വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

കേവലം ആശയവിനിമയത്തിന് അപ്പുറമാണ് ഐ.ഐ.എസ് ഉദ്യോഗസ്ഥരുടെ പങ്ക്: അവർ ഭരണ നിർവഹണത്തിനും പൗരന്മാരുടെ അഭിലാഷങ്ങൾക്കും ഇടയിലെ ഒരു സുപ്രധാന കണ്ണിയാണ്; കൃത്യത, വിശ്വാസ്യത, അനുകമ്പ എന്നിവയിലൂടെ വിശ്വാസം വളർത്തുന്നു: ഐ ആൻഡ് ബി സെക്രട്ടറി

പോസ്റ്റഡ് ഓണ്‍: 01 SEP 2026 3:29PM by PIB Thiruvananthpuram

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) ഇന്ന് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ (ഐ.ഐ.എസ്) 2009, 2023, 2024 ബാച്ചുകളെ പ്രതിനിധീകരിക്കുന്ന ഗ്രൂപ്പ് എ ഓഫീസർ ട്രെയിനികൾക്കുള്ള യാത്രയയപ്പു ചടങ്ങും ബിരുദദാന ചടങ്ങും സംഘടിപ്പിച്ചു.

ഐ.ഐ.എം.സി ഒരു കല്പിത സർവകലാശാല ആയതിനുശേഷം ആദ്യമായി ഐ.ഐ.എസ് ഓഫീസർ ട്രെയിനികൾക്ക് ബിരുദാനന്തര ബിരുദങ്ങൾ നൽകിയ ചടങ്ങ് ഐ.ഐ.എം.സിക്കും ഇന്ത്യൻ ഇൻഫർമേഷൻ സർവീസിനും ചരിത്രപരമായ ഒരു നാഴികക്കല്ലായി അടയാളപ്പെടുത്തി.

നിർദ്ദിഷ്ട അക്കാദമിക, പ്രൊഫഷണൽ യോഗ്യതകൾ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് ഓഫീസർ ട്രെയിനികൾക്ക് പൊതു ആശയവിനിമയത്തിലും ഭരണ നിർവഹണത്തിലും എം.എ ബിരുദം നൽകി. ഐ.ഐ.എസ് പ്രൊഫഷണൽ പരിശീലനത്തിൻ്റെ അക്കാദമിക ഘടകം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതു ആശയവിനിമയം, മാധ്യമങ്ങൾ, ഭരണ നിർവഹണം എന്നിവയെക്കുറിച്ചുള്ള പഠനം സംയോജിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് എം.എ പാഠ്യപദ്ധതിയുടെ ആരംഭം.

പൊതു ആശയവിനിമയം ഭരണ നിർവഹണത്തിൻ്റെ അവിഭാജ്യ ഘടകമാണെന്നും മാറുന്ന സാങ്കേതികവിദ്യകൾക്കും പ്ലാറ്റ്‌ഫോമുകൾക്കും അനുസൃതമായി സ്വയം രൂപപ്പെടണമെന്നും യാത്രയയപ്പ് ചടങ്ങിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ഡീപ് ഫേക്കുകൾ, കൃത്രിമമായി സൃഷ്ടിച്ച ഉള്ളടക്കങ്ങൾ എന്നിവ പുതിയ വെല്ലുവിളികൾ ഉയർത്തുമ്പോഴും, നിർമ്മിത ബുദ്ധി വലിയ മാറ്റങ്ങൾ വരുത്തുന്ന ഒന്നായി മാറുന്ന സാഹചര്യത്തിൽ, ഉദ്യോഗസ്ഥർ പുതിയ സാങ്കേതികവിദ്യകളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

പൗരന്മാരുടെ പ്രതികരണങ്ങൾ നയങ്ങളും അവയുടെ നടപ്പാക്കലും മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും, അതിനാൽ ആശയവിനിമയം ഇരുവശത്തുനിന്നും ഉണ്ടാകേണ്ട ഒരു പ്രക്രിയയായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. വേഗത പ്രധാനമാണെങ്കിലും, ഓരോ ആശയവിനിമയത്തിലും സ്ഥാപനത്തിൻ്റെ ആധികാരികത വഹിക്കുന്നതിനാൽ കൃത്യതയിലും വിശ്വാസ്യതയിലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

