ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ 2024 ബാച്ചിലെ ഐ.എ.എസ് ട്രെയിനി ഓഫീസർമാരെ അഭിസംബോധന ചെയ്തു
प्रविष्टि तिथि:
20 AUG 2026 2:28PM by PIB Thiruvananthpuram
മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നടന്ന 2024 ബാച്ചിലെ ഐ.എ.എസ് ട്രെയിനി ഓഫീസർമാരുടെ രണ്ടാം ഘട്ട പരിശീലനത്തിന്റെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി ശ്രീ സി. പി. രാധാകൃഷ്ണൻ ഇന്ന് പങ്കെടുത്തു.
ഉദ്യോഗസ്ഥ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഓഫീസർ ട്രെയിനികളെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. രാജ്യത്തിന്റെ വികസനത്തിൽ സിവിൽ സർവീസുകൾ വൻ സംഭാവനകളാണ് നൽകിയിട്ടുള്ളതെന്നും നയരൂപീകരണത്തെ ഗ്രാമീണ തലത്തിൽ നടപ്പിലാക്കുന്നതിൽ അവ സുപ്രധാന കണ്ണിയായി നിലകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു.
'വികസിത് ഭാരത് @ 2047' എന്ന ലക്ഷ്യത്തെക്കുറിച്ച് പരാമർശിക്കവെ, വികസനം സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലേക്കും എത്തുന്നുണ്ടെന്നും അത് സമഗ്രമാണെന്നും ഉറപ്പാക്കാൻ ശ്രീ സി. പി. രാധാകൃഷ്ണൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. "സേവനമനോഭാവവും കർത്തവ്യബോധവും" എന്ന തത്ത്വത്തെ ഔദ്യോഗിക ജീവിത്തിൽ തങ്ങളുടെ വഴികാട്ടുന്ന മന്ത്രമായി സ്വീകരിക്കാൻ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു.
ടീം വർക്കിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, വ്യക്തിഗതമായോ ഒരു ചെറിയ ഗ്രൂപ്പിന്റെയോ മികവിനേക്കാൾ ടീം മികവിനായി പരിശ്രമിക്കാൻ യുവ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. കെട്ടുറപ്പുള്ള ടീമുകൾ രൂപീകരിക്കുന്നതിനും, സഹപ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിനും, മുൻഗാമികൾ സ്ഥാപിച്ച നല്ല മാതൃകകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിവിൽ സർവീസിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിച്ചുവരുന്നത് ചൂണ്ടിക്കാണിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, 2024 ബാച്ചിന്റെ ഏകദേശം 41 ശതമാനവും സ്ത്രീകളാണെന്ന് പറഞ്ഞു. മുൻവിധികൾക്ക് അതീതമായി കഴിവ് ഉയരുന്നതിന്റെയും നിശ്ചയദാർഢ്യം തടസ്സങ്ങളെ തരണം ചെയ്യുന്നതിന്റെയും ശക്തമായ തെളിവാണ് സ്ത്രീ ശക്തിയുടെ ഈ പുരോഗതിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
കാര്യക്ഷമത, സുതാര്യത, പൗരന്മാർക്കുള്ള സേവന വിതരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി നിർമ്മിത ബുദ്ധി, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, മെഷീൻ ലേണിംഗ്, ബ്ലോക്ക്‌ചെയിൻ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ ഉപരാഷ്ട്രപതി ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു. നിരന്തരമായ പഠനം, സാഹചര്യങ്ങളുമായി പൊരുത്തപ്പെടൽ, ഭാവിയിലേക്ക് സജ്ജരായിരിക്കൽ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സ്വഭാവശുദ്ധി, സമഗ്രത എന്നിവ പൊതുസേവനത്തിന്റെ അടിത്തറയെന്ന് വ്യക്തമാക്കിയ ശ്രീ സി. പി. രാധാകൃഷ്ണൻ, യഥാർത്ഥ നേതൃത്വം എന്നത് അധികാരമോ പദവിയോ കൊണ്ടല്ല അളക്കുന്നത്, മറിച്ച് കഠിനമായ സാഹചര്യങ്ങളിലും ധാർമ്മികമായി പ്രവർത്തിക്കാനുള്ള കഴിവിനെ അടിസ്ഥാനമാക്കിയാണെന്ന് പറഞ്ഞു.
രാജ്യത്തിന്റെ വിദൂര കോണുകളിലുള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടും, ഓരോ പരാതിയും കേൾക്കുന്നുണ്ടെന്നും ഓരോ പൗരനും ശാക്തീകരിക്കപ്പെടുന്നുണ്ടെന്നും ഉറപ്പാക്കിക്കൊണ്ടും തങ്ങളുടെ സേവനത്തെ അർത്ഥവത്താക്കാൻ ഉപരാഷ്ട്രപതി ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
ഉത്തരാഖണ്ഡ് ഗവർണർ ലഫ്റ്റനന്റ് ജനറൽ (റിട്ട.) ഗുർമീത് സിംഗ്; ഉത്തരാഖണ്ഡ് കൃഷി, കർഷകക്ഷേമ, സൈനികക്ഷേമ മന്ത്രി ശ്രീ ഗണേഷ് ജോഷി; എൽ.ബി.എസ്.എൻ.എ.എ ഡയറക്ടർ ഡോ. ബി. രാജേന്ദർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.






***
(रिलीज़ आईडी: 2301660)
आगंतुक पटल : 4