ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യയിലെ ആദ്യത്തെ നോൺ-ജിഎംഒ (Non-GMO), മികച്ച വളർച്ചാശേഷിയുള്ള പോപ്‌കോൺ ഹൈബ്രിഡ് വിത്ത് ഉപരാഷ്ട്രപതി ആന്ധ്രാപ്രദേശിൽ പുറത്തിറക്കി

प्रविष्टि तिथि: 24 AUG 2026 2:05PM by PIB Thiruvananthpuram

 

ആന്ധ്രാപ്രദേശിലെ ഏലൂരു ജില്ലയിലുള്ള മുസുനൂരുവിൽ രാജ്യത്തെ  ആദ്യത്തെ ജനിതകമാറ്റം വരുത്താത്ത (non-GMO) മികച്ച വളർച്ചാശേഷിയുള്ള പോപ്കോൺ ചോളം ഹൈബ്രിഡ് വിത്ത് ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് പുറത്തിറക്കി. കാർഷിക രംഗത്ത് സ്വയംപര്യാപ്ത  കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ നിർണായക ചുവടുവെപ്പാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആന്ധ്രാപ്രദേശിൽ നിന്നും മറ്റ് ഏഴ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള മികച്ച  കർഷകരെയും 'ഗോർമെറ്റ് പോപ്‌കോർണിക്ക' യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന പങ്കാളികളെയും ചടങ്ങിൽ അദ്ദേഹം ആദരിച്ചു.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ , കർഷകരാണ് രാജ്യത്തിന്റെ നട്ടെല്ലെന്നും കൃഷിയാണ് ഇന്ത്യയുടെ നാഗരിക - സാംസ്കാരിക ജീവിതത്തെ രൂപപ്പെടുത്തിയതെന്നും  ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിൽ സാങ്കേതികവിദ്യ, നവീകരണം, തദ്ദേശീയമായ വിത്തു വികസനം എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വർഷങ്ങളായി ഉയർന്ന നിലവാരമുള്ള പോപ്കോൺ വിത്തുകൾക്കായി ഇന്ത്യ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി സാങ്കേതികവിദ്യയെയാണ് ആശ്രയിച്ചിരുന്നതെന്ന് ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ പറഞ്ഞു. പുതിയ തദ്ദേശീയ ഹൈബ്രിഡ് വിത്തിന്റെ വരവ് ഇത്തരം വിദേശ ആശ്രയത്വം കുറയ്ക്കുന്നതിനും വിദേശനാണ്യം സംരക്ഷിക്കുന്നതിനും സഹായിക്കുന്ന നിർണായകമായ ചുവടുവെപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി.ആഗോള വിപണിയിൽ മത്സരിക്കാൻ ശേഷിയുള്ളതും,ഇന്ത്യൻ മണ്ണിൽ വളർത്തിയതുമായ ഒരു തദ്ദേശീയ പരിഹാരം വികസിപ്പിച്ചെടുത്തതിന് 'ഗോർമെറ്റ് പോപ്‌കോർണിക്ക'യെയും കർഷകരെയും അദ്ദേഹം അഭിനന്ദിച്ചു.

പി.എം-കിസാൻ, പി.എം ഫസൽ ബീമ യോജന, നാഷണൽ ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രീഷൻ മിഷൻ, നമോ ഡ്രോൺ ദീദി എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാരിൻ്റെ വിവിധ കർഷക സൗഹൃദ പദ്ധതികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. റൈതു ബസാറുകൾ, ഹോർട്ടികൾച്ചർ-നാച്ചുറൽ ഫാമിംഗ് പ്രോത്സാഹനം, കർഷകർക്കായുള്ള പ്രത്യേക പിന്തുണാ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ കാർഷിക-ഗ്രാമവികസന മേഖലകളിൽ കൊണ്ടുവന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾക്ക് മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡുവിനെയും അദ്ദേഹം പ്രശംസിച്ചു.

കർഷകരും വ്യവസായ സംരംഭങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാണിച്ച  ശ്രീ സി.പി. രാധാകൃഷ്ണൻ, എട്ട് സംസ്ഥാനങ്ങളിലായി 40,000-ത്തോളം ഏക്കറിൽ കൃഷി ചെയ്യുന്ന 17,500-ലധികം കർഷകർ ഇന്ന് 'ഗോർമെറ്റ് പോപ്‌കോണിക'  സംരംഭത്തിന്റെ ഭാഗമാണെന്ന്  പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ഒരു പ്രാദേശിക സംരംഭത്തിൽ നിന്ന് പോപ്‌കോൺ ധാന്യ സംസ്കരണ രംഗത്തെ പ്രമുഖ സ്ഥാപനമായി വളർന്ന ശ്രീ എസ്.ബി.പി. പട്ടാഭി രാമ റാവുവിന്റെയും 'ഗോർമെറ്റ് പോപ്‌കോർണിക്ക'യുടെയും (Gourmet Popcornica) മുന്നേറ്റത്തെ അദ്ദേഹം പ്രശംസിച്ചു; ആയിരക്കണക്കിന് കർഷക കുടുംബങ്ങൾക്ക് വിപണിയിലേക്കുള്ള പ്രവേശനം ഉറപ്പാക്കാനും വരുമാന അവസരങ്ങൾ വർദ്ധിപ്പിക്കാനും ഈ സംരംഭം സഹായിച്ചിട്ടുണ്ട്.


കർഷകർ കൃഷി ചെയ്യുന്ന മണ്ണിൽ നിന്നും, ശാസ്ത്രജ്ഞരും സംരംഭകരും വികസിപ്പിച്ചെടുക്കുന്ന വിത്തുകളിൽ നിന്നും,ഓരോ ഏക്കറിലും ശക്തിപ്പെടുന്ന സ്വയംപര്യാപ്തതയിൽ നിന്നുമാണ് വികസിത ഭാരതം അടിത്തട്ടിൽ നിന്നും പടുത്തുയർത്തപ്പെടുക എന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നവീകരണം, സംരംഭകത്വം, കർഷക പങ്കാളിത്തം എന്നിവയിലൂടെ എങ്ങനെ കൂടുതൽ ശക്തവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു കാർഷിക മേഖല സൃഷ്ടിക്കാം എന്നതിന് മുസുനൂരുവിലെ ഈ പദ്ധതി ഒരു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിനുമുൻപ്,ഉപരാഷ്ട്രപതി ഗോർമെറ്റ് പോപ്‌കോർണിക്ക ഫാക്ടറിയും കോൾഡ് സ്റ്റോറേജ് സൗകര്യവും സന്ദർശിച്ചു. അവിടെത്തെ ചോളം സംസ്കരണം, ഗുണനിലവാര നിയന്ത്രണം, പാക്കിംഗ്, സംഭരണം എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു.

ആന്ധ്രാപ്രദേശ് ഗവർണർ ശ്രീ എസ്. അബ്ദുൾ നസീർ, മുഖ്യമന്ത്രി ശ്രീ എൻ. ചന്ദ്രബാബു നായിഡു,  സംസ്ഥാന  മന്ത്രിമാരായ ശ്രീ നാരാ ലോകേഷ്, ശ്രീ കിഞ്ചരാപ്പു അച്ചനായിഡു, ശ്രീ കൊലുസു പാർത്ഥസാരഥി എന്നിവരും മറ്റ് വിശിഷ്ട വ്യക്തികളും 'ഗോർമെറ്റ് പോപ്‌കോർണിക്ക' പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.

 

SKY

 

***


(रिलीज़ आईडी: 2302799) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati , Tamil , Telugu_Vw , Telugu