 

ആശയവിനിമയത്തിനപ്പുറം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കുമ്പോൾ ഉദ്യോഗസ്ഥർ അവരുടെ കഴിവുകൾ നിരന്തരം നവീകരിക്കുകയും മേഖലയുമായി ബന്ധം നിലനിർത്തുകയും വേണം. ഭരണ നിർവഹണത്തിൻ്റെ മറ്റ് വശങ്ങൾ ഏറ്റെടുക്കാനും മനസ്സിലാക്കാനും തയ്യാറാകണമെന്നും അദ്ദേഹം തുടർന്നു അഭിപ്രായപ്പെട്ടു. എല്ലാറ്റിനുമുപരിയായി, പൗരന്മാർ കേന്ദ്രസ്ഥാനത്ത് നിലകൊള്ളണമെന്നും പ്രത്യേകിച്ച് ദരിദ്രരിൽ ദരിദ്രരെ തങ്ങളുടെ പ്രവർത്തനം സഹായിക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ എപ്പോഴും സ്വയം ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലെങ്കിൽ, അവർ പുനർവിചിന്തനം നടത്തുകയും പുനർക്രമീകരിക്കുകയും വേണം, ഒപ്പം എപ്പോഴും ആളുകളുടെ ആശങ്കകളെ അനുകമ്പയോടെ കാണുകയും അവരെ സഹായിക്കുന്നതിനായി പ്രവർത്തിക്കുകയും വേണം.

 

ഓഫീസർ ട്രെയിനികളാണ് ഈ പി.ജി ബിരുദത്തിൻ്റെ ആദ്യ സ്വീകർത്താക്കളെന്ന് ചടങ്ങിൽ ഐ.ഐ.എം.സി വി.സി ഡോ. പ്രഗ്യ പലിവാൾ ഗൗർ പറഞ്ഞു. ഐ.ഐ.എം.സിയുടെ അക്കാദമിക ചുമതലയുടെ ശക്തിപ്പെടുത്തലും ആശയവിനിമയത്തിലെ പ്രൊഫഷണൽ പരിശീലനവുമായുള്ള അടുത്ത ബന്ധവും ഇത് പ്രതിഫലിപ്പിക്കുന്നു. ആശയവിനിമയം എന്നത് വിവരങ്ങൾ കൈമാറുക മാത്രമല്ല, ധാരണ സൃഷ്ടിക്കുക കൂടിയാണെന്ന് അവർ പറഞ്ഞു. ഓഫീസർ ട്രെയിനികൾ അവരുടെ ഉത്തരവാദിത്തങ്ങളെ വ്യക്തതയോടെയും വസ്തുനിഷ്ഠതയോടെയും സംവേദനക്ഷമതയോടെയും സമീപിക്കണമെന്നും അവർ പറഞ്ഞു. തുടർച്ചയായി മാറുന്ന ഒരു മേഖലയിൽ നിരന്തരമായ പഠനത്തിൻ്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ഒന്നാണ് ഈ എം.എ ബിരുദമെന്ന് അവർ കൂട്ടിച്ചേർത്തു.

 

ചടങ്ങിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി ശ്രീ പ്രഭാത്, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ശ്രീ കെ.കെ. നിരാല, പരിശീലന ഡയറക്ടർ ജനറൽ ശ്രീ എൽ. മധു നാഗ്, മുതിർന്ന ഉദ്യോഗസ്ഥർ, അധ്യാപകർ, ഓഫീസർ ട്രെയിനികൾ എന്നിവർ സന്നിഹിതരായി.

***


( റിലീസ് ഐ.ഡി: 2305704) സന്ദര്‍ശക കൗണ്ടര്‍ : 10