രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങും ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമിയും 2026 ഓഗസ്റ്റ് 20-ന് ന്യൂഡൽഹിയിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. സംയുക്ത വാർത്താക്കുറിപ്പ് താഴെ നൽകുന്നു:
" ജപ്പാൻ പ്രതിരോധ മന്ത്രി ഷിൻജിറോ കൊയിസുമിയും ഇന്ത്യയുടെ രാജ്യരക്ഷ മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങും 2026 ഓഗസ്റ്റ് 20-ന് ന്യൂഡൽഹിയിൽ ജപ്പാൻ-ഇന്ത്യ പ്രതിരോധ മന്ത്രിതല കൂടിക്കാഴ്ച നടത്തി.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയുടെ പ്രധാന സ്തംഭങ്ങളിലൊന്നായ 'ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന്' കീഴിൽ, സമാന തന്ത്രപ്രധാന കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന ഇരുരാജ്യങ്ങളിലെയും പ്രതിരോധ മന്ത്രാലയങ്ങളും സൈനിക വിഭാഗങ്ങളും തമ്മിലുള്ള സഹകരണം സുസ്ഥിരമായി ശക്തിപ്പെടുന്നതിനെ ഇരുമന്ത്രിമാരും സ്വാഗതം ചെയ്തു.
2026 ജൂലൈയിൽ ഇരുരാജ്യങ്ങളുടെയും നേതാക്കൾ പുറപ്പെടുവിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവന അനുസ്മരിച്ചുകൊണ്ട്, സ്വതന്ത്രവും തുറന്നതുമായ ഒരു ഇന്തോ-പസഫിക് പ്രദേശം യാഥാർത്ഥ്യമാക്കുന്നതിന് തങ്ങളുടെ നേതൃത്വത്തിന് കീഴിൽ പ്രതിരോധ സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുമന്ത്രിമാരും ആവർത്തിച്ചു.
ആഗോളതലത്തിൽ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷാ അന്തരീക്ഷത്തെക്കുറിച്ചുള്ള വിലയിരുത്തലുകൾ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവെക്കേണ്ടതിന്റെ പ്രാധാന്യത്തിനെ ഇരുവരും അംഗീകരിച്ചു.
കപ്പൽ ഗതാഗതത്തിനും വ്യോമയാനത്തിനുമുള്ള സ്വാതന്ത്ര്യത്തെയും സുരക്ഷിതത്വത്തെയും തടസ്സപ്പെടുത്തുന്ന ഏകപക്ഷീയമായ നടപടികളെയും, ശക്തിയോ ഭീഷണിയോ ഉപയോഗിച്ച് നിലവിലെ സ്ഥിതി മാറ്റാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കുന്നതായി അവർ വ്യക്തമാക്കി.
സമുദ്ര സുരക്ഷാരംഗത്ത് പ്രായോഗികവും ഫലപ്രദവുമായ രീതിയിൽ പ്രവർത്തന സഹകരണം ശക്തമാക്കുന്നതിന് മന്ത്രിമാർ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സമുദ്ര സുരക്ഷാ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തുകയും, ജപ്പാൻ പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിൽ സമുദ്ര സുരക്ഷാ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു.
സമുദ്ര സുരക്ഷാരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു ചട്ടക്കൂട് ഈ ധാരണാപത്രം പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച്, സമുദ്ര മേഖലയിലെ വിവരങ്ങൾ പങ്കുവെക്കൽ, തിരച്ചിലും രക്ഷാപ്രവർത്തനവും (SAR), മാനുഷിക സഹായവും ദുരന്ത നിവാരണവും (HADR) തുടങ്ങിയ രംഗങ്ങളിൽ മെച്ചപ്പെട്ട സഹകരണം എന്നിവയുൾപ്പെടെ ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സും ഇന്ത്യൻ നാവിക സേനയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നത് ഇതിൽ ഉൾപ്പെടുന്നു.
