ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

2026 സെപ്റ്റംബർ 15 മുതൽ വ്യാപാരികൾക്കുള്ള പഞ്ചസാര സംഭരണ പരിധി കേന്ദ്ര ഗവണ്മെന്റ് 2,000 ക്വിന്റലായി കുറച്ചു

പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയുന്നതിനും, ആവശ്യത്തിന് പഞ്ചസാര ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ഉപഭോക്തൃ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമാണ് പുതിയ സംഭരണ പരിധി ലക്ഷ്യമിടുന്നത്

പോസ്റ്റഡ് ഓണ്‍: 01 SEP 2026 1:57PM by PIB Thiruvananthpuram
തദ്ദേശീയ വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും തടയാനുമായി, പഞ്ചസാര വ്യാപാരികൾക്ക് കൈവശം വെയ്ക്കാവുന്ന പഞ്ചസാരയുടെ സംഭരണ പരിധി കേന്ദ്ര ഗവൺമെന്റ് 4,000 ക്വിന്റലിൽ നിന്ന് 2,000 ക്വിന്റലായി കുറച്ചു. ഇത് 2026 സെപ്റ്റംബർ 15 മുതൽ 2026 നവംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. നിലവിൽ, 2026 ഓഗസ്റ്റ് 1 മുതൽ രാജ്യത്തുടനീളമുള്ള പഞ്ചസാര വ്യാപാരികൾക്ക് 4,000 ക്വിന്റൽ വരെ സംഭരണത്തിന് അനുമതിയുണ്ട് . സംഭരണ പരിധി 2,000 ക്വിന്റലായി കുറച്ചുകൊണ്ട് ഗവണ്മെന്റ് ഇപ്പോൾ കൂടുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്.

ഭേദഗതി ചെയ്ത വ്യവസ്ഥകൾ അനുസരിച്ച്, 2026 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഒരു പഞ്ചസാര വ്യാപാരി താഴെ പറയുന്ന നടപടികൾ സ്വീകരിക്കണം :

•പഞ്ചസാര സ്റ്റോക്ക് ലഭിച്ച തീയതി മുതൽ 30 ദിവസത്തിൽ കൂടുതൽ അത് കൈവശം വെയ്ക്കാൻ പാടില്ല.

•രാജ്യത്തുടനീളമുള്ള ഏതൊരു സ്ഥലത്തും ഏത് സമയത്തും 2,000 ക്വിന്റലിൽ കൂടുതൽ പഞ്ചസാര സ്റ്റോക്ക് വെയ്ക്കാൻ പാടില്ല.

•എന്നിരുന്നാലും, പ്രത്യേക വിപണി ആവശ്യകതകൾ പരിഗണിച്ച്, കൊൽക്കത്തയിലും അനുബന്ധ മെട്രോപൊളിറ്റൻ മേഖലകളിലും സ്റ്റോക്ക് പരിധി 4,000 ക്വിന്റലായി തുടരും

•കൊൽക്കത്ത മേഖല ഉത്തർപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പഞ്ചസാര എത്തിച്ച് വടക്ക്-കിഴക്കൻ മേഖല ഉൾപ്പെടെയുള്ള രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. അതിനാൽ, കൊൽക്കത്തയ്ക്കും അതിന്റെ അനുബന്ധ മെട്രോപൊളിറ്റൻ മേഖലകൾക്കും നിലവിലുള്ള 4,000 ക്വിന്റൽ പരിധി നിലനിർത്തിയിട്ടുണ്ട്.

പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനും പരിധിയിൽ കൂടുതൽ അളവിൽ സ്റ്റോക്ക് ചെയ്യുന്നത്  ഒഴിവാക്കുന്നതിനും ആണ്   ഈ നടപടി ലക്ഷ്യമിടുന്നത്. ഇത് വിതരണ ശൃംഖലയിലൂടെ പഞ്ചസാരയുടെ സുഗമമായ നീക്കത്തിന് സഹായിക്കുകയും ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ പഞ്ചസാരയുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

കർശനനിരീക്ഷണവും നേരിട്ടുള്ള പരിശോധനയും:

പഞ്ചസാര മില്ലുകൾ, വ്യാപാരികൾ, ഇടനിലക്കാർ എന്നിവരുൾപ്പെടെ രാജ്യത്തുടനീളമുള്ള പഞ്ചസാര സ്റ്റോക്കുകളിൽ ഗവൺമെന്റ് കർശന നിരീക്ഷണവും പരിശോധനയും നടത്തി വരുന്നുണ്ട്. ഈ നടപടി  പഞ്ചസാരയുടെ അമിത സംഭരണം,വിവരങ്ങൾ വെളിപ്പെടുത്താതിരിക്കൽ, പഞ്ചസാരയുടെ നീക്കത്തിലും വിൽപ്പനയിലുമുള്ള ക്രമക്കേടുകൾ എന്നിവ കണ്ടെത്താൻ സഹായിച്ചിട്ടുണ്ട്.

ഈ ഇടപെടലുകളുടെയും മികച്ച വിപണി ലഭ്യതയുടെയും ഫലമായി, സമീപദിവസങ്ങളിൽ മില്ലിൽ നിന്നു വിൽക്കുന്ന പഞ്ചസാര വിലയിൽ (എക്സ്-മില്ല്) ഏകദേശം 20% കുറവുണ്ടായിട്ടുണ്ട്. റീട്ടെയിൽ വിലയിലും കുറയുന്ന പ്രവണത കണ്ടുതുടങ്ങിയിട്ടുണ്ട്. ഇത് എക്സ്-മില്ല് വിലയിലെ കുറവിന് അനുസൃതമായി ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.

തുടർച്ചയായ സ്റ്റോക്ക് പ്രഖ്യാപനവും നിരീക്ഷണവും:

പഞ്ചസാര വിപണിയിലെ ചലനങ്ങൾ ഗവണ്മെന്റ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴി പഞ്ചസാര സ്റ്റോക്കുകൾ കൃത്യമായി അറിയിക്കുന്നതിനും പുതുക്കുന്നതിനുമുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചസാര മില്ലുകൾ, വ്യാപാരികൾ, ഇടനിലക്കാർ എന്നിവർ ഉൾപ്പെടെയുള്ള രാജ്യത്തുടനീളമുള്ള പഞ്ചസാര സ്റ്റോക്കുകളുടെ നേരിട്ടുള്ള പരിശോധന വരും ആഴ്ചകളിലും തുടരും. യഥാർത്ഥ വ്യാപാര-വിതരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് ഉറപ്പാക്കുന്നതോടൊപ്പം തന്നെ, തദ്ദേശീയ വിപണിയിൽ പഞ്ചസാരയുടെ ലഭ്യതയും ക്രമമായ വിതരണവും വിലസ്ഥിരതയും നിലനിർത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഗവണ്മെന്റ് ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നു.
 
SKY
 
 
*********

( റിലീസ് ഐ.ഡി: 2305514) സന്ദര്‍ശക കൗണ്ടര്‍ : 5