ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിലിൻ്റെ 31-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു

प्रविष्टि तिथि: 20 AUG 2026 6:25PM by PIB Thiruvananthpuram

തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിലിൻ്റെ 31-ാമത് യോഗത്തിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി ശ്രീ സി. ജോസഫ് വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി ശ്രീ ഡി.കെ. ശിവകുമാർ, കേരളം മുഖ്യമന്ത്രി ശ്രീ വി.ഡി. സതീശൻ, പുതുച്ചേരി ലെഫ്റ്റനൻ്റ്  ഗവർണർ ശ്രീ കെ. കൈലാസനാഥൻ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ലെഫ്റ്റനൻ്റ്  ഗവർണർ അഡ്മിറൽ (റിട്ട.) ഡി.കെ. ജോഷി, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ശ്രീ പ്രഫുൽ പട്ടേൽ, തെലങ്കാന ഉപമുഖ്യമന്ത്രി ശ്രീ ഭട്ടി വിക്രമാർക്ക മല്ലു എന്നിവർ യോഗത്തിൽ പങ്കെടുത്തു. കൂടാതെ, സംസ്ഥാന ഗവണ്മെന്റുകളിലെ ചീഫ് സെക്രട്ടറിമാർ, ഉപദേഷ്ടാക്കൾ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ഗവണ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തിൻ്റെ വികസനത്തിൽ ദക്ഷിണേന്ത്യ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണെന്ന് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സാഹിത്യം, ഗവേഷണ വികസനം (R&D), ബഹിരാകാശം, ഐ.ടി (IT), എ.ഐ (AI), വ്യാവസായിക വികസനം, കൃഷി എന്നിങ്ങനെ എല്ലാ മേഖലകളിലും ദക്ഷിണേന്ത്യ എക്കാലത്തും നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിൻ്റെ ഐ.ടി, ഓട്ടോമൊബൈൽസ്, ഫാർമസ്യൂട്ടിക്കൽസ്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ എല്ലാ മേഖലകളിലും ദക്ഷിണേന്ത്യ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വലിയ തോതിലുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം ദക്ഷിണേന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 



 

ഉയർന്ന സാക്ഷരതാ നിരക്ക്, പരിശീലനം ലഭിച്ച മനുഷ്യവിഭവശേഷി, ആഴക്കടൽ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിലെ സാങ്കേതിക വൈദഗ്ധ്യം എന്നീ മൂന്ന് സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ്  ദക്ഷിണേന്ത്യയുടെ സമഗ്ര വികസന യാത്ര മുന്നോട്ട് പോകുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ മൂന്ന് സ്തംഭങ്ങളാണ് രാജ്യത്തിൻ്റെ വികസനത്തിന് ഏറ്റവും വലിയ സംഭാവന നൽകുന്ന മേഖലയായി ദക്ഷിണേന്ത്യയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങൾ, വരുമാന സമാഹരണം എന്നീ മേഖലകളിൽ ദക്ഷിണേന്ത്യയിലെ ജനങ്ങളും ഗവണ്മെന്റുകളും മികച്ച ഒട്ടേറെ മാതൃകകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും, ഈ രണ്ട് മേഖലകളിൽ രാജ്യം മുഴുവൻ ദക്ഷിണേന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി നേടിയെടുക്കാൻ കഴിയാതിരുന്ന കാര്യങ്ങൾ അടുത്ത അഞ്ച് മുതൽ ഏഴ് വർഷത്തിനുള്ളിൽ നാം കൈവരിക്കണമെന്നാണ് ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു; എങ്കിൽ മാത്രമേ ആഗോള മത്സരരംഗത്ത് നമ്മുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ. അത്തരമൊരു വികസനം സാധ്യമാക്കുന്നതിന് ഓരോ സംസ്ഥാനവും അതിലേക്ക് സംഭാവന നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 



 

2014 മുതൽ മേഖലാ കൗൺസിലിനെ അർത്ഥവത്തായ ഒരു വേദിയാക്കി മാറ്റാനുള്ള നിരന്തരമായ  ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. മേഖലാ കൗൺസിലുകൾ അടിസ്ഥാനപരമായി ഒരു ഭരണഘടനാ സംവിധാനമാണെങ്കിലും, ദീർഘകാലമായി അവ വെറുമൊരു ഔപചാരിക ചടങ്ങ് മാത്രമായി ചുരുങ്ങിപ്പോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2004-2014, 2014-2026 കാലഘട്ടങ്ങളെ താരതമ്യം ചെയ്തുകൊണ്ട് സംസാരിച്ച അദ്ദേഹം, മുൻപ് വർഷത്തിൽ ശരാശരി രണ്ടര യോഗങ്ങൾ മാത്രം നടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ പ്രതിവർഷം ആറ് യോഗങ്ങൾ വീതം ചേരുന്നുണ്ടെന്ന് വ്യക്തമാക്കി. 2014 മുതൽ മൊത്തം 70 മേഖലാ കൗൺസിൽ യോഗങ്ങൾ നടന്നതായും, അവയിൽ ഉന്നയിക്കപ്പെട്ട 1,869 വിഷയങ്ങളിൽ 1,445 എണ്ണവും അതായത് ഏകദേശം 80 ശതമാനവും പരിഹരിക്കാൻ സാധിച്ചതായും അദ്ദേഹം സൂചിപ്പിച്ചു. 60 വർഷമായി തീർപ്പാകാതെ കിടന്നിരുന്ന പല വിഷയങ്ങളും ഈ മേഖലാ കൗൺസിൽ യോഗങ്ങളിലൂടെ പരിഹരിക്കപ്പെട്ടതായും ശ്രീ ഷാ കൂട്ടിച്ചേർത്തു.

