വാണിജ്യ വ്യവസായ മന്ത്രാലയം
വ്യാപാര സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താൻ ‘ഫ്രീ സെയിൽ ആൻഡ് കൊമേഴ്‌സ് സർട്ടിഫിക്കറ്റുകൾ’ സ്വമേധയാ ലഭ്യമാക്കുന്ന സംവിധാനവുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്
പോസ്റ്റഡ് ഓണ്‍:
01 SEP 2026 12:26PM by PIB Thiruvananthpuram
കയറ്റുമതി മേഖലയിൽ വ്യാപാര സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് നിരന്തരം നടപ്പാക്കിവരുന്ന സംരംഭങ്ങളുടെ തുടർച്ചയായി 'ഫ്രീ സെയിൽ ആൻഡ് കൊമേഴ്‌സ് സർട്ടിഫിക്കറ്റുകൾ' ഓട്ടോമാറ്റിക് രീതിയില്‍ പോര്‍ട്ടല്‍ വഴി ലഭ്യമാക്കാന്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (DGFT) സംവിധാനം ഏര്‍പ്പെടുത്തി. വിദേശ വ്യാപാര നയപ്രകാരം 1940-ലെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ പരിധിയിൽ വരാത്ത ഉല്പന്നങ്ങളുടെ കയറ്റുമതിക്കാർക്കാണ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത്. നിലവിൽ DGFT-യുടെ മേഖലാ അതോറിറ്റികൾ വിശദമായ പരിശോധനകളും സ്ഥിരീകരണങ്ങളും നടത്തിയാണ് സർട്ടിഫിക്കറ്റുകൾ നൽകിവന്നിരുന്നത്.
നിബന്ധനകൾ പാലിക്കുന്ന അർഹമായ അപേക്ഷകൾ ഇനിമുതൽ നേരിട്ടുള്ള പരിശോധനാ രീതിയ്ക്ക് വിടാതെ നിലവിലെ ചട്ടക്കൂടിന് അനുസൃതമായി ഓട്ടോമാറ്റിക് സംവിധാനം വഴി അനുവദിക്കും. പുതിയ സംവിധാനം വരുന്നതോടെ ഭൂരിഭാഗം ഫ്രീ സെയിൽ ആൻഡ് കൊമേഴ്‌സ് സർട്ടിഫിക്കറ്റ് അപേക്ഷകളുടെയും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം ഗണ്യമായി കുറയുകയും നേരത്തെയുണ്ടായിരുന്ന പ്രക്രിയയിലെ ബുദ്ധിമുട്ടുകൾ ഒഴിവാകുകയും ചെയ്യും.
കൂടുതൽ സ്ഥിരീകരണം ആവശ്യമായതോ ഓട്ടോമാറ്റിക് രീതിയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ അപേക്ഷകൾ തുടർന്നും നേരിട്ട് പരിശോധിക്കാന്‍ ബന്ധപ്പെട്ട മേഖലാ അതോറിറ്റികളിലേക്ക് തന്നെ കൈമാറും.
ഇതിനുപുറമെ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അംഗീകരിക്കുന്ന ചില അപേക്ഷകൾ സംവിധാനത്തിന്റെ റിസ്ക് മാനേജ്മെന്റ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തുടർ അവലോകനത്തിന് ബന്ധപ്പെട്ട മേഖലാ അതോറിറ്റികളുടെ ശ്രദ്ധയിൽപ്പെടുത്തും.
അനാവശ്യ ഉദ്യോഗസ്ഥതല ഇടപെടലുകൾ ഒഴിവാക്കാനും അപേക്ഷകൾ തീർപ്പാക്കുന്നതിലെ കൃത്യത വർധിപ്പിക്കാനും അർഹരായ കയറ്റുമതിക്കാർക്ക് ഫ്രീ സെയിൽ ആൻഡ് കൊമേഴ്‌സ് സർട്ടിഫിക്കറ്റുകള്‍ വേഗത്തിൽ ലഭ്യമാക്കാനും പുതിയ നടപടി സഹായിക്കും. അതേസമയം സൂക്ഷ്മപരിശോധന വേണ്ട അപേക്ഷകളിൽ ആവശ്യമായ പരിശോധനയും മേൽനോട്ടവും ഉറപ്പാക്കുകയും ചെയ്യും. ചട്ടങ്ങളിലധിഷ്ഠിതമായ ഓട്ടോമാറ്റിക് രീതി ശക്തിപ്പെടുത്തുന്നതിലൂടെയും റിസ്ക് മാനേജ്മെന്റ് അവലോകനത്തിലൂടെയും ഫ്രീ സെയിൽ ആൻഡ് കൊമേഴ്‌സ് സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നത് കയറ്റുമതിക്കാർക്കും അധികാരികൾക്കും ഒരുപോലെ കാര്യക്ഷമവും സുതാര്യവുമാക്കാൻ സംരംഭം വഴിയൊരുക്കും.
SKY
*********
( റിലീസ് ഐ.ഡി: 2305512)
സന്ദര്‍ശക കൗണ്ടര്‍ : 3