കപ്പലുകളുടെയും സൈനിക യൂണിറ്റുകളുടെയും പരസ്പര സന്ദർശനം, സംയുക്ത അഭ്യാസങ്ങൾ, ഉദ്യോഗസ്ഥരുടെയും സമുദ്ര മേഖല വിദഗ്ദ്ധരുടെയും (SME) കൈമാറ്റം, തുറമുഖങ്ങളുടെ ഉപയോഗം, പരിപാലനം, അറ്റകുറ്റപ്പണി സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള ലോജിസ്റ്റിക്കൽ പിന്തുണ എന്നിവയിലൂടെ സമുദ്ര ഗതാഗത പാതകളുടെ സംരക്ഷണത്തിനായി ഇരുപക്ഷവും തമ്മിലുള്ള സഹകരണം ശക്തമാക്കുമെന്ന് ഇരുമന്ത്രിമാരും സ്ഥിരീകരിച്ചു.
ഇത്തരത്തിലുള്ള സഹകരണം ജപ്പാനും ഇന്ത്യയ്ക്കും മാത്രമല്ല, ഈ മേഖലയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും ഒരേപോലെ അത്യന്താപേക്ഷിതമാണ്."
തന്ത്രപ്രധാനവും പ്രവർത്തനപരവുമായ ആവശ്യങ്ങൾ നിറവേറ്റുന്ന ദൃഢമായ സമുദ്ര സുരക്ഷാ സഹകരണം വേഗത്തിൽ നടപ്പിലാക്കുന്നതിൽ ഇരുമന്ത്രിമാരും യോജിച്ചു. മൈൻ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, ഇരുരാജ്യങ്ങളുടെയും നയങ്ങൾക്ക് അനുസൃതമായി ജപ്പാന്റെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ ഉൽപ്പാദന ശേഷിയും പ്രയോജനപ്പെടുത്തി നാവിക കപ്പൽ നിർമ്മാണത്തിലും രൂപകൽപ്പനയിലും സംയുക്ത വികസനത്തിനുള്ള സാധ്യതകൾ തേടുന്നതിനും ഇരുപക്ഷവും പരമാവധി ശ്രമിക്കണമെന്ന കാഴ്ചപ്പാട് അവർ പങ്കുവെച്ചു. പ്രതിരോധ കപ്പൽ നിർമ്മാണ മേഖലയിലും അനുബന്ധ മേഖലകളിലും ഇരുരാജ്യങ്ങളുടെയും കരുത്ത് പരസ്പരം പ്രയോജനപ്പെടുത്തണമെന്നും, 'മേയ്ക്ക് ഇൻ ഇന്ത്യ' ചട്ടക്കൂടിന് കീഴിൽ ഇന്ത്യയുടെ ഉൽപ്പാദന ശേഷി ജപ്പാൻ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾ കൂടുതൽ ഊർജ്ജിതമാക്കണമെന്നും അവർ നിർദ്ദേശിച്ചു. സമീപഭാവിയിൽ തന്നെ കപ്പൽ അറ്റകുറ്റപ്പണി കരാർ അന്തിമമാക്കുന്നത് ഉൾപ്പെടെ, കപ്പൽ അറ്റകുറ്റപ്പണി സൗകര്യങ്ങൾ പരസ്പരം ലഭ്യമാക്കുന്നത് തുടരുന്നതിലും ഇരുമന്ത്രിമാരും ധാരണയിലെത്തി.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള കരസേനാ അഭ്യാസമായ 'ധർമ്മ ഗാർഡിയൻ', നാവികസേനാ അഭ്യാസമായ 'ജൈമെക്സ്' (JIMEX) എന്നിവയുൾപ്പെടെ ഉഭയകക്ഷി സൈനിക അഭ്യാസങ്ങൾ സുസ്ഥിരമായി വിപുലീകരിക്കുന്നതിനെയും ശക്തിപ്പെടുത്തുന്നതിനെയും ഇരുമന്ത്രിമാരും സ്വാഗതം ചെയ്തു. ഈ വർഷം നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്ത്യ -ജപ്പാൻ വ്യോമസേനാ അഭ്യാസമായ "വീർ ഗാർഡിയൻ 26"-ന്റെ ഏകോപനത്തിലുണ്ടാകുന്ന സുസ്ഥിരമായ പുരോഗതിയെ അവർ പ്രത്യേകം സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യ സന്ദർശിക്കുകയും അഭ്യാസത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടുതൽ സങ്കീർണ്ണമായ രീതികൾ ഉൾപ്പെടുത്തിയും, ആളില്ലാ സംവിധാനങ്ങൾ സംയോജിപ്പിച്ചും, അവസരം ലഭിക്കുമ്പോഴെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ സംയുക്ത അഭ്യാസങ്ങൾ നടത്താൻ ശ്രമിച്ചും ഉഭയകക്ഷി സൈനിക അഭ്യാസങ്ങളിലെ സഹകരണം കൂടുതൽ വർധിപ്പിക്കാൻ ഇരുമന്ത്രിമാരും തീരുമാനിച്ചു.
ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള സഹകരണം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായി, തങ്ങളുടെ പ്രത്യേക ദൗത്യസേനകൾ തമ്മിലുള്ള കൈമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സംയോജിത തിയേറ്റർ കമാൻഡുകൾ രൂപീകൃതമാകുന്ന മുറയ്ക്ക് അവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും മന്ത്രിമാർ തീരുമാനിച്ചു.
പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിനായുള്ള ചട്ടക്കൂടിൽ ജപ്പാൻ അടുത്തിടെ വരുത്തിയ അവലോകനത്തെ പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് സ്വാഗതം ചെയ്യുകയും, ഇന്തോ-പസഫിക് മേഖലയിലും ലോകമെമ്പാടും സമാധാനത്തിനും സ്ഥിരതയ്ക്കും ജപ്പാൻ കൂടുതൽ സംഭാവനകൾ നൽകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാങ്കേതിക പങ്കാളിത്തം കൂടുതൽ ആഴത്തിലാകുന്നതിൽ അദ്ദേഹം പ്രത്യേക പ്രതീക്ഷ പ്രകടിപ്പിച്ചു.
കപ്പലുകളിൽ ഘടിപ്പിക്കുന്ന യൂണികോൺ (UNICORN) സംയോജിത ആശയവിനിമയ ആന്റിന സംവിധാനവുമായി ബന്ധപ്പെട്ട പദ്ധതി, ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രഥമ പ്രതിരോധ ഉപകരണ കൈമാറ്റ പദ്ധതിയാണെന്നും, പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും കൈമാറ്റത്തിൽ ഇന്ത്യയും ജപ്പാനും തമ്മിൽ വർദ്ധിച്ചുവരുന്ന സഹകരണത്തിന്റെ പ്രതീകമാണെന്നും ഇരുമന്ത്രിമാരും വിലയിരുത്തി. ഇരുമന്ത്രിമാരുടെയും നേതൃത്വത്തിൽ, ഈ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിന് ഒന്നിച്ചുപ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു.
പ്രതിരോധ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും മേഖലയിൽ മറ്റ് പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിന്, പ്രവർത്തനപരമായ ആവശ്യകതകളെക്കുറിച്ച് ഇരുരാജ്യങ്ങളുടെയും സായുധ സേനകൾ തമ്മിലുള്ള ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അവർ കൂടുതൽ ധാരണയിലെത്തി. അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യകളുടെ മേഖലയിൽ ഡിആർഡിഒയും (DRDO) എടിഎൽഎയും (ATLA) തമ്മിലുള്ള പ്രതിരോധ ഗവേഷണ വികസന സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും ഇരുമന്ത്രിമാരും ഉറപ്പിച്ചു.
ഒരു പ്രതിരോധ വ്യാവസായ ഫോറം വിളിച്ചുചേർക്കാനുള്ള താല്പര്യവും ഇരുമന്ത്രിമാരും സ്ഥിരീകരിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ ജപ്പാൻ, ഇന്ത്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട് നടന്ന പ്രഥമ ത്രികക്ഷി നാവിക അഭ്യാസമായ 'പാസെക്സ്' (PASSEX)-നെ ഇരുമന്ത്രിമാരും സ്വാഗതം ചെയ്തു. ഇന്തോ-പസഫിക് മേഖലയെ സമഗ്രമായ കാഴ്ചപ്പാടോടെ കാണുന്നതിനും മേഖലയുടെയും ലോകത്തിന്റെയും സമാധാനത്തിനും സ്ഥിരതയ്ക്കും സംയുക്തമായി സംഭാവന നൽകുന്നതിനുമായി, ഉന്നതതല കൈമാറ്റങ്ങൾ, അഭ്യാസങ്ങൾ, മറ്റ് അനുബന്ധ സംരംഭങ്ങൾ എന്നിവയിലൂടെ മൂന്നാം രാജ്യങ്ങളുമായുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാൻ അവർ തീരുമാനിച്ചു .
പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഉദ്യോഗസ്ഥരെയും സാധനസാമഗ്രികളെയും എത്തിച്ചുകൊണ്ട് പങ്കാളിത്ത രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്തോ-പസഫിക് ലോജിസ്റ്റിക്സ് നെറ്റ്‌വർക്ക് (IPLN) വഴിയുള്ള സഹകരണം കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന് ഇരുമന്ത്രിമാരും തീരുമാനിച്ചു. ഐപിഎൽഎന്നിന്റെ (IPLN) രണ്ടാമത് ചർച്ചകൾ ഈ വർഷം സെപ്റ്റംബറിൽ ജപ്പാൻ പ്രതിരോധ മന്ത്രാലയത്തിൽ നടക്കാൻ നിശ്ചയിച്ചിരിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു.
2026 ജൂലൈയിൽ ഇരുരാജ്യങ്ങളുടെയും നേതാക്കൾ പുറപ്പെടുവിച്ച ഇന്ത്യ-ജപ്പാൻ സംയുക്ത പ്രസ്താവനയിലെ നിർദ്ദേശങ്ങൾ അനുസ്മരിച്ചുകൊണ്ട്, ഈ വർഷം ടോക്കിയോയിൽ നാലാമത് ഇന്ത്യ-ജപ്പാൻ വിദേശകാര്യ-പ്രതിരോധ മന്ത്രിതല യോഗം വിളിച്ചുചേർക്കുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ ഇരുമന്ത്രിമാരും ധാരണയിലെത്തി.
ഇരുരാജ്യങ്ങളുടെയും സുരക്ഷയും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് ആവശ്യമായ ഘട്ടങ്ങളിൽ ഇന്ത്യയും ജപ്പാനും ചർച്ചകൾ നടത്തുമെന്നും ഇരുമന്ത്രിമാരും തീരുമാനിച്ചു.
ഓരോ രാജ്യത്തിന്റെയും അതാത് നയങ്ങളെയും പരമാധികാര തീരുമാനങ്ങളെയും പൂർണ്ണമായി മാനിച്ചുകൊണ്ട് തന്നെ; പ്രവർത്തനം, രഹസ്യാന്വേഷണം, ഉപകരണങ്ങൾ, സാങ്കേതികവിദ്യ, വ്യവസായം എന്നീ മേഖലകളിൽ സംയോജിത രീതിയിൽ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഡയറക്ടർ ജനറൽ/ജോയിന്റ് സെക്രട്ടറി മേധാവിയായി ഒരു പ്രവർത്തകസമിതി രൂപീകരിക്കുന്നതിന് ഇരുമന്ത്രിമാരും തീരുമാനിച്ചു. ഇരുമന്ത്രിമാരും സഹകരണ ദിശയിൽ ധാരണയിലെത്തിയ മേഖലകളിൽ പൊതുവായ ഏകോപനം നൽകാനും, അതിന്റെ പരസ്പര പ്രയോജനം പരമാവധിയാക്കാനും, അവ വേഗത്തിൽ നടപ്പിലാക്കുന്നതിനും ഈ പ്രവർത്തകസമിതി ലക്ഷ്യമിടുന്നു.
കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ജപ്പാൻ പ്രതിരോധ മന്ത്രി കൊയിസുമി ന്യൂഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് വീരമൃത്യു വരിച്ച യോദ്ധാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചു, തുടർന്ന് മൂന്ന് സേനകളുടെയും ആദരസൂചകമായ ഗാർഡ് ഓഫ് ഓണർ അദ്ദേഹത്തിന് നൽകി. കൂടാതെ മുംബൈയിലെ പശ്ചിമ നാവിക കമാൻഡും (WNC) ഇന്ത്യൻ നാവികസേനാ കപ്പലായ ഐഎൻഎസ് ചെന്നൈയും പ്രതിരോധ മന്ത്രി കൊയിസുമി സന്ദർശിച്ചു.”