ഉത്തരേന്ത്യയിലെ നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട എട്ട് തർക്കങ്ങളിൽ അഞ്ചെണ്ണവും ബ്രിട്ടീഷ് ഭരണത്തിന് മുൻപുള്ള കാലം മുതൽ നിലനിന്നിരുന്നവയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അഞ്ച് മാസം മുൻപ് ഇതുസംബന്ധിച്ച് അന്തിമ ധാരണയിലെത്തുകയും, കശ്മീർ മുതൽ ഉത്തർപ്രദേശ് വരെയുള്ള 100 ശതമാനം വിഷയങ്ങളും പരിഹരിച്ചതിലൂടെ തർക്കരഹിതമായ ഒരു ഉത്തരേന്ത്യ കൈവരിക്കാൻ സാധിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

 



 

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യ പുരോഗതിയുടെ പ്രധാന സ്തംഭങ്ങളാണെന്നും, തെക്കൻ സംസ്ഥാനങ്ങളുടെ പുരോഗതി ജലത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും ശ്രീ അമിത് ഷാ പറഞ്ഞു. കാർഷിക മേഖലയായാലും, വ്യവസായ മേഖലയായാലും, ആരോഗ്യമുള്ള പൗരന്മാരായാലും, പരിസ്ഥിതിയായാലും ഈ നാല് മേഖലകളിലും ജലം ഈ പ്രദേശത്തിൻ്റെ ജീവനാഡിയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

സ്വന്തം സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് തെറ്റല്ലെന്ന് ശ്രീ അമിത് ഷാ ചൂണ്ടിക്കാട്ടി. എന്നാൽ, താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വർഷങ്ങളോളം സംസ്ഥാനങ്ങൾക്ക് ജലം ലഭിക്കാതിരിക്കുകയും അതേസമയം ആ ജലം കടലിലേക്ക് ഒഴുകിപ്പോവുകയും ചെയ്യുന്ന അവസ്ഥയുണ്ടായാൽ, യഥാർത്ഥത്തിൽ ഒരു താൽപ്പര്യവും സംരക്ഷിക്കപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുത്ര മുതൽ കാവേരിയും ഗോദാവരിയും വരെയുള്ള പ്രധാന നദികളെ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ അടുത്ത 100 വർഷത്തേക്ക് ഇന്ത്യയിൽ ജലക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പാക്കാൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഈ പദ്ധതി ഒന്നിലധികം ജലപാതകൾ സൃഷ്ടിക്കാൻ വഴിയൊരുക്കുമെന്നും, ഇത് ഇന്ധനം ലാഭിക്കുന്നതിനും പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും പുറമെ ചെലവുകുറഞ്ഞ ഗതാഗത സംവിധാനം പ്രദാനം ചെയ്യാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ജൽശക്തി മന്ത്രാലയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, അന്തർസംസ്ഥാന കൗൺസിൽ, ബന്ധപ്പെട്ട സംസ്ഥാനങ്ങൾ എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ യോഗങ്ങൾ ചേർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന ജലതർക്കങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. പരസ്പര ചർച്ചകളിലൂടെയും ക്രിയാത്മകമായ പരിഹാര മാർഗ്ഗങ്ങളിലൂടെയും നിലവിലുള്ള ജല തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്ന ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തോട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ യോജിച്ചു. ആന്ധ്രാപ്രദേശും തെലങ്കാനയും തമ്മിലുള്ള  ആസ്തികളുടെയും ബാധ്യതകളുടെയും വിഭജനം സംബന്ധിച്ച വിഷയങ്ങളിൽ, ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച് ഈ വിഷയങ്ങൾ പരിഹരിക്കാൻ ഇരു സംസ്ഥാനങ്ങളും ധാരണയായി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ബലാത്സംഗ കേസുകളിൽ അതിവേഗം അന്വേഷണം നടത്തുന്നതും  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ (FTSC) നടപ്പാക്കിക്കൊണ്ട് ബലാത്സംഗ-പോക്സോ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതും അതീവ ഗൗരവമേറിയതും സംവേദനക്ഷമവുമായ വിഷയങ്ങളാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഈ വിഷയങ്ങളെ മുഖ്യമന്ത്രിമാരുടെ തലത്തിൽ അതീവ പ്രാധാന്യത്തോടെയും സംവേദനക്ഷമതയോടെയും പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ, മുഴുവൻ നടപടിക്രമങ്ങളും വേഗത്തിലാക്കുന്നതിന് നിരവധി സംവിധാനങ്ങളും മാർഗ്ഗങ്ങളും നമുക്ക് ലഭ്യമായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

