത്രപരമായ സംഭാഷണങ്ങൾ എന്നിവയ്ക്ക് മികച്ച വേദിയൊരുക്കുകയും ചെയ്യുന്നു.

 

വിപുലമായ പ്രദര്‍ശനവും വൈവിധ്യമാർന്ന വ്യാപാര-തന്ത്രപ്രധാന കൂടിക്കാഴ്ചകളും അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഉൾപ്പെടുന്നു. വ്യവസായങ്ങൾ തമ്മിലെ ആശയവിനിമയങ്ങൾ, ഗവണ്‍മെൻ്റും  വ്യവസായ മേഖലയും തമ്മിലെ സഹകരണം, സാങ്കേതിക പ്രദർശനങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവയ്ക്ക് പരിപാടി അവസരമൊരുക്കും. ഇന്ത്യൻ വ്യോമസേനയുടെയും അന്താരാഷ്ട്ര വ്യോമാഭ്യാസ സംഘങ്ങളുടെയും വിസ്മയകരമായ വ്യോമാഭ്യാസ പ്രകടനങ്ങളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. അത്യാധുനിക വ്യോമയാന ശേഷികൾ നേരിൽ കാണാന്‍ പ്രദര്‍ശനം സന്ദർശകർക്ക് സവിശേഷ അവസരമൊരുക്കും.  

 

എയറോ ഇന്ത്യ 2027-ൽ സുഗമമായ പങ്കാളിത്തം ഉറപ്പാക്കാനും പ്രദർശകർക്കും സന്ദർശകർക്കും സമഗ്ര സേവനങ്ങൾ ലഭ്യമാക്കാനും പ്രത്യേക വെബ് പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷനും പ്രദർശന സ്റ്റാൾ ബുക്കിങും www.aeroindia.gov.in എന്ന വെബ്സൈറ്റ് വഴി ചെയ്യാം. പ്രദർശകരുടെ രജിസ്ട്രേഷൻ 2026 സെപ്റ്റംബർ 3 ന് ആരംഭിക്കും.

 

ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' കാഴ്ചപ്പാടിനും ആഗോള പ്രതിരോധ-എയറോസ്‌പേസ് വിതരണ ശൃംഖലയിൽ വിശ്വസ്ത പങ്കാളിയെന്ന നിലയിലെ ഉയര്‍ച്ചയ്ക്കും എയറോ ഇന്ത്യ 2027 വലിയ ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും ഉൾപ്പെടെ ഇന്ത്യൻ പ്രതിരോധ നിർമാണ മേഖലയുടെ പങ്കാളിത്തം കൂടുതൽ വർധിപ്പിക്കുന്നതിനൊപ്പം പുതിയ പങ്കാളിത്തങ്ങൾ, നിക്ഷേപങ്ങൾ, കയറ്റുമതി, സാങ്കേതിക സഹകരണം എന്നിവയ്ക്ക് പുതിയ അവസരങ്ങള്‍ തുറക്കാനും ഈ മഹാമേള വഴിയൊരുക്കും.

******


( റിലീസ് ഐ.ഡി: 2306134) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Gujarati , Marathi , English , हिन्दी , Tamil , Kannada , Urdu