പോഷകാഹാരക്കുറവ്, വളർച്ചാ മുരടിപ്പ്, സ്കൂളുകളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് നിരക്ക് എന്നിവ നമ്മുടെ ഭാവി തലമുറയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് പരിഹരിക്കുന്നതിൽ 100 ശതമാനത്തിൽ കുറഞ്ഞ യാതൊരു നേട്ടത്തിലും നാം തൃപ്തരാകരുതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്ക് 9.5 ശതമാനമാണെന്നും, എല്ലാ സംസ്ഥാനങ്ങളും ചെറിയ തോതിലെങ്കിലും പുരോഗതി കൈവരിക്കുകയാണെങ്കിൽ ഇത് 3 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ സാധിക്കുമെന്നും ശ്രീ ഷാ വ്യക്തമാക്കി. ദേശീയ കൊഴിഞ്ഞുപോക്ക് നിരക്ക് 3 ശതമാനത്തിൽ താഴെയായാൽ കുട്ടികൾ വിദ്യാസമ്പന്നരായ പൗരന്മാരായി മാറുമെന്നും, ഭരണഘടനയുടെ അന്തസ്സത്ത അതിൻ്റെ യഥാർത്ഥ അർത്ഥത്തിൽ  താഴെത്തട്ടിലേക്ക് എത്തിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

പോഷകാഹാരക്കുറവ് എന്ന പ്രശ്നത്തിന് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഒരർത്ഥത്തിൽ, പോഷകാഹാര പദ്ധതികൾ സ്കൂൾ കൊഴിഞ്ഞുപോക്ക് നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. വളർച്ചാ മുരടിപ്പ് എന്ന കൂടുതൽ അപകടകരമായ മറ്റൊരു പ്രശ്നത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് നമ്മുടെ ഭാവി തലമുറയുടെ കഴിവുകളെ ദുർബലപ്പെടുത്തുന്ന ഒരു ദേശീയ പ്രശ്നമായി ക്രമേണ മാറുന്നതായി കാണപ്പെടുന്നു. അതിനാൽ, പോഷകാഹാരക്കുറവ്,  വളർച്ചാ മുരടിപ്പ് എന്നിവയെ നാം അതീവ ഗൗരവത്തോടെ കാണണം. പോഷകാഹാരക്കുറവിനെതിരെയുള്ള പോരാട്ടം ആരംഭിച്ചത് തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണെന്നും, പിന്നീട് അത് രാജ്യത്തുടനീളം സ്വീകരിക്കപ്പെട്ടുവെന്നും ശ്രീ ഷാ പറഞ്ഞു. ഇപ്പോൾ അതിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷങ്ങൾക്ക് ശേഷം, പോഷകാഹാരക്കുറവുള്ള കുട്ടികളുടെ ഭാരം ഈ രാജ്യത്തിന് മേൽ ചുമത്താൻ നമുക്ക് കഴിയില്ല. ഈ വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ തലത്തിൽ സംവേദനക്ഷമതയോടെയുള്ള നിർവ്വഹണം നടപ്പിലാക്കിയാൽ രാജ്യത്തെ ഈ പ്രശ്നത്തിൽ നിന്ന് മോചിപ്പിക്കാൻ സാധിക്കും. വിദ്യാസമ്പന്നവും ആരോഗ്യപൂർണ്ണവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിന്  സംഭാവന നൽകേണ്ടത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് ലഹരിമുക്ത ഭാരതം എന്നത് എല്ലാ ഗവണ്മെന്റുകൾക്കും നമ്മുടെ സമൂഹത്തിനും ഒരു അനിവാര്യതയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെ വിവിധ വകുപ്പുകളുടെ പങ്കാളിത്തവും ചുമതലകളും നിർവ്വചിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്ന് വർഷത്തെ കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര ഗവണ്മെന്റിൻ്റെയും എല്ലാ സംസ്ഥാന ഗവണ്മെന്റുകളുടെയും മുഴുവൻ വകുപ്പുകളും ഈ മുന്നേറ്റത്തിൽ പങ്കുചേരാത്തിടത്തോളം കാലം ഈ വിപത്തിൽ നിന്ന് വരുംതലമുറയെ രക്ഷിക്കാൻ നമുക്ക് കഴിയില്ല. വിദ്യാസമ്പന്നവും ആരോഗ്യപൂർണ്ണവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ പങ്കാളികളാകേണ്ടത് നമ്മുടെയെല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

****

 


(रिलीज़ आईडी: 2301731) आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Tamil , Telugu , Kannada